June 15, 2026 |
Share on

വിമതരുടെ ‘എന്‍സിപിഐ’ ബുദ്ധി; മമതയ്ക്ക് ‘തൃണമൂല്‍ കോണ്‍ഗ്രസ്’ നഷ്ടപ്പെടുമോ?

ലോക്‌സഭയില്‍ ടിഎംസി ഔദ്യോഗികമായി പിളര്‍ന്നതോടെ കൂറുമാറ്റ നിരോധന നിയമം മറികടക്കാനുള്ള കളികളാണ്

ദേശീയ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍ സൃഷ്ടിച്ചുകൊണ്ട് ലോക്‌സഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) ഔദ്യോഗികമായി പിളര്‍ന്നു. മമത ബാനര്‍ജിയെ കൈവിട്ട വിമതര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫി ഇന്ത്യ(എന്‍സിപിഐ)യില്‍ ലയിച്ചു. പാര്‍ട്ടി വിട്ട ടിഎംസി എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു. സഭയില്‍ തങ്ങള്‍ക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി നല്‍കണമെന്നും ഇവര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. ഇതോടെ ദേശീയതലത്തില്‍ അധികം അറിയപ്പെടാതിരുന്ന എന്‍സിപിഐ എന്ന രാഷ്ട്രീയ പാര്‍ട്ടി ഇപ്പോള്‍ പെട്ടെന്ന് മാധ്യമശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ്.

എന്താണ് എന്‍സിപിഐ?

അസം, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍സിപിഐ ‘തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ഒരു അംഗീകൃത രാഷ്ട്രീയപാര്‍ട്ടിയല്ല. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയാകാനുള്ള സീറ്റുകളോ വോട്ട് ശതമാനോ ഇല്ലാത്ത പാര്‍ട്ടികള്‍ രജിസ്റ്റേര്‍ഡ് അണ്‍ റെക്കഗനൈസ്ഡ് പാര്‍ട്ടികള്‍ എന്നാണ് അറിയപ്പെടുന്നത്. ആ കൂട്ടത്തിലുള്ളതാണ് എന്‍സിപിഐയും. ഷിയുലി കുണ്ടു സ്ഥാപകയായ ഈ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം ‘ഏഴ് കിരണങ്ങളുള്ള പേനത്തുമ്പ്’ ആണ്. 2023-ലെ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഈ പാര്‍ട്ടി ആദ്യമായി മത്സരിച്ചത്. അന്ന് പാര്‍ട്ടി ടിക്കറ്റിലും പാര്‍ട്ടിയുടെ പിന്തുണയുള്ള സ്വതന്ത്രരുമായി നാല് സ്ഥാനാര്‍ത്ഥികളെ ഇവര്‍ രംഗത്തിറക്കിയിരുന്നു. ഇതില്‍ കൈലാസഹര്‍ മണ്ഡലത്തില്‍ മത്സരിച്ച 54 കാരന്‍ ജഹാംഗീര്‍ അലിക്കും, ചാവ്മാനു മണ്ഡലത്തില്‍ മത്സരിച്ച 65 വയസുള്ള ബര്‍ജെഡ ത്രിപുരക്കും എന്നിവര്‍ക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ടിരുന്നു. രണ്ട് സീറ്റുകളിലും കൂടി ആകെ 822 വോട്ടുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. കൗതുകകരമായ കാര്യം, അന്ന് ഈ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മത്സരിച്ചിരുന്നുവെങ്കിലും നോട്ടയ്ക്ക് തൊട്ടുമുകളില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ മാത്രമാണ് ടിഎംസിക്ക് എത്താന്‍ കഴിഞ്ഞിരുന്നത്.

