February 19, 2025 |

വയനാട്ടിൽ ആദിവാസി യുവാവിന് നേരെ ആക്രമണം; വധശ്രമത്തിന് കേസെടുത്ത് പോലീസ്

മാനന്തവാടിയില്‍ വിനോദ സഞ്ചാരികള്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.

മാനന്തവാടിയില്‍ വിനോദ സഞ്ചാരികള്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൂടല്‍ക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട നാട്ടുകാരന്‍ മാതനെയാണ് അരകിലോമീറ്ററോളം കാറില്‍ വലിച്ചിഴച്ചത്.

ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. അക്രമസംഘം സഞ്ചരിച്ച കാര്‍ പ്രദേശത്തെ കടയുടെ മുന്നില്‍ നിര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നില്‍ വരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരെ ഇവര്‍ അക്രമിക്കാന്‍ ശ്രമിക്കുകയും കല്ലെടുത്ത് എറിയാന്‍ തുനിയുകയും ചെയ്തു, ഇത് തടയാനെത്തിയ മാതനെ സംഘം ക്രൂരമായി ഉപദ്രവിച്ചു.

മാതന്റെ കൈ കാറിന്റെ പിന്‍വശത്തെ ഡോറില്‍ കുടുക്കി ടാറിട്ട റോഡിലൂടെ വലിച്ചിഴക്കുകയായിരുന്നു. കൈയ്ക്കും കാലിനും നടുവിനും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമസംഘം യാത്രക്കായി ഉപയോഗിച്ചിരുന്ന KL52 H 8733 നമ്പര്‍ സെലേറിയോ കാറിന്റെ ഉടമ കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസിന്റേതാണെന്ന് മോട്ടോര്‍വാഹന വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ ജനരോഷമാണ് ഉയരുന്നത്. റിയാസിന്റെ വാഹനമാണ് അക്രമകാരികള്‍ ഉപയോഗിച്ചിരുന്നതെങ്കിലും വാഹനത്തില്‍ റിയാസ് ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

content summary; tribal youth was dragged in a car in wayanad

×