മഹാരാഷ്ട്ര, രാജസ്ഥാന്‍ സര്‍ക്കാരുകളാണ് ഒന്നിന് പുറമേ മറ്റൊന്നായി അടുത്ത 25 വര്‍ഷത്തേയ്ക്ക് സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിന് ഊര്‍ജ്ജോത്പാദകരില്‍ നിന്ന് ടെണ്ടറുകള്‍ വിളിച്ചത്
ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ വൈദ്യുതി വിതരണക്കാരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നതിന് തയ്യാറാക്കിയ ടെണ്ടറുകളിലെ മാനദണ്ഡങ്ങള്‍ അദാനി ഗ്രൂപ്പിന്റെ വൈദ്യുതോത്പാദന ശേഷികള്‍ക്ക് പൂര്‍ണമായും യോജിക്കുന്നതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത് വന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍ സര്‍ക്കാരുകളാണ് ഒന്നിന് പുറമേ മറ്റൊന്നായി അടുത്ത 25 വര്‍ഷത്തേയ്ക്ക് സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിന് ഊര്‍ജ്ജോത്പാദകരില്‍ നിന്ന് ടെണ്ടറുകള്‍ വിളിച്ചത്.
രണ്ട് ടെണ്ടറുകളിലും പൊതുവായുള്ള സുപ്രധാന മാനദണ്ഡം സൗരോര്‍ജ്ജ പ്ലാന്റില്‍ നിന്നും താപോര്‍ജ്ജ പ്ലാന്റില്‍ നിന്നും ഒരുമിച്ചു വൈദ്യുതി വിതരണം ചെയ്യാനുള്ള ശേഷി ഉത്പാദകര്‍ക്ക് ഉണ്ടായിരിക്കണം എന്നതാണ്. വന്‍തോതില്‍ സൗരോര്‍ജ്ജ, താപോര്‍ജ്ജങ്ങള്‍ ഒരുമിച്ച് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത് നിലവില്‍ അദാനി പ്ലാന്റിന് മാത്രമാണ്. ടെണ്ടറില്‍ ഈ നിബന്ധന കൊണ്ടുവന്നതോടെ, രണ്ട് ടെണ്ടറുകളും അദാനി ഗ്രൂപ്പിന് തന്നെ ലഭിക്കുമെന്ന് ബി.ജെ.പി ഭരിക്കുന്ന ഈ സംസ്ഥാനങ്ങള്‍ ഉറപ്പിക്കുന്നു. മുന്‍ കാലങ്ങളിലെല്ലാം വിതരണം ചെയ്യുന്ന വൈദ്യുതി താപവൈദ്യുതി നിലയില്‍ നിന്നോ ഏതെങ്കിലും സൗരോര്‍ജ്ജമുള്‍പ്പെടെയുള്ള പാരമ്പര്യേതര താപോത്പാദന നിലയങ്ങളില്‍ നിന്നോ ഉത്പാദിപ്പിച്ചാല്‍ മതി എന്നതായിരുന്നു നിബന്ധന. വിവിധ പ്ലാന്റുകളില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന വൈദ്യുതിയെ ഒന്നിച്ചു ചേര്‍ത്ത് വിതരണം ചെയ്യണം എന്ന് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തതാണ്.
മഹാരാഷ്ട്ര 6600 മെഗാവാട്ടിന്റെ ടെണ്ടറാണ് വിളിച്ചിരിക്കുന്നത്. ഇതില്‍ 5000 മെഗാവാട്ടും സൗരോര്‍ജ്ജത്തില്‍ നിന്ന് ഉത്പാദിക്കുന്നതായിരിക്കണം. ബാക്കി കല്‍ക്കരിയില്‍ നിന്നും. രാജസ്ഥാനാകട്ടെ 11,200 മെഗാവാട്ടിനായാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. ഇതില്‍ 8000 മെഗാവാട്ട് സൗരോര്‍ജ്ജത്തില്‍ നിന്നും ബാക്കി താപോര്‍ജ്ജം വഴിയും. അദാനി ഗ്രൂപ്പല്ലാതെ താപ, സൗരോര്‍ജ്ജ താപോത്പാദനം നടത്താന്‍ കഴിയുന്ന മറ്റ് കമ്പനികള്‍ അപൂര്‍വ്വമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ കരാര്‍ അദാനി ഗ്രൂപ്പിന് ലഭിച്ചുകഴിഞ്ഞു. രാജസ്ഥാനില്‍ സ്വാഭാവികമായും അവര്‍ക്ക് തന്നെ ലഭിക്കാനാണ് സാധ്യത. പൂര്‍ണമായും അവരുടെ കമ്പനിയുടെ യോഗ്യതകള്‍ക്ക് അനുസൃതമായാണ് നിബന്ധനകള്‍ ഉള്ളത് എന്നത് കൊണ്ട് കാര്യങ്ങളില്‍ തീരുമാനങ്ങള്‍ നേരത്തേ കൈക്കൊണ്ടതാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നാല്‍ മതി.
