January 19, 2025 |
Share on

ഇനിഷ്യലില്‍ നിന്ന് വരെ അവനെ തിരിച്ചറിഞ്ഞു: റഷ്യന്‍ സേനയുടെ ബലാത്സംഗ ക്രൂരതകള്‍ പുറത്തുവിട്ട് യുക്രെയ്ന്‍ സ്ത്രീകള്‍

രണ്ട് യുവതികളാണ് റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്തതായി കീവ്‌ ഇന്‍ഡിപെന്‍ഡന്റിനോട് വെളിപ്പെടുത്തിയത്. അക്രമികള്‍ക്കായി അനേഷണം ആരംഭിച്ചു.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം പൂര്‍ണമായതിന്റെ പിറ്റേന്നാണ് തന്റെ ഉദരത്തിലുള്ളത് ആണ്‍ കുഞ്ഞാണെന്ന് മറീന തിരിച്ചറിയുന്നത്. ഇനിയൊരിക്കലും ആശുപത്രിയില്‍ പോകാനായില്ലെങ്കിലെന്ന് ഭയന്ന് ചെക്ക്പോസ്റ്റുകളില്‍ മണിക്കൂറോളം ക്യൂ നിന്നാണ് അവള്‍ തന്റെ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തിയത്. പതിനാറുകാരിയായ അവള്‍ ആ സമയം അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.

റഷ്യന്‍ സൈന്യം മുന്നേറുമ്പോള്‍ എവിടെ അഭയം പ്രാപിക്കുമെന്ന പേടിയില്‍ കഴിഞ്ഞ അവള്‍ക്ക് ഹോസ്പിറ്റലില്‍ നിന്ന് ലഭിച്ച സ്‌കാനിംഗ് റിസല്‍ട്ടില്‍ സന്തോഷിക്കാനാകുമായിരുന്നില്ല. തന്റെ അമ്മ താമസിച്ചിരുന്ന തെക്കന്‍ കെര്‍സണ്‍ മേഖലയിലെ ക്രാസ്നിവിക എന്ന ചെറുഗ്രാമത്തില്‍ താന്‍ സുരക്ഷിതയായിരിക്കുമെന്ന് ചിന്തിച്ച് അവള്‍ അവിടേക്ക് പലായനം ചെയ്തു. എന്നാല്‍ സൈന്യം അവിടെയുമെത്തി.

ഒ.സി.സി.ആര്‍.പിയുടെ പങ്കാളികളായ കീവ് ഇന്‍ഡിപ്പെന്‍ഡന്റ് തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് നല്‍കിയ അഭിമുഖത്തില്‍ പിന്നീടെന്താണ് സംഭവിച്ചതെന്ന് മറീന വിവരിക്കുന്നതിങ്ങനെയാണ്; ‘അവര്‍ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നതിനു പിന്നാലെ, ഞങ്ങളോട് ഒളിച്ചിരുന്ന ഭൂഗര്‍ഭ അറകളില്‍ നിന്നും പുറത്തുവരാന്‍ ആവശ്യപ്പെട്ടു. ഞാനും എന്റെ സഹോദരിയും മറ്റൊരു ചെറിയ പെണ്‍കുട്ടിയും ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളോട് തെരുവില്‍ ഇറങ്ങരുതെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നതാണ്. പട്ടാളക്കാര്‍ ഞങ്ങളെ കാണാന്‍ പാടില്ലായിരുന്നു. കാരണം അവരില്‍ ചിലര്‍ ഞങ്ങളെ ബലാത്സംഗം ചെയ്യുമായിരുന്നു.’

ആ പ്രദേശത്ത് ശത്രു സൈന്യം ആക്രമണം നടത്തിയതിന് ശേഷമുള്ള ഒരു ദിവസം, അവിടുത്തെ താമസക്കാരെ ചോദ്യം ചെയ്യാനായി മദ്യപിച്ചെത്തിയ ഒരു പട്ടാളക്കാരന്‍ വന്നകാര്യവും മറീന പറയുന്നുണ്ട്. ‘ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിലെത്തിയ അയാള്‍ സ്ത്രീകളോടും കുട്ടികളോടും പ്രായം ചോദിച്ചു. എന്റെ അമ്മയെയും വീട്ടിലെ മറ്റ് കുട്ടികളെയും അടുക്കളയില്‍ കൊണ്ടുപോയി അടച്ചിട്ടശേഷം, ആ സൈനികന്‍ മടങ്ങിവന്ന് എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു’ മറീന പറയുന്നു.

