June 03, 2026 |
Share on

ആണവ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം; ഇറാന് മുന്നറിയിപ്പുമായി യുഎഇ

മേഖലയില്‍ അതീവ ‘അപകടകരമായ സാഹചര്യം’ സൃഷ്ടിച്ചിരിക്കുകയാണെന്ന് യു.എ.ഇ അധികൃതര്‍

ബറാക്ക ആണവനിലയത്തിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിനും തുടര്‍ന്നുണ്ടായ തീപിടിത്തത്തിനും ഇറാനെ കുറ്റപ്പെടുത്തി യുഎഇ. ഇറാനോ അവരുടെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളോ ആണെന്ന് ഈ ആക്രമണത്തിന് പിന്നിലെന്നാണ് യു.എ.ഇ ആരോപിക്കുന്നത്. ഈ സംഭവം മേഖലയില്‍ അതീവ ‘അപകടകരമായ സാഹചര്യം’ സൃഷ്ടിച്ചിരിക്കുകയാണെന്ന് യു.എ.ഇ അധികൃതര്‍ വ്യക്തമാക്കി.

അല്‍ ദഫ്ര മേഖലയിലുള്ള ബറാക്ക ആണവനിലയത്തിന്റെ ഉള്‍പ്രദേശത്തിന് പുറത്തുള്ള ഒരു ഇലക്ട്രിക്കല്‍ ജനറേറ്ററിലാണ് ഡ്രോണ്‍ വന്ന് പതിച്ചത്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി വഴിയാണ് ഈ ഡ്രോണ്‍ ഉള്‍പ്പെടെ മൂന്ന് ആളില്ലാ വിമാനങ്ങള്‍ രാജ്യത്തേക്ക് പ്രവേശിച്ചതെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഈ അപകടത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ റേഡിയേഷന്‍ മുന്നറിയിപ്പുകള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ല. ആണവനിലയത്തില്‍ നിന്ന് റേഡിയോ ആക്ടീവ് ചോര്‍ച്ചയോ പൊതുജനങ്ങള്‍ക്ക് മറ്റ് സുരക്ഷാ ഭീഷണികളോ ഇല്ലെന്ന് യു.എ.ഇയുടെ ആണവ നിയന്ത്രണ അതോറിറ്റിയും സ്ഥിരീകരിച്ചു. നിലവില്‍ ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താനായുള്ള വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ യുദ്ധത്തിന്റെ ആറാം ആഴ്ചയിലെ വെടിനിര്‍ത്തല്‍ സമയത്താണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത് എന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. നിലവില്‍ സമാധാന ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലാണ്. ചര്‍ച്ചകളിലെ ഈ അനിശ്ചിതത്വത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇറാനെ സംബന്ധിച്ചിടത്തോളം സമയം അതിവേഗം കടന്നുപോവുകയാണ്, അവര്‍ എത്രയും വേഗം ചര്‍ച്ചകളോട് സഹകരിക്കണം. അല്ലാത്തപക്ഷം അവശേഷിക്കാന്‍ ഒന്നും ഉണ്ടാകില്ല, സമയം വളരെ പ്രധാനപ്പെട്ടതാണ്,’ എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ മാധ്യമത്തിലൂടെ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച വിര്‍ജീനിയയിലെ ഗോള്‍ഫ് കോഴ്‌സില്‍ വെച്ച് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉപദേശകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ചൊവ്വാഴ്ച തന്റെ സുരക്ഷാ ടീമുമായി വീണ്ടും കൂടിക്കാഴ്ച നടത്തി തുടര്‍നടപടികള്‍ അദ്ദേഹം ചര്‍ച്ച ചെയ്യും.

കൂടാതെ, ഇസ്രയേല്‍ സുരക്ഷാ കാബിനറ്റ് യോഗത്തിന് മുന്നോടിയായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ട്രംപ് ഫോണില്‍ സംസാരിച്ചു. ഇറാന്‍, ലെബനന്‍, ഗാസ എന്നിവിടങ്ങളിലെ സാഹചര്യങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത്. ഇറാന്‍ ചര്‍ച്ചകളില്‍ അനുകൂലമായ ഒരു ഒത്തുതീര്‍പ്പ് ഉണ്ടായില്ലെങ്കില്‍ യുദ്ധം വീണ്ടും ആരംഭിച്ചേക്കുമെന്ന ശക്തമായ സൂചനകളാണ് ഇസ്രയേലില്‍ നിന്ന് പുറത്തുവരുന്നത്.

സംഭവത്തെ തുടര്‍ന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ മേഖലയിലെ മറ്റ് അറബ് രാഷ്ട്രങ്ങളുമായി അടിയന്തര ചര്‍ച്ചകള്‍ നടത്തി. അടുത്ത കാലത്തായി നേരിയ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്ന സൗദി അറേബ്യയുമായും അദ്ദേഹം ആശയവിനിമയം നടത്തിയിട്ടുണ്ട്. ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇതോടൊപ്പം ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസിയെ വിദേശകാര്യ മന്ത്രി ഫോണില്‍ വിളിച്ച് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ധരിപ്പിച്ചു. ഇത്തരം ‘ഭീകരാക്രമണങ്ങള്‍ക്ക്’ കൃത്യമായ മറുപടി നല്‍കാന്‍ തന്റെ രാജ്യത്തിന് പൂര്‍ണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം ഗ്രോസിയെ അറിയിച്ചു. ആണവ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള സൈനിക നീക്കങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഭവത്തില്‍ അതീവ ആശങ്കയുണ്ടെന്നും റാഫേല്‍ ഗ്രോസി വ്യക്തമാക്കി.

ഇതിനുമുമ്പ് യു.എ.ഇയുടെ എണ്ണക്കല്‍പ്പാടങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക്, ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിക്കൊണ്ട് യു.എ.ഇ തിരിച്ചടി നല്‍കിയിരുന്നു. യുദ്ധകാലത്തുടനീളം ഇസ്രയേലുമായുള്ള പങ്കാളിത്തം യു.എ.ഇ ശക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെയുള്ള സൈനിക നടപടികളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വെച്ച് ഏറ്റവും കര്‍ശനമായ നിലപാടാണ് യു.എ.ഇ സ്വീകരിക്കുന്നത്.

ആണവനിലയത്തിന് നേരെയുണ്ടായ ഭീകരാക്രമണം, അത് ഇറാന്‍ നേരിട്ട് ചെയ്തതാണെങ്കിലും അവരുടെ പ്രതിനിധികള്‍ വഴി ചെയ്തതാണെങ്കിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേശകന്‍ അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണിതെന്നും, സാധാരണക്കാരുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത ഇത്തരം നീക്കങ്ങള്‍ മേഖലയെ ഇരുണ്ട അന്തരീക്ഷത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം തന്റെ എക്‌സ് ഹാന്‍ഡിലിലൂടെ മുന്നറിയിപ്പ് നല്‍കി.

Content Summary: UAE blames Iran or its proxies for a ‘dangerous’ drone strike near the Barakah nuclear power plant. Middle East Crisis

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×