സൗരോര്‍ജ്ജമടക്കമുള്ള പാരമ്പര്യേതര ഊര്‍ജ്ജോത്പാദന മേഖലയില്‍ വളര്‍ന്ന് വന്നിട്ടുള്ള ഒട്ടേറെ പുതിയ കമ്പനികളുണ്ട്. അവയെ ഈ സംസ്ഥാന സര്‍ക്കാരുകള്‍ മത്സരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്. ഈ ഇരട്ട സ്രോതസുകളുടെ നിബന്ധന കൊണ്ട് വന്നതിലൂടെ ചെയ്യുന്നത്. രണ്ട് സാധ്യതകളുള്ള ചെറുകമ്പനികള്‍ക്കാകട്ടെ അദാനി ഗ്രൂപ്പിനോട് മത്സരിച്ച് വിജയിക്കാനുമാകില്ല. ഊര്‍ജ്ജോര്‍ത്പാദന മേഖലയിലെ മത്സരം ഇല്ലാതാക്കുന്നതോടെ വൈദ്യുതിയുടെ വില വര്‍ദ്ധിക്കുകയും അത് പൊതുജനങ്ങള്‍ക്ക് ഭാരമായി മാറുകയും ചെയ്യും. മാത്രമല്ല, സൗരോര്‍ജ്ജത്തിനൊപ്പം താപോര്‍ജ്ജം കൂടി ഉത്പാദിക്കുന്ന കമ്പനികളെ മാത്രമേ സംസ്ഥാന സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കൂ എന്ന നിലവന്നാല്‍ പാരമ്പര്യേതര ഊര്‍ജ്ജ മേഖലയിലെ മത്സരം അടിച്ചമര്‍ത്തപ്പെടുകയും അത് വഴി ചെലവ് കുറഞ്ഞ ഊര്‍ജ്ജോത്പാദന സാധ്യതകള്‍ അടയപ്പെടുകയും ചെയ്യും.
ഏത് സര്‍ക്കാര്‍ കരാറിന്റേയും അടിസ്ഥാന നിയമം മത്സരം പ്രോത്സാഹിപ്പിക്കണം എന്നതാണ്. പ്രമാദമായ കല്‍ക്കരി കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നാഴികകല്ലായ വിധിയില്‍ പറയുന്നത് ഭരണകൂടങ്ങള്‍ ഏതെങ്കിലും വസ്തുക്കള്‍ ലേലം ചെയ്യുമ്പോഴും വാങ്ങുമ്പോഴും ഏറ്റവും മികച്ച വില ഉറപ്പ് വരുത്തുന്ന തരത്തില്‍ മത്സരം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം എന്നതാണ്. എന്നാല്‍ ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ചുരുക്കം ചിലര്‍ക്ക് വേണ്ടി കരാറുകള്‍ ഈ രണ്ട് സംസ്ഥാനങ്ങളും മെനഞ്ഞെടുക്കുകയാണ്. ഇത്തരത്തില്‍ തത്പരകക്ഷികള്‍ക്ക് കരാറുകള്‍ ലഭിക്കുന്നതിന് വേണ്ടി പ്രത്യേകമായ സാങ്കേതിക നിബന്ധനകളും നിസ്തുലമായ മാനദണ്ഡങ്ങളും തുന്നിച്ചേര്‍ക്കന്നത് ധനകാര്യ ഭാഷയില്‍ പറഞ്ഞാല്‍ സ്വജനപക്ഷപാതമാണ്.