‘ഞാന്‍ എതിര്‍ത്താല്‍ വെടിവയ്ക്കുമെന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ എന്നെ മുഷ്ടി ചുരുട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഞാന്‍ ഗര്‍ഭിണിയാണെന്നും വെറുതെ വിടണമെന്നും പറഞ്ഞപ്പോള്‍ ‘കളിയാക്കല്ലേ. എന്നോട് സഹകരിച്ചില്ലെങ്കില്‍ ഞാന്‍ 20 പേരെ വിളിച്ചുവരുത്തും അവരെല്ലാം നിന്നെ ബലാത്സംഗം ചെയ്യും. അതുകൊണ്ട് എനിക്കൊപ്പം മാത്രം മതിയോ അതോ അവരോടൊപ്പവും വേണോയെന്ന് തീരുമാനിക്ക്.’ എന്നാണ് അയാള്‍ പറഞ്ഞത്. അയാളുടെ ശ്വാസത്തില്‍ മദ്യത്തിന്റെ രൂക്ഷ ഗന്ധമുണ്ടായിരുന്നു. ഞാന്‍ അയാളെ തള്ളിമാറ്റാന്‍ ശ്രമിച്ചെങ്കിലും മദ്യപിച്ച് ലക്ക് കെട്ടിട്ടും അയാള്‍ എന്നെക്കാള്‍ കരുത്തനായിരുന്നു.’ അവര്‍ പറഞ്ഞു.

ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരിക്കുന്ന മറീന എന്നതു വ്യാജ നാമമാണ്. ഇപ്പോള്‍ സ്വകാര്യ ജീവിതത്തിലേക്ക് തിരികെ പോയതുകൊണ്ട് തന്നെ തന്റെ വ്യക്തിവിവരങ്ങള്‍ മറച്ച് വയ്ക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് മറ്റൊരു പേര് ഉപയോഗിച്ചിരിക്കുന്നത്. HE Came Back എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയില്‍ അധിനിവേശം പൂര്‍ണമായ ആദ്യ ആഴ്ചകളില്‍ റഷ്യന്‍ സൈനികരാല്‍ ബലാത്സംഗം ചെയ്യപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയ രണ്ട് സ്ത്രീകളില്‍ ഒരാളാണ് മറീന. യുക്രെയിനിലെ റഷ്യന്‍ സൈന്യത്തിന്റെ ലൈംഗിക അതിക്രമങ്ങളിലേക്ക് വെളിച്ചം വീശാനും ഉത്തരവാദികളായവരെ പുറത്തുകൊണ്ടുവരാനുമാണ് ഈ ഡോക്യുമെന്ററി ശ്രമിക്കുന്നത്.

ഡോക്യുമെന്ററിയില്‍ സംസാരിച്ചിരിക്കുന്ന മറ്റൊരു സ്ത്രീ ഗ്രാഫിക് ഡിസൈനറായ ദാരിയ ആണ്. മുപ്പതുകാരിയായ അവര്‍ തന്റെ ഉപനാമം വെളിപ്പെടുത്താന്‍ തയ്യാറായില്ല. മാത്രമല്ല, തന്നെക്കുറിച്ചുള്ള വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കീവില്‍ നിന്നും കുറച്ച് ദൂരം പടിഞ്ഞാറേക്ക് പോയാല്‍ എത്തിച്ചേരാവുന്ന ഹവ്രോന്‍ഷിനായി എന്ന ആയിരത്തോളം പേര്‍ താമസിക്കുന്ന ഗ്രാമത്തിലേക്കാണ് അധിനിവേശം ആരംഭിച്ചപ്പോള്‍ അവര്‍ പങ്കാളിക്കൊപ്പം പലായനം ചെയ്തത്.

