ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല ഇന്ത്യയില്‍ ഫാക്ടറി ആരംഭിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകളോട് പ്രതികരിച്ച് ട്രംപ്. ടെസ്‌ല ഫാക്ടറി ഇന്ത്യയില്‍ തുടങ്ങുന്നത് അമേരിക്കയോട് ചെയ്യുന്ന അന്യായമാണെന്നും ട്രംപ് പറഞ്ഞു. ട്രംപും മസ്‌കും സംയുക്തമായി ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്.
കഴിഞ്ഞ ആഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിച്ച സമയത്ത് കാറുകള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നതിനെ കുറിച്ച് സംസാരിച്ചിരിരുന്നു, ”അധിക തീരുവ ചുമത്തിയാല്‍, അതേ നാണയത്തില്‍ തിരിച്ചടിക്കും” എന്നായിരുന്നു ട്രംപിന്റെ മറുപടി.
”ഇന്ത്യയില്‍ ഒരു കാര്‍ വില്‍ക്കുക എന്നത് അസാധ്യമായ കാര്യമാണ്” ട്രംപ് പറഞ്ഞു. ”ലോകരാജ്യങ്ങളെല്ലാം ചേര്‍ന്ന് താരിഫിന്റെ പേരില്‍ അമേരിക്കയെ മുതലെടുക്കുയാണ്” ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേ സമയം, ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോ വിപണിയായ ടാറ്റാ മോട്ടോഴ്‌സ് പോലുള്ള പ്രാദേശിക വാഹന നിര്‍മാതാക്കളെ സംരക്ഷിക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യ ഏകദേശം 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയതിനെ ഇലോണ്‍ മസ്‌ക് വിമര്‍ശിച്ചിരുന്നു.
ഇന്ത്യന്‍ നഗരങ്ങളില്‍ ഷോറൂമുകള്‍ നിര്‍മിക്കുന്നതിനായി ടെസ്‌ല ന്യൂഡല്‍ഹി, മുംബൈ എന്നിവിടങഅങളില്‍ സ്ഥലങ്ങള്‍ ഏറ്റെടുത്തതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയിലെ 13 മിഡ് ലെവല്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യന്‍ വിപണന മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ള,ഇലക്ട്രിക് വാഹന മേഖലയില്‍ നൈപുണ്യമുള്ളവരെയാണ് ടെസ്‌ല അന്വേഷിക്കുന്നത്.
ടെസ്‌ലയുടെ ഇലക്ട്രോണിക് കാറുകള്‍ 2025 ഏപ്രില്‍ മാസത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. തുടക്കത്തില്‍ ജര്‍മനിയില്‍ നിന്നും കാറുകള്‍ ഇന്ത്യയില്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
21.75 ലക്ഷം രൂപയില്‍ താഴെയുള്ള കാറുകള്‍ ഇന്ത്യയില്‍ എത്തിക്കാനായിരുന്നു മസ്‌കിന്റെ പദ്ധതി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 35 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകള്‍ക്ക് 70 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുകയും മൂന്ന് കോടി രൂപയ്ക്ക് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയും ചെയ്തിരുന്നു. നിലവില്‍ ടെസ്‌ല ഇന്ത്യയില്‍ വാഹനങ്ങളൊന്നും തന്നെ നിര്‍മിക്കുന്നില്ല.
എന്നാല്‍, ഇന്ത്യയില്‍ കാര്‍ വിപണനം സാധ്യമാണെന്ന് മസ്‌ക് വ്യക്തമാക്കി. സംഭവത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content summary; Trump says It “Very Unfair” for Musk to Build Tesla Factory in India