പുതിയ രാഷ്ട്രീയ അധ്യായം എഴുതി യുകെ. അധികാരത്തില്‍ നിന്നും കണ്‍സര്‍വേറ്റീവുകളെ തള്ളിക്കളഞ്ഞു ബ്രിട്ടീഷ് ജനത. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കെ കിയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി പുതിയ ബ്രിട്ടീഷ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പിച്ചു. പ്രധാനമന്ത്രി ഋഷി സുനക് പരാജയം സമ്മതിച്ചതോടെയാണ് കിയര്‍ സ്റ്റാര്‍മര്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് തീരുമാനമായത്. വലിയ തിരിച്ചടിയാണ് സുനകിനും ടോറികള്‍ക്കും ഉണ്ടായിരിക്കുന്നത്. 1830 ന് ശേഷം കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇത്രവലിയ പരാജയം ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല. ആകെ 144 സീറ്റുകളിലേക്ക് ടോറികള്‍ തകര്‍ന്നടിയുമെന്നാണ് ഇപ്പോഴെത്തെ പ്രവചനം. ഇതവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് സീറ്റുകളാണ്.
പരാജയം അംഗീകരിച്ച ഋഷി സുനക് ലണ്ടനില്‍ എത്തിയശേഷം വിശദമായ പ്രസ്താവന പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി നേതൃത്വ സ്ഥാനം ഒഴിയുമോയെന്ന കാര്യത്തില്‍ ഇതുവരെ അദ്ദേഹം മനസ് തുറന്നിട്ടില്ല.
170 സീറ്റുകളുടെ ഭൂരിപക്ഷത്തോടെയാകും ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുകയെന്നാണ് പ്രവചനങ്ങള്‍ പറയുന്നത്. ബിബിസിയുടെ സര്‍വേ പ്രകാരം 410 സീറ്റുകളില്‍ ലേബറുകള്‍ വിജയിക്കും. ജനങ്ങള്‍ മാറ്റത്തിനു വേണ്ടി വോട്ട് ചെയ്തു, അത് നടപ്പാക്കാനുള്ള സമയമാണിത്’ എന്നാണ് ഫല വിവരങ്ങള്‍ക്ക് പിന്നാലെ കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞത്.
കാബിനറ്റ് മന്ത്രിമാരായിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷത്തെയും ജനം തോല്‍പ്പിച്ചിട്ടുണ്ട്. ഹൗസ് ഓഫ് കോമണ്‍സിലെ കണ്‍സര്‍വേറ്റീവ് നേതാവായിരുന്ന പെന്നി മോര്‍ഡൗണ്ട്, നിയമ മന്ത്രി അലക്‌സ് ചോക്ക്, പ്രതിരോധ മന്ത്രി ഗ്രാന്റ്് ഷാപ്പ്‌സ്, വിദ്യാഭ്യാസ മന്ത്രി ഗില്ലിയന്‍ കീഗന്‍, ചീഫ് വിപ്പ് സൈമണ്‍ ഹാര്‍ട്ട്, ശാസ്ത്രകാര്യ വകുപ്പ് മന്ത്രി മിഷേല്‍ ഡൊണാലന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി ലൂസി ഫ്രേസര്‍ എന്നിവര്‍ പരാജയപ്പെട്ടു. മുന്‍ മന്ത്രി ജോണി മെര്‍സറും തോറ്റ കണ്‍സര്‍വേറ്റീവ് പ്രമുഖരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എസ് എന്‍ പി പാര്‍ട്ടിക്കും വലിയ തിരിച്ചടിയാണ് നേരിടുന്നത്. എന്‍ എന്‍ പി നേതാവും സ്‌കോട്‌ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്ററുമായ ജോണ്‍ സ്വിന്നി പരാജയം