January 19, 2025 |

‘വിഷമമുണ്ട്, പക്ഷെ പറയാതെ പറ്റില്ല; ബൈഡന്‍ മാറിനില്‍ക്കണം’: ജോര്‍ജ് ക്ലൂണി

2010ല്‍ കണ്ട ബൈഡനെയായിരുന്നില്ല മൂന്നാഴ്ച മുന്‍പ് എന്റെ മുന്നില്‍ നിന്നത്

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ഡെമോക്രറ്റിക് പാര്‍ട്ടി അനുഭാവിയായ നടന്‍ ജോര്‍ജ് ക്ലൂണി. അനുഭാവി എന്നതിന് അപ്പുറം പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസുകളില്‍ പ്രധാനിയാണ് ക്ലൂണി. നാന്‍സി പെലോസി കഴിഞ്ഞ ദിവസം ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ക്ലൂണിയുടെ അഭിപ്രായവും വന്നിരിക്കുന്നതെന്നതും പ്രസക്തമാണ്. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിലെഴുതിയ ലേഖനത്തിലായിരുന്നു ക്ലൂണി തന്റെ അഭിപ്രായം തുറന്നെഴുതിയത്.Clooney calls on Biden to drop out

പറയാന്‍ വിഷമമുണ്ട്. പക്ഷെ പറയാതെ പറ്റില്ലല്ലോ, പ്രസിഡന്റ് പദവിയില്‍ ഇരിക്കെ ബൈഡന്‍ പല പോരാട്ടങ്ങളും നടത്തിയിട്ടുണ്ട്. അവയിലെല്ലാം വിജയിച്ചിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന് സമയത്തെ പിടിച്ച് നിര്‍ത്താനാവില്ല. ഇവിടെ വിഷയം പ്രായമാണ്. അതിനപ്പുറമൊന്നുമില്ല. ഞാന്‍ 2010ല്‍ കണ്ട ബൈഡനെയായിരുന്നില്ല മൂന്നാഴ്ച മുന്‍പ് എന്റെ മുന്നില്‍ നിന്നത്. അദ്ദേഹം 2020ലെ ബൈഡന്‍ പോലും ആയിരുന്നില്ല. ട്രംപുമായുള്ള സംവാദത്തില്‍ പരാജയപ്പെട്ട അതേ ബൈഡനായാണ് അദ്ദേഹം ഇപ്പോഴും ഞങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്നും ക്ലൂണി വ്യക്തമാക്കി. ഈ പ്രസിഡന്റിനൊപ്പം പാര്‍ട്ടിയ്ക്ക് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. ഇത് തന്റെ മാത്രം ആശങ്കയല്ലെന്നും പല കോണ്‍ഗ്രസ് അംഗങ്ങളുമായി നടത്തിയ ആശയവിനിമയങ്ങളില്‍ നിന്ന് കൂടി ഉരുത്തിരിഞ്ഞതാണെന്നും ക്ലൂണി എഴുതിയിട്ടുണ്ട്.

അതേസമയം, ബൈഡന്‍ പിന്‍മാറണം എന്നാവശ്യപ്പെട്ട് ഡെമോക്രാറ്റുകളായ ഏഴ് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സെനറ്റ് അംഗവും നേരത്തെ രംഗത്തുവന്നിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി തുടരാനും നവംബറിലെ മല്‍സരത്തില്‍ ട്രംപിനെ തോല്‍പ്പിക്കുമെന്നും ഉറപ്പിച്ച് പറഞ്ഞാണ് ബൈഡന്‍ ഇതിനോട് പ്രതികരിച്ചത്. ലോസ് ഏഞ്ചല്‍സില്‍ ക്ലൂണിയും ജൂലിയ റോബര്‍ട്ട്സും ബാര്‍ബ്ര സ്ട്രീസാന്‍ഡും പങ്കെടുത്ത ബൈഡന്റെ ധനസമാഹരണ പരിപാടിയില്‍ ഒറ്റരാത്രികൊണ്ട് ഏകദേശം 30 മില്യണ്‍ എന്ന റെക്കോര്‍ഡ് പണമാണ് നേടിയതെന്ന് ബൈഡന്റെ ആരാധകരും പ്രതികരണവുമായി എത്തിയിട്ടുണ്ട്. പ്രസിഡന്റ് 3 മണിക്കൂറിലധികം ധനസമാഹരണ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ക്ലൂണി പെട്ടെന്ന് ഒരു ഫോട്ടോ എടുത്ത് പോവുകയാണ് ചെയ്തതെന്നും വിമര്‍ശകര്‍ ചൂണ്ടികാണിച്ചു. ഇത്തരത്തില്‍ എല്ലാ ഭാഗത്തുനിന്നും വിമര്‍ശനം കനത്തുകൊണ്ടിരിക്കെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ സംവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ബൈഡന്‍. മത്സരത്തില്‍ ഉറച്ച് നില്‍ക്കാനാണ് തന്റെ തീരുമാനമെന്ന് ആവര്‍ത്തിച്ചാണ് തനിക്കെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. Clooney calls on Biden to drop out

English Summary: Top Democratic fundraiser Clooney calls on Biden to drop out

×