June 13, 2026 |
Share on

അമ്മ ഡയാന രാജകുമാരിയുടെ അസാന്നിധ്യം അനുഭവിപ്പിച്ച് വിവാഹത്തിനൊരുങ്ങുന്ന ഹാരി രാജകുമാരൻ

മോതിരത്തിൽ ഉപയോഗിച്ചിട്ടുള്ള രണ്ട് വജ്രങ്ങൾ ഡയാന രാജകുമാരിയുടെ ആഭരണങ്ങളിൽ നിന്നെടുത്തവയാണ്.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സന്ദർഭത്തിൽ തന്റെയടുക്കൽ അമ്മയില്ലെന്നത് ഓർമിച്ചും അനുഭവിപ്പിച്ചുമാണ് ഹാരി രാജകുമാരൻ വിൻഡ്സർ കാസ്റ്റിലിലെ സെന്റ് ജോർജ് ചാപ്പലിലേക്ക് മീഘൻ മാർക്കിളിനെ വിവാഹം ചെയ്യാനായി നീങ്ങുന്നത്. വളരെ ശ്രദ്ധയോടെ രൂപകൽപ്പന ചെയ്യപ്പെട്ട ചടങ്ങിന്റെ പ്രധാനപ്പെട്ട ചിലയിടങ്ങളിലാണ് ഡയാന രാജകുമാരിയുടെ ഓർമകൾ ഹാരി സൂക്ഷ്മമായി ഒളിപ്പിച്ചിരിക്കുന്നത്.

മീഘൻ മാർക്കിളിനെ അണിയിച്ച വിവാഹമോതിരം

ഹാരി രാജകുമാരൻ മാർക്കിളിനെ അണിയിച്ച വിവാഹമോതിരത്തിൽ ഡയാന രാജകുമാരിയുടെ സാന്നിധ്യം സജീവമായുണ്ട്. മോതിരത്തിൽ ഉപയോഗിച്ചിട്ടുള്ള രണ്ട് വജ്രങ്ങൾ ഡയാന രാജകുമാരിയുടെ ആഭരണങ്ങളിൽ നിന്നെടുത്തവയാണ്. തങ്ങളുടെ ഈ രസകരമായ യാത്രയിൽ അമ്മയും കൂടെയുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് താനെന്ന് ഹാരി ഇതെക്കുറിച്ച് പറഞ്ഞിരുന്നു. മോതിരം രൂപകൽപ്പന ചെയ്തത് ഹാരി തന്നെയായിരുന്നു.

അമ്മക്കിഷ്ടമുള്ള പൂക്കൾ

ഡയാന രാജകുമാരി വെള്ള റോസാ പുഷ്പങ്ങളുടെ ആരാധികയായിരുന്നു. കെൻസിങ്ടൺ പാലസ്സിൽ ഡയാനയുടെ ഓർമയ്ക്കായി വെള്ള റോസാപ്പൂക്കളുടെ ഒരു തോട്ടം തന്നെ പരിപാലിക്കുന്നുണ്ട്. ഹാരിയുടെ വിവാഹത്തിന് ചാപ്പലിൽ വെള്ള റോസാപ്പൂക്കൾ കൊണ്ടുള്ള അലങ്കാരങ്ങളുണ്ടാകും.

അമ്മയുടെ വീട്ടുകാർ വിരുന്നിനെത്തും

അമ്മ ഡയാന രാജകുമാരിയുടെ ഇളയ സഹോദരൻ ഏൾ ചാൾസ് സ്പെൻസർ വിവാഹച്ചടങ്ങിനെത്തും. ഡയാനയുടെ മൂത്ത സഹോദരിമാർക്കും ക്ഷണമുണ്ട്. ലേഡി സാറ, ജേൻ ഫെല്ലോവെസ് എന്നിവരാണ് ചടങ്ങിനെത്തുക. ഇവരിൽ ലേഡി ജേൻ വെഡ്ഡിങ് റീഡിങ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

×