സമ്മതിച്ചിട്ടുണ്ട്. മോശമായ തെരഞ്ഞെടുപ്പ് എന്നാണ് തോല്‍വി സമ്മതിച്ചുകൊണ്ട് ജോണ്‍ പ്രതികരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 48 സീറ്റുകളില്‍ വിജയിച്ചിരുന്നു. ഇത്തവണ ബിബിസി ഇവര്‍ക്ക് പ്രവചിക്കുന്നത് വെറും എട്ട് സീറ്റാണ്. അതേസമയം ലിബറല്‍ ഡെമോക്രാറ്റ്‌സുകളെ ജനം ഇത്തവണ കൂടെ നിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 11 സീറ്റുകള്‍ ഉണ്ടായിരുന്നവര്‍ ഇത്തവണ 58 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. 1923 മുതലുള്ള ചരിത്രമെടുത്താല്‍ പാര്‍ട്ടിക്ക് ഇത്രയും വലിയ നേട്ടം ഒരിക്കലും ഉണ്ടായിട്ടിലെന്നാണ് ലിബറല്‍ ഡെമോക്രാറ്റ്‌സുകള്‍ പറയുന്നത്. ടോറികള്‍ക്കു പകരം പ്രധാന പ്രതിപക്ഷമായി തങ്ങള്‍ക്ക് മാറാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് റിഫോം യുകെ പാര്‍ട്ടി. പാര്‍ട്ടി നേതാവ് നിഗല്‍ ഫാരേജ് ക്ലാക്ടണ്‍ സീറ്റില്‍ വിജയിച്ചിട്ടുണ്ട്. മറ്റ് മൂന്നിടങ്ങളില്‍ കൂടി യു കെ റിഫോം പാര്‍ട്ടി വിജയിച്ചു. ഇതിനപ്പുറത്തേക്ക് അവര്‍ക്ക് പോകാനാകില്ലെന്നാണ് ബിബിസി പറയുന്നത്. എന്നാല്‍ പലയിടങ്ങളിലും ലേബര്‍ പാര്‍ട്ടിക്ക് പിന്നില്‍ അവരെത്തിയിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകളെ പിന്തള്ളിയുള്ള പ്രകടനമാണ് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ബ്രിസ്റ്റോള്‍ സെന്‍ട്രലില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ഗ്രീന്‍ പാര്‍ട്ടിയുടെ ഉപ നേതാവ് കാര്‍ല ഡെനിയര്‍ വിജയിച്ചിട്ടുണ്ട്. രണ്ട് സീറ്റുകള്‍ കൂടി പാര്‍ട്ടി നേടുമെന്നാണ് ബിബിസി പ്രവചിക്കുന്നത്. പ്ലെയ്ഡ് സിമ്രു പാര്‍ട്ടിക്ക് നാല് സീറ്റുകള്‍ ബിബിസി പ്രവചിക്കുന്നുണ്ട്.
അതേസമയം, ചരിത്ര വിജയം ആഘോഷിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് നിരാശ നല്‍കുന്ന ചില തോല്‍വികളും സംഭവിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നിഴല്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന രണ്ട് നേതാക്കള്‍ തോല്‍പ്പിക്കപ്പെട്ടു. ലേബര്‍ നിഴല്‍ മന്ത്രിസഭയില്‍ സാംസ്‌കാരിക മന്ത്രിയായിരുന്ന തങ്കം എലിസബത്ത് റേച്ചല്‍ ഡൊബോണയര്‍ ബ്രിസ്‌റ്റോളില്‍ ഗ്രീന്‍ പാര്‍ട്ടിയോട് തോറ്റു. ഷാഡോ കാബിനറ്റില്‍ ഓഫിസ് മന്ത്രിയായിരുന്ന ജൊനാഥന്‍ ആഷ്വര്‍ത്ത് ലെസ്റ്റര്‍ സൗത്തിലും പരാജയപ്പെട്ടു. uk election, labour wins majority keir starmer will be the next pm rishi sunak conceded defeat
Content Summary; uk election, labour wins majority keir starmer will be the next pm rishi sunak conceded defeat