June 13, 2026 |
Share on

‘തുറന്ന മനസ്സോടെ നമുക്ക് മധുരയിൽ കാണാം’ ടിവികെയുടെ രണ്ടാം സമ്മേളനത്തിന് വിജയ്

വിജയ് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും

തമിഴക വെട്രി കഴകം (TVK) പാർട്ടിയുടെ രണ്ടാമത്തെ സംസ്ഥാനതല സമ്മേളനം മധുരയിലെ പരപ്പാത്തിയിൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. മധുര- തൂത്തുക്കുടി ദേശീയപാതയോരത്തുള്ള 500 ഏക്കർ സ്ഥലമാണ് ഒരുക്കിയിരിക്കുന്നത്. സമ്മേളനത്തിനായി ബുധനാഴ്ച രാത്രി മുതൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരും ആരാധകരുമാണ് എത്തിച്ചേർന്നത്.

വിജയ് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും. നിലവിൽ, വേദിയിലും പരിസരത്തും ബാനറുകളും പാർട്ടി പതാകകളും തോരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

വൈകുന്നേരം 3:30ന് ആരംഭിക്കുന്ന സമ്മേളനം രാത്രി 7:30ന് അവസാനിക്കും. സമ്മേളനത്തിന് മുന്നോടിയായി, തഞ്ചാവൂരിലെയും മധുരയിലെയും നാടൻ കലാകാരന്മാർ അവതരിപ്പിക്കുന്ന കരകാട്ടം, ഒയിലാട്ടം, സിലമ്പാട്ടം തുടങ്ങിയ പരമ്പരാഗത കലാപരിപാടികൾ നടക്കും.

ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളൊരുക്കിയിരിക്കുന്ന വേദി പുലർച്ചെയോടെ തന്നെ ഏതാണ്ട് നിറഞ്ഞു. വൈകുന്നേരം നാല് മണിയോടെ സമ്മേളനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ കലാപരിപാടികൾക്ക് ശേഷം, വേദിക്ക് നടുവിലായി സ്ഥാപിച്ച 300 മീറ്റർ നീളമുള്ള റാമ്പിലൂടെ നടന്ന് വിജയ് അണികളെ അഭിസംബോധന ചെയ്യും. പ്രവർത്തകരെ നിയന്ത്രിക്കുന്നതിനായി റാമ്പിന്റെ ഇരുവശത്തും നൂറുകണക്കിന് ബൗൺസർമാരെയും വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തമിഴക വെട്രി കഴകം പാർട്ടി രൂപീകരിച്ച ശേഷം, 2024 ഒക്ടോബർ 27-ന് തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് പാർട്ടി ആദ്യത്തെ സംസ്ഥാനതല സമ്മേളനം നടത്തിയത്.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രമാകുമെന്ന് നേരത്തെ കേഡർമാർക്ക് അയച്ച കത്തിൽ വിജയ് വിശേഷിപ്പിച്ചിരുന്നു. 1967-ലെയും 1977-ലെയും നിർണായക തിരഞ്ഞെടുപ്പുകളുമായി ഇത് സമാനമാണ്.

മധുര സമ്മേളനം ടിവികെയുടെ “മനസ്സാക്ഷി ജനാധിപത്യം” എന്ന ദർശനത്തെയും അതിന്റെ രാഷ്ട്രീയ ദിശയെയും പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ സുരക്ഷയ്ക്കായി വീട്ടിൽ നിന്ന് പരിപാടി വീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“തുറന്ന മനസ്സോടെ നമുക്ക് മധുരയിൽ കാണാം. തന്ത്രങ്ങളിലൂടെ നമ്മൾ വിജയിക്കും. വിജയം സുനിശ്ചിതമാണ്” എന്നും വിജയ് കത്തിൽ കുറിച്ചു. വലിയ പ്രതീക്ഷകളോടെയാണ് പാർട്ടി പ്രവർത്തകർ മധുര സമ്മേളനത്തെ നോക്കിക്കാണുന്നത്.

content summary: TVK’s Second Conference in Madurai

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×