അന്‍വറിനെ പിന്തുണയ്ക്കാനോ കൂടെ നിര്‍ത്താനോ തത്കാലം തീരുമാനമില്ല
‘തള്ളാനും വയ്യാ, കൊള്ളാനും’. പി വി അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫിന്റെ അവസ്ഥയിതാണ്. ഇക്കണ്ട കാലമത്രയും പ്രതിപക്ഷത്തിന് സാധിക്കാത്ത തരത്തിലാണ് പിണറായി വിജയനെയും സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരേപോലെ അന്‍വര്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇതൊക്കെ അവര്‍ മറികടക്കുമോയെന്നത് വേറെ കാര്യം. വലിയൊരു പുകമറ സൃഷ്ടിക്കാന്‍ അന്‍വറിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ യുഡിഎഫ് ആണ്.
പക്ഷേ, യുഡിഎഫ് കരുതലിലാണ്. അന്‍വറിന് ക്രെഡിറ്റ് പോകുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. തങ്ങളെക്കൊണ്ട് പറ്റാത്തത് ഒരു വ്യക്തി ഒറ്റയ്ക്ക് നേടിയെടുത്തുവെന്ന് കേള്‍ക്കുന്നത് കോണ്‍ഗ്രസോ ലീഗോ ഇഷ്ടപ്പെടുന്നില്ല. എന്നാലോ, അന്‍വര്‍ നിശബ്ദനാകുന്നതും അവര്‍ ആഗ്രഹിക്കുന്നില്ല. അന്‍വര്‍ പറയുന്നത് തുടര്‍ന്നോട്ടെ, ഇപ്പുറത്ത് നിന്ന് ഞങ്ങള്‍ ഞങ്ങളുടെതായ വഴിയില്‍ സാഹചര്യം ഉപയോഗപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ്-ലീഗ് വൃത്തങ്ങള്‍ പറയുന്നത്.
കോണ്‍ഗ്രസും ലീഗുമെല്ലാം ആവര്‍ത്തിക്കുന്ന കാര്യം, ഇപ്പോഴത്തെ ആരോപണങ്ങള്‍- എഡിജിപി വിഷയം-തങ്ങളാണ് ആദ്യം കൊണ്ടുവന്നതെന്നാണ്. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതും, പിണറായി-ബിജെപി ബന്ധവുമെല്ലാം തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പരാതികളായിരുന്നുവെന്ന് കോണ്‍ഗ്രസും ലീഗും ഉറപ്പിച്ച് പറയുന്നു.
എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നാണ് അന്‍വറിന്റെ പ്രധാന ആരോപണം. എന്നാല്‍, ഈയൊരു സംരക്ഷണത്തിന് പിന്നില്‍ ആര്‍എസ്എസ് പിണറായി ബന്ധമാണെന്നും അതിന് ഇടനിലക്കാരനായി നില്‍ക്കുന്നതുകൊണ്ടാണ് എഡിജിപിയെ പിണറായി സംരക്ഷിക്കുന്നതിനുള്ള കാരണമെന്നും ആദ്യം പറഞ്ഞത് കോണ്‍ഗ്രസ് ആണെന്നാണ് അവരുടെ നേതാക്കളുടെ അവകാശവാദം. ലീഗ് പറയുന്നതും അതേ കാര്യമാണ്. യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ അന്‍വര്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ലീഗിന്റെയും നിലപാട്.
മുന്‍ കോണ്‍ഗ്രസുകാരനായ അന്‍വറിന്റെ ആരോപണങ്ങളെ പരസ്യമായി പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. അത്തരം പിന്തുണ അന്‍വറിനുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് ഭയം. ഇതുവരെ അന്‍വറിനെതിരേ ഉയര്‍ത്തിക്കൊണ്ടിരുന്ന ആരോപണങ്ങളില്‍ നിന്നും പരാതികളില്‍ നിന്നും പെട്ടെന്നുള്ള യുടേണ്‍ എടുക്കലാകുമത്. അന്‍വറിന് വിശ്വാസ്യതയില്ലെന്നും ഏത് സമയത്തും സെറ്റില്‍മെന്റിന് വിധേയനാകുന്നയാളുമാണെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. അന്‍വര് പറയുന്നതിനെക്കാള്‍ വിശ്വാസ്യതയുള്ള കാര്യങ്ങള്‍ തങ്ങളാണ് ഉന്നയിക്കുന്നതെന്ന വാദവും കോണ്‍ഗ്രസിനുണ്ട്. അന്‍വറിന്റെത് മസാലക്കഥ പറച്ചിലുകളാണെന്ന പരിഹസവും ഒരു നേതാവ് ഉയര്‍ത്തിയിരുന്നു.
കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാന്‍, അല്ലെങ്കില്‍ ലീഗിലേക്ക് ചേക്കേറാന്‍ അന്‍വര്‍ ലക്ഷ്യമിടുന്നുണ്ടെന്നും സംസാരമുണ്ട്. ഇടത്തേക്കോ വലത്തേക്കോ പോകാതെ നടുക്ക് നില്‍ക്കാനാണ് താത്പര്യമെന്ന് അന്‍വര്‍ പറയുന്നുണ്ടെങ്കിലും, പുതിയൊരു കൂട്ടുകെട്ട് മലബാര്‍ കേന്ദ്രീകരിച്ച് ഉയര്‍ന്നു വരാനുള്ള സാധ്യതയും പറഞ്ഞുകേള്‍ക്കുന്നുണ്ട്. പുതിയൊരു മേച്ചില്‍പ്പുറം കെട്ടിയുണ്ടാക്കാനാണ് പദ്ധതിയെങ്കില്‍ ഇപ്പോള്‍ തങ്ങള്‍ ഏതെങ്കിലും തരത്തില്‍ അന്‍വറിന് പിന്തുണ കൊടുത്താല്‍ അത് തിരിച്ചടിയും നാണക്കേടുമാകുമെന്ന് ലീഗും കോണ്‍ഗ്രസും കരുതുന്നു.
രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം തിരുത്തി മാപ്പ് പറഞ്ഞാല്‍ തിരിച്ചു വരുന്നത് പരിഗണിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞതൊഴിച്ചാല്‍ വേറെ പ്രധാന നേതാക്കളൊന്നും അന്‍വറിനെ സ്വാഗതം ചെയതിട്ടില്ല. വ്യാഴാഴ്ച്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ആക്ഷേപത്തില്‍ അന്‍വര്‍ വിശദീകരണം നല്‍കുകയും തന്റെ കോണ്‍ഗ്രസ് പാരമ്പര്യത്തില്‍ അഭിരമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവടക്കം മുതിര്‍ന്ന നേതാക്കളാരും തന്നെ അന്‍വറിനോട് ക്ഷമിക്കുകയോ പ്രതിബദ്ധത പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അന്‍വറിനെ എടുത്ത് മടിയില്‍ വയ്ക്കാന്‍ തത്കാലം തയ്യാറല്ലെന്നാണ് തീരുമാനം.
ലീഗ് പറയുന്നതും, അന്‍വറിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നാണ്. അന്‍വറിനെ പിന്തുണയ്ക്കാനോ കൂടെ നിര്‍ത്താനോ ഇതുവരെ യുഡിഎഫ് ആലോചിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും പൊലീസിനും ആഭ്യന്തര വകുപ്പിനുമെല്ലാം തങ്ങള്‍ നിയമസഭയില്‍ അടക്കം പരാതികള്‍ ഉയര്‍ത്തിയപ്പോള്‍ നിശബ്ദനായിരുന്നയാളാണ് അന്‍വറെന്നും ഇപ്പോള്‍ അയാള്‍ ചെയ്യുന്നത് യുഡിഎഫിന്റെ പരാതികള്‍ തെളിവു സഹിതം ആവര്‍ത്തിക്കുക മാത്രമാണെന്നും ലീഗ് പറയുന്നു.
ലീഗായാലും കോണ്‍ഗ്രസ് ആയാലും അന്‍വറിനെ തത്കാലം സ്വീകരിക്കുന്നില്ല. അതിന് കാരണം, അപ്പോഴും എല്ലാ ശ്രദ്ധയും അന്‍വറിലേക്ക് പോകുമെന്നത് തന്നെയാണ്. സര്‍ക്കാരിനെതിരേ ആരോപണങ്ങളും പരാതികളും ഉയര്‍ത്തുന്നത് പ്രതിപക്ഷത്തിന്റെ സ്ഥിരം വേലയാണെന്ന് കരുതിയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഈ വിഷയത്തില്‍ തങ്ങളെ ശ്രദ്ധിക്കാതെ പോയതെന്നാണ് യുഡിഎഫിന്റെ പരാതി. യുഡിഎഫുകാര്‍ സമരം നടത്തി പൊലീസിന്റെ തല്ലുകൊണ്ട് കിടന്നപ്പോളും മാധ്യമങ്ങളിലടക്കം അന്‍വറിനായിരുന്നു പ്രധാന്യം. ഇക്കാര്യത്തില്‍ ലീഗിനും കോണ്‍ഗ്രസിനുമെല്ലാം നല്ല അമര്‍ഷമുണ്ട്. അതുകൊണ്ട് തങ്ങള്‍ മുന്നില്‍ വരാനുള്ള കളികളാണ് അവരിന് കളിക്കാന്‍ ആഗ്രഹിക്കുന്നത്. കിട്ടിയ ചാന്‍സ് മുതലാക്കുകയും വേണം, എല്ലാം അന്‍വര്‍ കാരണമെന്ന പ്രചാരണം ഉണ്ടാവുകയും അരുത്. യുഡിഎഫ് പ്രയത്‌നിക്കുന്നത് അതിനാണ്. പുതിയ സമരപ്രഖ്യാനങ്ങള്‍ക്ക് ഒരുങ്ങുകയാണ്. സംസ്ഥാനത്തുട നീളം സര്‍ക്കാരിനെതിരായ കാമ്പയിന്‍ തുടങ്ങുകയാണെന്നും അറിയിച്ചിട്ടുണ്ട്. കളത്തില്‍ മുന്നില്‍ നില്‍ക്കാനുള്ള കളികളായിരിക്കും അതുകൊണ്ടിനി യുഡിഎഫ് കളിക്കുക. ഫോട്ടോ എന്തു കൊടുക്കും? udf does not wish to support pv anvar in the current political scenario
Content Summary; udf does not wish to support pv anvar in the current political scenario