ഇരട്ട ഊര്‍ജ്ജോത്പാദന സ്രോതസുകളുള്ള ഒറ്റ കമ്പനികളെ തേടിക്കൊണ്ടുള്ള ടെണ്ടറുകളായി മുന്നോട്ട് പോകാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം തെറ്റാണെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. പുറമേ നിന്ന് നോക്കുമ്പോള്‍ പരമ്പര്യേതര ഊര്‍ജ്ജോത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും കാര്‍ബണ്‍ ഫുട്പ്രിന്റ്സ് കുറയ്ക്കാനുമുള്ള ശ്രമമായി ഇത് തോന്നുമെങ്കിലും നേരെ മറിച്ചാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഊര്‍ജ്ജ മേഖലയില്‍ ഗവേഷണം നടത്തുന്ന ഡോ. പ്രിയാംശു ഗുപ്ത പറയുന്നത് സര്‍ക്കാരുകള്‍ വിവിധ ഊര്‍ജ്ജ സ്രോതസുകളില്‍ നിന്ന് വൈദ്യുതി വാങ്ങണം എന്നാണ്.
തീര്‍ത്തും യാദൃശ്ചികമോ?
റിപ്പോര്‍ട്ട് കളക്ടീവ് ശേഖരിച്ച ടെണ്ടര്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ ഈ കരാറിനുള്ള മാനദണ്ഡങ്ങള്‍ ഊര്‍ജ്ജോത്പാദകര്‍ക്കിടയിലുള്ള മത്സരം കുറയ്ക്കുമെന്ന് മാത്രമല്ല തെളിയിക്കുന്നത്, മറിച്ച് ഈ ഇരട്ട സ്രോതസ് നിബന്ധന അദാനി ഗ്രൂപ്പിന്റെ വരാന്‍ പോകുന്ന ഊര്‍ജ്ജ ഉത്പാദന പരിപാടികള്‍ക്ക് വേണ്ടിയുള്ളതാണ് എന്നും കാണാന്‍ കഴിയും.
മഹാരാഷ്ട്രയിലെ കരാര്‍ അനുസരിച്ച് ടെണ്ടറില്‍ പങ്കെടുക്കുന്ന ഊര്‍ജ്ജ ഉത്പാദകര്‍ക്ക് 1600 മെഗാവാട്ട് താപോര്‍ജ്ജ പ്ലാന്റ് ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടായാല്‍ മതി. സൗരോര്‍ജ്ജമാകട്ടെ സംസ്ഥാനത്തിന് പുറത്ത് നിന്നും കൊണ്ടുവരാം. മൂന്ന് സംസ്ഥാനങ്ങളില്‍ കൃത്യം 1600 മെഗാവാട്ട് ശേഷിയുള്ള താപോത്പാദന പ്ലാന്റുകളാണ് അദാനി ഗ്രൂപ്പ് തുടങ്ങാന്‍ പോകുന്നത്. ഗുജറാത്തിലെ കച്ചിലാകട്ടെ അദാനി ഗ്രൂപ്പിന്റെ ലോകത്തിലേ തന്നെ ഏറ്റവും വലിയ പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാപദന കേന്ദ്രത്തില്‍ അടുത്ത വര്‍ഷം ആദ്യം സൗരോര്‍ജ്ജ വൈദ്യുതി ഉത്പാദനം ആരംഭിക്കുകയാണ്. ഇതു രണ്ടും മഹാരാഷ്ട്ര കരാറിന് പൂര്‍ണമായും ചേരുന്നതാണ്.
