മാധ്യമങ്ങൾക്കുള്ള പൊതു ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പബ്ലിക് ബ്രോഡ്കാസ്റ്റേഴ്സ് സർവ്വീസ്, നാഷണൽ പബ്ലിക് റേഡിയോ എന്നീ മാധ്യമങ്ങളുടെ നടത്തിപ്പിനായി നൽകി പോരുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാനായുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പു വച്ചതായാണ് റിപ്പോർട്ട്. പക്ഷാപാതപരമായ വാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് മാധ്യമങ്ങൾക്കെതിരെ ട്രംപിന്റെ നടപടി.
പിബിഎസ്, എൻപിആർ എന്നീ മാധ്യമങ്ങൾക്കായുള്ള പൊതുഫണ്ട് വെട്ടിക്കുറയ്ക്കാൻ കോർപ്പറേഷൻ ഫോർ പബ്ലിക് ബ്രോഡ്കാസ്റ്റിന് ട്രംപ് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. മാധ്യമങ്ങളുടെ പ്രവർത്തനത്തിനായി സർക്കാർ കോർപ്പറേഷൻ ഫോർ പബ്ലിക് ബ്രോഡ്കാസ്റ്റിന് പ്രതിവർഷം 500 മില്യൺ ഡോളർ ധനസഹായമാണ് നൽകിപോരുന്നത്. പിബിഎസിനും എൻപിആറിനുമായി ഫണ്ട് ലഭിക്കുന്ന എല്ലാ സ്രോതസുകൾ പരിശോധിക്കാനും നിയമവിരുദ്ധമായ ഫണ്ടിംഗ് നടക്കുന്നതായി കണ്ടെത്തിയാൽ നടപടി സ്വീകരിക്കാനുമാണ് നീക്കം. വസ്തുതാ വിരുദ്ധമായ വാർത്ത എഴുതുകയും പ്രചരിക്കുകയും ചെയ്യുന്നതിനാലാണ് മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. തങ്ങളുടെ കാഴ്ച്ചപ്പാടുകൾക്കെതിരായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നേരെ ഭരണാധികാരം ഉപയോഗിച്ച് തിരിച്ചടിക്കുക ട്രംപിന്റെ സ്ഥിരം രീതിയാണ്.
പ്രസിഡന്റായി ജനുവരിയിൽ രണ്ടാം തവണയും അധികാരമേറ്റതിന് ശേഷം നിരവധി ജനവിരുദ്ധ നയങ്ങളാണ് ട്രംപ് സ്വീകരിച്ച് പോന്നിട്ടുള്ളത്. അധികാരമേറ്റതിന് ശേഷം ഫെഡറൽ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. അതിന് പുറമേ ലൈബ്രറികൾ, മ്യൂസിയങ്ങൾ എന്നിവയ്ക്കായുള്ള സർക്കാർ ധനസഹായങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. സർവ്വകലാശാലകൾക്കെതിരെയു തന്റെ നാസി നയങ്ങൾ ട്രംപ് പ്രയോഗിക്കുകയുണ്ടായി. കോർപ്പറേഷൻ ഫോർ പബ്ലിക് ബ്രോഡ്കാസ്റ്റ് വഴി സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഏകദേശം അര ബില്യണോളം തുകയാണ് ഇരു സ്ഥാപനങ്ങൾക്കും ലഭിച്ചിരുന്നത്. പൊതു മാധ്യമങ്ങൾക്കായി ധനസഹായം റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം സ്ഥാപനത്തിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന് അമേരിക്കൻ ജനതയ്ക്കായി നൽകി പോരുന്ന എല്ലാ സേവനങ്ങളും നിർത്തി വയ്ക്കേണ്ടി വരുമെന്നും പിബിഎസ് സിഇഒ പൗലോ കെർഗർ പറഞ്ഞു. സർക്കാർ സഹായത്തോടെ മാത്രമേ ഞങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്നും പൗലോ കെർഗർ കൂട്ടിച്ചേർത്തു.
നിലവിൽ പിബിഎസിന്റെ വരുമാനത്തിലെ 15 ശതമാനവും എൻപിആറിന്റെ വരുമാനത്തിലെ ഒരു ശതമാനവും ലഭിക്കുന്നത് ഫെഡറൽ ഫണ്ടിംഗിലൂടെയാണ്. ട്രംപിന്റെ മാധ്യമ വിരുദ്ധ നടപടി നിയമപരമായ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തൽ. വോയ്സ് അമേരിക്ക പോലുള്ള മാധ്യമങ്ങളുടെ ഫണ്ട് തടഞ്ഞു വയ്ക്കാൻ ശ്രമിച്ച ട്രംപ് ഭരണകൂടത്തിനെതിരെ മുമ്പ് കോടതി കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. അമേരിക്കൻ ജനതയ്ക്ക് വസ്തുനിഷ്ഠമായ വാർത്ത നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ തുടരാൻ ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് എൻപിആറിന്റെ സിഇഒ കാതറിൻ മെഹർ പറഞ്ഞു.
content summary: Trump has ordered funding cuts for U.S. public broadcasters PBS and NPR