ഉച്ചഭക്ഷണത്തിന് സസ്യാഹാരം മാത്രം വിളമ്പാനും ഹാജര്‍ എടുക്കുമ്പോള്‍ ജയ് ഹിന്ദ് എന്ന് പറയാനും എന്‍സിആര്‍ടിയുടെ വിദ്യാഭ്യാസ പരിഷ്‌കാരം. കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ അധ്യക്ഷനായ വിദ്യാഭ്യാസ ഉപദേഷക ബോഡി(സിഎബിഇ)യുടെ നിര്‍ദേശ പ്രകാരമാണ് പുതിയ പരിഷ്‌കാരങ്ങള്‍. സംസ്‌കാരത്തില്‍ അടിസ്ഥിതമായ മൂല്യവര്‍ധിത വിദ്യാഭ്യാസം നടപ്പാക്കുകയെന്നതാണ് സിഎബിഇയുടെ ലക്ഷ്യം.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ തീരുമാനങ്ങളെടുക്കുന്ന ഏറ്റവും വലിയ സംവിധാനമായ സിഎബിഇയുടെ 65-ാം സമ്മേളനത്തിലാണ് ഈ തീരുമാനം. ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെയാണ് ഉച്ചഭക്ഷണത്തില്‍ സസ്യാഹാരം മാത്രം മതിയെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. മധ്യപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ ആണ് ഹാജര്‍ എടുക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ജയ് ഹിന്ദ് എന്ന് പറയണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇതോടൊപ്പം സ്‌കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്ന സന്ദര്‍ഭത്തിലും വിദ്യാര്‍ത്ഥികള്‍ ജയ് ഹിന്ദ് എന്ന് പറയണം.
നമ്മുടെ നേട്ടങ്ങളില്‍ നാം അഭിമാനിക്കുന്നുണ്ടെന്നും എന്നാല്‍ നമ്മുടെ ചരിത്രം കൂടുതലെന്തെങ്കിലും ചെയ്യുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുകയാണെന്നും കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ പറഞ്ഞു. മൂല്യവര്‍ധിത വിദ്യാഭ്യാസത്തിന് നമ്മുടെ സംസ്‌കാരം ഉപകരിക്കുമെന്നും അതിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായാണ് എന്‍സിഇആര്‍ടി സാംസ്‌കാരത്തില്‍ അടിസ്ഥാനമാക്കി വിദ്യാഭ്യാസ പരിഷ്‌കാരം നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.