ഇരുപത്തിമൂന്നാം വയസ്സില്‍ പാടിയ ‘അനുരാഗ ഗാനംപോലെ… തൊട്ട് ‘ഓലഞ്ഞാലിക്കുരുവീ ഇളം കാറ്റിലാടി വരൂ നീ…’ എന്നു പ്രേമപൂര്‍വം ആലപിച്ച ആ എഴുപതു വയസിലും ജയചന്ദ്രന്‍ ഗാനങ്ങളുടെ വസന്തം സൃഷ്ടിച്ചു കൊണ്ടേയിരുന്നു. തന്റെ പാട്ടുകളെ മലയാളികളുടെ മനസിന്റെ സ്വര്‍ണഗോപുരത്തില്‍ പ്രതിഷ്ഠിച്ച ഭാവഗായകന്റെ ഒന്നാം ചരമവാര്‍ഷികം ഇന്നാണ്.
‘കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടീല്ല
ഖല്‍ബിലെ മൈന ഇന്നും ഉറങ്ങീല്ല
മധുമാസ രാവിന്‍ വെണ്‍ ചന്ദ്രനായ് ഞാന്‍
അരികത്ത് നിന്നിട്ടും കണ്ടില്ലെ നീ കണ്ടില്ലെ
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ
മണിമാരന്‍ വരുമെന്നു ചൊല്ലിയില്ലെ’
2005 ല്‍ മികച്ച ആലാപനത്തിനും സംഗീതത്തിനുമുള്ള പുരസ്‌കാരം നേടിയത് ‘കല്ലായിക്കടവത്തെ കാറ്റൊന്നും’ എന്ന ഗാനത്തിലൂടെ ഗായകന്‍ പി. ജയചന്ദ്രനും സംഗീതസംവിധായകന്‍ എം. ജയചന്ദ്രനുമായിരുന്നു. രണ്ട് ജയചന്ദ്രന്മാരെയും കുറിച്ച് ഒരു പ്രസിദ്ധീകരണത്തിനായി മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഫീച്ചര്‍ തയ്യാറാക്കുന്ന വേളയില്‍, തൃശൂരില്‍ വച്ചാണ് ഇരുവരെയും നേരിട്ട് കാണുന്നത്.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ അകത്തെ വിശാലമായ മുറ്റത്ത് വെച്ചായിരുന്നു ഈ ജയചന്ദ്രസംഗമം തീരുമാനിച്ചത്. തൃശൂരില്‍ രണ്ട് പേരുമൊത്ത് കാറില്‍
വടക്കു നാഥനിലേക്ക് പോരുമ്പോള്‍ എം. ജയചന്ദ്രന്‍ ചോദിച്ചു. ”എന്തായിരുന്നു പ്രശ്‌നം ജയേട്ടാ” ജയചന്ദ്രന്‍ പറഞ്ഞു ”ഹരിഹരന് (ഗായകന്‍) ഫ്‌ലൈറ്റ് ടിക്കറ്റിന് കാശ് കൊടുക്കാന്‍ മടിയില്ല. നമ്മുടെ നാട്ടിലെ സ്വന്തം ആള്‍ക്കാര്‍ക്ക് കാശ് കൊടുക്കാന്‍ മടി അത് ഞാന്‍ സമ്മതിച്ചില്ല” അദ്ദേഹം കുറച്ച് രോഷത്തോടെ പറഞ്ഞു.
സംഭവം ഇതാണ്. സുനാമി ഫണ്ട് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഒരു സംഗീതം സംഗമം നടത്തി. പ്രതിഫലം വാങ്ങാതെ മലയാളത്തിലെ 25 ഓളം ഗായകര്‍ പങ്കെടുത്തു. തൃശൂരില്‍ നിന്ന് ജയചന്ദ്രന്‍ വന്ന വാഹനത്തിന് കൂലി കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ഏതോ പത്രത്തില്‍ ‘ഒരു സീനിയര്‍ ഗായകന്‍ പ്രശ്‌നമുണ്ടാക്കി’ എന്ന് വാര്‍ത്തയായി. അതാണ് സംഭവം.
