March 21, 2025 |

യൂറോപ്പില്‍ ഭീതി പടർത്തി ടൈഗർ കൊതുക്

കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുകൾ പെരുകുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്

യൂറോപ്പ്യൻമാർ ഒരിക്കൽ കൂടി അധിനിവേശ ഭീഷണിയിലാണ്. ഇത്തവണ ഫ്രാൻസ്, സ്പെയിൻ, ഗ്രീസ് തുടങ്ങിയ യൂറോപ്യൻ യൂണിയനിലെ 13 രാജ്യങ്ങളിലേക്ക് അധിനിവേശം നടത്തിയിരിക്കുന്നത് കൊതുകുകളാണ്. യൂറോപ്യൻ സെൻ്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി) പുറത്തുവിട്ട പ്രസ്ഥാവനയിലാണ് ടൈഗർ കൊതുകുകളുടെ വ്യാപനം സ്ഥിരീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് കൊതുകുകൾ പെരുകുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. Tiger mosquitoes dengue

ജൂലൈ അവസാനത്തിൽ ഒളിമ്പിക് ഗെയിംസിന് വേദിയാകുന്ന പാരീസിൽ, കടുവ കൊതുകിന്റെ സാന്നിധ്യം നിരീക്ഷിക്കാനും, വ്യാപനം തടയാനുമുള്ള നടപടികൾ അധികൃതർ കൈ കൊണ്ടിട്ടുണ്ട്. അന്താരാഷ്ട്ര യാത്രകൾ യൂറോപ്പിൽ ഡെങ്കിപ്പനി പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഇസിഡിസി മുന്നറിയിപ്പ് നൽകി. കൊതുകുകൾ പെരുകാൻ സാധ്യതയുള്ള ഇടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനും ജനലുകളിലും വാതിലുകളിലും അടച്ചിടാനും തുടങ്ങി പ്രാഥമിക മുന്നൊരുക്കങ്ങൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കൊതുകുകൾ വർദ്ധിച്ചുവരുന്നത് യൂറോപ്പിന് ഭീഷണിയായി കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ആക്രമണകാരിയായ കൊതുകുകളെന്ന് കരുതപ്പെടുന്ന ഏഷ്യൻ ടൈഗർ കൊതുക്, ഈഡിസ് അൽബോപിക്റ്റസ്, തുടങ്ങിയവ തെക്കൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇസിഡിസിയുടെ കണക്കനുസരിച്ച് ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നിവയുൾപ്പെടെ യൂറോപ്പിലെ 13 രാജ്യങ്ങളിൽ ടൈഗർ കൊതുക് സാധാരണമാണ്. ബെൽജിയം, സൈപ്രസ്, ചെക്കിയ, നെതർലാൻഡ്സ്, സ്ലൊവാക്യ എന്നിവിടങ്ങളിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും ആഫ്രിക്ക, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിൽ കണ്ടുവന്നിരുന്ന ഇവക്ക് ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക വൈറസ് തുടങ്ങിയ രോഗങ്ങൾ പരത്താൻ കഴിയും.

