ഇസ്താംബുൾ മേയർ എക്രം ഇമാമോഗ്ലുവിന്റെ അറസ്റ്റിന് പിന്നാലെ തുർക്കിയിൽ പ്രതിഷേധം കടുക്കുകയാണ്. പതിനായിരക്കണക്കിന് പേരാണ് തുർക്കിയിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധിക്കുന്നത്. പ്രതിഷേക്കാരെ മാറ്റുന്നതിനായി കണ്ണീർ വാതകവും പെപ്പർ സ്പ്രേയും പോലീസ് ഉപയോഗിച്ചുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം ഇസ്താംബുളിലെ സിറ്റി ഹാളിന് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഇമാമോഗ്ലുവിന്റെ ഭാര്യ അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അധികാരികൾ ഇമാമോഗ്ലുവിനോട് കാട്ടിയത് അനീതിയാണെന്നും തിരഞ്ഞെടുപ്പിൽ ഇമാമോഗ്ലു വിജയിക്കുമെന്നും ഭാര്യ ദിലൈക് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധത്തിന്റെ കാരണം
മേയറുടെ അറസ്റ്റ് രാഷ്ട്രീയ അട്ടിമറിയാണെന്ന് ആരോപിച്ചാണ് എക്രം ഇമാമോഗ്ലു അനുകൂലികൾ പ്രതിഷേധിക്കുന്നത്. നടക്കാനിരിക്കുന്ന തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ എതിർ സ്ഥാനാർത്ഥിയാണ് എക്രം ഇമാമോഗ്ലു. എർദോഗന്റെ എതിരാളികൾ എപ്പോഴും ജയിലിലടക്കപ്പെടുന്നുവെന്നും മൂന്ന് വർഷത്തേക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാതിരിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് അറസ്റ്റെന്നും ഇമാമോഗ്ലു അനുകൂലികൾ ആരോപിച്ചു.
ഇക്കഴിഞ്ഞ മാർച്ച് 19നാണ് ഇസ്താംബുൾ മേയർ എക്രം ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്തിന് പിന്നാലെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇമാമോഗ്ലുവിനെതിരെ ചുമത്തുകയും ചെയ്തു.
തുടര്‍ന്ന് ഭീകരവാദം സംബന്ധിച്ച ആരോപണങ്ങളില്‍ ശനിയാഴ്ച അഞ്ച് മണിക്കൂറും അഴിമതി ആരോപണങ്ങളില്‍ നാല് മണിക്കൂറും ഇമാമോഗ്ലുവിനെ തുര്‍ക്കി സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇമാമോഗ്ലുവിന്റെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ അനുകൂലികൾ ഇസ്താംബുൾ സർവകലാശാലയിൽ തടിച്ച് കൂടി പ്രതിഷേധം ആരംഭിക്കുകയായിരുന്നു. വിദേശ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം പ്രക്ഷോഭം രാജ്യത്തുടനീളം വ്യാപിച്ചിട്ടുണ്ട്.
ആരാണ് എക്രം ഇമാമോഗ്ലു?
2019ലാണ് ഇസ്താംബുൾ മേയർ ആയി 53കാരനായ എക്രം ഇമാമോഗ്ലു തിരഞ്ഞെടുക്കപ്പെട്ടത്. ശേഷം കഴിഞ്ഞ വർഷം വീണ്ടും മേയറായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 51.14 ശതമാനം വോട്ട് നേടിയാണ് ഇമാമോഗ്ലുവ് ഇസ്താംബുള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.
തുർക്കിയിലെ തന്നെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായതോടെ ഇമാമോഗ്ലു എർദോഗന്റെ പ്രധാന എതിരാളിയായി മാറുകയായിരുന്നു.
എർദോഗനെതിരെ ശബ്ദമുയർത്താൻ കഴിയുന്ന ശക്തനായ എതിരാളിയാണ് എക്രം ഇമാമോഗ്ലുവെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. തുര്‍ക്കി പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള നോമിനി കൂടിയാണ് ഇമാമോഗ്ലുവ്. 2019ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപമാനിച്ചെന്ന് ആരോപിച്ച് ഇമാമോഗ്ലുവിനെ രണ്ട് വര്‍ഷത്തെ തടവിന് വിധിച്ചിരുന്നു. കേസിൽ വിധിക്കായി കാത്തിരുന്ന അവസരത്തിലാണ് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഇമാമോഗ്ലുവിനെ അറസ്റ്റ് ചെയ്യുന്നത്.
അതേസമയം, തനിക്കെതിരെയുള്ള മുഴുവന്‍ ആരോപണങ്ങളും ഇമാമോഗ്ലുവ് നിഷേധിച്ചു. കോടതിയിൽ എത്തിച്ച എക്രം ഇമാമോഗ്ലുവിനെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുൻപ് കൊള്ളക്കാരായ ക്രിമിനൽ സംഘത്തിന് ഇമാമോഗ്ലു നേതൃത്വം നല്‍കിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചിരുന്നു. തുടർന്നാണ് ഇമാമോഗ്ലുവിനെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇമാമോഗ്ലുവിന്റെ യൂണിവേഴ്സിറ്റി ഡിപ്ലോമ നിയമവിരുദ്ധമായി റദ്ദാക്കപ്പെപ്പെടുകയും ചെയ്തിരുന്നു.
അറസ്റ്റിന് പിന്നാലെ ഇമാമോഗ്ലുവിനെ മേയർ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തതായി തുർക്കി സർക്കാർ പ്രസ്താവനയിറക്കിയിരുന്നു. നടപടിക്കെതിരെ പ്രതിഷേധിച്ച് ഇമാമോഗ്ലുവിന്റെ അഭിഭാഷകർ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. ഇതൊരു ജുഡീഷ്യൽ നടപടിയല്ലെന്നും വിചാരണ കൂടാതെയുള്ള വധശിക്ഷയാണെന്നുമാണ് പോസ്റ്റിൽ കുറിച്ചിരുന്നത്.
2013ലെ ഗെസി പ്രതിഷേധത്തിന് ശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രക്ഷേഭമാണ് ഇപ്പോൾ നടക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Content Summary: Turkey trembles in protest; who is Ekrem Imamoglu , Recep Tayyip Erdogan’s opponent?