അത് കേട്ട, എം. ജയചന്ദ്രന്‍ പറഞ്ഞു. ”അത്രയേയുള്ളൂ”. ഇതേ പരിപാടിക്ക് ഗായകന്‍ ഹരിഹരനും ബോംബയില്‍ നിന്ന് വിമാനത്തില്‍ വന്ന് പാടി തിരികെ പോയി. രണ്ട് തരത്തില്‍ ഗായകരെ കൈകാര്യം ചെയ്ത പ്രവണതയെ ജയചന്ദ്രന്‍ ചോദ്യം ചെയ്തത് ഏതോ ദിവ്യന് പിടിച്ചില്ല. അതാണ് വാര്‍ത്തയായി വന്നത്. ഗായകന്റെ മൂഡ് കളയേണ്ട എന്ന് കരുതിയാകണം എം. ജയചന്ദ്രന്‍ പിന്നെ ഒന്നും പറഞ്ഞില്ല.
ഇത് കേട്ടപ്പോള്‍ മറ്റൊരു സന്ദര്‍ഭം ഓര്‍ത്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാള ചലച്ചിത്ര ഗാനങ്ങളുടെ 50-ാം വര്‍ഷത്തെ പരിപാടിയുടെ വേദിയില്‍ വെച്ച് ഗായകന്‍ ബ്രഹ്‌മാനന്ദനോട് അപമര്യാദയായി പെരുമാറിയ ഒരു ‘ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനോട് ജയചന്ദ്രന്‍ രൂക്ഷമായി പ്രതികരിച്ചു. ഒരു ചലച്ചിത്ര ഗായകന്റെ യാതൊരു പരിവേഷവും ഇല്ലാതെ ആ വേദിയില്‍ നിന്നിരുന്ന കെ.പി. ബ്രഹ്‌മാനന്ദന്‍ എന്ന ഗായകനെ പരിചയമില്ലാത്ത അരസികനായ ആ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വേദിയില്‍ നിന്ന് ബ്രഹ്‌മാനന്ദനോട് പുറത്ത് പോകാന്‍ പറഞ്ഞു.
1994 ഓഗസ്റ്റില്‍, തിരുവനന്തപുരത്തെ മൂന്ന് ദിവസത്തെ വേദിയില്‍ നടക്കുന്ന ഉല്‍ഘാടന ചടങ്ങിനിടയിലാണ് ഈ സംഭവം. അന്നത്തെ മുഖ്യമന്ത്രി
കെ കരുണാകരനും, മറ്റ് വി.ഐ.പികളും വേദിയില്‍ ഉണ്ട്. ഇത് കണ്ട ജയചന്ദ്രന്‍ തല്‍ക്ഷണം പ്രതികരിച്ചു. ”ആരോടാണ് നിങ്ങള്‍ ഇങ്ങനെ മോശമായി പെരുമാറിയത്? അദേഹം ആരാണ് എന്നറിയാമോ?” ഉത്തരമില്ലാതെ നിന്ന ആ പോലീസ് ഉദ്യോഗസ്ഥനോട് ജയചന്ദ്രന്‍ പറഞ്ഞു. ”അദേഹത്തിനോട് ക്ഷമ പറയണം, ഇല്ലെങ്കില്‍ ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കില്ല” അപകടം മനസ്സിലായ ഉടനെ അയാള്‍ ബ്രഹ്‌മാനന്ദനോട് ഉടനെ ക്ഷമ ചോദിച്ചു. ”മലയാള ചലച്ചിത്ര ഗാനരംഗത്തെ മിക്ക പ്രമുഖരും ആ വേദിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ ജയേട്ടന്‍ മാത്രമാണ് പ്രതികരിച്ചത്” ബ്രഹ്‌മാനന്ദന്റെ മകന്‍ രാകേഷ് ബ്രഹ്‌മാനന്ദന്‍ എഴുതി.
