February 13, 2025 |
Share on

ബ്രിട്ടനില്‍ ഇനി ലേബര്‍ ഭരണമോ?

സ്വന്തം സീറ്റിലും തോല്‍വി ഭയന്ന് ഋഷി സുനക്

ബ്രിട്ടന്‍ വ്യാഴാഴ്ച്ച പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. പ്രവചനങ്ങള്‍ മുഴുവന്‍ പുതിയൊരു രാഷ്ട്രീയ മാറ്റത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്. കണ്‍സര്‍വേറ്റീവുകള്‍ അധികാരത്തില്‍ നിന്നു പുറത്തേക്കും ലേബര്‍ പാര്‍ട്ടി ഭരണത്തിലേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അധികവും. ഋഷി സുനകിന്റെ പ്രധാനമന്ത്രി കസേരയില്‍ കിയര്‍ സ്റ്റാര്‍മര്‍ അവരോധിതനാകുമോയെന്നാണ് ലോകം കാത്തിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ പോളിംഗ് സ്‌റ്റേഷനിലേക്ക് പോകുന്ന ദിവസത്തില്‍ ‘ പ്രതീക്ഷകളുടെയും അവസരങ്ങളുടെയും ഒരു പുതിയ യുഗം’ വരുമെന്ന വിളംബരമാണ് ലേബര്‍ നേതാവ് നടത്തിയത്. വിജയം തങ്ങള്‍ക്കെന്ന ഉറപ്പ് ലേബര്‍ പാര്‍ട്ടിക്ക് ഉണ്ടെന്ന ആത്മവിശ്വാസമാണ് സ്റ്റാര്‍മറുടെ വാക്കുകളില്‍.

സര്‍ക്കാര്‍ രൂപീകരണത്തിന് തന്റെ പാര്‍ട്ടി തയ്യാറാണെന്നും, വ്യാഴാഴ്ച്ചത്തെ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനായില്‍ തന്റെ നിയുക്ത മന്ത്രിസഭ പുതിയ കര്‍മം ഉടനടിയേറ്റെടുത്ത് ആവേശത്തോടെ അത് ചെയ്യുമെന്നും സ്റ്റാര്‍മര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പുതിയൊരു അധ്യായം രചിക്കാന്‍ ബ്രിട്ടന്‍ തയ്യാറെടുത്തതായാണ് താന്‍ കരുതുന്നതെന്നാണ് സ്റ്റാര്‍മര്‍ പറയുന്നത്.

അതേസമയം മറുവശത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രധാനമന്ത്രി ഋഷി സുനകും കടുത്ത നിരാശയിലാണ്. മുതിര്‍ന്ന ടോറികള്‍(കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍)തന്നെ പാര്‍ട്ടിയുടെ തോല്‍വി ഉറപ്പിച്ചിട്ടുണ്ട്. അഭിപ്രായ സര്‍വേകളിലും ലേബര്‍ പാര്‍ട്ടിയുടെ അഭൂതപൂര്‍വമായ വിജയമാണ് പ്രവചിച്ചിരിക്കുന്നത്.

ആറാഴ്ച്ച നീണ്ടു നിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തില്‍, സ്വന്തം സീറ്റില്‍ പോലും പരാജയം ഭയക്കുന്നതായി ഋഷി സുനക് ആശങ്ക പങ്കുവച്ചിരുന്നുവെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും ദ ഗാര്‍ഡിയന് കിട്ടിയ വിവരം. യുഗോവ് പോള്‍ പ്രവചനം പറയുന്നത് സുനക് മന്ത്രിസഭയിലെ 16 പേര്‍ ഇത്തവണ തോല്‍വി നേരിടുമെന്നാണ്. 1832 ന്‌ശേഷം ഒരു പാര്‍ട്ടിക്കും കിട്ടാത്തവിധം ഭൂരിപക്ഷം ഇത്തവണ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കുമെന്നും പ്രവചനത്തില്‍ പറയുന്നുണ്ട്.

ഒരു ചരിത്ര ദിനം ആരംഭിക്കുന്നതിന് ഏതാനും ചുവട് മാത്രം അകലെയാണ് നാമിപ്പോള്‍ എന്നായിരുന്നു സ്‌കോട്‌ലാന്‍ഡിലെ പ്രചാരണത്തിനിടയില്‍ സ്റ്റാര്‍മര്‍ ലേബര്‍ അനുയായികളോട് പറഞ്ഞത്. ‘അതിരുകളില്ലാത്ത സാധ്യതകളുള്ള മഹത്തായ രാഷ്ട്രമാണിത്. ബ്രിട്ടീഷ് ജനത അവരുടെ അഭിലാഷത്തോട് പൊരുത്തപ്പെടുന്ന ഒരു സര്‍ക്കാരിന് അര്‍ഹരാണ്. ലേബറുമായി ചേര്‍ന്ന് ബ്രിട്ടനെ പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുള്ള അവസരമാണ് ഇന്നുള്ളത്’; സ്റ്റാര്‍മറുടെ വാക്കുകള്‍.