വിമതരുടെ ബുദ്ധി

ഭരണഘടനയുടെ പത്താം ഷെഡ്യൂളിലെ (കൂറുമാറ്റ നിരോധന നിയമം) നാലാം ഖണ്ഡിക പ്രകാരമുള്ള അയോഗ്യതയില്‍ നിന്ന് രക്ഷപ്പെടാനാണ് വിമതര്‍ എന്‍സിപിഐയുമായുള്ള ലയനത്തെ ആയുധമാക്കുന്നത്. ഒരു പാര്‍ലമെന്ററി പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് ഭാഗം അംഗങ്ങള്‍ ലയനത്തിന് സമ്മതിച്ചാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. 20 വിമത എംപിമാരുടെ സംഘത്തെ നയിക്കുന്ന മുതിര്‍ന്ന നേതാവ് സുദീപ് ബന്ദേപാധ്യായ സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കവെ ഇക്കാര്യം വ്യക്തമാക്കി. തങ്ങള്‍ എന്‍സിപിഐയില്‍ ലയിച്ചുവെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാര്‍ട്ടി വിടുമ്പോള്‍ ആദ്യ ദിവസം തന്നെ യഥാര്‍ത്ഥ പാര്‍ട്ടിയുടെ പേര് അവകാശപ്പെടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ജൂലൈയില്‍ പാര്‍ലമെന്റ് സമ്മേളനം പുനരാരംഭിക്കുമ്പോള്‍, തങ്ങള്‍ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ളതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേര് തങ്ങള്‍ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെടുമെന്നും ബാക്കി കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്നും സുദീപ് കൂട്ടിച്ചേര്‍ത്തു. ഈ നീക്കം 2016-ല്‍ അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് പെമാ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ പിപിഎയിലേക്കും പിന്നീട് ബിജെപിയിലേക്കും എംഎല്‍എമാര്‍ കൂട്ടത്തോടെ കൂറുമാറിയ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്.

തൃണമൂലിന്റെ പ്രതിരോധം

എന്നാല്‍, ഈ ലയനം നിയമവിരുദ്ധമാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക നേതൃത്വത്തിന്റെ വാദം. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് 2023-ല്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ടിഎംസി നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടിയും നിയമസഭാ/പാര്‍ലമെന്ററി പാര്‍ട്ടിയും രണ്ട് വ്യത്യസ്ത ഘടകങ്ങളാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ കേവലം ജനപ്രതിനിധികള്‍ മാത്രം മാറിയാല്‍ പോരാ, യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടി കൂടി ലയിച്ചാല്‍ മാത്രമേ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള സംരക്ഷണം ലഭിക്കൂ എന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവായി അംഗീകരിക്കപ്പെട്ട റിതബ്രത ബാനര്‍ജി പറഞ്ഞു.

വിമതര്‍ സ്പീക്കറെ കാണുന്നതിന് തൊട്ടുമുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അഭിഷേക് ബാനര്‍ജി സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. 91-ാം ഭരണഘടനാ ഭേദഗതിക്ക് ശേഷം ജനപ്രതിനിധികള്‍ക്ക് മുന്നിലുള്ള ഒരേയൊരു മാര്‍ഗ്ഗം യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടിയുടെ ലയനവും ഒപ്പം മൂന്നില്‍ രണ്ട് അംഗങ്ങളുടെ കൂറുമാറ്റവും ഒരേസമയം നടക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ഇവിടെ രാഷ്ട്രീയ പാര്‍ട്ടി ലയിച്ചിട്ടില്ലാത്തതിനാല്‍ വിമതരുടെ അവകാശവാദം നിലനില്‍ക്കില്ല. രാഷ്ട്രീയ പാര്‍ട്ടിയാണ് പരമാധികാരിയെന്നും, സഭയിലെ വിപ്പും നേതാവിനെയും തീരുമാനിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയാണെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വിമതര്‍ക്ക് സ്വന്തമായി നേതാവിനെയോ വിപ്പിനെയോ നിശ്ചയിക്കാന്‍ അവകാശമില്ല. ഒന്നിലധികം വിഭാഗങ്ങള്‍ അവകാശവാദമുന്നയിക്കുമ്പോള്‍ യഥാര്‍ത്ഥ പാര്‍ട്ടി ഏതാണെന്ന് പ്രാഥമികമായി നിശ്ചയിക്കേണ്ടത് സ്പീക്കാറാണെന്നും അഭിഷേക് കത്തില്‍ ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടിയുടെ വിപ്പിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെ അയോഗ്യതാ നടപടികള്‍ സ്വീകരിക്കുമെന്നും, തൃണമൂല്‍ കോണ്‍ഗ്രസിനെ സഭയില്‍ ഒറ്റ പാര്‍ട്ടിയായി മാത്രം പരിഗണിക്കണമെന്നും വിമതര്‍ക്ക് യാതൊരുവിധ പ്രത്യേക പദവികളും അനുവദിക്കരുതെന്നും അഭിഷേക് ബാനര്‍ജി സ്പീക്കറോട് ആവശ്യപ്പെട്ടു.

Content Summary; Will the rebel TMC MPs’ merger with the lesser-known NCPI succeed? Exploring the legal battle over the anti-defection law and whether Mamata Banerjee could lose control of the Trinamool Congress

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×