ഗാനമേളയ്ക്കിടയില്‍ വര്‍ണ്ണശബളമായ വേഷങ്ങളണിഞ്ഞ കലാകാരന്മാരുടെ ഇടയില്‍ ലളിതമായ വേഷത്തില്‍ ഒരക്ഷരത്തെറ്റ് പോലെ നിന്ന് പാടുന്ന ജയചന്ദ്രന്റെ സ്വഭാവ വിശേഷമാണ് ഈ പ്രതികരണങ്ങളൊക്കെ. അതിന്റെ ദോഷം തന്റെ കരിയറിനെ ബാധിക്കുന്നതൊന്നും ഒരിക്കലും അദ്ദേഹം കണക്കിലെടുത്തില്ല. തന്റെ കാവ്യപുസ്തകത്തില്‍ അതിനൊന്നും ജയചന്ദ്രന്‍ എന്ന ഗായകന് ഏടുകളില്ല.
മെയ് മാസത്തിലെ പൊള്ളുന്ന ചൂടില്‍ സാക്ഷാല്‍ വടക്കുന്നാഥന്റെ ക്ഷേത്രത്തിനകത്തെ ആല്‍ത്തറയില്‍ രണ്ട് ജയചന്ദ്രന്‍മാരും ഇരുന്ന് സംസാരിച്ചു. അധികമാരും പരാമര്‍ശിക്കാത്ത ജയചന്ദ്രന്‍ പാടിയ ‘ബിന്ദു ബിന്ദു ഒതുങ്ങി നില്‍പ്പൂ’ എന്ന ഗാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ജോര്‍ജ് അല്ലേ അതിന്റെ സംഗീതം?”
ഞാന്‍ പറഞ്ഞു ”അല്ല. പി. കെ. ശിവദാസ്” – ആദ്യത്തെ മലയാളത്തിലെ ഗസല്‍ സ്വഭാവമുള്ള ഈ മനോഹരമായ ഗാനം എഴുതിയത് അന്നത്തെ രീതിയനുസരിച്ച് വയലാറോ, പി.ഭാസ്‌ക്കരനോ, ഓ എന്‍ വി യോ ശ്രീകുമാരന്‍ തമ്പിയോ അല്ല. പി.ജെ. ആന്റണിയാണ്. അതുല്യ നടന്‍, നാടകകൃത്ത് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം സംവിധാനം ചെയ്ത ഏക ചിത്രമായ ‘പെരിയാര്‍’ (1973) ലെ അദേഹം തന്നെ എഴുതിയ ഗാനമാണ്.
അത്തരം കാര്യങ്ങളൊന്നും അദ്ദേഹം ശ്രദ്ധിക്കാറില്ലെന്ന് തോന്നി. പക്ഷേ, പിന്നീട് മനസ്സിലായി അദേഹം പറഞ്ഞത് ഭാഗികമായി ശരിയായിരുന്നു. അന്നത്തെ കൊച്ചിയിലെ നാടക രംഗത്തെ പ്രമുഖനായിരുന്ന പി.കെ. ശിവദാസിന്റെ കൂടെ സഹകരിച്ചിരുന്ന ആളാണ് ജോര്‍ജ്. (അല്ലിയാമ്പല്‍ കടവിന്റെ സംഗീത സംവിധായകന്‍ കെ.വി. ജോബിന്റെ കൂടെ ജോലി ചെയ്ത ആള്‍. ജോബ് – ജോര്‍ജ് കൂട്ടുകെട്ട് നാടകവേദികളില്‍ പ്രശസ്തമായിരുന്നു). അന്ന് ജോര്‍ജ് പെരിയാറിന്റെ ഗാനറെക്കോഡിംഗില്‍ സഹകരിച്ചിരിക്കാം.