എല്ലായ്‌പ്പോഴും മദ്യപിച്ച് ലക്ക് കെട്ട് കാണാറുള്ള ഒരു സൈനികന്‍ തന്റെ ഫോണിനെക്കുറിച്ച് അന്വേഷിച്ചറിയാന്‍ എന്ന് പറഞ്ഞാണ് തന്നെ കുടുംബാംഗങ്ങളില്‍ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയതെന്ന് അവര്‍ വിവരിച്ചു. അവിടെ ഒരു കിടക്കയില്‍ കൊണ്ടുപോയി ഇരുത്തിയ അവളോട് അയാള്‍ വിവസ്ത്രയാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ‘ഞാന്‍ കരയുകയോ എതിര്‍ക്കുകയോ ചെയ്താല്‍ അയാള്‍ക്ക് ഭ്രാന്ത് പിടിക്കുമെന്നും സാഹചര്യം കൂടുതല്‍ മോശമാകുമെന്നും എനിക്ക് മനസ്സിലായി. അതിനാല്‍ മാനസികമായി ശരീരം ഉപേക്ഷിച്ചതുപോലെ ഞാനത് സഹിക്കാന്‍ തീരുമാനിച്ചു.’ അവര്‍ ഓര്‍ത്തെടുത്തു.

അതിന് ശേഷം അവര്‍ തന്റെ കുടുംബാംഗങ്ങള്‍ കാത്തിരിക്കുന്ന വീട്ടിലേക്ക് തിരികെ പോയി. ‘അയാള്‍ എന്നെ ആ ഒറ്റപ്പെട്ട വീട്ടിലേക്ക് പിടിച്ചുകൊണ്ട് പോയപ്പോഴുണ്ടായതിനേക്കാള്‍ മോശം നിമിഷങ്ങള്‍ എന്റെ മാതാപിതാക്കളുടെ അപ്പോഴത്തെ മാനസികാവസ്ഥ കണ്ടപ്പോഴായിരുന്നു. ആ സമയം കൊണ്ട് അവര്‍ ജീവച്ഛവങ്ങളായി മാറിയിരുന്നു. ഞാന്‍ അവരോടൊന്നും പറഞ്ഞില്ല.’ ഈ സംഭവം പിറ്റേദിവസവും ആവര്‍ത്തിക്കപ്പെട്ടു. പിന്നീട് റഷ്യന്‍ സൈന്യം യുക്രെയ്ന്‍ സൈന്യത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹാവ്രോന്‍ഷിനയില്‍ നിന്നും കീവിന്റെ മറ്റ് പ്രാന്ത പ്രദേശങ്ങളില്‍ നിന്നും പിന്‍വാങ്ങാന്‍ തുടങ്ങി.

Post Thumbnail
ജര്‍മന്‍ ആയുധ വ്യാപാരിയെ ലക്ഷ്യമിട്ട റഷ്യയുടെ മര്‍ഡര്‍ പ്ലാന്‍ പൊളിച്ച് അമേരിക്കവായിക്കുക

ദാരിയ, മറീന എന്നിവരെ കൂടാതെ ഗ്രാമത്തിലെ ദൃക്‌സാക്ഷികള്‍, സൈനികര്‍ എന്നിവരുടെ സാക്ഷിമൊഴികള്‍ ഉപയോഗിച്ച് ലൈംഗികാതിക്രമങ്ങള്‍ നടത്തിയവരുടെ ഒരു ചിത്രം കീവ് ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കിയിട്ടുണ്ട്. റഷ്യന്‍ ഭരണകൂടം ആദരിച്ച ആ രണ്ടു കുറ്റവാളി പട്ടാളക്കാരുടെയും സൈനിക യൂണിറ്റ് കമാന്‍ഡര്‍മാരെയും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. യുക്രെയ്‌നിലെയും വിദേശത്തെയും കുറ്റാന്വേഷകര്‍ക്ക് തങ്ങള്‍ കണ്ടെത്തിയ വിവരങ്ങള്‍ അവര്‍ കൈമാറി.

റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ ലൈംഗികാതിക്രമങ്ങള്‍ യുദ്ധായുധമായി എത്രമാത്രം ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ടര്‍മാര്‍ക്ക് കണക്കാക്കാനായിട്ടില്ലെങ്കിലും അതിജീവിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മനശ്ശാസ്ത്രജ്ഞ നതാലിയ പൊട്‌സെലുയെവ ഇതിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള അസ്വസ്ഥപ്പെടുത്തുന്ന ചിത്രം വരച്ചുകാട്ടുന്നുണ്ട്. അഞ്ച് വയസ് മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള അതിജീവിച്ച പരുഷന്മാരോടും സ്ത്രീകളോടും താന്‍ സംസാരിച്ചതിനെക്കുറിച്ചും അവര്‍ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

നിരവധി യുക്രെയ്ന്‍ പുരുഷന്മാര്‍ തങ്ങളെ റഷ്യന്‍ സൈന്യം വളഞ്ഞിട്ട് പിടികൂടുകയും, റഷ്യയിലെയോ കിഴക്കന്‍, തെക്കന്‍ യുക്രെയ്‌നിലെയോ അധിനിവേശ പ്രദേശങ്ങളിലെയോ തടവറകളില്‍ കൊണ്ടുവന്ന് ഭയങ്കരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാക്കിയതായും വെളിപ്പെടുത്തിയിട്ടുണ്ടെന്നു യുക്രെയ്‌നിലെ ഒ.സി.സി.ആര്‍.പി പങ്കാളികളായ സ്ലിഡ്‌സ്‌ത്വോ.ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

നീതിക്ക് വേണ്ടിയുള്ള അന്വഷണം
സൈനിക തന്ത്രത്തിന്റെ ഭാഗമായി ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും യുക്രെയ്‌നികള്‍ക്കെതിരേ റഷ്യ നടത്തിയതായി യുദ്ധത്തിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന യുഎന്‍ പ്രത്യേക പ്രതിനിധി പ്രമില പാറ്റന്‍ പരസ്യമായി ആരോപിച്ചിട്ടുണ്ട്.

2022 ഫെബ്രുവരിയില്‍ പൂര്‍ണ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യന്‍ സൈനികര്‍ യുക്രെയ്ന്‍ ജനങ്ങള്‍ക്ക് നേരെ നടത്തിയ മുന്നൂറോളം ലൈംഗിക അതിക്രമ കേസുകളാണ് യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ദാരിയയും മറീനയും ആക്രമിക്കപ്പെട്ട അതേ പ്രദേശങ്ങളില്‍ തന്നെയാണ് നടന്നിരിക്കുന്നത്. ഹാജരാകാത്ത രണ്ട് റഷ്യന്‍ സൈനികര്‍ ശിക്ഷിക്കപ്പെടുകയും 42 സൈനികര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.

യുക്രെയ്ന്‍ അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്ന ലൈംഗിക അതിക്രമ കേസുകള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് റഷ്യന്‍ സൈനികര്‍ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് യുക്രെയ്ന്‍ പ്രോസിക്യൂട്ടറെ സഹായിക്കുന്ന ബ്രിട്ടീഷ് അഭിഭാഷകന്‍ വെയ്ന്‍ ജോര്‍ദാഷ് അഭിപ്രായപ്പെടുന്നു.

‘റഷ്യക്കാരുടെ പെരുമാറ്റവും അന്വേഷണത്തില്‍ ഒറ്റനോട്ടത്തില്‍ കാണുന്ന കാര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ ആയിരക്കണക്കിന് കേസുകള്‍ ഉണ്ടാകാത്തതിലാണ് എനിക്ക് അത്ഭുതം.’ എന്നാണ് വെയ്ന്‍ ജോര്‍ദാഷ് പറയുന്നത്.

ഇത്തരം കേസുകളില്‍ നീതിക്ക് വേണ്ടിയുള്ള അന്വേഷണത്തിന് തടസം യുദ്ധം മാത്രമല്ല, ബലാത്സംഗത്തെ തുടര്‍ന്നുണ്ടായ മാനസികാവസ്ഥയുമാണെന്ന് യുദ്ധകാലത്തുണ്ടായ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്ന പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് മേധാവി അന്ന സൊസൊന്‍സ്‌ക കീവ് ഇന്‍ഡിപെന്‍ഡന്റിന്റെ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.

