താരിഫ് നയങ്ങൾ ശക്തമാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. രാജ്യത്തെ പ്രധാന സമ്പദ് വ്യവസ്ഥകൾക്ക് മേൽ ചുമത്തിയിരിക്കുന്ന തീരുവ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ജപ്പാനും ദക്ഷിണ കൊറിയയ്ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. ഒരു ഡസന്‍ രാജ്യങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കത്തുകള്‍ കൈമാറുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പുതിയ താരിഫ് പ്രഖ്യാപനം. 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ തീരുവകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ചില വിപണികളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും പുതിയ നിരക്കുകൾ ഈടാക്കുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ സൂചന നൽകി. ലോക നേതാക്കൾക്ക് അയച്ച കത്തുകളുടെ പകർപ്പുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് ട്രംപ് താരിഫ് നിരക്കുകൾ വ്യക്തമാക്കി. ജപ്പാനും സൗത്ത് കൊറിയയും അവരുടെ വ്യാപാര നയങ്ങള്‍ മാറ്റുകയാണെങ്കില്‍ തീരുവ കുറയ്ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ പെട്ടെന്ന് ഒരു ഒത്തുതീര്പ്പിലെത്തില്ലെന്ന് കഴിഞ്ഞ ദിവസം ജപ്പാന് പ്രധാനമന്ത്രി ഷിഗെറു ഇഷിബ പറഞ്ഞിരുന്നു. ബംഗ്ലാദേശ് 35 ശതമാനം, ബോസ്നിയ, ഹെർസഗോവിന 30 ശതമാനം, കംബോഡിയ 36 ശതമാനം, ഇന്തോനേഷ്യ 32 ശതമാനം, ജപ്പാൻ 25 ശതമാനം, കസാക്കിസ്ഥാൻ 25 ശതമാനം, ലാവോസ് 40 ശതമാനം, മലേഷ്യ 25 ശതമാനം, മ്യാൻമർ 40 ശതമാനം, സെർബിയ 35, ദക്ഷിണാഫ്രിക്ക 30, ദക്ഷിണ കൊറിയ 25, തായ്ലൻഡ് 36, ടുണീഷ്യ 25 എന്നിങ്ങനെയാണ് പരിഷ്കരിച്ച താരിഫ് നിരക്കുകൾ.
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കില്‍ തീരുവ പുനഃക്രമീകരിക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ജപ്പാനും ദക്ഷിണ കൊറിയയും ഇറക്കുമതി നികുതി വര്‍ദ്ധിപ്പിച്ച് പ്രതികാരം ചെയ്യരുതെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ഏപ്രിലില്‍ താന്‍ മാറ്റിവെച്ച തീരുവ ചുമത്തുമെന്ന് അറിയിച്ച് 15 കത്തുകള്‍ രാജ്യങ്ങള്‍ക്ക് അയക്കുമെന്ന് കഴിഞ്ഞയാഴ്ച തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. താരിഫുകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് കത്തില്‍ പറയുന്നു. മറ്റു രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരിക്കുന്ന പരസ്പര നികുതി മൂന്ന് മാസത്തെ ഇടവേളയും ട്രംപ് പ്രഖ്യാപിച്ചു. പരസ്പര നികുതി നയം നീട്ടിക്കൊണ്ടുള്ള എക്സിക്യൂട്ടീവ് ഓർഡറിലും ട്രംപ് ഒപ്പു വച്ചു കഴിഞ്ഞു. പരസ്പര നികുതി നയത്തിന് നിലവിൽ നിശ്ചയിച്ചിരിക്കുന്ന സമയപരിധിയിൽ നിന്ന് എപ്പോൾ വേണമെങ്കിലും പിന്മാറിയേക്കാമെന്നും ട്രംപ് വ്യക്തമാക്കി. ജൂലൈ 9ഓടെ പുതിയ കരാറുകൾ നിലവിൽ വരുമെന്നും അതിനായുള്ള ചർച്ചകൾ ആരംഭിച്ചതായും ട്രംപ് മുമ്പ് വ്യക്തമാക്കിയിരുന്നു. യുഎസ് ഉത്പന്നങ്ങളുടെ കയറ്റുമതി മേൽ നികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് മേൽ തിരികെ നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞു.
content summary: Trump postpones tariff increases once more but introduces new rates for select countries