മറ്റ് കാര്യങ്ങളൊന്നും അന്ന് ചോദിച്ചില്ല. രണ്ട് ജയചന്ദ്രന്‍മാരും സംസാരിക്കുന്നത് കേട്ടിരുന്നു. ഗായകന്‍ ജയചന്ദ്രനാണ് കൂടുതലും സംസാരിച്ചത്. പഴയകാല റെക്കോഡിങ്ങും ദേവരാജന്‍ മാഷും ഒക്കെ സംഭാഷണത്തില്‍ വന്നു. ‘ഇപ്പോള്‍ ആള്‍ക്കാര്‍ക്ക് ഫാസ്റ്റ് നമ്പറുകള്‍ മതി’. ഒരു വാചകം ഓര്‍ക്കുന്നു. നാല് പതിറ്റാണ്ട് ഗാനമേളകളില്‍ പാടിയ അനുഭവത്തില്‍ നിന്നാണ് അദ്ദേഹം അത് പറഞ്ഞത്.
ആറ് പതിറ്റാണ്ട് അമ്വേച്ചര്‍ പ്രഫഷണല്‍ രംഗത്ത് ഓര്‍ക്കസ്ട്ര ഒരുക്കിയ പ്രശസ്തനായ വയലിനിസ്റ്റ് വില്‍സണ്‍ സാമുവല്‍ 1970 കളില്‍ യേശുദാസിനും ജയചന്ദ്രനും കോഴിക്കോട് നടന്ന നിരവധി ഗാനമേളകള്‍ക്ക് ഓര്‍ക്കസ്ട്ര ഒരുക്കിയ, മുതിര്‍ന്ന കലാകാരനാണ്. ഒന്‍പതു വര്‍ഷം മുന്‍പ് അദ്ദേഹം ഒരു അഭിമുഖത്തില്‍ തന്റെ ഗാനമേളകളില്‍ പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ പറഞ്ഞു.
”യേശുദാസിനും ജയചന്ദ്രനും കോഴിക്കോട്ടുകാരുടെ ഓര്‍ക്കസ്ട്രയാണെങ്കില്‍ ഒരു ധൈര്യമാണ്. ജയചന്ദ്രന് പ്രത്യേകിച്ചും. എപ്പോള്‍ വന്നാലും ജയനത് പറയുകയും ചെയ്യും. ജയന്റെ മനസ്സ് വളരെ ലോലമാണ്. ലളിതഹൃദയനാണ്. പെട്ടെന്ന് ദേഷ്യം പിടിക്കും, പെട്ടെന്ന് സങ്കടവും കരച്ചിലും വരും. ശരിക്കും പറഞ്ഞാല്‍ ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. ട്രൂപ്പിലെ ഒരാളെ കണ്ടില്ലെങ്കില്‍ പോലും അന്വേഷിക്കും. അതുപോലെ അദ്ദേഹത്തോടും ഞങ്ങള്‍ക്ക് തിരിച്ചും
സ്‌നേഹമായിരുന്നു.”
ജയചന്ദ്രനെ സംബന്ധിച്ചാണെങ്കില്‍ യേശുദാസിന്റെ പാട്ടുകള്‍ പാടിയാണ് അന്ന് ഗാനമേളയില്‍ ശോഭിച്ചത്. മൂപ്പര്‍ക്ക് ഇന്ന ആളുകള്‍ പാടിയ പാട്ട് പാടില്ല എന്നുള്ള വേര്‍തിരിവുകളൊന്നും ഉണ്ടായിരുന്നില്ല. യേശുദാസിന്റെ പാട്ടും പാടും, സ്വന്തം പാട്ടുകളും പാടും. അതുകൊണ്ട് തന്നെ ജയചന്ദ്രന്‍ ജനങ്ങള്‍ക്ക് പ്രിയങ്കരനായി മാറി. ഇപ്പോഴും അദ്ദേഹത്തിനോടുള്ള താല്‍പ്പര്യം അതാണ്. ഏത് പാട്ട് ആവശ്യപ്പെട്ടാലും ഞാന്‍ പാടാമെന്ന് പറയും.