മറീനയുടെ സ്വന്തം കഥയിലൂടെയാണ് ഈ ഡോക്യുമെന്ററി കടന്നുപോകുന്നത്. താന്‍ ബലാത്സംഗത്തെക്കുറിച്ച് പരാതി നല്‍കാതിരുന്നതിനെക്കുറിച്ചും എന്നാല്‍ തന്റെ അമ്മ ഇക്കാര്യം പോലീസിനെ അറിയിച്ചതിനെക്കുറിച്ചും അവര്‍ പറയുന്നു. ആരോടും ഒന്നും പറയണ്ടെന്നും ആ സംഭവം മറക്കാമെന്നുമാണ് ഞാന്‍ കരുതിയത്. എന്നാല്‍ എന്റെ അമ്മയ്ക്ക് അതിന് സാധിക്കുമായിരുന്നില്ല.

പോലീസിന് അക്രമികളെ തിരിച്ചറിയാനായില്ലെങ്കിലും കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ടര്‍മാര്‍ തങ്ങള്‍ക്ക് ലഭിച്ച തെളിവുകളെല്ലാം ചേര്‍ത്ത് വച്ചു.

സൈനികരുടെ പേരിന്റെ ആദ്യഭാഗത്തെക്കുറിച്ചുള്ള മറീനയുടെ ഓര്‍മയില്‍ നിന്നും റഷ്യന്‍ യുക്രെയ്ന്‍ ഭാഷയില്‍ നീല എന്നര്‍ത്ഥം വരുന്ന സിന്നി എന്ന വിളിപ്പേരില്‍ നിന്നും ഗ്രാമീണരുമായും സൈനികരുമായുമുള്ള അഭിമുഖങ്ങളില്‍ നിന്നും സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയുമാണ് അവര്‍ തെളിവുകള്‍ ശേഖരിച്ചത്. ഇതിലൂടെ മറീനയെ ബലാത്സംഗം ചെയ്തയാളുടെ ഒരു രൂപം അവര്‍ സൃഷ്ടിച്ചു. ബലാത്സംഗം അല്ലാതെ നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുള്ള ഡോണെറ്റ്‌സ്‌ക് മേഖലയില്‍ നിന്നുള്ള ഒരു യുക്രെയ്ന്‍ പൗരനാണ് അയാള്‍.

റഷ്യന്‍ നിയന്ത്രണത്തിലുള്ള ഡോണെറ്റ്‌സ്‌ക് മേഖലയിലെ 109-ാം അര്‍ദ്ധസൈന്യ റെജിമെന്റിലെ അംഗമാണ് ഇയാളെന്ന് ഇയാളുടെ എം.എസ് എന്ന ഇനിഷ്യലില്‍ നിന്നും തെളിഞ്ഞു. മറീനയുടെ ഗ്രാമമായ ക്രസ്‌നിവ്ക ഉള്‍പ്പെടുന്ന കെര്‍സണ്‍ മേഖലയില്‍ പൂര്‍ണ അധിനിവേശം ആരംഭിച്ച ആദ്യ ആഴ്ചകളില്‍ ഈ റെജിമെന്റ് നിലയുറപ്പിച്ചിരുന്നു.

Post Thumbnail
ആരാണ് റോബര്‍ട്ട് കെന്നഡി ജൂനിയര്‍? വാക്‌സിന്‍ വിരുദ്ധനെ അമേരിക്കയുടെ ആരോഗ്യ ചുമതല ഏല്‍പ്പിക്കാന്‍ ട്രംപ്വായിക്കുക

നഗ്നയായ ഒരു പെണ്‍കുട്ടിയുടെ സമീപത്തുനിന്നും പിടിക്കപ്പെട്ട സിന്നി എന്ന് വിളി ചിഹ്നമുള്ള ഒരു സൈനികനെ വിട്ടയച്ചതായി ഈ റെജിമെന്റിലെ ഒരംഗം റഷ്യന്‍ അന്വേഷകരാണെന്ന് തെറ്റിദ്ധരിച്ച് റിപ്പോര്‍ട്ടറോട് പറഞ്ഞു. ആ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ മുന്നില്‍ വച്ച് തന്നെ ആ സൈനികനെ വധിക്കാമെന്ന് ഉറപ്പ് പറഞ്ഞെങ്കിലും താന്‍ വിസമ്മതിക്കുകയായിരുന്നെന്ന് മറീന പറഞ്ഞു. അധികം വൈകാതെ യുക്രെയ്ന്‍ സൈന്യം ഗ്രാമത്തെ മോചിപ്പിച്ചു. 2020 വരെ മാത്രം സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്ന എം.എസിനെ പിന്നീട് കണ്ടെത്താന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് സാധിച്ചില്ല.

