അമേരിക്കയിലേക്കുള്ള വിനോദ സഞ്ചാരികള്‍ അവരുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നിര്‍ദേശം. നിലവില്‍ വിസയില്ലാതെ യുഎസില്‍ പ്രവേശിക്കാന്‍ അനുമതിയുള്ള 42 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ നിര്‍ബന്ധിത വെളിപ്പെടുത്തല്‍ ബാധകമാകും. ബ്രിട്ടന്‍, ഫ്രാന്‍സ്, ഓസ്ട്രേലിയ, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടും.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു നോട്ടീസില്‍, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി (സിബിപി) അറിയിച്ചത്, വിനോദസഞ്ചാരികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉപയോഗിച്ച ഏതെങ്കിലും ഫോണ്‍ നമ്പറുകള്‍, കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഉപയോഗിച്ച ഇമെയില്‍ വിലാസങ്ങള്‍, അതുപോലെ മുഖം, വിരലടയാളം, ഡിഎന്‍എ, ഐറിസ് ബയോമെട്രിക് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ പേരുകള്‍, വിലാസങ്ങള്‍, ജനനത്തീയതികള്‍, ജനനസ്ഥലങ്ങള്‍ എന്നിവയും നിര്‍ബന്ധമായും അറിയിക്കേണ്ടതുണ്ട്.
രണ്ടാം ടേമില്‍ അധികാരമേറ്റതിന്റെ ആദ്യ ദിവസം തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവ് നടപ്പിലാക്കുന്നതിനായാണ് ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന്‍ (ഇഎസ്ടിഎ) അപേക്ഷയില്‍ ഈ പുതിയ മാറ്റങ്ങള്‍ ആവശ്യമുള്ളതെന്ന് സിബിപി പറയുന്നു. യുഎസിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ‘അവിടുത്തെ പൗരന്മാര്‍, സംസ്‌കാരം, സര്‍ക്കാര്‍, സ്ഥാപനങ്ങള്‍, അല്ലെങ്കില്‍ സ്ഥാപക തത്വങ്ങള്‍ എന്നിവയോട് ശത്രുതാപരമായ മനോഭാവമില്ല’ എന്ന് ഉറപ്പാക്കാന്‍ നിയന്ത്രണങ്ങള്‍ വേണമെന്നായിരുന്നു പ്രസിഡന്റിന്റെ ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നത്.
ഈ നിര്‍ദേശം കടുത്ത വെല്ലുവിളിയാകുന്നത് അടുത്ത വര്‍ഷം കാനഡ, മെക്‌സിക്കോ എന്നിവര്‍ക്കൊപ്പം യുഎസ് കൂടി ആതിഥേത്വം വഹിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനാണ്. യു എസ് സ്റ്റേഡിയങ്ങളിലേക്ക് 50 ലക്ഷം ഫുട്‌ബോള്‍ ആരാധകരെയാണ് ഫിഫ ലക്ഷ്യമിടുന്നത്. ഇവരുടെ യാത്ര പരിപാടികളെ ബുദ്ധിമുട്ടിലാക്കുന്ന നിര്‍ദേശമാണ് ട്രംപ് ഭരണകൂടത്തിന്റെത് എന്നാണ് ആശങ്ക.
