February 14, 2025 |

എന്താണ് ജന്മാവകാശ പൗരത്വം; ഭരണഘടന ഭേദ​ഗതി ചെയ്യാൻ ട്രംപിനാകുമോ?

അമേരിക്കയില്‍ ജനിക്കുന്ന ഏതൊരാളും അമേരിക്കന്‍ പൗരനാകും എന്നതാണ് നിലവിലുള്ള നിയമം

അമേരിക്കന്‍ ഐക്യനാടുകളിലെ പൗരത്വ നിയമങ്ങള്‍ മാറ്റാന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍ പ്രൊഫസര്‍ ജെറാള്‍ഡ് ന്യൂമാന്‍.

അമേരിക്കയില്‍ ജനിച്ച ഏതൊരു വ്യക്തിയും (രേഖകളില്ലാത്ത മാതാപിതാക്കളുടെ മക്കളാണെങ്കില്‍ പോലും) അമേരിക്കന്‍ പൗരനാണെന്ന് അമേരിക്കയുടെ ഭണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ളതായി ഹാര്‍വാര്‍ഡ് ലോ സ്‌കൂളിലെ പ്രൊഫസര്‍ ജെറാള്‍ഡ് ന്യൂമാന്‍ പറയുന്നു.

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒരു ഉത്തരവ് ജന്മാവകാശ പൗരത്വവുമായി ബന്ധപ്പെട്ടതാണ്. അമേരിക്കയില്‍ ജനിക്കുന്ന ഏതൊരാളും അമേരിക്കന്‍ പൗരനാകും എന്നതാണ് അവിടെ നിലവിലുള്ള നിയമം, എന്നാല്‍ ഇനി മുതല്‍ ഔദ്യോഗിക രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ മക്കള്‍ക്കും, താല്‍ക്കാലിക വിസയില്‍ അമേരിക്കയില്‍ ജീവിക്കുന്ന ആളുകളുടെ മക്കള്‍ക്കും പൗരത്വം നല്‍കാന്‍ കഴിയില്ലെന്ന് ട്രംപിന്റെ ഉത്തരവില്‍ പറയുന്നു.

അമേരിക്കയില്‍ ജനിച്ച ആര്‍ക്കും അവരുടെ മാതാപിതാക്കളുടെ നില നോക്കാതെ പൗരത്വം നല്‍കണമെന്നത് അമേരിക്കയിലെ നിയമമാണ്, പൗരത്വ നിയമത്തില്‍ മാറ്റം വരുത്താന്‍ പ്രസിഡന്റിന് കഴിയില്ലെന്നും ന്യൂമാന്‍ കൂട്ടിച്ചേര്‍ത്തു.

എന്താണ് ജന്മാവകാശ പൗരത്വം?

അമേരിക്കയില്‍ ജന്മാവകാശ പൗരത്വം എന്നാല്‍, നിങ്ങളുടെ മാതാപിതാക്കള്‍ ആരാണെങ്കിലും അമേരിക്കയില്‍ ജനിച്ച വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കാനുള്ള അവകാശമുണ്ട്. ഇനി നിങ്ങള്‍ അമേരിക്കയ്ക്ക് പുറത്താണ് ജനിച്ചതെങ്കില്‍ നിങ്ങളുടെ മാതാപിതാക്കളുടെ അമേരിക്കന്‍ പൗരത്വത്തെ അടിസ്ഥാനപ്പെടുത്തി നിങ്ങള്‍ക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നിയമങ്ങളുമുണ്ട്. ഇതിനെ ജന്മാവകാശ പൗരത്വം എന്ന് വിളിക്കുന്നു. ലാറ്റിന്‍ ഭാഷയില്‍ ജസ് സോളി എന്നാണ് അറിയപ്പെടുന്നത്.

ഭരണഘടനയില്‍ എവിടെയാണ് ഈ നിയമത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്?

ആധുനിക യൂറോപ്പിന്റെ ആദ്യകാലത്ത് രാജ്യങ്ങളിലെല്ലാം ജസ് സോളി എന്ന ആശയം വളരെ സാധാരണമായ ഒന്നായിരുന്നു. വടക്കേ അമേരിക്കയെ കോളനിവത്കരിച്ചപ്പോള്‍ ബ്രിട്ടനാണ് ഇത്തരമൊരു നിയമം ആദ്യം കൊണ്ടുവന്നത്. പിന്നീട് അമേരിക്കയുടെ മറ്റ് സംസ്ഥാനങ്ങള്‍ നിയമത്തെ പിന്‍തുടരുകയായിരുന്നു. എന്നാല്‍, ജസ് സോളി എല്ലാവര്‍ക്കും ബാധകമായിരുന്നില്ല. അടിമകളുടെ മക്കള്‍ക്കും, അടിമത്തം അനുവദിച്ച പല സംസ്ഥാനങ്ങളിലെ സ്വതന്ത്ര കറുത്ത വര്‍ഗക്കാര്‍ക്കും പൗരത്വം നല്‍കാന്‍ നിയമമുണ്ടായിരുന്നില്ല.