രാജസ്ഥാനിലെ ടെണ്ടര്‍ നോക്കൂ. ടെണ്ടര്‍ ലഭിക്കണമെങ്കില്‍ ഉത്പാദകര്‍ക്ക് 3200 മെഗാവാട്ട് താപ വൈദ്യുതിയും 8000 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതിയും ഒരുമിച്ച് ഉണ്ടാക്കാന്‍ ശേഷി വേണം. ഈ വൈദ്യുതി പ്ലാന്റുകളെല്ലാം സംസ്ഥാന അതിര്‍ത്തിക്കുള്ളിലാകണം. ഇവിടെയാണ് തമാശ. ഈ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ കൃത്യം 3200 മെഗാവാട്ട് ശേഷിയുള്ള ഒരു താപവൈദ്യുതി പദ്ധതി രാജസ്ഥാനിലെ ബരാര്‍ ജില്ലയില്‍ കവായ് ഗ്രാമത്തില്‍ തുടങ്ങുന്നതിനായി അദാനി ഗ്രൂപ്പ് അനുമതി മേടിച്ച് കഴിഞ്ഞു. അതുപോലെ തന്നെ സംസ്ഥാനത്ത് ഒരു സൗരോര്‍ജ്ജ പാര്‍ക്ക് നിര്‍മ്മിക്കുന്നതിനും അദാനി ഗ്രൂപ്പ് ധാരാണാ പത്രം ഒപ്പിട്ടു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ വൈദ്യുതി വിതരണ കമ്പനിയായ രാജസ്ഥാന്‍ ഊര്‍ജ്ജ വികാസ് ആന്റ് ഐ.റ്റി സര്‍വ്വീസ് ലിമിറ്റഡ് അഥവാ ആര്‍ യു വി ഐ റ്റി എസ് എല്ലിന്റെ സകല നിബന്ധനകളും പാലിക്കാന്‍ പറ്റുന്ന ഉത്പാദനശേഷിയും ലൊക്കേഷനുമാണ് അദാനി ഗ്രൂപ്പിന്റെ താപ-സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് ഉള്ളത്.
കമ്പനിയുടെ ഊര്‍ജ്ജോത്പാദന പദ്ധതികളുടെ വികാസത്തിന് അനുസൃതമായ രീതിയില്‍ മഹാരാഷ്ട്രയിലെ വൈദ്യുത കരാര്‍ ലഭിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനോട് അദാനി പവറിന്റെ വക്താവ് പറഞ്ഞത്- ”ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയുക ടെണ്ടര്‍ വിളിച്ചവര്‍ക്കാണ്”-എന്നായിരുന്നു. രാജസ്ഥാനിലെ ടെണ്ടര്‍ പൂര്‍ത്തിയായിട്ടില്ല. കരാര്‍ ലഭിക്കുന്നതും കവായ് ഗ്രാമത്തിലെ പ്ലാന്റിന്റെ വികസനവും തമ്മില്‍ ബന്ധമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെണ്ടര്‍ നടപടി ക്രമങ്ങളുടെ ചുമതലക്കാരായിരുന്ന രണ്ട് സംസ്ഥാനങ്ങളേിലേയും വൈദ്യുതി വിതരണ സ്ഥാപനങ്ങളെ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് വിശദമായ ചോദ്യങ്ങളുമായി സമീപിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ പാരമ്പര്യേതര ഊര്‍ജ്ജ ഉത്പാദകരാണ് എന്നാണ് അദാനി ഗ്രൂപ്പ് സ്വയം അവകാശപ്പെടുന്നത്. 10000 മേഗാവാട്ട് വൈദ്യുതി അത്തരത്തില്‍ ഉദ്പാദിപ്പിച്ചുവെന്നും ഇതില്‍ 7393 മെഗാവാട്ടും വൈദ്യുതോര്‍ജ്ജത്തില്‍ നിന്നാണെന്നും അദാനി ഗ്രൂപ്പ് ഈ വര്‍ഷം ആദ്യം അറിയിച്ചിരുന്നു. അതുപോലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ താപവൈദ്യുതി ഉത്പാദകരും ഇവര്‍ തന്നെയാണ്. 15000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നിലയങ്ങള്‍ ഇവര്‍ക്കുണ്ട്. എന്നാല്‍ താപവൈദ്യുതി ഉത്പാദനവും സൗരോര്‍ജ്ജ ഉത്പാദനവും ഒരേപോലെ ശ്രമിക്കുന്ന ഒറ്റക്കമ്പിനി അദാനി ഗ്രൂപ്പ് മാത്രമല്ല. ജെ.എസ്.ഡബ്ലിയു ഗ്രൂപ്പ് മുതലായവര്‍ ഈ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പക്ഷേ അദാനി ഗ്രൂപ്പിന് വേണ്ടി ടെണ്ടറുകള്‍ ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കി നല്‍കുമ്പോള്‍ ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധമാകും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്ന സംശയത്തിന് കാരണമാകും.