മഞ്ഞപ്പനിയും മറ്റ് രോഗങ്ങളും പരത്താൻ കഴിയുന്ന ഈഡിസ് ഈജിപ്തിയും വലിയ തോതിൽ ഇവിടെ പെരുകി വരുന്നുണ്ട്. മറ്റുകൊതുകുകളെക്കാൾ മനുഷ്യരെ കടിക്കുന്ന ഇവ എളുപ്പത്തിൽ രോഗങ്ങൾ പരത്തും. യൂറോപ്പിൻ്റെ മറ്റു ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കുമെന്ന ആശങ്കയുണ്ട്. ഡെങ്കിപ്പനി ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളോടെയാണ് പലപ്പോഴും അസുഖങ്ങൾ ആരംഭിക്കുന്നത്, പക്ഷേ അത് ഗുരുതരമാവുകയും ചില സന്ദർഭങ്ങളിൽ മാരകമാവുകയും ചെയ്യും. സമീപ വർഷങ്ങളിൽ വൻതോതിലുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഫ്രാൻസിൽ എട്ടും ഇറ്റലിയിൽ നാലും സ്‌പെയിനിൽ രണ്ടും പകർച്ചവ്യാധികൾ ഉണ്ടായി. യൂറോപ്പിലെ മിക്ക കേസുകളും മറ്റ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്തവരിൽ നിന്നാണ് വരുന്നത്. അന്താരാഷ്ട്ര യാത്രയും വ്യാപാരവും കാരണം, കഴിഞ്ഞ വർഷം ഏകദേശം 5,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രാദേശികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡെങ്കി പനികളും വർധിച്ചുവരികയാണ്. 2023-ൽ 130 പേരെയാണ് പകർച്ചവ്യാധി ബാധിച്ചത്. എന്നാൽ മുൻ വർഷം 71 അസുഖ ബാധിതർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കൊതുകുകൾ വഴി ഉണ്ടാകുന്ന വെസ്റ്റ് നൈൽ വൈറസ്, കൂടുതൽ യൂറോപ്യൻ പ്രദേശങ്ങളിൽ കണ്ടുവരുന്നുണ്ട്. തെക്കൻ സ്പെയിനിൽ, മാർച്ച് ആദ്യം ഒരാൾക്ക് വെസ്റ്റ് നൈൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. കാലാവസ്ഥാ സാഹചര്യങ്ങൾ വർഷത്തിൻ്റെ തുടക്കത്തിൽ തന്നെ കൊതുകുകൾ പെരുകുന്നതിനും രോഗങ്ങൾ പരത്തുന്നതിനും ഇടയാക്കുന്നുണ്ടെന്ന് ഇസിഡിസി പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം യൂറോപ്പിലെ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന കൊതുകുകൾ, ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ പിടിപെടാൻ കാരണമാകുന്നുവെന്ന് ഇസിഡിസി ഡയറക്ടർ ആൻഡ്രിയ അമ്മോൺ പറഞ്ഞു. ഡെങ്കിപ്പനി സാധാരണമായ സ്ഥലങ്ങളിൽ നിന്നുള്ള അന്തർദേശീയ യാത്രകൾ യൂറോപ്പിലേക്ക് രോഗം കൊണ്ടുവരുന്നതിനും പ്രാദേശികമായി പൊട്ടിപ്പുറപ്പെടുന്നതിനും വഴിവക്കുന്നുണ്ട്. യൂറോപ്പിലെ ഏറ്റവും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കേസുകൾ നേരത്തേ കണ്ടെത്തൽ, സമയബന്ധിതമായ നിരീക്ഷണം, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കണം. കൂടാതെ ഈ സാഹചര്യങ്ങൾ തടയുന്നതിന് വേണ്ടി ആളുകൾ വ്യക്തിഗത സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും എംഎസ് അമ്മോൺ കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ ഡെങ്കിപ്പനി വ്യാപകമാണ്, കഴിഞ്ഞ വർഷം ആറ് ദശലക്ഷത്തിലധികം കേസുകളും 7,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ലോകത്തിൽ തന്നെ ഏറ്റവും മാരകമായ കൊതുകുകൾ പരത്തുന്ന രോഗം മലേറിയയാണ്. യൂറോപ്പിലും കണ്ടെത്തിയിട്ടുള്ള അനോഫിലിസ് എന്ന രോഗബാധയുള്ള പെൺകൊതുകുകളുടെ കടിയിലൂടെയാണ് ആളുകളിലേക്ക് പടരുന്നത്. ഭാവിയിൽ മലേറിയ കേസുകൾ വർദ്ധിക്കാനുള്ള ആശങ്കയും പരക്കെ നിലനിൽക്കുന്നുണ്ട്. Tiger mosquitoes dengue

Content summary; rise of Tiger mosquitoes in Europe mean more dengue.

×