June 13, 2026 |
Share on

ഇതാ സമുദ്രത്തെ അറിയാൻ 300 പെണ്ണുങ്ങൾ

കടലിൽ അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളെ വർഗീകരിച്ച് പഠന വിധേയമാക്കുക തന്നെയാണ് ഈ യാത്രയുടെയും ലക്‌ഷ്യം.

പെണ്ണൊരുമ്പെട്ടിറങ്ങിയാൽ ഏത് ലോകമാണ് മാറാത്തത്..! 2019 ൽ ഇങ്ങനെ 300 പെണ്ണുങ്ങൾ ഒരുമിച്ച് തുനിഞ്ഞിറങ്ങുകയാണ്. അവർക്ക് സമുദ്രത്തിന്റേയും രാജ്യാതിർത്തികളുടെയും പരിധികളില്ല. അവരെല്ലാവരും ഒരുമിച്ച് പോകുകയാണ്. മൈലുകൾ താണ്ടി, സമുദ്രം മുറിച്ച് കടന്ന്… സമുദ്രമലിനീകരണത്തിനെ കുറിച്ച് പഠിക്കാൻ പെൺകുട്ടികൾ മാത്രം നടത്തുന്ന ലോകയാത്രയുടെ വിശേഷങ്ങൾ കേൾക്കാനാണ് ഇന്ന് ലോകം കാതുകൂർപ്പിക്കുന്നത്. സമുദ്രത്തെ കുറിച്ച് പരിജ്ഞാനം ഉള്ളവർ മാത്രമല്ല, ഈ സംഘത്തിൽ അധ്യാപകരുണ്ടാകും വിദ്യാർഥികളുണ്ടാകും നന്നായി പാചകം ചെയ്യാനറിയുന്നവരുണ്ടാകും, ഡോക്ടര്‍മാരും നഴ്സുമാരും ഉണ്ടാകും, അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള 300 സ്ത്രീകളാണ് സമുദ്രത്തിൽ അടിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളെക്കുറിച്ചും ഇതുമൂലമുണ്ടാകുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്ങ്ങളെക്കുറിച്ചും പഠിക്കാൻ ലോകം മുഴുവൻ കടൽ മാർഗ്ഗം യാത്ര പുറപ്പെടുന്നത്.

ഈ വർഷം ഒക്ടോബർ മാസം യു കെയിൽ നിന്നാണ് അരുതുകളോ അതിരുകളോ ഇല്ലാത്ത ഈ പെൺസംഘം യാത്ര പുറപ്പെടുന്നത്. 38000 നോട്ടിക്കൽ മൈലുകൾ കീഴടക്കാൻ പുറപ്പെടുന്ന ഈ സമുദ്ര യാത്ര ഏകദേശം രണ്ട വർഷമെങ്കിലും നീണ്ടു നിൽക്കും. സമുദ്ര ഗവേർഷണങ്ങളിൽ തല്പരയായ എമിലി പെന്‍ നേതൃത്വം കൊടുക്കുന്ന എസ്പീഡിഷൻ എന്ന കമ്പനിയാണ് സമുദ്രത്തെ വിഷമയമാക്കുന്ന, മാനുഷ്യരാശിയ്ക്ക് ഹാനികരമായേക്കാവുന്ന കടൽ മാലിന്യത്തെകുറിച്ച്  കുറിച്ച് പഠിക്കുന്ന ഈ യാത്രയുടെ സംഘാടകർ. 2014ല്‍ ഇതേ കമ്പനി അറ്റ്ലാന്റിക് സമുദ്രത്തിലൂടെ സ്ത്രീകൾക്ക് മാത്രമായി ഒരു സമുദ്രയാത്ര നടത്തിയിരുന്നു. സമുദ്രത്തിലെ  പ്ലാസ്റ്റിക് മാലിന്യങ്ങളെ കുറിച്ചറിയാനുള്ള ആ യാത്ര വലിയ വിജയമായി വർഷങ്ങൾക്ക് ശേഷമാണ് ലോകം മുഴുവൻ ചുറ്റിക്കാണുന്ന ഈ യാത്ര സംഘടിപ്പിച്ചത്.

കടലിൽ അടിഞ്ഞ് കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളെ വർഗീകരിച്ച് പഠന വിധേയമാക്കുക തന്നെയാണ് ഈ യാത്രയുടെയും ലക്‌ഷ്യം. പഠനം സമുദ്രങ്ങളിൽ മാത്രം ഒതുക്കാനാവില്ലെന്നാണ് എമിലി പെന്നിന്റെ അഭിപ്രായം. അതിനാൽ, കരകളിലും തീരങ്ങളിലും നിന്നും ദത്ത ശേഖരണത്തിനായും മറ്റും സ്ത്രീകളെ ഈ പഠനഗ്രൂപ്പ് അന്വേഷിക്കുന്നുണ്ട്. യാത്ര നടത്താൻ താല്പര്യമുള്ള സ്ത്രീകൾ വിശദ വിവരങ്ങൾക്കായി എസ്പീഡിഷൻ (exxpedition.com) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×