ഒരു സ്വേച്ഛാധിപത്യ ഭരണകൂടമായി മാറിക്കൊണ്ടിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ പി ആര്‍ ഉപകരണമായി മാറുകയാണ് ഫിഫ എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ നല്‍കുന്ന മുന്നറിയിപ്പ്. മെക്‌സികോയില്‍ നിന്നുള്ള കുടിയേറ്റത്തിനെതിരേ കര്‍ശനമായ നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചു വരുന്നത്. അതുകൊണ്ട് ലോകകപ്പിനെത്തുന്നവര്‍ക്കെതിരേ മനുഷ്യത്വവിരുദ്ധമായ നടപടികള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സ്‌പോര്‍ട്ട് ആന്‍ഡ് റൈറ്റ്‌സ് അലയന്‍സ് ഫിഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അവധി ആഘോഷങ്ങള്‍ക്കോ ബിസിനസ്സിനോ വേണ്ടി താത്കാലികമായി ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ അഞ്ച് വര്‍ഷത്തെ അവരുടെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ യുഎസിന് കൈമാറാന്‍ ആവശ്യപ്പെടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തതോടുള്ള അമേരിക്കയുടെ പ്രതിബദ്ധത കപടമാണെന്ന സന്ദേശമാണ് നല്‍കുകയെന്നും, ഇത് സ്വന്തം സ്വാതന്ത്ര്യങ്ങളില്‍ ആത്മവിശ്വാസമുള്ള ഒരു രാജ്യത്തില്‍ നിന്നുണ്ടാകേണ്ട പെരുമാറ്റമല്ല എന്നുമാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന ഗ്രൂപ്പായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്‍ഡിവിഡ്യുവല്‍ റൈറ്റ്‌സ് ആന്‍ഡ് എക്‌സ്പ്രഷന്‍ പുതിയ നിര്‍ദേശത്തെ അപലപിച്ചുകൊണ്ട് പ്രസ്താവന നടത്തിയത്.
ട്രംപ് വീണ്ടും അമേരിക്കയുടെ അധികാര സ്ഥാനത്ത് എത്തിയതിനു പിന്നാലെ രാജ്യത്തേക്കുള്ള വിനോദ സഞ്ചാരം വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം. കുടിയേറ്റക്കാര്‍ക്കെതിരെ പ്രസിഡന്റ് കര്‍ശനമായ നടപടി സ്വീകരിക്കുകയാണ്. കുടിയേറ്റ അപേക്ഷകളില്‍ കര്‍ശന മാനദണ്ഡങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുപോലെ 30-ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം പൂര്‍ണമായി തടയുകയും ചെയ്തിട്ടുണ്ട്.
കാലിഫോര്‍ണിയയില്‍ ഈ വര്‍ഷം വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഒമ്പത് ശതമാനം കുറവാണ് ടൂറിസം അധികൃതര്‍ പ്രവചിക്കുന്നത്. അതേസമയം ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ബൊളിവാര്‍ഡില്‍ വേനല്‍ക്കാലത്ത് സഞ്ചാരികളുടെ എണ്ണത്തില്‍ 50% ഇടിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊബൈല്‍ ചൂതാട്ട ആപ്പുകളുടെ വര്‍ദ്ധനവ് മൂലം സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ കുറവ് ലാസ് വെഗാസിനെയും സാരമായി ബാധിച്ചിട്ടുണ്ട്.
യുഎസ്-കാനഡ ബന്ധത്തിലുണ്ടായ വിള്ളലും അമേരിക്കയുടെ വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കാര്‍ മാര്‍ഗ്ഗം യുഎസില്‍ എത്തി തിരികെ മടങ്ങുന്ന കനേഡിയന്‍ സഞ്ചാരികളുടെ എണ്ണം 2024 ജൂലൈ മാസത്തെ അപേക്ഷിച്ച് 2025 ജൂലൈയില്‍ 36.9 ശതമാനം കുറഞ്ഞതായാണ് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നത്. അതേപോലെ ആകാശമാര്‍ഗമുള്ള യാത്രയും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈ മാസത്തില്‍ 25.8 ശതമാനം കുറഞ്ഞു.
