July 24, 2026 |
Share on

എ സി റൂം ഉണ്ടോ? യുകെയില്‍ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ജനങ്ങള്‍ കൂട്ടത്തോടെ ഹോട്ടലുകളിലേക്ക്

കുഞ്ഞുങ്ങളെ ചൂടില്‍ നിന്നും രക്ഷപ്പെടുത്താന്‍ മാതാപിതാക്കളാണ് പ്രധാനമായും എയര്‍ കണ്ടീഷനുള്ള ഹോട്ടല്‍ മുറികള്‍ തേടുന്നത്

യുകെയില്‍ കനത്ത ചൂട് സഹിക്കാനാകാതെ എയര്‍കണ്ടീഷണര്‍ സൗകര്യമുള്ള ഹോട്ടല്‍ മുറികള്‍ തേടി ജനങ്ങള്‍ കൂട്ടത്തോടെയെത്തുന്നു. നവജാതശിശുക്കളുള്ള മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങളാണ് വീടിനുള്ളിലെ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ ഹോട്ടലുകളെ ആശ്രയിക്കുന്നത്. ഇതേത്തുടര്‍ന്ന് രാജ്യം ഒട്ടാകെയുള്ള ഹോട്ടലുകളില്‍ മുറികള്‍ക്ക് വന്‍ ഡിമാന്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രമുഖ ബുക്കിംഗ് വെബ്സൈറ്റായ ബുക്കിംഗ് ഡോട്ട് കോമില്‍ ജൂണ്‍ ഒന്നു മുതല്‍ ‘എയര്‍കണ്ടീഷണര്‍’ ഫില്‍ട്ടര്‍ ഉപയോഗിച്ചുള്ള തിരച്ചിലുകളില്‍ മൂന്നിരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ യുകെയിലെ ഹോട്ടല്‍ മേഖലയിലെ വരുമാനത്തില്‍ 34 ശതമാനം വളര്‍ച്ചയുണ്ടായതായി പേയ്മെന്റ് കമ്പനിയായ ‘Adyen’ വ്യക്തമാക്കി. ഇംഗ്ലണ്ടിലും വെയില്‍സിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിനും മുകളിലേക്ക് ഉയര്‍ന്നതോടെ മെറ്റ് ഓഫീസ് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സഫോക്കിലെ വാട്ടിഷാമില്‍ രേഖപ്പെടുത്തിയ 36.9 ഡിഗ്രി സെല്‍ഷ്യസ് രാജ്യത്തെ എക്കാലത്തെയും ഉയര്‍ന്ന ജൂണ്‍ മാസത്തെ താപനിലയാണ്.

യുകെയിലുടനീളം പബ്ബുകളും ഹോട്ടലുകളും നടത്തുന്ന ‘ഹാര്‍ട്ട്വുഡ് ഇന്‍സ്’ തങ്ങളുടെ ഭൂരിഭാഗം ശാഖകളും നിലവില്‍ ആള് നിറഞ്ഞ അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയിച്ചു. റൂം ബുക്ക് ചെയ്യുന്നതിനായി വിളിക്കുന്നവരില്‍ മൂന്നിലൊന്ന് ആളുകളും എയര്‍കണ്ടീഷണര്‍ സൗകര്യമുണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കുന്നുണ്ട്. മുറികളിലെ താപനില ക്രമീകരിക്കാന്‍ ബുദ്ധിമുട്ടുന്നതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് സുഖകരമായി ഉറങ്ങാന്‍ വേണ്ടിയാണ് പല മാതാപിതാക്കളും ഹോട്ടലുകളിലേക്ക് മാറാന്‍ താല്പര്യം കാണിക്കുന്നത്. ലണ്ടനിലെ ‘ടെംപിള്‍ട്ടണ്‍ ഗാര്‍ഡന്‍’ ഹോട്ടലിലും സമാനമായ രീതിയില്‍ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ആളുകള്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാനും റിമോട്ട് വര്‍ക്കിനായും തങ്ങളുടെ എയര്‍കണ്ടീഷണര്‍ മുറികളും തണലുള്ള ഗാര്‍ഡന്‍ ഏരിയകളും ഉപയോഗപ്പെടുത്തുന്നതായി ഹോട്ടല്‍ ജനറല്‍ മാനേജര്‍ ഡീന്‍ കല്‍പന്‍ പറഞ്ഞു. ഹോട്ടലിലെ ടെറസ് ഡൈനിംഗിനും തണലുള്ള ഭാഗങ്ങള്‍ക്കും ഇപ്പോള്‍ വലിയ ആവശ്യക്കാരാണുള്ളത്.

വുഡ്സ്റ്റോക്കിലെ ‘ദി ഫെതേഴ്സ്’ ഹോട്ടലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബുക്കിംഗില്‍ വലിയ മാറ്റങ്ങളാണ് ദൃശ്യമായതെന്ന് ഓപ്പറേഷന്‍സ് മാനേജര്‍ ജെമ്മ ജോണ്‍സ് വ്യക്തമാക്കി. ഹോട്ടലിലെ ഒക്യുപ്പന്‍സി നിരക്ക് 74 ശതമാനത്തില്‍ നിന്നും 81 ശതമാനമായി ഉയര്‍ന്നു. മുന്‍കൂട്ടി പ്ലാന്‍ ചെയ്യാതെ, പെട്ടെന്നുണ്ടാകുന്ന ചൂടില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം തേടിയാണ് പലരും എയര്‍കണ്ടീഷണര്‍ മുറികള്‍ ബുക്ക് ചെയ്യുന്നത്. ഹോട്ടലിന് സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന ദമ്പതികളാണ് ഇത്തരത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും. ചൂടില്‍ നിന്ന് രക്ഷനേടാന്‍ പലരും തങ്ങളുടെ ഒരു ദിവസത്തെ താമസം രണ്ടോ അതിലധികമോ ദിവസങ്ങളിലേക്ക് നീട്ടുന്നുണ്ടെന്നും, ഈ ഉഷ്ണതരംഗ കാലത്ത് എയര്‍കണ്ടീഷണര്‍ മുറികള്‍ തങ്ങളുടെ ബിസിനസ്സിന് വലിയ നേട്ടമാണ് ഉണ്ടാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Summary; UK heatwave triggers a massive surge in hotel bookings as families seek air-conditioned rooms to escape record-breaking temperatures. Hotel revenues jump 34% amid extreme heat warnings

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×