June 18, 2025 |
Share on

റഷ്യക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തി യുകെയും യൂറോപ്യൻ യൂണിയനും; എന്താണ് റഷ്യയുടെ ഷാഡോ ഫ്ലീറ്റ്?

എണ്ണ കടത്തുന്ന റഷ്യയുടെ കപ്പലുകളെ ലക്ഷ്യമിട്ടാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്

യുക്രെയ്ൻ അധിനിവേശത്തിൽ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതോടെ റഷ്യക്കെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തി യുറോപ്യൻ യൂണിയനും ബ്രിട്ടനും. എണ്ണ കടത്തുന്ന റഷ്യയുടെ കപ്പലുകളെ ലക്ഷ്യമിട്ടാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ ഷാഡോ ഫ്ലീറ്റ് എന്ന് വിളിക്കപ്പെടുന്ന ഒരു രഹസ്യ ശൃംഖല ഉപരോധിച്ചതായി റിപ്പോർട്ട്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ ധനസഹായത്തിന്റെ ഒരു പ്രധാന സ്രോതസ്സ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷാഡോ ഫ്ലീറ്റ് ഉപരോധിക്കാനുള്ള പ്രഖ്യാപനം. ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ നടപടി എന്നാണ് നീക്കത്തെ യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചത്. മോസ്കോയിൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാൻ പാശ്ചാത്യ സഖ്യകക്ഷികൾ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ശ്രമങ്ങളിലൊന്നാണ് ഷാഡോ ഫ്ലീറ്റിന്റെ ഉപരോധം. റഷ്യയ്‌ക്കെതിരായ യൂറോപ്പിന്റെ പുതിയ ഉപരോധങ്ങളിൽ പങ്കുചേരില്ലായെന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്.

എന്താണ് റഷ്യയുടെ ഷാഡോ ഫ്ലീറ്റ്?

ലോകമെമ്പാടും റഷ്യൻ എണ്ണ രഹസ്യമായി കൊണ്ടുപോകാൻ ഉപയോഗിക്കുന്ന എണ്ണ ടാങ്കറുകളുടെ രഹസ്യ ശൃംഖലയാണ് ഷാഡോ ഫ്ലീറ്റ്. പാശ്ചാത്യ ഉപരോധങ്ങൾ ഒഴിവാക്കിക്കൊണ്ട് രഹസ്യമായി എണ്ണ കയറ്റുമതി ചെയ്യാൻ സർക്കാർ ഉപയോഗിക്കുന്ന പഴയതും രഹസ്യവുമായ എണ്ണ ടാങ്കറുകളുടെ ഒരു കൂട്ടമാണിത്.  ഈ കപ്പലുകൾ പലപ്പോഴും അവയുടെ സ്ഥാനങ്ങൾ മറയ്ക്കുകയും, പലപ്പോഴും പതാക മാറ്റുകയും, വ്യാജ പേരുകളോ ഉടമകളോ ഉപയോഗിച്ച് കടത്തുകയും ചെയ്യുന്നു.സാധാരണ അന്താരാഷ്ട്ര ഷിപ്പിംഗ് നിയമങ്ങൾക്ക് എതിരായതും ശരിയായ രജിസ്ട്രേഷൻ ഇല്ലാതെ രഹസ്യമായി പ്രവർത്തിക്കുന്നതുമായതിനാലാണ് ഇവയെ ഷാഡോ ഫ്ലീറ്റ് എന്ന് വിളിക്കുന്നത്.

റഷ്യ എന്തിനാണ് ഒരു ഷാഡോ ഫ്ലീറ്റ് ഉപയോഗിക്കുന്നത്?

2022 ൽ റഷ്യ യുക്രെയ്‌നിനെ ആക്രമിച്ചതിനുശേഷം യൂറോപ്യൻ യൂണിയൻ, യുകെ, യുഎസ് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ കർശന ഉപരോധങ്ങൾ ഏർപ്പെടുത്തി. യുദ്ധത്തിന് ധനസഹായം ലഭിക്കുന്ന റഷ്യയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ എണ്ണ കയറ്റുമതിയിലെ നിയന്ത്രണങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ചില രാജ്യങ്ങൾക്ക് ബാരലിന് 60 ഡോളറിൽ കൂടുതൽ വിലയ്ക്ക് എണ്ണ വിൽക്കാൻ റഷ്യയ്ക്ക് കഴിയില്ല. ഈ നിയമങ്ങൾ ലംഘിച്ച് കൊണ്ട് എണ്ണ കൊണ്ടുപോകാൻ റഷ്യയെ സഹായിക്കുന്നതിൽ നിന്നും പാശ്ചാത്യ ഷിപ്പിംഗ് കമ്പനികളെ വിലക്കിയിട്ടുമുണ്ട്. തുടർന്ന് നിയമങ്ങൾ പാലിക്കാതെ എണ്ണയിൽ നിന്ന് പണം സമ്പാദിക്കുന്നത് തുടരാൻ റഷ്യ ഷാഡോ ഫ്ലീറ്റ് ഉപയോഗിക്കാൻ തുടങ്ങി.

ഷാഡോ ഫ്ലീറ്റ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

അന്താരാഷ്ട്ര ഷിപ്പിംഗ് നിയമങ്ങൾ പാലിക്കാത്ത പഴയ എണ്ണ ടാങ്കറുകളാണ് ഷാഡോ ഫ്ലീറ്റിൽ ഉൾപ്പെടുന്നത്. രഹസ്യമായി സഞ്ചരിക്കുന്നതിനായി അവർ തങ്ങളുടെ ട്രാക്കിംഗ് സിസ്റ്റങ്ങൾ (AIS) ഓഫ് ചെയ്തിടുന്നു. കപ്പലിന്റെ പേരുകൾ, പതാകകൾ, ലിസ്റ്റുചെയ്ത ഉടമകൾ എന്നിവ മാറ്റിയാണ് കൊണ്ടുപോകുന്നത്.

പല കപ്പലുകളും 15 വർഷത്തിലധികം പഴക്കമുള്ളവയാണ്. അവ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പ്രത്യേകിച്ച് ഗ്രീസിൽ നിന്ന് സെക്കൻഡ് ഹാൻഡ് ആയി വാങ്ങിയവയാണ്. അതിനാൽ പഴയ ടാങ്കറുകളിൽ ചോർച്ചയോ അപകടങ്ങളോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഷാഡോ ഫ്ലീറ്റ് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024 ഡിസംബറിൽ ഈ കപ്പലുകളിൽ രണ്ടെണ്ണം കരിങ്കടലിൽ ഒരു വലിയ എണ്ണ ചോർച്ചയ്ക്ക് കാരണമായി. അതേസമയം, റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകൾ ഇപ്പോഴും ഫലം കാണാതെ മുന്നോട്ട് പോവുകയാണ്.

Content Summary: UK and EU impose new sanctions on Russia, What Is Russia’s Shadow Fleet?

Leave a Reply

Your email address will not be published. Required fields are marked *

×