1787ലെ ഭരണഘടനയില്‍ ജന്മാവകാശ പൗരത്വത്തെക്കുറിച്ച് ഒന്നും തന്നെ പ്രതിപാദിക്കുന്നില്ല എന്നതിനാല്‍ ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിയമങ്ങളായിരുന്നു നിലനിന്നിരുന്നത്. തുടര്‍ന്ന് 1857ല്‍ ഡ്രെഡ് സ്‌കോട്ട് പുറത്തിറങ്ങുന്നു, ഇത് പ്രകാരം വടക്കന്‍ സംസ്ഥാനങ്ങള്‍ എന്തു പറഞ്ഞാലും അമേരിക്കയുടെ ഫെഡറല്‍ ഭരണഘടനയനുസരിച്ച് ആഫ്രിക്കന്‍ വംശജരായ ഒരു വ്യക്തിയെ പോലും അമേരിക്കന്‍ പൗരനാക്കാന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. അടിമത്ത ദേശസാത്കരണത്തിന്റെ ഭാഗമായിരുന്ന ഈ തീരുമാനം ആഭ്യന്തര യുദ്ധത്തിന്റെ പ്രധാനകാരണങ്ങളില്‍ ഒന്നായി മാറി.

ആഭ്യന്തര യുദ്ധത്തിന് ശേഷം അടിമത്തം നിര്‍ത്തലാക്കിയെങ്കിലും മുന്‍പ് അടിമകളോ, സ്വതന്ത്ര കറുത്ത വര്‍ഗക്കാരോ ആയിരുന്ന ആളുകളെ പൗരന്മാരായി അംഗീകരിക്കാന്‍ സംസ്ഥാനങ്ങളും സുപ്രീം കോടതിയും തയ്യാറായില്ല. അവരെയും അവരുടെ കുട്ടികളെയും, വരും തലമുറയെയും സംരക്ഷിക്കുന്നതിനായി 1866 കോണ്‍ഗ്രസ് പൗരാവകാശ നിയമം പാസാക്കി. തുടര്‍ന്ന് ഭരണഘടനയുടെ 14-ാം ഭേദഗതിയില്‍ അമേരിക്കയില്‍ ജനിക്കുന്നവരും അമേരിക്കയില്‍ ജനിക്കുന്നവരും അമേരിക്കന്‍ അധികാരപരിധിക്ക് വിധേയരായവരും അമേരിക്കന്‍ പൗരനാണ് എന്ന നിയമം ഉള്‍പ്പെടുത്തി.

ഈ നിയമം കറുത്ത വര്‍ഗക്കാരുടെ കാര്യത്തില്‍ മാത്രമാണോ അതോ പടിഞ്ഞാറന്‍ തീരത്തേക്ക് കുടിയേറുന്ന ചൈനക്കാര്‍ക്കും ബാധകമാണോ എന്ന കാര്യത്തില്‍ 1860കളില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. ഈ നിയമത്തില്‍ ചൈനക്കാര്‍ ഉള്‍പ്പെടുമോ എന്നത് വലിയ ചര്‍ച്ചയായി നിലകൊണ്ടു. ചര്‍ച്ചകള്‍ക്കൊടുവില്‍ നിയമം എല്ലാവര്‍ക്കും ബാധകമാണ് എന്ന കാര്യത്തില്‍ വ്യക്തത വന്നു. തുടര്‍ന്ന് 1898ല്‍ അമേരിക്കയ്ക്ക് എതിരായ വോങ് കിം ആര്‍ക്ക് കേസില്‍ സുപ്രീം കോടതി നിയമം സ്ഥിരീകരിച്ചു.

