June 18, 2025 |
Share on

വിമാനച്ചിറകില്‍ കുടുങ്ങിയ ടോം ക്രൂസ്; അപകടകരമായ സംഭവം വിശദീകരിച്ച് സംവിധായകന്‍

ക്രൂസിന് ബോധമുണ്ടോ എന്ന് പോലും ടീമിന് അറിയില്ലായിരുന്നുവെന്ന് സംവിധാകൻ

മിഷൻ ഇംപോസിബിൾ – ദി ഫൈനൽ റെക്കണിം​ഗിന്റെ ചിത്രീകരണത്തിനിടെ നടൻ ടോം ക്രൂസ് ബൈപ്ലെയിനിന്റെ ചിറകിൽ കുടുങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തി സംവിധായകൻ ക്രിസ്റ്റഫർ മക്വാറി. ചിത്രത്തിന്റെ പ്രീമിയറുമായി ബന്ധപ്പെട്ട് കാൻ ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുമ്പോഴായിരുന്നു അപകടകരമായ സ്റ്റണ്ടിനെക്കുറിച്ചുള്ള വിശദാംശങ്ങൾ സംവിധായകൻ പങ്കുവെച്ചത്.

സിനിമയിൽ ദക്ഷിണാഫ്രിക്കയിൽ ചിത്രീകരിച്ച ഒരു സീനിൽ ആകാശത്ത് പറക്കുന്ന ഒരു ബൈപ്ലെയിനിന്റെ ചിറകുകൾക്കിടയിലൂടെ ടോം ക്രൂസ് നടക്കുന്ന ഒരു രം​ഗമുണ്ട്. പ്രൊഫഷണൽ വിംഗ്-വാക്കർമാരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് ആ രം​ഗം സ്വയം ചെയ്യാൻ ടോം ക്രൂസ് നിർബന്ധിക്കുകയായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വിമാനത്തിന്റെ ചിറകുകൾക്കിടയിൽ സീറോ ​ഗ്രാവിറ്റിയിൽ പൊങ്ങിക്കിടക്കാനും ക്രൂസ് ആ​ഗ്രഹിച്ചിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു.

ചിത്രീകരണം ആരംഭിച്ച് 12 മിനിറ്റിനു ശേഷം കാറ്റിന്റെ മർദ്ദം കൂടുകയും ടോം ക്രൂസിന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ ശരീരത്തെ തളർത്താൻ തുടങ്ങിയിരുന്നുവെന്നും സംവിധായകൻ വെളിപ്പെടുത്തി. വിംഗ് വാക്കിംഗ് വളരെ അപകടകരമായ ഒന്നായിരുന്നുവെന്നും ക്രിസ്റ്റഫർ മക്വാറി അം​ഗീകരിച്ചു. ജിമ്മിൽ രണ്ട് മണിക്കൂർ തുടർച്ചയായി ചിലവഴിക്കുമ്പോൾ നമ്മുടെ ശരീരത്തിനുണ്ടാകുന്ന ക്ഷീണത്തിന് തുല്യമാണ് 12 മിനിറ്റ് വിം​ഗ് വാക്കിം​ഗ് നടത്തുമ്പോൾ അനുഭവപ്പെടുന്നതെന്നും മക്വാറി കൂട്ടിച്ചേർത്തു. ചിത്രീകരണത്തിൻ്റെ ഒരു ഘട്ടത്തിൽ ക്രൂസ് വളരെ ക്ഷീണിതനായി വിമാനത്തിന്റെ ചിറകിൽ വീഴുകയായിരുന്നു. അദ്ദേഹത്തിന് അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ക്രൂസിന് ബോധമുണ്ടോ എന്ന് പോലും ടീമിന് അറിയില്ലായിരുന്നു. മൂന്ന് മിനിറ്റ് ഇന്ധനം മാത്രമായിരുന്നു ആ സമയത്ത് വിമാനത്തിൽ അവശേഷിച്ചിരുന്നത്. ക്രൂസ് ചിറകിൽ കിടക്കുന്നതിനാൽ അവർക്ക് ലാൻഡ് ചെയ്യാൻ കഴിയില്ലെന്നും പൈലറ്റ് മുന്നറിയിപ്പ് നൽകി. എല്ലാവരും പരിഭ്രാന്തരായ നിമിഷത്തിൽ ടോം ക്രൂസ് പെട്ടെന്ന് എഴുന്നേൽക്കുകയും ശ്വാസം എടുക്കാൻ കോക്ക്പിറ്റിലേക്ക് തലയിടുകയും ചെയ്തു. ടോമിനല്ലാതെ ഭൂമിയിൽ മറ്റാർക്കും അത് ചെയ്യാൻ കഴിയില്ലെന്ന് മക്വറി പറഞ്ഞു.

അതേസമയം, അപകടകരമായ പല അനുഭവങ്ങൾ ഉണ്ടായിട്ട് പോലും 62 കാരനായ ക്രൂസ് ഇപ്പോഴും സ്റ്റണ്ടുകൾ സ്വസം ചെയ്യാൻ താൽപര്യം കാണിക്കുകയാണ്. ബൈപ്ലെയിനിലെ 12 മിനിറ്റിന് ശേഷം ചിത്രീകരണം തുടരാനും അദ്ദേഹം ആ​ഗ്രഹിച്ചിരുന്നു.

ചിത്രത്തിലെ രം​ഗത്തെക്കുറിച്ച് ക്രൂസും കാൻ വേദിയിൽ സംസാരിച്ചിരുന്നു. അജ്ഞാതമായതിനെ നേരിടാൻ തനിക്ക് ഭയമില്ലെന്നും അതിനെ ഒരു വികാരമായിട്ടാണ് കാണുന്നതെന്നും ക്രൂസ് പറഞ്ഞു.

യുഎസ് സിനിമ മേഖലയിലെ നിലവിലെ അവസ്ഥയെയും മക്വാറി വിമർശിച്ചു. സംവിധായകർക്ക് അവരുടെ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പരിധികൾ കൽപ്പിക്കുന്നതായി അനുഭവപ്പെടുന്നുവെന്ന് മക്വാറി പറഞ്ഞു. നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളെയും അദ്ദേഹം വിമർശിച്ചു. ക്ലാസിക്കുകളെയല്ല സ്വന്തം ഉള്ളടക്കത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവർ സിനിമാ ചരിത്രത്തിൽ നിന്ന് ആളുകളെ ഒഴിവാക്കുകയാണെന്ന് മക്വാറി പറഞ്ഞു. ദി ബെസ്റ്റ് ഇയേഴ്‌സ് ഓഫ് ഔർ ലൈവ്‌സ് , ദി ബിഗ് കൺട്രി , കൂൾ ഹാൻഡ് ലൂക്ക് തുടങ്ങിയ പഴയ മികച്ച സിനിമകളെക്കുറിച്ച് ഇന്ന് പലരും കേട്ടിട്ടില്ലെന്നും മക്വാറി പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

Content Summary: Tom Cruise got stuck on biplane shooting Mission impossible

Leave a Reply

Your email address will not be published. Required fields are marked *

×