മഹാരാഷ്ട്ര തുടങ്ങി വയ്ക്കുന്ന കീഴ്വഴക്കം
2024 മാര്‍ച്ച് 13നാണ് മഹാരാഷ്ട്ര സംസ്ഥാന വൈദ്യുതി വിതരണ കമ്പനി വൈദ്യുതി ഉത്പാദകരില്‍ നിന്ന് ടെണ്ടര്‍ ക്ഷണിക്കുന്നത്. സംസ്ഥാനത്തിന് ഏറ്റവും കുറഞ്ഞ തുകയ്ക്ക് വൈദ്യുതി നല്‍കുന്ന കമ്പനിക്ക് കരാര്‍ ലഭ്യമാകും. 25 വര്‍ഷത്തേയ്ക്ക് വൈദ്യുതി നല്‍കുന്നതിനുള്ള ഈ കരാറിന്റെ സാധാരണ സ്വഭാവത്തില്‍ നിന്ന് വ്യത്യസ്തമായി ഇതിലൊരു അസാധാരണ നിബന്ധന ഉണ്ടായിരുന്നു. ടെണ്ടറില്‍ പങ്കെടുക്കുന്നവര്‍ രണ്ട് സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതി നിര്‍ബന്ധമായും നല്‍കിയിരിക്കണം. 1600 മെഗാവാട്ട് കല്‍ക്കരി അടിസ്ഥാനമായുള്ള താപവൈദ്യുതി നിലയില്‍ നിന്ന്. 5000 മെഗാവാട്ട് സൗരോര്‍ജ്ജ നിലയങ്ങളില്‍ നിന്ന്. വിചിത്രമായ ഈ കരാര്‍ അദാനി ഗ്രൂപ്പിന് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്ന് പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ആരോപിച്ചു.
”ഈ വൈദ്യുതി ഉത്പാദിച്ച് നല്‍കുന്നതിന് 1600 മെഗാവാട്ട് ശക്തിയുള്ള താപവൈദ്യുതി നിലയം ടെണ്ടറില്‍ മത്സരിക്കുന്ന വൈദ്യുതി ഉത്പാദകര്‍ സംസ്ഥാനത്തിന് അകത്തോ പുറത്തോ സ്ഥാപിക്കണം”- ടെണ്ടര്‍ നോട്ടീസ് പറയുന്നു. അതേ പോലെ സൗരോര്‍ജ്ജം രാജ്യത്ത് എവിടെ നിന്നും എത്തിക്കാം. അദാനി ഗ്രൂപ്പിന്റെ പുതിയ മൂന്ന് 1600 മൊഗാവാട്ട് ശേഷിയുള്ള താപവൈദ്യുതി നിലയങ്ങള്‍ ഉത്തര്‍പ്രദേശിലെ മിര്‍സ്പൂരിലും മധ്യപ്രദേശിലെ മഹനിലും ഛത്തീസ്ഗഢിലുമായി വരുന്നുണ്ട്. അഥവാ അദാനി ഗ്രൂപ്പിന്റെ പദ്ധതികള്‍ക്ക് കൃത്യമായും ചേരുന്നതായിരുന്നു മഹാരാഷ്ട്രയിലെ ടെണ്ടര്‍.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദാനി ഗ്രൂപ്പടക്കം നാല് കമ്പനികളേ ടെണ്ടറില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. ജെ.എസ്.ഡബ്ലിയു എനര്‍ജിയും ടോറന്റ് പവറും മത്സരിച്ചിരുന്നു. 2024 സെപ്തംബര്‍ 15 ന് അദാനി ഗ്രൂപ്പിന് കരാര്‍ ലഭിച്ചു.