പുതിയ ഭരണകൂടത്തിന്റെ അവകാശവാദത്തിലെ പ്രശ്‌നങ്ങള്‍

ഈ വാദം ഒരുതരത്തില്‍ ഭരണഘടനയെ വളച്ചൊടിക്കലാണ്. വോങ് കിം ആര്‍ക്ക് കേസില്‍ 14-ാം ഭാദഗതിയുടെ അര്‍ത്ഥത്തെക്കുറിച്ച് സുപ്രീം കോടതി വിശദീകരിച്ചിരുന്നു. രാജ്യത്തിന്റെ നിയമങ്ങള്‍ക്കോ നിയന്ത്രണത്തിനോ കീഴില്‍ നില്‍ക്കാത്ത ആളുകള്‍ക്ക് പൗരത്വം നല്‍കാതിരിക്കാന്‍ കഴിയുമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. ഉദാഹരണത്തിന്, വിദേശ നയതന്ത്രജ്ഞരായ ആളുകള്‍ അമേരിക്കന്‍ നിയമങ്ങളില്‍ നിന്ന് രക്ഷനേടുകയും പൗരത്വം മറ്റൊരു രാജ്യത്ത് നിലനിര്‍ത്തുകയും ചെയ്യുന്നവരാണ്. ഇത്തരം ആളുകളുടെ മക്കള്‍ അമേരിക്കന്‍ പൗരത്വത്തിന് യോഗ്യരല്ല. അമേരിക്കന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശയുദ്ധക്കപ്പലുകളാണ് മറ്റൊരു ഉദാഹരണം, യുദ്ധക്കപ്പലുകള്‍ നിയന്ത്രിക്കുന്നത് മറ്റൊരു രാജ്യമായതിനാല്‍ അവയില്‍ ജനിക്കുന്ന കുട്ടികള്‍ക്കും അമേരിക്കന്‍ പൊരത്വം നല്‍കാന്‍ കഴിയില്ല.

ഔദ്യോഗിക രേഖകളില്ലാതെ അമേരിക്കയിലെത്തുന്ന തൊഴിലാളികളെ സംബന്ധിച്ച്, അവര്‍ ആ രാജ്യത്ത് തൊഴിലെടുക്കുന്നതിനും, സമ്പദ വ്യവസ്ഥയില്‍ പങ്കുചേരുന്നതിനും, സമൂഹത്തില്‍ സുരക്ഷിതമായി ജീവിക്കുന്നതിനുമായി എത്തുന്നവരാണ്. അവര്‍ അമേരിക്കയുടെ അധികാരപരിധിക്ക് വിധേയരാണ്.

ജന്മാവകാശ പൗരത്വം നേടുന്നതിന്റെ ഗുണങ്ങള്‍

ഒന്നാമതായി, ഇത് വംശീയമല്ലാത്ത പൗരത്വ നിയമമാണ്. അമേരിക്കയില്‍ ജനിക്കുന്ന ഒരു കുട്ടിയുടെ മാതാപിതാക്കള്‍ ആരാണ് എന്നത് പ്രശ്‌നമല്ല, അമേരിക്കയില്‍ ജനിച്ച ഒരു കുട്ടി അമേരിക്കന്‍ പൗരന്‍ തന്നെയാണ്. ഇത് പ്രധാനമായും പൗരന്മാരല്ലാത്ത ആളുകളെയും, അവരുടെ പൗരത്വം ലഭിക്കാത്ത കുട്ടികളെയും, ഒരിക്കലും പൗരത്വം ലഭിക്കാന്‍ സാധ്യതയില്ലാതിരുന്ന അവരുടെ തലമുറയെയും ചൂഷണത്തിന് വിട്ടുകൊടുക്കുന്നതില്‍ നിന്നും ഈ നിയമം സംരക്ഷിക്കുന്നു. പതിനാലാം ഭേദഗതിയിലെ പൗരത്വ നിയമത്തിന്റെ പ്രധാന ലക്ഷ്യവും അതുതന്നെയാണ്.

അമേരിക്കയില്‍ ജനിച്ച കുട്ടിക്ക് അമേരിക്കന്‍ സമൂഹത്തെ സ്വന്തമായി കാണുന്നതിന് ഇത് സഹായിക്കും. അമേരിക്കന്‍ സമൂഹം കൂടുതല്‍ യോജിപ്പുള്ളവരാകാന്‍ ഇതിലൂടെ കഴിയുന്നു. അമേരിക്കയില്‍ ജനിച്ചുവെന്ന് തെളിയിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് നിങ്ങളുടെ പൗരത്വം തെളിയിക്കുന്ന രേഖയാണ്.

ജന്മാവകാശ പൗരത്വം നല്‍കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ

ഈ നിയമം ആവിശ്യമില്ലാത്ത ഏതെങ്കിലും ആളുകള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെങ്കില്‍ അതൊരു പോരായ്മ ആയേക്കാം. അമേരിക്കയില്‍ ജനിക്കുന്ന എല്ലാ ആളുകളും ജീവിതകാലം മുഴുവന്‍ അമേരിക്കയില്‍ ചിലവഴിക്കുന്നവരല്ല ഇതിനാല്‍ തന്നെ അവര്‍ക്ക് പൗരത്വം ഉപേക്ഷിക്കാനുള്ള അവസരവുമുണ്ട്.