ഇപ്പോള്‍ അന്യം നിന്നുപോയി തുടങ്ങിയ ചലച്ചിത്ര ഗാനമേളകള്‍ ഒരു കാലത്ത് സിനിമാ ഗാനങ്ങളുടെ അഭിരുചിയെ സ്വാധീനിച്ചിരുന്നു. റേഡിയോ മാത്രം ഉണ്ടായിരുന്ന ആ കാലത്ത് സിനിമാ ഗാനങ്ങള്‍ എല്ലാം മദ്രാസില്‍ റെക്കോഡ് ചെയ്യുന്നു. സിനിമ ഇറങ്ങി – റെക്കോര്‍ഡ് ഇറങ്ങി കേരളത്തില്‍ ഒരു ഗാനം ഹിറ്റാവുന്നത് ജനങ്ങള്‍ റേഡിയോവില്‍ കേട്ടാണ്. നാട്ടിലെ ഗാനമേളകളില്‍ പാടാന്‍ വരുമ്പോഴാണ് യേശുദാസും ജയചന്ദ്രനുമൊക്കെ തങ്ങളുടെ ഗാനങ്ങള്‍ ഏതൊക്കെ ഹിറ്റായി, അല്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുത്തു എന്നറിയുന്നത്. എന്റെ സ്വപ്നത്തില്‍ താമരപൊയ്കയായാലും, ചന്ദനത്തില്‍ കടഞ്ഞെടുത്തതായാലും ഗാനമേളകളാണ് അവയെ ജനപ്രിയമാക്കുന്നത്.
ഒരു ഗാനം ജനം എങ്ങനെ സ്വീകരിക്കും എന്ന് 100 ശതമാനം അറിയാവുന്ന ഗായകരാണ് യേശുദാസും ജയചന്ദ്രനും. തങ്ങള്‍ പാടിയ പരശതം ഗാനമേളകളില്‍ നിന്ന് ലഭിച്ച ഫീഡ് ബാക്ക് സ്റ്റുഡിയോവില്‍ പാടുമ്പോള്‍ കുറയൊക്കെ അവരെ സ്വാധീനിച്ചിരിക്കും. ദേവരാജന്‍ മാസ്റ്റര്‍ ഒഴിച്ചുള്ള ഒരു സംഗീത സംവിധായകനും പാടുന്ന പാട്ടില്‍ ഗായകന്റെ സ്വന്തം ശൈലി അല്‍പ്പം കൊണ്ടുവരുന്നത് തടയാറില്ല. ദേവരാജന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ക്ക് അത് വേണ്ടി വരാറില്ല. അത്ര പൂര്‍ണതയായിരിക്കും.
ഒരു പാട്ട് ജനം എങ്ങനെ സ്വീകരിക്കും എന്ന് വ്യക്തമായി അറിയാവുന്നതിനാല്‍ ഈ ഗായകരുടെ ഗാനമേളകളിലെ അനുഭവ സമ്പത്തില്‍ ഉള്‍ക്കൊണ്ട് സ്റ്റുഡിയോവില്‍ ഗാനങ്ങള്‍ പാടുന്നതാണ് മോശമായ പല ഗാനങ്ങളെയും പിന്നീട് കേള്‍ക്കാന്‍ കൊള്ളാവുന്നതാക്കുന്നത്.
ലോക പ്രശസ്തമായ തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം നടക്കുന്ന വടക്കുംനാഥന്റെ തെക്കോട്ടിറക്കത്തില്‍ ആ കൊടും ചൂടില്‍, ഉച്ച നേരത്തെ നട്ടപ്ര വെയിലില്‍ ക്ഷമയോടെ ഫോട്ടോക്ക് വേണ്ടി നിന്നു കൊടുക്കുന്ന ആ ഗായകനെ ഒരു നിമിഷം വന്ദിച്ച് പോയി. അപ്പോഴും അദ്ദേഹം ഗാനങ്ങളെ കുറിച്ച് എം. ജയചന്ദ്രനോട് സംസാരിക്കുകയായിരുന്നു.