പത്താം നമ്പര്‍ മേല്‍വിലാസത്തിലേക്ക്(ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതി) താന്‍ മാറിയാല്‍, ലേബര്‍ സര്‍ക്കാരിന്റെ നയപരിപാടികള്‍ നടപ്പിലാക്കാനായി പാര്‍ലമെന്റ് അവധിക്കാലം മാറ്റിവയ്ക്കുമെന്നും സ്റ്റാര്‍മര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ തന്റെ നിഴല്‍ മന്ത്രിസഭയോട്, അവരുടെ പ്രവര്‍ത്തികള്‍ക്ക് ഉടനടി ഫലമുണ്ടാകുന്നില്ലെങ്കില്‍ തന്നില്‍ നിന്നും ക്ഷമ പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും സ്റ്റാര്‍മര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് നടത്തിയ മീറ്റിംഗുകളോ ഫോണ്‍ വിളികളോ ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്നു മുതല്‍ പ്രതീക്ഷിക്കേണ്ടെന്നും താന്‍ അവരോട് പറഞ്ഞിട്ടുണ്ടെന്നും സ്റ്റാര്‍മര്‍ പൊതുയോഗത്തില്‍ ജനങ്ങളെ അറിയിച്ചിരുന്നു.

കിയര്‍ സ്റ്റാര്‍മറുടെ വാക്കുകളിലെല്ലാം അദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള മാനസികമായ തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലരക്കൊല്ലമായി തുടരുന്ന വിശ്രമമില്ലാത്ത അദ്ധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ തന്റെ പാര്‍ട്ടി അനുഭവിക്കാന്‍ പോകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

തെക്കന്‍ ഇംഗ്ലണ്ടിലെ സുരക്ഷിതമായ കണ്‍സര്‍വേറ്റീവ് സീറ്റുകളിലൊന്നായ റിച്ച്‌മോണ്ട് ആന്‍ഡ് നോര്‍ത്തലര്‍ടണ്ണിലാണ് ഋഷി സുനക് മത്സരിക്കുന്നത്. പക്ഷേ പാര്‍ട്ടിയും സുനകും ആശങ്കയിലാണ്. കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്റെ അടുത്ത കേന്ദ്രങ്ങളോട് സുനക് തന്നെ സമ്മതിച്ചിട്ടുണ്ടെന്നാണ് ഗാര്‍ഡിയന്‍ പറയുന്നത്. 2019 ല്‍ ഇവിടെ നിന്നും 27,000 വോട്ടിന്റെ(63 ശതമാനം വോട്ട്) ഭൂരിപക്ഷം നേടിയാണ് സുനക് വിജയിച്ചത്. പക്ഷേ കാര്യങ്ങള്‍ ഇത്തവണ ഒട്ടും അനുകൂലമല്ല. ‘ റിച്ച്‌മോണ്ടില്‍ പരാജയപ്പെടുമോയെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി തന്നെ ഭയപ്പെടുന്നുണ്ട്. അദ്ദേഹം ഞെട്ടിയിരിക്കുയാണ്, ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമെന്ന് അദ്ദേഹമൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’ സുനകിന്റെ അടുത്ത അനുയായികളില്‍ നിന്നും ഗാര്‍ഡിയന് കിട്ടിയ വിവരമാണ്.

പുറത്താക്കപ്പെട്ട മുന്‍ ആഭ്യന്തര മന്ത്രി സുല്ല ബ്രേവര്‍മാന്‍, തൊഴില്‍-പെന്‍ഷന്‍ മന്ത്രി മെല്‍ സ്‌ട്രൈഡ് തുടങ്ങിയ മുതിര്‍ന്ന ടോറി നേതാക്കള്‍ പാര്‍ട്ടിയുടെ തോല്‍വി ഇപ്പോഴെ അംഗീകരിക്കുന്നുണ്ട്. എങ്കിലും പാര്‍ട്ടിയുടെ തോല്‍വി അംഗീകരിക്കാന്‍ ഋഷി സുനക് ഇപ്പോഴും മാനസികമായി തയ്യാറാല്ലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ലക്ഷോപലക്ഷം വോട്ടര്‍മാര്‍ ഇപ്പോഴും അവരുടെ മനസ് എവിടെയെങ്കിലും ഉറപ്പിച്ചിട്ടില്ല. മുന്‍കാലങ്ങളിലെ നിരാശകളില്‍ നിന്നും മാറി നിന്നുവേണം തന്റെയും പാര്‍ട്ടിയുടെയും കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനെന്നാണ് സുനക് ജനങ്ങളോട് ആഹ്വാനം ചെയ്തത്.  UK election keir starmer’s labour party hope victory rishi sunak and his conservative party feared defeat 

Content Summary; UK election keir starmer’s labour party hope victory rishi sunak and his conservative party feared defeat

×