June 04, 2026 |
Share on

ജോണി കിങ്ഡം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അന്തർദ്ദേശീയ പ്രശസ്തി നേടിയ ബ്രിട്ടിഷ് ഗ്രാമീണൻ

ബിബിസി അടക്കമുള്ള ചാനലുകളിലെ വൈൽ‌ഡ് ലൈഫ് പരിപാടികളിലൂടെ ഏറെ ഖ്യാതി നേടിയിരുന്നു ഇദ്ദേഹം.

വന്യജീവി ഫോട്ടോഗ്രാഫറായ ജോണി കിങ്ഡം വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഒരു ഡിഗ്ഗർ യന്ത്രം ജോണിയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയതാണ് മരണകാരണമെന്ന് അറിയുന്നു. വാഥം ക്രോസ്സിലെ ഒരു വയലിൽ വെച്ചാണ് സംഭവം. അപകടമുണ്ടായ ഉടനെ അടിയന്തിര ചികിത്സ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

79 വയസ്സായിരുന്നു.

യുകെയിലെ നോർത്ത് ഡീവോണിലെ എക്സമൂർ എന്ന സ്ഥലത്താണ് ജോണി കഴിഞ്ഞിരുന്നത്. ഇദ്ദേഹം അടിസ്ഥാനപരമായി ഒരു കർഷകനായിരുന്നു. ക്വാറികളിലും ജോലിയെടുത്തിട്ടുണ്ട്. വനപരിപാലനം ഇദ്ദേഹത്തിന്റെ ആവേശമായിരുന്നു. ‘ബ്രിട്ടന്റെ ഗ്രാമജീവിതത്തിലെ അവസാന കഥാപാത്രങ്ങളിലൊരാൾ’ എന്നാണ് ജോണിയുടെ ടെലിവിഷൻ പരിപാടികളുടെ ഏജന്റായ ഹിലരി നൈറ്റ് പ്രതികരിച്ചത്.

ബിബിസി അടക്കമുള്ള ചാനലുകളിലെ വൈൽ‌ഡ് ലൈഫ് പരിപാടികളിലൂടെ ഏറെ ഖ്യാതി നേടിയിരുന്നു ഇദ്ദേഹം. എക്സമൂർ എന്ന കുഗ്രാമത്തിൽ ജനിച്ച ജോണി അവിടുത്തുകാരനായിത്തന്നെ നിറഞ്ഞു ജീവിക്കുകയായിരുന്നു. എക്സ്മൂറിലെ മലമ്പ്രദേശങ്ങളെപ്പറ്റി ആഴത്തിലുള്ള ധാരണ ഇദ്ദേഹത്തിനുണ്ടായിരുന്നു.

ഒരു ട്രാക്ടർ അപകടത്തെ തുടർന്ന് പ്രയാസമുള്ള ജോലികളിൽ നിന്ന് തൽക്കാലത്തേക്ക് വിടുതലെടുക്കേണ്ടി വന്ന ജോണിയുടെ പക്കൽ ഒരു വീഡിയോ കാമറ കിട്ടിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. എക്സ്മൂറിന്റെ ജൈവവൈവിധ്യം തന്റെ കാമറയിൽ അദ്ദേഹം പകർത്തി. കലമാനുകളുടെയും അളക്കരടികളുടെയും ചിത്രങ്ങളും വീഡിയോകളുമെടുക്കുന്നതിൽ ഇദ്ദേഹത്തിന് വൈദഗ്ധ്യമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×