ആന്ധ്രാപ്രദേശിലെ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാന്‍ തീരുമാനിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ്. ഇതിനായി പുതിയ സമിതിയെ രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് ടിടിഡി. ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരവും സമിതിയില്‍ ചര്‍ച്ചയായി. ക്ഷേത്രത്തിലെ ദര്‍ശനസമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നീക്കവും സമിതിക്കുണ്ട്. രണ്ട് മുതല്‍ മൂന്ന് മണിക്കൂറിലേക്ക് ദര്‍ശനസമയം കുറയ്ക്കാനാണ് തീരുമാനം. സമ്പന്നവും ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്നതുമായ വെങ്കിടേശ്വര ക്ഷേത്രത്തിലെ ഭരണകാര്യങ്ങളിലെ മേല്‍നോട്ടം നിലവില്‍ ടിടിഡിയ്ക്കാണ്. ക്ഷേത്രദര്‍ശനത്തിനായി 20 മണിക്കൂര്‍ വരെ കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടികളുണ്ടാകണമെന്ന് ടിടിഡി എക്സിക്യൂട്ടീവ് ഓഫീസര്‍ ജെ ശ്യാമള റാവു വ്യക്തമാക്കി. ഇതിനായി ആധുനിക സാങ്കേതികവിദ്യകള്‍ക്കൊപ്പം നിര്‍മിതബുദ്ധിയുടെ സാധ്യതകളും തേടണം. എന്‍ഡിഎയുമായി ചേര്‍ന്ന് തെലുങ്കുദേശം പാര്‍ട്ടി ഭരണത്തിലെത്തിയ ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇത്. Tirupati Devasthanam
അഹിന്ദുക്കളെ മാറ്റുന്നതില്‍ കൃത്യമായ തീരുമാനത്തിലേക്ക് ആന്ധ്രാ സര്‍ക്കാരെത്തണമെന്ന് ദേവസ്ഥാനം ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്വയം വിരമിക്കലോ ട്രാന്‍സ്ഫറോ നല്‍കി അഹിന്ദുക്കളെ പദവികളില്‍ നിന്ന് മാറ്റാമെന്ന നിര്‍ദ്ദേശമാണ് ട്രസ്റ്റ് സര്‍ക്കാരിന് മുന്‍പില്‍ വെയ്ക്കുന്നത്. ക്ഷേത്രത്തിന്റെ ആത്മീയമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നതാണ് ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം. കക്ഷി രാഷ്ട്രീയഭേദമില്ലാതെ തിരുമലയില്‍ എല്ലാ രാഷ്ട്രീയപ്രസംഗങ്ങളും പ്രസ്താവനകളും ട്രസ്റ്റ് നിരോധിച്ചു. ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ തിരുപ്പതി ലഡ്ഡുവിനായി ഉപയോഗിക്കുന്നതിനായി ശുദ്ധമായ നെയ്യ് സംഭരിക്കുന്നതിനുള്ള വഴികള്‍ തേടാനും നിര്‍ദേശമുണ്ട്. നെയ്യിലെ മാംസക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന ലാബ് റിപ്പോര്‍ട്ടുകള്‍ ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പുറത്തുവിട്ടിരുന്നു. ക്ഷേത്രം ട്രസ്റ്റിന്റെ സാമ്പത്തികഭദ്രതയും സുതാര്യതയും കണക്കിലെടുത്ത് എല്ലാ നിക്ഷേപങ്ങളും സ്വകാര്യബാങ്കുകളില്‍ നിന്ന് ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റാനാണ് തീരുമാനം.
തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് 7,000 സ്ഥിര ജീവനക്കാരുണ്ടെന്നാണ് നിലവിലെ കണക്കുകള്‍. ഇതില്‍ 300ലധികം പേരെ പുതിയ നടപടി ബാധിച്ചേക്കും. 14,000ത്തിലധികം താല്‍ക്കാലിക ജീവനക്കാര്‍ ക്ഷേത്രട്രസ്റ്റിലുണ്ട്. പുതിയ നടപടിയെ തിരുപ്പതിയിലെ ട്രേഡ് യൂണിയനുകളും പിന്തുണയ്ക്കുന്നുണ്ട്. ആന്ധ്രാപ്രദേശ് എന്‍ഡോവ്മെന്റ് ആക്ട്, ടിടിഡി ആക്ട് എന്നിവയുടെ അടിസ്ഥാനത്തില്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മതപരമായ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം മതത്തില്‍പ്പെട്ടവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(5) പ്രകാരം നീങ്ങാനാണ് ട്രസ്റ്റിന്റെ തീരുമാനം.
ക്ഷേത്രപരിസരത്തെ പവിത്രതയോടെ കാണണമെന്ന നിര്‍ദേശത്തിലൂന്നിയാണ് ട്രസ്റ്റിന്റെ നീക്കങ്ങള്‍. മാംസക്കൊഴുപ്പടങ്ങിയ പ്രസാദം ക്ഷേത്രത്തില്‍ വിതരണം ചെയ്യുന്ന സാഹചര്യമുണ്ടായതും ആന്ധ്രയില്‍ ചര്‍ച്ചയായി. അഹിന്ദുക്കളെ ഉന്നംവെച്ചുകൊണ്ടുള്ള നീക്കങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ക്ഷേത്രത്തിലെ പവിത്രമായ പ്രസാദം ഗുണനിലവാരമുള്ളതായിരിക്കണം എന്ന് ഭക്തര്‍ ആഗ്രഹിക്കുന്നുണ്ട്. പുതിയ ടെന്ററുകള്‍ വിളിച്ച് തിരുപ്പതി ലഡ്ഡുവില്‍ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പുതിയ വഴികള്‍ തേടാനാകും. എന്നാല്‍ ഒരു വിഭാഗം ആളുകളുടെ ഉദ്യോഗത്തെ നേരിട്ട് ബാധിക്കുന്ന തരത്തില്‍ അഹിന്ദുക്കളെ മാറ്റലാണ് നിലവില്‍ രാഷ്ട്രീയലോകത്തും ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Tirupati Devasthanam
content summary; Tirupati Devasthanam to convert non-Hindus Transfer or self-retirement may be given