ഇന്ത്യന്‍ പൗരന്മാര്‍ ഇപ്പോള്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കുന്നത് യാത്രകള്‍ക്ക് വേണ്ടിയാണെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം വര വിദേശത്തുള്ള ബന്ധുക്കള്‍ക്ക് പണം അയച്ചു കൊടുക്കുന്നതായിരുന്നു ഏറ്റവും വലിയ വിദേശനാണ്യ ചിലവായി കണക്കാക്കിയിരുന്നത്. പ്രതിവര്‍ഷം 250,000 ഡോളര്‍ വരെ വിദേശത്തേക്ക് അയയ്ക്കാവുന്ന റിസര്‍വ് ബാങ്കിന്റെ ലിബറലൈസ്ഡ് റമിറ്റന്‍സ് സ്‌കീം പ്രകാരമാണ് ഈ പണം വിദേശത്തേക്ക് പോകുന്നത്.
കുറച്ച് വര്‍ഷങ്ങളായി യാത്ര ഈ കണക്കുകളില്‍ മൂന്നാം സ്ഥാനമാണ് നേടിയിരുന്നത്. ഈ സാമ്പത്തികവര്‍ഷത്തിലാണ് പുതിയ മാറ്റം പ്രകടമായിരിക്കുന്നത്. 2016 സാമ്പത്തികവര്‍ഷത്തിലെ കണക്ക് പ്രകാരം ഇന്ത്യക്കാര്‍ 651 ദശലക്ഷം ഡോളറാണ് വിദേശത്തേക്ക് അയച്ചിരിക്കുന്നത്. ഇത് മൊത്തം വിദേശ ചിലവിന്റെ 15 ശതമാനം വരും.
തായ്‌ലന്റ്, ദുബായ്, ഗള്‍ഫിലെ മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യക്കാര്‍ ഏറെയും യാത്ര ചെയ്യുന്നത്. വിമാനയാത്രക്കൂലിയില്‍ കുറവ് വന്നതും മധ്യവര്‍ത്തികള്‍ നല്‍കുന്ന ആനുകൂല്യങ്ങളും നല്ലൊരു ശതമാനം ഇന്ത്യക്കാര്‍ വിദേശയാത്രകള്‍ താങ്ങാവുന്ന ഒന്നാക്കി മാറ്റിയെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പറയുന്നത്.
2013-ല്‍ രൂപയുടെ മുല്യം കുറഞ്ഞപ്പോള്‍ വിദേശത്തേക്ക് അയയ്ക്കാവുന്ന തുകയുടെ അളവ് 200,000 ഡോളര്‍ നിന്നും 70,000 ഡോളര്‍ ആയി കുറച്ചിരുന്നു. എന്നാല്‍ 2015 മേയില്‍ ഇത് 250,000 ആയി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇതും യാത്രയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനയും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. വിദേശയാത്രയ്ക്ക് ഇന്ത്യക്കാരുടെ ചിലവ് ആയിരങ്ങളില്‍ കൂടുതല്‍ വരില്ല. രൂപയുടെ മൂല്യം കൂടിയതും വിദേശയാത്രയ്ക്ക് ആളുകളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് സൂചന.