ഗ്രാന്‍ഡ് കാന്യോണ്‍, യോസെമിറ്റി തുടങ്ങിയ ദേശീയ പാര്‍ക്കുകള്‍ സന്ദര്‍ശിക്കുന്ന വിദേശ സന്ദര്‍ശകരില്‍ നിന്ന് സാധാരണയായി വാങ്ങുന്ന പ്രവേശന ഫീസിന് പുറമെ ഇപ്പോള്‍ പ്രതിദിനം 100 ഡോളര്‍ അധിക ഫീസ് കൂടി ഈടാക്കാന്‍ തുടങ്ങിയതും വിദേശ വിനോദ സഞ്ചാരികളെ സാരമായി ബാധിച്ചിട്ടുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ദിനത്തില്‍ ദേശീയ പാര്‍ക്കുകളില്‍ അനുവദിച്ചിരുന്ന സൗജന്യ പ്രവേശനവും നിര്‍ത്തലാക്കി. ട്രംപിന്റെ ജന്മദിനത്തില്‍ യുഎസ് പൗരന്മാര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
സിബിപി പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ രണ്ട് മാസത്തെ സമയം നല്‍കിയിട്ടുണ്ട്. അതേസമയം സിബിപിയുടെ നിര്‍ദേശവുമായി ബന്ധപ്പെട്ട് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമങ്ങളോട് അവര്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമസ്ഥരായ മെറ്റയും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന കുടിയേറ്റക്കാര്‍ക്ക് വിസകളില്‍ അനുവദിക്കുന്നതില്‍ കര്‍ശന വ്യവസ്ഥകളാണ് ട്രംപ് ഭരണകൂടം വരുത്തിയിരിക്കുന്നത്. അപേക്ഷകര്‍ സോഷ്യല്‍ മീഡിയ വഴി അമേരിക്കന്‍ വിരുദ്ധ കാഴ്ചപ്പാടുകള്‍ പങ്കുവച്ചിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുമെന്ന് യുഎസ് പൗരത്വ, ഇമിഗ്രേഷന്‍ സര്‍വീസസ് കഴിഞ്ഞ ഓഗസ്റ്റില്‍ വ്യക്തമാക്കിയിരുന്നതാണ്.
അമേരിക്കന്‍ സര്‍വകലാശാലകളിലെ വിദേശ വിദ്യാര്‍ത്ഥികള്‍ അവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ അണ്‍ലോക്ക് ചെയ്യണമെന്നതാണ് ഭരണകൂടത്തിന്റെ ആവശ്യം. അതിന് വിസമ്മതിക്കുന്നവര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കുന്നതായി സംശയിക്കേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. പലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ചതിന്റെ പേരില്‍ നിരവധി വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുത്തിരുന്നു. വിദഗ്ദ്ധ തൊഴിലാളികള്‍ക്കായുള്ള എച്ച്1-ബി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും സോഷ്യല്‍ മീഡിയ നയം ബാധകമാണ്, കൂടാതെ ഈ വിസയ്ക്ക് ഇപ്പോള്‍ 100,000 ഡോളറിന്റെ പുതിയ ഫീസും ഈടാക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയ സംബന്ധിച്ച സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് സഹകരിക്കാത്തവര്‍ക്ക് വിസ നിഷേധിക്കാനാണ് കോണ്‍സുലാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
വിദേശ പത്രപ്രവര്‍ത്തകര്‍ക്കുള്ള വിസ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് എട്ട് മാസമായി കുറയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിസ ഒഴിവാക്കിയിട്ടുള്ള 42 രാജ്യങ്ങളില്‍ നിന്നുള്ളവരല്ലാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് 250 ഡോളര്‍ അധിക ഫീസും നല്‍കേണ്ടി വരും.
യുഎസിലേക്കു വരുന്ന ഏതൊരാളുടെയും ഫോണ്‍, ലാപ് ടോപ്പ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നാണ് സിബിപി അവകാശപ്പെടുന്നത്. പരിശോധനയോട് വിയോജിക്കുന്നവരുടെ പ്രവേശനം നിഷേധിക്കപ്പെടാം. മുന്‍പ് ഇത്തരം പരിശോധന കര്‍ശനമായിരുന്നില്ലെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയുണ്ടാകില്ലെന്നാണ് വിവരം.
Content Summary; Tourists arriving in the United States must disclose their social media activity over the past five years.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.