ഇതേ മാര്‍ഗ്ഗത്തില്‍ രാജസ്ഥാന്‍
മഹാരാഷ്ട്ര ടെണ്ടര്‍ പ്രസിദ്ധീകരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ 2024 മാര്‍ച്ച 28ന് രാജസ്ഥാനിലെ കവായി-യില്‍ കല്‍ക്കരി അടിസ്ഥാനമാക്കിയുള്ള താപോര്‍ജ്ജ പദ്ധതി വികസിപ്പിക്കുന്നതിനുള്ള പരിസ്ഥിതി അനുമതിക്കായി അദാനി പവര്‍ അപേക്ഷ നല്‍കി. 660 മെഗാവാട്ട് ശേഷിയുളള് രണ്ട് യൂണിറ്റുകളാണ് ഇപ്പോള്‍ ആ പ്ലാന്റിനുള്ളത്. ആകെ 1320 മെഗാവാട്ട് ശേഷി. അവിടെ നിന്നാണ് രാജസ്ഥാനിലെ സംസ്ഥാന വൈദ്യുതി വിതരണ കമ്പനിക്ക് നിലവില്‍ വൈദ്യുതി നല്‍കുന്നത്. 800 മെഗാവാട്ട് ശേഷിയുള്ള നാല് പുതിയ യൂണിറ്റുകള്‍ കൂടി ആരംഭിക്കുന്നതിനാണ് പരിസ്ഥിതി അനുമതിക്ക് അപേക്ഷ നല്‍കിയത്. നിലവിലുള്ള 1320 മെഗാവാട്ട ശേഷിക്ക് പുറമേ 3200 മെഗാവാട്ട് കൂടി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.
പരിസ്ഥിതി അനുമതിക്കായുള്ള ഈ അപേക്ഷ അംഗീകരിക്കപ്പെട്ട ഉടനെയാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് വൈദ്യുതി നല്‍കുന്നതിന് ഉത്പാദകരില്‍ നിന്ന് ടെണ്ടര്‍ വിളിക്കാന്‍ രാജസ്ഥാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരിന്റേത് പോലെ വിചിത്രമായ ഒരു നിബന്ധന രാജസ്ഥാനും കൂട്ടിച്ചേര്‍ത്തു. താപവൈദ്യുതിയും സൗരോര്‍ജ്ജവും ഉത്പാദിപ്പിക്കുന്ന കമ്പനികളായിരിക്കണം അപേക്ഷിക്കേണ്ടത്. രാജസ്ഥാനാവശ്യം 8000 മെഗാവാട്ട് സൗരോര്‍ജ്ജവും 3200 മെഗാവാട്ട് താപോര്‍ജ്ജവുമാണ്. മഹരാഷ്ട്രയുടേതില്‍ നിന്ന് വ്യത്യസ്തമായി ഒരു നിബന്ധന രാജസ്ഥാന്‍ മുന്നോട്ട് വച്ചു: വൈദ്യുതി ഉതപാദകര്‍ രാജസ്ഥാനില്‍ തന്നെ ഊര്‍ജ്ജോത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കണം. മഹാരാഷ്ട്രയ്ക്ക് പ്ലാന്റുകള്‍ സംസ്ഥാനത്തിന് പുറത്തായാലും കുഴപ്പമില്ല. രാജസ്ഥാന് അകത്ത് തന്നെ വേണം. രണ്ടും അദാനി പവര്‍ ഗ്രൂപ്പിന് അനുയോജ്യമായത് തന്നെയായിരുന്നു. രാജസ്ഥാന്‍ ഒരു പടി കൂടി കടന്ന് പുതിയ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നവര്‍ക്കേ കരാര്‍ നല്‍കൂ എന്നും നിബന്ധന ഉള്‍പ്പെടുത്തി അദാനി ഗ്രൂപ്പിന് കൂടുതല്‍ സൗകര്യം സൃഷ്ടിച്ചു. 10000 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പാര്‍ക്കിന് രാജസ്ഥാന്‍ സര്‍ക്കാരുമായി അദാനി ഗ്രൂപ്പ് ധാരണ പത്രം ഒപ്പിട്ടതേ ഉള്ളൂ. Two power tenders by bjp ruled states maharashtra rajasthan favour adani group
ഈ അന്വേഷണ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ആണ്. ഇംഗ്ലീഷിലുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. അനുമതിയോടെയാണ് അഴിമുഖം ഇത് വിവര്‍ത്തനം ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്
Content Summary; Two power tenders by bjp ruled states maharashtra rajasthan favour adani group