ചാത്തനാകാനും ജോസാകാനും കഴിയുന്ന മമ്മൂട്ടിയാണ് മലയാള സിനിമയിലെ ‘കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍’. അവസാനിപ്പിക്കാത്ത ഒന്നും അയാള്‍ തുടങ്ങി വയ്ക്കില്ല എന്നൊരു ഡയലോഗുണ്ട് സിനിമയില്‍, ജോസിനെ കുറിച്ചാണ്. അത് മമ്മൂട്ടിയെക്കുറിച്ചാക്കിയാല്‍, ചെറിയൊരു മാറ്റത്തോടെ ഇങ്ങനെ പറയാം; അയാള്‍ ഒന്നും അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. അയാളെ അവസാനിപ്പിക്കാനും ആരും ആഗ്രഹിക്കേണ്ട…Turbo movie mammootty
കഥയിലോ, കഥാഗതിയിലോ പുതുമയില്ലാത്ത ഒരു സിനിമ ആസ്വദിക്കാവുന്ന വിഭവമാക്കിയത് മമ്മൂട്ടിയാണ്. ലോകേഷ് കമല്‍ഹാസനെയും, നെല്‍സണ്‍ രജനികാന്തിനെയും പ്രയോജനപ്പെടുത്തിയതുപോലെ മമ്മൂട്ടിയെ പരമാവധി ഉപയോഗിച്ച വൈശാഖിനും മിഥുനും കൈയടിക്കുന്നു. എല്ലാത്തരും സിനിമകളും നമുക്ക് വേണം. പ്രേമലുവും ഭ്രമയുഗവും മഞ്ഞുമ്മലും ആവേശവും പോലെ, ടര്‍ബോയും വേണമായിരുന്നു. ഒരു മാസ് എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയില്‍ ടര്‍ബോ പോലൊരു സിനിമയ്ക്കും ഇവിടെ സ്വീകരണം കിട്ടുമെന്ന പ്രതീക്ഷ തെറ്റിയില്ല.
നീലക്കുയിലും പുഴുവും മമ്മൂട്ടിയും
ചെന്നൈയില്‍ നിന്നു തുടങ്ങി, ഇടുക്കിയിലെത്തി, അവിടെ നിന്നും വീണ്ടും വണ്ടി കയറി ചെന്നൈയിലേക്കു പോയി, തിരിച്ച് ഇടുക്കിയില്‍ തന്നെ വന്ന് നില്‍ക്കുന്ന സിനിമ. ഈ ഓട്ടം നല്ല രീതിയില്‍ തന്നെ രസിച്ചു. ന്യൂട്രലിലാക്കി എഞ്ചിന്‍ ഓഫ് ചെയ്യുകയാണെന്ന് തോന്നിച്ചിടത്ത് വീണ്ടുമൊരാള്‍ വന്ന് ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തുമ്പോള്‍, ആഹാ…ടെയ്ല്‍ എന്‍ഡ് രോമാഞ്ചം! ഇനിയുമാളുണ്ടെങ്കില്‍ ജോസ് ഒന്നൂടെയിറങ്ങട്ടെ.
മിഥുന്‍ മാനുവലും വൈശാഖും നിലവിലെ മലയാള സിനിമയെക്കുറിച്ച് നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. തമിഴ് തെലുഗു മസാലപ്പടങ്ങളുടെ വികലമായ അനുകരണത്തിന് ശ്രമിച്ചില്ല. മറിച്ച്, ലോകേഷും നെല്‍സണുമൊക്കെ പ്രയോഗിച്ച ടെക്‌നിക്കുകള്‍ മനസിലാക്കിയുണ്ട്. പ്രേക്ഷകന് വൈകാരികമായ അടുപ്പം നായകനോടുണ്ടാകണം. നായകന്‍ അടിച്ചു ജയിക്കേണ്ടതുണ്ടെന്ന് അവരെക്കൊണ്ട് തോന്നിപ്പിക്കണം. പള്ളിപ്പറമ്പില്‍ അടിയുണ്ടാക്കുന്നതു പോലെയല്ല, തല കാണില്ലെന്ന പേടിയും ബോധവുമുള്ളയാളാണ് ജോസ്. മറ്റുള്ളവരാല്‍ പെട്ടുപോകുന്നിടത്ത് നിന്നു രക്ഷപ്പെടാനാണ് അയാള്‍ തല്ലുന്നത്. ഒരാള്‍ക്ക് ഒറ്റയ്ക്ക് ഇത്രയും പേരെ തല്ലിയിടാന്‍ കഴിയുമോയെന്നു ചിന്തിക്കാനോ, ഭൗതികശാസ്ത്രത്തിലെ തിയറികള്‍ ഓര്‍ക്കാനോ സാധാരണ പ്രേക്ഷകന്‍ ഇവിടെ മെനക്കെടില്ല. അവിടെയാണ് മിഥുനും വൈശാഖും വിജയിച്ചിരിക്കുന്നത്.
