June 26, 2026 |
Share on

18 കുട്ടികളെ പീഡിപ്പിച്ച കേസിൽ ഫൂട്ബോൾ കോച്ച് കുറ്റക്കാരനെന്ന് കോടതി

‘ഹിംസ്രജന്തു സ്വഭാവമുള്ള ബാലപീഡകൻ’ എന്നാണ് കോടതി ഇയാളെ വിശേഷിപ്പിച്ചത്.

1973 മുതൽ 1997 വരെയുള്ള കാലയളവിൽ 18 ആൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ മുൻ ഫൂട്ബോൾ കോച്ച് ജോര്‍ജ് ഓർമൻഡ് കുറ്റക്കാരനെന്ന് കോടതി. ആറ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടങ്ങിയ ജൂറിയാണ് ഓർമൻഡ് 24 വർഷക്കാലം നടത്തിയ പീഡനങ്ങളെ വിചാരണയ്ക്കെടുത്തത്.

കോടതി വിചാരണയിൽ 50 സാക്ഷികളെ വിസ്തരിക്കുകയുണ്ടായി. ആറാഴ്ച നീണ്ടു നിന്നു വിചാരണ. വിചാരണ അവസാനിച്ച് രണ്ടു ദിവസത്തിനകം വിധി പുറത്തുവന്നു. ന്യൂസ്കാസ്റ്റിൽ ക്രൗൺ കോടതിയിലാണ് വിചാരണ നടന്നത്.

‘ഹിംസ്രജന്തു സ്വഭാവമുള്ള ബാലപീഡകൻ’ എന്നാണ് കോടതി ഇയാളെ വിശേഷിപ്പിച്ചത്. ന്യൂസ്കാസ്റ്റിൽ യുനൈറ്റഡിന്റെ കോച്ചിങ് അസിസ്റ്റന്റായി ജോലി നോക്കവെയാണ് പീഡനപരമ്പരകൾ അരങ്ങേറിയത്. ഫൂട്ബോളിൽ ഒരു കരിയർ പടുത്തുയർത്താൻ സ്വപ്നം കണ്ട് ചെന്നവരെ ആ ദൗർബല്യത്തെ മുതലെടുത്താണ് ഓർമൻഡ് ദുരുപയോഗം ചെയ്തത്.

തങ്ങൾ നാണം കെട്ടാണ് ജീവിച്ചിരുന്നതെന്ന് ഇരകളായവർ പറഞ്ഞു. ആരോടെങ്കിലും പറഞ്ഞാൽ ഫൂട്ബോൾ സ്വപ്നങ്ങളെല്ലാം തല്ലിക്കെടുത്താൻ തനിക്കാകുമെന്ന് ഓർമൻഡ് പറയുമായിരുന്നെന്നും കുട്ടികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×