റഷ്യയുമായുള്ള യുദ്ധത്തില്‍ 30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് യുക്രെയ്ന്‍. സൗദി അറേബ്യയിലെ ജിദ്ദയില്‍ മുതിര്‍ന്ന യുഎസ്, യുേ്രകനിയന്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാര്‍ അംഗീകരിച്ചത്. കരാറിന്റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായി പുറത്തുവിട്ടിട്ടില്ല. അതേസമയം കരാറിലെ ചില നിബന്ധനകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.
പൂര്‍ണ വെടിനിര്‍ത്തല്‍ ആവശ്യം
ജിദ്ദ കൂടിക്കാഴ്ച്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ പ്രധാന ഭാഗം, യുക്രെയ്ന്‍ ’30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ തയ്യാറാണ് എന്നതാണ്. ഇത് നീട്ടാന്‍ കഴിയും’ എന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. കര-വ്യോമ തലങ്ങളിലെ യുദ്ധം താത്കാലികമായി അവസാനിപ്പിക്കുന്ന ഒരു വെടിനിര്‍ത്തലിനാണ് കീവ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. അതായത് കര യുദ്ധം തുടരുമെന്നാണ് യുക്രെയ്ന്‍ നിലപാട്.
ജിദ്ദ ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം ചൊവ്വാഴ്ച വൈറ്റ് ഹൗസിന് പുറത്ത് ട്രംപ് മാധ്യമപ്രവര്‍ത്തകരെ കണ്ടിരുന്നു. ട്രംപ് പറഞ്ഞത് ‘പൂര്‍ണ്ണ വെടിനിര്‍ത്തലിന്’ വേണ്ടിയണ് കരാറിന് തയ്യാറായിരിക്കുന്നതെന്നാണ്. അതായത് യുക്രെയ്‌നെ എല്ലാ മേഖലയിലുമുള്ള ഏറ്റുമുട്ടലില്‍ നിന്നും പിന്തിരിപ്പിക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം.
ഓവല്‍ ഓഫിസ് പൊട്ടിത്തെറി മറക്കുന്നു
ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും ഓവല്‍ ഓഫിസില്‍ നടന്ന വാക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടലിനുശേഷം, വഷളായ യുഎസ്- യുക്രെയ്ന്‍ ബന്ധം ശരിയാക്കുന്നതിനായിരുന്നു ജിദ്ദ ചര്‍ച്ചയില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സെലെന്‍സ്‌കി വാഷിംഗ്ടണില്‍ നിന്നും ഉടക്കി പിരിഞ്ഞു പോന്നതിനു പിന്നാലെ, യു എസ് യുക്രെയ്‌നുള്ള സൈനിക സഹായവും, രഹസ്യവിവരങ്ങള്‍ പങ്കുവയ്ക്കുന്നതും നിര്‍ത്തിയിരുന്നു. ജിദ്ദ ചര്‍ച്ചയ്ക്കുശേഷമുള്ള പ്രസ്താവനയില്‍ പറയുന്നത്, സൈനിക സഹായവും വിവരങ്ങള്‍ പങ്കിടലും യു എസ് പുനരാരംഭിക്കുമെന്നാണ്. ഇത്തരമൊരു തീരുമാനത്തില്‍ യു എസ് എത്തിയത് യുക്രെയ്‌ന്റെ വിജയമായാണ് കീവ് കാണുന്നത്.
സുരക്ഷ ഉറപ്പുകള്‍ ഇല്ല
സെലെന്‍സ്‌കിയുടെ പ്രധാന ആവശ്യം യുഎസ് തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുകള്‍ നല്‍കണമെന്നായിരുന്നു. അതായത്, റഷ്യ ഏതെങ്കിലും കാരണത്താല്‍ വെടിനിര്‍ത്തല്‍ അല്ലെങ്കില്‍ സമാധാന കരാറില്‍ നിന്ന് പിന്മാറിയാല്‍, യുക്രെയ്‌നെ സംരക്ഷിക്കാനുള്ള പ്രതിബദ്ധത അമേരിക്ക കാണിക്കണമെന്ന്. എന്നാല്‍ സംയുക്ത പ്രസ്താവനയില്‍ യുക്രെയ്ന്‍ ‘ സുരക്ഷ ഉറപ്പുകള്‍’ നല്‍കിയിട്ടുണ്ടെന്ന് പറയുന്നില്ല. ഈ കാര്യം യൂറോപ്യന്‍ യൂണിയന്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. ജിദ്ദ ചര്‍ച്ചയിലെ പുരോഗതിയെ പ്രശംസിച്ചപ്പോഴും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ചൂണ്ടിക്കാണിച്ച കാര്യം, യുക്രെയ്ന്‍ സുരക്ഷ ഉറപ്പുകള്‍ ആവശ്യമുണ്ടെന്നാണ്.
അതേസമയം, സെലെന്‍സ്‌കി പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്, സുരക്ഷ ഉറപ്പുകള്‍ അംഗീകരിക്കപ്പെടുമെന്നാണ്.
