മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ് പി വി അന്‍വര്‍ ചെയ്തിരിക്കുന്നത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അന്‍വറിനെ പിന്തുണയ്ക്കുന്ന കാര്യം യുഡിഎഫ് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും അഴിമുഖത്തോട് സംസാരിക്കവെ പിഎംഎ സലാം വ്യക്തമാക്കി.
അന്‍വറിനെയോ, അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളെയോ ലീഗോ യുഡിഎഫോ പിന്തുണയ്ക്കുന്നില്ല. ഈ പരാതികളെല്ലാം തന്നെ മാസങ്ങള്‍ക്കു മുമ്പേ ഞങ്ങള്‍ പറഞ്ഞതാണ്. ലീഗും കോണ്‍ഗ്രസും ഇക്കാര്യങ്ങളൊക്കെ പറയുമ്പോള്‍ അന്‍വര്‍ നിശബ്ദനായിരുന്നു. ഈ പരാതികള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അന്‍വര്‍ ഒരു പങ്കും വഹിച്ചിട്ടില്ല. പൊലീസിലെ കുഴപ്പങ്ങളും ആഭ്യന്തര വകുപ്പിലെ ക്രിമിനല്‍വത്കരണവും മുഖ്യമന്ത്രിയുടെ കഴിവില്ലായ്മയുമൊക്കെ ഞങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമ്പോഴും അന്‍വര്‍ നിശബ്ദനായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അന്‍വര്‍ തെളിവുകളോടെ പുറത്തു വിടുന്നുവെന്നു മാത്രം’- പിഎംഎ സലാമിന്റെ വാക്കുകള്‍.
അന്‍വറിനെ പിന്തുണയ്ക്കുമോ, അന്‍വറിന്റെ കൂടെ നില്‍ക്കുമോ എന്ന ചോദ്യത്തോട്, അതിലൊന്നും പ്രസക്തിയില്ലെന്നാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. തങ്ങള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ അന്‍വര്‍ ശരിവയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണ്, അന്‍വര്‍ ആവര്‍ത്തിക്കുന്നതെങ്കില്‍ എന്തുകൊണ്ടാണ് അന്‍വറിന് കിട്ടിയ ശ്രദ്ധ പ്രതിപക്ഷത്തിന് കിട്ടാതിരുന്നതെന്ന ചോദ്യത്തിന് പിഎംഎ സലാമിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നത് പ്രതിപക്ഷം നിരന്തരം ചെയ്യുന്നതാണ്. അതുകൊണ്ട് പ്രതിപക്ഷം ഇക്കാര്യത്തില്‍ ഉന്നയിച്ച ആക്ഷേപങ്ങളും ആ തരത്തിലായിരിക്കാം മാധ്യമങ്ങള്‍ കണ്ടത്. ഇപ്പോള്‍, ഭരണകക്ഷിക്ക് അകത്ത് നിന്ന് ഒരു എംഎല്‍എ ഭരണകക്ഷിയെ വിമര്‍ശിക്കുന്നു, അത് മാധ്യമങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയാവുകയും, അതിനൊരു പ്രസക്തി വരികയും ചെയ്യുന്നതാണ്. അതാണ് സംഭവിക്കുന്നത്”.
പി വി അന്‍വര്‍ മുസ്ലീം ലീഗിലേക്ക് പോകുമെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വരുന്നുണ്ട്. ഒന്നുകില്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക്, അല്ലെങ്കില്‍ ലീഗിന്റെ ഭാഗമായി യുഡിഎഫിലേക്ക് എത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന് ഇടതുപക്ഷത്ത് നിന്ന് വിമര്‍ശനങ്ങളുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍, അന്‍വര്‍ ഒരിക്കലും ലീഗില്‍ ഉണ്ടായിരുന്നില്ലല്ലോ, പിന്നെയെങ്ങനെയാണ് തിരിച്ചു വരുന്നതെന്നായിരുന്നു സലാമിന്റെ ചോദ്യം.
‘ ഞങ്ങള്‍ അന്‍വറിനെ കുറിച്ച് ചിന്തിച്ചിട്ടോ ചര്‍ച്ച ചെയ്തിട്ടോയില്ല. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ അന്‍വര്‍ ഏറ്റു പറഞ്ഞതില്‍ സന്തോഷമുണ്ട്’ എന്നു മാത്രം’. ഭരണകക്ഷിയുടെ ഭാഗത്ത് നിന്ന് ഒരു എംഎല്‍എ ഇത്ര വ്യക്തമായും ആധികാരികമായും പലതും പറയുകയും, ഇനി പറഞ്ഞാല്‍ എകെജി സെന്റര്‍ വരെ കുലുങ്ങുമെന്നുമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം സ്വതന്ത്രവും സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു. യുഡിഎഫ് ശക്തമായ പോരാട്ടം ആരംഭിക്കുകയാണെന്നും, അത് സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അറിയിച്ചു.
ഈ പോരാട്ടത്തില്‍ പി വി അന്‍വറിനെയും കൂടുക്കൂട്ടുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പിഎംഎ സലാം തയ്യാറായില്ല.
വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് പി വി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രിക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിച്ച അന്‍വര്‍, എഡിജിപിയും പി ശശിയും പറയുന്നത് കേട്ടാണ് മുഖ്യമന്ത്രി നടക്കുന്നതെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് അഭിപ്രായസ്വാതന്ത്ര്യമില്ലെന്നും അന്‍വര്‍ ആക്ഷേപിച്ചിരുന്നു. അന്‍വറിന്റെ ആരോപണങ്ങള്‍ എല്ലാം തള്ളിക്കൊണ്ടാണ് വെള്ളിയാഴ്ച്ച രാവിലെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. സംശയിച്ചതുപോലെ കാര്യങ്ങള്‍ വരുന്നുവെന്നു പറഞ്ഞ പിണറായി, എല്ലാ കാര്യങ്ങളും വിശദമായി പറയുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. UDF has not discussed PV Anvar yet, says Muslim League General Secretary PMA Salam.
Content Summary; UDF has not discussed PV Anvar yet, says Muslim League General Secretary PMA Salam.