ഭരണത്തെ ചൂഷണം ചെയ്യുന്ന ചില ആളുകളുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കാന്‍ വേണ്ടി മാത്രം അമേരിക്കയിലേക്ക് കുടിയേറുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതിനെ ബെര്‍ത്ത് ടൂറിസം എന്ന് വിളിക്കുന്നു. സമീപ വര്‍ഷങ്ങളിലായി ഇതിനെതിരെ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒന്നുമറിയാത്ത കുട്ടികളെ ഇത്തരത്തില്‍ അമേരിക്കന്‍ പൗരന്മാരാക്കുന്നതിലെ അനന്തരഫലങ്ങളെപ്പറ്റി ചിന്തിക്കാത്ത മാതാപിതാക്കള്‍ക്കാണ് ശിക്ഷ ലഭിക്കുക.

പൗരത്വനിയമം ഭേദഗതി ചെയ്യാന്‍ പ്രസിഡന്റിന് അധികാരമുണ്ടോ?

ഒരിക്കലുമില്ല. നിയമത്തില്‍ മാറ്റം വരുത്താന്‍ പ്രസിഡന്റിന് കഴിയില്ല. കോണ്‍ഗ്രസിന് നിയമം മാറ്റാന്‍ കഴിയും, പക്ഷെ അതിനും പരിധികളുണ്ട്. കോണ്‍ഗ്രസിനോ, പ്രസിഡന്റിനോ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരമില്ല.

ഇനിയെന്ത്?

എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഭേദഗതി ചെയ്യാന്‍ ശ്രമിക്കുന്നത് പൗരത്വ നിയമത്തിന്റെ മാത്രമല്ല, ഭരണഘടനയുടെയും ലംഘനമാണ്. ഇത് വലിയ നിയമവിരുദ്ധ പ്രവര്‍ത്തനമാണ്. ഇത്തരത്തില്‍ നിരവധി കേസുകള്‍ നടക്കുന്നുണ്ട്, ചിലതില്‍ ജഡ്ജിമാര്‍ അവരുടെ തീരുമാനം ഭരണഘടനയെ അടിസ്ഥാനപ്പെടുത്തി പറയും, മറ്റുള്ളവര്‍ ഭരണഘടന അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്നു.

കേസുകള്‍ തീര്‍പ്പാക്കുന്നതിന് ചില നിയമപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. ഫെബ്രുവരി 19 വരെ ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരില്ല. അതിനാല്‍ തന്നെ കേസെടുക്കുന്ന ആള്‍ക്കെതിരെ ഈ കേസ് വരാന്‍ മതിയായ കാരണങ്ങളുണ്ടോ, കേസ് ഫയല്‍ ചെയ്യുന്നതിനുള്ള ശരിയായ സമയം ഇതാണോ എന്നും കോടതി തീരുമാനിക്കേണ്ടതുണ്ട്. ഈ വിഷയത്തെ സംബന്ധിച്ച് വ്യക്തമായ ഒറ്റ ഉത്തരമേയുള്ളു, 1995ല്‍ ലീഗല്‍ കൗണ്‍സില്‍ ഓഫീസ് തലവന്‍ വാള്‍ട്ടര്‍ ഡെലിംഗര്‍, നിയമം മാറ്റാന്‍ കഴിയുമോ എന്ന കോണ്‍ഗ്രസിന്റെ ചോദ്യത്തിന് ഭരണം മാറ്റാന്‍ കഴിയുമോ എന്നാണ് മറു ചോദ്യം ചോദിച്ചത്. തന്റെ ഓഫീസ് വളരെ വലിയ ചോദ്യങ്ങളെ നേരിട്ടിട്ടുള്ള ഒരിടമാണ്, എന്നാല്‍ ഇത് അതില്‍ പെടുത്താന്‍ കഴിയുന്ന ഒന്നല്ല. ഈ ബില്‍ വ്യക്തമായും ഭരണഘടനാ വിരുദ്ധമാണ്. അവരുടെ ഈ തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും, ഇതൊരു വലിയ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹാര്‍വാര്‍ഡ് ലോ ടുഡേ ലേഖനത്തില്‍ നിന്ന്

content summary; trump’s reform, A president has no power to change the rules for U.S. citizenship.

×