June 06, 2026 |
Share on

ആരോഗ്യവും ബുദ്ധിയും തൊലി വെളുപ്പുമുള്ള കുട്ടികളെ ഉണ്ടാക്കാന്‍ ആര്‍എസ്എസിന്റെ സെക്സ് ടിപ്സ്

കേരളത്തില്‍ നിലവില്‍ കാസര്‍ഗോഡാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

ആരോഗ്യമുള്ള കുട്ടികളെ ഗര്‍ഭം ധരിക്കാന്‍ എങ്ങനെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് രക്ഷിതാക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയാണ് ആര്‍എസ്എസിന്റെ ആരോഗ്യരക്ഷ വിഭാഗമായ ആരോഗ്യ ഭാരതി. മൂന്ന് മാസത്തെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ ഭാരതി നിര്‍ദ്ദേശിക്കുന്നത്. കുട്ടി ഉണ്ടായ ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും ആരോഗ്യഭാരതിയുടെ ഗര്‍ഭ് വിജ്ഞാന്‍ സംസ്‌കാര്‍ നിര്‍ദ്ദേശം നല്‍കുന്നു. ഉത്തമ സന്താനം എന്നാണ് ആര്‍എസ്എസ് സംഘടന വിശേഷിപ്പിക്കുന്നത്. ഗുജറാത്തില്‍ പത്ത് വര്‍ഷം മുമ്പ് തന്നെ പദ്ധതി നടപ്പാക്കി തുടങ്ങിയിരുന്നതായി ആരോഗ്യ ഭാരതി പറയുന്നു.

ഉത്തമ സന്താനങ്ങളെ സൃഷ്ടിക്കുന്നതിലൂടെ കരുത്തുറ്റ ഇന്ത്യ സൃഷ്ടിക്കുകയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഗര്‍ഭ് വിജ്ഞാന്‍ സംസ്‌കാര്‍ പദ്ധതിയുടെ ദേശീയ കണ്‍വീനര്‍ ഡോ. കരിഷ്മ മോഹന്‍ദാസ് നര്‍വാനി പറയുന്നു. 2020-നകം ഇത്തരത്തില്‍ ആയിരക്കണക്കിന് കുട്ടികളെ ഉണ്ടാക്കുകയാണ് ലക്ഷ്യം. ജര്‍മ്മനിയാണ് ഞങ്ങളുടെ പ്രചോദനം. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ജര്‍മ്മനി ഇത്തരം പദ്ധതിക്കായി ആയുര്‍വേദ രീതികള്‍ ഉപയോഗപ്പെടുത്തിയിരുന്നതായി കരിഷ്മ പറയുന്നു. ഐക്യുവില്‍ പിന്നിലായവരും വിദ്യാഭ്യാസം കുറഞ്ഞവരുമായ രക്ഷിതാക്കളുടെ മക്കളും ഉന്നത ബുദ്ധിനിലവാരം പുലാര്‍ത്താം. ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ കറുത്തതോ ഇരുണ്ടതോ ആയ തൊലിനിറമുള്ള രക്ഷിതാക്കള്‍ക്ക് വെളുത്ത തൊലിയുള്ള കുട്ടികളുണ്ടാവാം. ഉയരമുള്ള കുട്ടികളേയും ഇത്തരത്തില്‍ ഉണ്ടാക്കാമെന്നും ആര്‍എസ്എസ് നേതാവും ആരോഗ്യ ഭാരതി ദേശീയ കണ്‍വീനറുമായ ഡോ. ഹിതേഷ് ജാനി പറയുന്നു. ജാംനഗറിലെ ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയില്‍ പഞ്ചകര്‍മ്മ ഡിപ്പാര്‍ട്ട്‌മെന്റ് തലവനാണ് ഹിതേഷ് ജാനി.

