July 09, 2025 |
Share on

വംശീയ വിവേചനമുണ്ടാകുമെന്ന ആഭ്യന്തരമന്ത്രാലയത്തിന്റെ താക്കീത് മേ അവഗണിച്ചു; പ്രതിസന്ധിയിലായത് പുതിയ ആഭ്യന്തരമന്ത്രി

നാലുവർഷം മുമ്പ് തെരേസ മേ യുകെ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പുതിയ ഇമിഗ്രേഷൻ നയം കൊണ്ടുവരാനുള്ള നീക്കം സംബന്ധിച്ച് പലതവണ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോർട്ട്. കുടിയേറ്റവിരുദ്ധ സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുകയായിരുന്നു മേയുടെ ലക്ഷ്യം. എന്നാൽ ഇത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് അന്നേ താക്കീത് ലഭിച്ചിരുന്നു. എല്ലാ പൗരന്മാരും തങ്ങളുടെ പൗരത്വ രേഖകൾ വീട്ടുടമയ്ക്ക് നൽകിയിരിക്കണമെന്നും കുടിയേറ്റക്കാരാണെങ്കിൽ അവരുടെ ഇമിഗ്രേഷൻ രേഖകൾ നൽകണമെന്നുമുള്ള നയമാണ് തെരേസ മേ കൊണ്ടുവന്നത്. ഇത് അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു. ഇതോടെ കുടുങ്ങിയവരില്‍ […]

നാലുവർഷം മുമ്പ് തെരേസ മേ യുകെ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പുതിയ ഇമിഗ്രേഷൻ നയം കൊണ്ടുവരാനുള്ള നീക്കം സംബന്ധിച്ച് പലതവണ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോർട്ട്. കുടിയേറ്റവിരുദ്ധ സാഹചര്യം രാജ്യത്ത് സൃഷ്ടിക്കുകയായിരുന്നു മേയുടെ ലക്ഷ്യം. എന്നാൽ ഇത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് അന്നേ താക്കീത് ലഭിച്ചിരുന്നു.

എല്ലാ പൗരന്മാരും തങ്ങളുടെ പൗരത്വ രേഖകൾ വീട്ടുടമയ്ക്ക് നൽകിയിരിക്കണമെന്നും കുടിയേറ്റക്കാരാണെങ്കിൽ അവരുടെ ഇമിഗ്രേഷൻ രേഖകൾ നൽകണമെന്നുമുള്ള നയമാണ് തെരേസ മേ കൊണ്ടുവന്നത്. ഇത് അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കുക എന്ന ലക്ഷ്യം വെച്ചായിരുന്നു. ഇതോടെ കുടുങ്ങിയവരില്‍ വിവിധ കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്ന് അവർക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് രാജ്യത്തേക്ക് കുടിയേറിയവരുമുണ്ടായിരുന്നു.

പുതിയ നയം സമൂഹത്തിൽ വംശീയത വളർത്തമെന്ന മുന്നറിയിപ്പ് 2013ൽ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് തെരേസ മേക്ക് ആദ്യമായി കിട്ടുന്നത്. അതിനെ പൂര്‍ണമായും അവഗണിച്ചു മേ. പിന്നീട്, 2015ലും മുന്നറിയിപ്പ് ലഭിച്ചു. അന്നും ആഭ്യന്തരമന്ത്രിയായിരുന്നു അവർ.

ഈ നയം മൂലം കുടിയേറ്റക്കാർക്ക് വീട് വാടകയ്ക്ക് ലഭിക്കില്ലെന്നും ഇത് വലിയ വംശീയപ്രശ്നമായി വളരുമെന്നും വകുപ്പിലെ വിദഗ്ധർ മേയെ ഉപദേശിച്ചു. ഡ്രൈവിങ് ലൈസൻസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ റദ്ദാവുകയും ചെയ്യും.

വിന്‍ഡ്റഷ് കപ്പലിലേറി കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തില്‍ ലണ്ടനിലെത്തിയവരുടെ പ്രശ്നവും ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇവരിൽ പലരുടെയും പക്കൽ രേഖകളില്ലെന്നും ഉണ്ടായിരുന്ന ചിലരുടേതകട്ടെ നശിപ്പിക്കപ്പെട്ടിരിക്കാമെന്നും ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു. ഇതിനെ അന്ന് മേ അവഗണിച്ചതിന്റെ കെടുതി ഇപ്പോൾ അനുഭവിക്കുന്നത് നിലവിലെ ആഭ്യന്തരമന്ത്രി ആംബർ റുഡ്ഢ് ആണ്. രാജി വെക്കണമെന്ന സമ്മർദ്ദം ഉയരുന്നുണ്ട് ഇവർക്കു നേരെ.

1948ൽ കോമൺവെല്‍ത്ത് രാജ്യങ്ങളിൽ അവിടുത്തെ പൗരന്മാർക്ക് ഉദാരമായ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു ബിൽ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയിരുന്നു. ഇതിന്റെ ബലത്തിൽ രാജ്യത്തേക്ക് കുടിയേറിയ ജമൈക്കൻ പൗരന്മാരും അവരുടെ പൻതലമുറയും ചേര്‍ന്ന് ഏതാണ്ട് അമ്പതിനായിരത്തോളം പേർ ഇപ്പോൾ യുകെയിലുണ്ട്. ഇവരിൽ ഭൂരിഭാഗം പേരുടെയും പക്കൽ പൗരത്വ രേഖകളില്ല.

Leave a Reply

Your email address will not be published. Required fields are marked *

×