മലയാള ഭക്തിഗാനങ്ങളില്‍ വിഖ്യാതമായ, താന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാടിയ ‘പുഷ്പാഞ്ജലി’ യിലെ ‘വടക്കുംനാഥന് സുപ്രഭാതം പാടും’ എന്ന ഗാനത്തിലെ വരികള്‍ അദ്ദേഹം അപ്പോള്‍ ഓര്‍ത്തിരിക്കാം. 1980 ല്‍ പുറത്തിറങ്ങിയ ഏറ്റവുമധികം വിറ്റുപോയ പുഷ്പാഞ്ജലി കാസറ്റ് ആദ്യമായി പ്രകാശനം ചെയ്തത് ഇതേ വടക്കുംനാഥന്റെ മുറ്റത്ത് വെച്ചായിരുന്നു. ”വടക്കുംനാഥന് സുപ്രഭാതം പാടും’ അന്ന് ആ ചടങ്ങില്‍ ജയചന്ദ്രന്‍ പാടുകയും ചെയ്തു.
അവഗണനകളോട് ഒറ്റക്ക് പൊരുതിയാണ് മലയാള ഗാനരംഗത്ത് ജയചന്ദ്രന്‍ എന്ന ഗായകന്‍ തന്റെ സ്ഥാനമുണ്ടാക്കിയത്. യേശുദാസ് കഴിഞ്ഞാല്‍ ജയചന്ദ്രന്‍ തന്നെ എന്ന് ഉറപ്പിച്ചത്. താന്‍ പാടിയ പാട്ടുകള്‍ പടത്തില്‍ നിന്ന് ഒഴിവാക്കുക ഒരു ശീലമായതിനാല്‍ ആദ്യകാലത്ത് അധികമൊന്നും പ്രതികരിച്ചില്ല. 2000 ല്‍ ‘പ്രായം നമ്മില്‍’ എന്ന നിറത്തിലെ ഗാനത്തിലൂടെയാണ് വീണ്ടും തിരികെയെത്തിയത്. പിന്നീട് പല മനോഹര ഗാനങ്ങളും പാടി. ആ സ്വരം മലയാളികളുടെ പ്രിയപ്പെട്ടതാണെന്ന് ഒരിക്കല്‍ക്കൂടി പാടിത്തന്നെ ഉറപ്പിച്ചു.
പടം പുറത്ത് വരും മുന്‍പ് ഭരതന്റെ ദേവരാഗത്തിലെ പാട്ടുകളെ കുറിച്ച് ഒരു മാസികയില്‍ രവിമേനോന്‍ എഴുതിയത് ഓര്‍ക്കുന്നു ‘ഈ കാസറ്റിലെ ഗാനങ്ങളിലെ ഏറ്റവും വലിയ ആഹ്ലാദകരമായ കാര്യം ഏറെക്കാലത്തിന് ശേഷമുള്ള ജയചന്ദ്രന്റെ സാന്നിധ്യം തന്നെ’.