പദ്ധതി പ്രകാരം ഇതുവരെ ഇത്തരത്തില്‍ 450 കുട്ടികളെ ഉണ്ടാക്കിയതായാണ് ആരോഗ്യഭാരതിക്കാര്‍ പറയുന്നത്. 2020-നകം എല്ലാ സംസ്ഥാനങ്ങളിലും ഗര്‍ഭ് വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രം സ്ഥാപിക്കും. ഗര്‍ഭ് വിജ്ഞാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സെമിനാറുകളും കൗണ്‍സിലിംഗ് സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിലവില്‍ കാസര്‍ഗോഡാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ജാംനഗര്‍ ആയുര്‍വേദ സര്‍വകലാശാലയ്ക്ക് പുറമെ ഗാന്ധിനഗറിലെ ചില്‍ഡ്രന്‍സ് യൂണിവേഴ്‌സിറ്റി, ഭോപ്പാലിലെ അടല്‍ ബിഹാരി വാജ്‌പേയ് ഹിന്ദി സര്‍വകലാശാല എന്നിവയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഈ സര്‍വകലാശാലകളിലെ സിലബസിന്റെ ഭാഗമാണ് ഗര്‍ഭ് വിജ്ഞാന്‍ സംസ്‌കാര്‍.

ഗര്‍ഭധാരണം ലക്ഷ്യമിട്ട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഹിന്ദു ശാസ്ത്രങ്ങള്‍ പ്രത്യേക സമയങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് ആരോഗ്യഭാരതി പറയുന്നു. ഗ്രഹനിലയും മറ്റും ഗണിച്ച് വേണം സെക്‌സിലേര്‍പ്പെടാന്‍ – ആര്‍എസ്എസ് പ്രചാരകന്‍ ഡോ. അശോക് കുമാര്‍ വര്‍ഷ്‌ണേയ് പറയുന്നു. അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് ബയോകെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിയിട്ടുള്ള വ്യക്തിയാണ് വര്‍ഷ്‌ണേയ്. നാഡീ ശുദ്ധി, ദേഹശുദ്ധി എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ട് വേണം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍. പുരുഷ ശുക്ലവും സ്‌ത്രൈണ അണ്ഡവും ശുദ്ധീകരിക്കണം. 90 ദിവസത്തേയ്ക്കാണ് ശുദ്ധി പ്രവര്‍ത്തനങ്ങള്‍. ഗര്‍ഭധാരണത്തിന്റെ ഓരോ മാസത്തിനും അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ പോഷകാഹാരങ്ങളെ കുറിച്ചും ഡോ. വര്‍ഷ്‌ണേയ് വിശദീകരിക്കുന്നു. ഗര്‍ഭകാലത്ത് അമ്മ ശ്ലോകങ്ങളും മന്ത്രങ്ങളും ഉരുവിട്ടാല്‍ അത് കുട്ടിയുടെ ബുദ്ധിവികാസത്തിന് ഗുണം ചെയ്യും. ഇത്തരം നിയന്ത്രണങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ പ്രസവ വേദനയുണ്ടാകില്ലെന്നും ജനിക്കുന്ന കുട്ടിക്ക് ആവശ്യമായ തൂക്കമുണ്ടാകുമെന്നും ആര്‍എസ്എസ് നേതാവ് പറയുന്നു.

പശ്ചിമ ബംഗാളില്‍ രണ്ട് ദിവസങ്ങളിലായി ആര്‍എസ്എസ് ഇത് സംബന്ധിച്ച് പഠന ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്‍ ചെയര്‍മാനാന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് സംഘാടകള്‍ക്ക് ഉത്തരമുണ്ടായില്ല. ആഎസ്എസിന്റെ കൌണ്‍സിലിംഗില്‍ യാതൊരു ശാസ്ത്രീയതയും ഇല്ലെന്നും കൂടാതെ ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊതുതാല്‍പര്യഹര്‍ജി ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് പദ്ധതിയുടെ ശാസ്ത്രീയത തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×