ധാതു ഇടപാടുകളില്‍ ചര്‍ച്ചയില്ല
ഡൊണാള്‍ഡ് ട്രംപ് ഇടനിലക്കാരന്റെ വേഷം അണിഞ്ഞതിന്റെ പ്രധാന ഉദ്ദേശം അമേരിക്ക കണ്ണുവച്ചിട്ടുള്ള യുക്രെയ്നിലെ ധാതുസമ്പത്തായിരുന്നു. അപൂര്‍വ ധാതു വിഭവങ്ങളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 50% യുഎസിന് നല്‍കുന്നതിനുള്ള ഒരു കരാറില്‍ ഒപ്പിടാന്‍ സെലെന്‍സ്‌കിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ് പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു സന്ധിക്ക് സെലെന്‍സ്‌കി തയ്യാറായില്ല. ഓവല്‍ ഓഫിസിലെ പൊട്ടിത്തെറിക്ക് പ്രധാന കാരണവും തനിക്ക് വഴങ്ങാത്ത സെലെന്‍സ്‌കിയുടെ നിലപാട് ട്രംപിനെ രോഷാകുലനാക്കിയതാണ്.
ജിദ്ദ ചര്‍ച്ചകളിലൂടെ ധാതു വിഭവങ്ങളുടെ കാര്യത്തില്‍ വാഷിംഗ്ടണിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും, സെലെന്‍സ്‌കി തന്ത്രപൂര്‍വം ആ വിഷയത്തില്‍ നിന്നും തെന്നിമാറി കളിക്കുകയായിരുന്നു. ആ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇനിയും സമയമുണ്ടല്ലോ എന്ന മട്ടിലാണ് യുക്രെയ്ന്‍ പ്രസിഡന്റ് നില്‍ക്കുന്നത്. സംയുക്ത പ്രസ്താവനയില്‍ പറയുന്നത്, ധാതു വിഭവങ്ങളുടെ പങ്കിടലിന് രണ്ട് പ്രസിഡന്റുമാരും സമ്മതിച്ചിട്ടുണ്ടെന്നു മാത്രമാണ്.
തടവുകാരുടെ കൈമാറ്റം
സംയുക്ത പ്രസ്താവന പ്രകാരം, യുദ്ധത്തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, നിര്‍ബന്ധിതമായി റഷ്യയിലേക്ക് മാറ്റപ്പെട്ട യുക്രേനിയന്‍ കുട്ടികളെ തിരികെ കൊണ്ടുവരല്‍ എന്നിവ വെടിനിര്‍ത്തലിന്റെ ഭാഗമായി ഉള്‍പ്പെടും.
മിണ്ടാതെ റഷ്യ
ജിദ്ദ ചര്‍ച്ചയില്‍ യുക്രെയ്ന്‍ താത്കാലിക വെടിനിര്‍ത്തലിന് തയ്യാറായെങ്കിലും മറ്റേ അറ്റത്ത് റഷ്യ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സെലെന്‍സ്‌കി ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍, സമാധാനം തേടാന്‍ യുക്രെയ്ന്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ”റഷ്യയെ അങ്ങനെ ചെയ്യാന്‍ ബോധ്യപ്പെടുത്തേണ്ടത് അമേരിക്കയാണ്” എന്നും പറഞ്ഞുവച്ചിട്ടുണ്ട്. റഷ്യയെ അനുനയിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുമെന്ന് ട്രംപും പറഞ്ഞിട്ടുണ്ട്. തങ്ങള്‍ പറഞ്ഞാല്‍ ക്രെംലിന്‍ കേള്‍ക്കുമെന്ന പ്രതീക്ഷയാണ് വാഷിംഗ്ടണിനുള്ളത്. പുടിനോട് സംസാരിക്കുന്നുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. കൂടാതെ മോസ്‌കോയിലേക്ക് ആളെ വിടുന്നുണ്ടെന്നും യു എസ് പറയുന്നുണ്ട്. എന്നാല്‍ റഷ്യ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
പന്ത് ‘ഇപ്പോള്‍ റഷ്യയുടെ കോര്‍ട്ടിലാണ്’ എന്നായിരുന്നു ജിദ്ദ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത്. അതൊരു മുന്നറിയിപ്പാണ്. താല്‍ക്കാലിക വെടിനിര്‍ത്തലിന് തയ്യാറാകണോ, അതോ പുതിയ ട്രംപ് ഭരണകൂടവുമായുള്ള ബന്ധം വഷളാക്കണോ എന്ന് തീരുമാനിക്കാന്‍ വ്ളാഡിമിര്‍ പുടിനെ നിര്‍ബന്ധിതനാക്കുക എന്നതാണ് അമേരിക്കന്‍ തന്ത്രം. Ukraine ceasefire: Here are the known terms of the Jeddah talks
Content Summary; Ukraine ceasefire: Here are the known terms of the Jeddah talks