ഐടി സെല്ലിലെ മല്‍ഘോഷുമാരും മലയാളിക്കറിയാവുന്ന മമ്മൂട്ടിയും
കണ്ടതത്രയും ആസ്വദിച്ചു എന്ന തോന്നല്‍ കാണുന്നവനില്‍ ഉണ്ടാക്കാന്‍ ടര്‍ബോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജോസ് അമ്മയെ പേടിയുള്ള, ഈ ലോകത്ത് അമ്മമാത്രമെ തനിക്കുള്ളൂവെന്നും അതുമതിയെന്നും കരുതുന്നൊരു നാട്ടിന്‍പുറത്തുകാരനാണ്. മമ്മൂട്ടിക്ക് അപരിചിതനായ കഥാപാത്രമൊന്നുമല്ല ജോസ്. എന്നാല്‍, ഇത്തവണ പുതിയൊരു ജോസിനെയാണ് പ്രേക്ഷകന് കിട്ടിയിരിക്കുന്നത്.
സാധരണ മാസ് എന്റര്‍ടെയ്ന്‍മെന്റുകളില്‍ വിവിധ ഭാഷ നടന്മാരെ തിരുകി കയറ്റുന്നൊരു ആചാരം ഇപ്പോഴും നടക്കുന്നുണ്ട്. മലയാളത്തിലും അത്തരം അനാവശ്യങ്ങള്‍ പലവുരു കണ്ടിട്ടുള്ളതാണ്. ടര്‍ബോയില്‍ രാജ് ബി ഷെട്ടിയുണ്ട്, സുനിലുമുണ്ട്. സുനില്‍ ഒരു സസ്‌പെന്‍സായി അവിടെ നില്‍ക്കട്ടെ. രാജ് ഈ സിനിമയ്ക്കു നൂറ്റൊന്നു ശതമാനവും ഗുണം ചെയ്തിട്ടുണ്ട്. ഗരുഡ ഗമന ഋഷഭ വാഹനയിലെ ശിവ ഉണ്ടാക്കി വച്ചൊരു ഭയമുണ്ട്. വെട്രിയെ കാണുമ്പോള്‍ രക്തം പുരണ്ട കൈയും മുഖവുമായി നില്‍ക്കുന്ന ശിവയെയാണ് ഓര്‍മ വന്നത്. ജോസിന് പോലും അയാളോട് പേടി തോന്നിയിരുന്നു. ഒരു ചിരി കൊണ്ടു പോലും ഭയപ്പെടുത്തുന്ന വെട്രിയെന്ന വില്ലന്‍ രാജ് ബി ഷെട്ടിയോടുള്ള മലയാളിയുടെ ഇഷ്ടം കൂട്ടും.
മലയാള സിനിമകളില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നുവെന്ന കാമ്പുള്ള പരാതിക്ക് അഞ്ജലി ജയപ്രകാശിന്റെ ‘ ഇന്ദുലേഖ’ മതിയായ പരിഹാരം ആകില്ലെങ്കില്‍ പോലും, പേരിന് മാത്രമുള്ളൊരു സ്ത്രീ കഥാപാത്രമല്ലത്. ശരിക്കും, ഇന്ദുവിന് ചുറ്റും കറങ്ങുന്നൊരു കഥയാണിത്, അവളിലേക്ക് എത്തുന്നവരാണ് മറ്റുള്ളവരെല്ലാം. ഇന്ദുവിനെക്കാള്‍ പക്ഷേ കൈയടി റോസ കുട്ടിക്ക് കൊടുക്കണം. ആര്‍ക്കും പകരമാകില്ലെങ്കിലും ബിന്ദു പണിക്കരെ മലയാള സിനിമ പരമാവധി ഉപയോഗിക്കണം. ശബ്ദം കൊണ്ട് മമ്മൂട്ടിയും ഭാവം കൊണ്ട് ബിന്ദു പണിക്കരും അസ്സലാക്കിയൊരു സെന്റിമെന്‍സ് രംഗമുണ്ട് സിനിമയില്‍.
അന്നവര്‍ ഫഹദിനെ രാജ്യദ്രോഹിയാക്കി, ഇന്ന് മമ്മൂട്ടിയെ ഇസ്ലാമിസ്റ്റും
വീണ്ടും പറയേണ്ടി വരുന്നത് മമ്മൂട്ടിയെ കുറിച്ച് തന്നെയാണ്. ശാരീരികമായി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. വൈശാഖ് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതൊന്നുമാകില്ല, സ്വയം തയ്യാറായത് തന്നെയായിരിക്കണം. പ്രേക്ഷകനെ രസിപ്പിക്കാന്‍ അയാള്‍ എന്തൊക്കെ വേഷങ്ങളാണ് ആടുന്നത്. ഒന്നും അവസാനിക്കാതെ ഇങ്ങനെ തന്നെ തുടര്‍ന്നെങ്കിലെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്. ആ മനുഷ്യന് വേണ്ടി ഈ നാട് ഒരുമിച്ച് നില്‍ക്കുന്നതിനൊരു കാരണവുമതാണ്.
Content Summary; Turbo malayalam movie, mammootty