1995 ല്‍ HMV രണ്ട് ഭാഗമായി ഇറക്കിയ ജയചന്ദ്രന്റെ 20 ഗാനങ്ങളില്‍, ഒരു ഗാനം കാസെറ്റില്‍ കൊടുത്തത് – ശകുന്തളയിലെ ഗാനം – ശകുന്തളയില്‍ ജയചന്ദ്രന്‍ പാടിയിട്ടില്ല. കാസെറ്റിലെ ഇന്‍ ലേ കാര്‍ഡില്‍ അച്ചടിച്ചത് ഇങ്ങനെ ‘ശങ്കു പുഷ്പം കണ്ണെഴുതുമ്പോള്‍’, (ശംഖുപുഷ്പമാണ് ‘ശങ്കു പുഷ്പ’മായത്). യേശുദാസ് പാടിയ ഈ ഹിറ്റ് ഗാനം താന്‍ പാടിയ പാട്ടുകളുടെ സമാഹാരത്തില്‍ ഉള്‍പ്പെടുത്തി അച്ചടിത്തെറ്റിന്റെ രൂപത്തിലും ഗായകനെ അപമാനിക്കുകയായിരുന്നു.
ഗാനങ്ങളെ കുറിച്ച് വലിയ ഉപദേശങ്ങളൊന്നും ജയചന്ദ്രന്‍ അധികം പറഞ്ഞില്ല. യേശുദാസിന്റെ 60-ാം പിറന്നാളില്‍ യേശുദാസിനെ ആദരിച്ച് കൊണ്ടെഴുതിയ ഒരു കുറിപ്പില്‍ ഇങ്ങനെ പറഞ്ഞു: ‘ഒരു ഗായകന്‍ എങ്ങനെ പാടണം’ എന്ന് യേശുദാസിന്റെ പാട്ട് കേള്‍പ്പിച്ച് തരുന്നു. ഒരു ഗാനം എങ്ങനെ പാടണമെന്നും. ഒരു അഭിമുഖത്തില്‍ എം.എം. രാജയും യേശുദാസുമൊക്കെ പാട്ട് ചിട്ടപ്പെടുത്തി സംഗീത സംവിധായകരായല്ലോ എന്തുകൊണ്ട് ആ വഴിയില്‍ നടന്നില്ല? എന്ന ചോദ്യത്തിന് ലളിതമായി ജയചന്ദ്രന്‍ പെട്ടെന്ന് തന്നെ ഉത്തരം പറഞ്ഞു. ”പറ്റില്ല, സംഗീതം പഠിച്ചിട്ടില്ല. പാട്ടുകാര്‍ സംശയം ചോദിച്ചാല്‍ പറഞ്ഞ് കൊടുക്കാന്‍ കഴിയില്ല”.
ആലാപനത്തിന് നല്‍കുന്ന ദേശീയ പുരസ്‌കാരം തൊട്ട് മലയാള ചലച്ചിത്ര റംഗത്തെ ഏറ്റവും വലിയ പുരസ്‌ക്കാരം വരെ അദേഹത്തിന് ലഭിച്ചു. തന്റെ അവസാന കാലത്ത് ദേവരാജന്‍ മാസ്റ്റര്‍ പറഞ്ഞു: ”നിനക്ക് കുറച്ചു കൂടി പാട്ടുകള്‍ തരാമായിരുന്നു” തന്റെ പാട്ട് കുറെ കൂടി പാടിക്കാന്‍ ദേവരാജന്‍ മാസ്റ്റര്‍ ആഗ്രഹിച്ചിരുന്നു. ഗായകന്‍ ജയചന്ദ്രന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം അതായിരുന്നു.
ജയചന്ദ്രന്റെ ഗാനങ്ങളോട് കേരളീയര്‍ക്ക് എന്നും കാമുകത്വഭാവമാണ്. അതാണ് മലയാള ചലച്ചിത്ര ഗാനചരിത്രത്തില്‍ ജയചന്ദ്രന്റെ സ്വരസ്ഥാനം.
ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങള്‍ ചിറകു നല്‍കീ
സ്നേഹക്ഷതങ്ങളാല്‍ നോവും മനസില്‍
ചേക്കേറുവാന്‍ പാറിപ്പറന്നുപോയി
പാടി പാടി പറന്നുപോയീ.
Content Summary: Today is the first death anniversary of Kerala’s favorite singer P. Jayachandran
This post was last modified on January 9, 2026 1:13 pm
Leave a Comment