റിപ്പോര്‍ട്ടര്‍മാര്‍ സമൂഹ മാധ്യമത്തില്‍ നിന്നും കണ്ടെത്തിയ ചിത്രങ്ങള്‍ തങ്ങളെ ബലാത്സംഗം ചെയ്ത സൈനികരുടേതാണെന്ന് മറീനയും ദാരിയയും തിരിച്ചറിഞ്ഞിട്ടുണ്ട്(ഇവര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാല്‍ ഒ.സി.സി.ആര്‍.പി കുറ്റവാളികളായി സംശയിക്കുന്നവരുടെ ഇനിഷ്യലുകള്‍ മാത്രമാണ് ഉപയോഗിക്കുന്നത്).

തന്നെ ബലാത്സംഗം ചെയ്ത സൈനികന്‍ തന്നോട് പേര് പറഞ്ഞിരുന്നതായി ദാരിയ അറിയിച്ചു. എന്‍.ഡി എന്ന് ഇനിഷ്യലുള്ള ഇയാള്‍ക്കെതിരേ യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍മാര്‍ വേറെയും യുദ്ധക്കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍മാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിലൊരെണ്ണം ഒരു ഗ്രാമീണന്റെ കൊലപാതകവും ഒരെണ്ണം ഒരു കാര്‍ മോഷണവും രണ്ടെണ്ണം ദാരിയയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയിലുമാണ്. ദാരിയയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ചതും കുടുംബത്തെ വ്യാജവിചാരണയ്ക്ക് വിധേയരാക്കിയതുമാണ് ദാരിയയുടെ കുടുംബം നല്‍കിയ പരാതികള്‍. 2023 ഏപ്രിലില്‍ കീവ് റീജിയണല്‍ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് സൈനികനെതിരെ ഔദ്യോഗികമായി കുറ്റം ചുമത്തി.

യുക്രെയ്‌നില്‍ തന്റെ കേസ് തുടര്‍ന്നാല്‍ തനിക്ക് സംഭവിച്ച ദുരന്തം പിതാവിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാല്‍ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ലെന്ന് ദാരിയ അറിയിച്ചു. അതിന് പകരം അക്രമത്തെക്കുറിച്ച് യുക്രെയ്‌ന് പുറത്തുള്ള കുറ്റാന്വേഷകരോട് സാക്ഷി പറഞ്ഞിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

യുക്രെയ്ന്‍ സെക്യൂരിറ്റി സര്‍വ്വീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ ഫയല്‍ ചെയ്ത ഔദ്യോഗിക രേഖകളില്‍ 37-ാം സെപറേറ്റ് ഗാര്‍ഡ്‌സ് മോട്ടോര്‍ റൈഫിള്‍ ബ്രിഗേഡിലാണ് എന്‍.ഡി സേവനം അനുഷ്ഠിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നു. ഫാര്‍ ഇസ്റ്റേണ്‍ റിപ്പബ്ലിക്കായ ബുറീഷ്യയില്‍ ആസ്ഥാനമായുള്ള 37-ാം ബ്രിഗേഡ് യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില്‍ കീവ് മേഖലയില്‍ കരയാക്രമണത്തിന് നേതൃത്വം നല്‍കിയിരുന്നു. റഷ്യന്‍ സൈന്യത്തിനെതിരേ യുക്രെയ്ന്‍ പ്രോസിക്യൂട്ടര്‍മാര്‍ ചുമത്തിയ 42 ലൈംഗികാതിക്രമ കേസുകളില്‍ പത്തെണ്ണവും ഈ ബ്രിഗേഡില്‍ നിന്നുള്ള സൈനികര്‍ക്കെതിരെയാണ്.

ഫാര്‍ ഈസ്റ്റേണ്‍ യൂണിറ്റിലെ രണ്ടാമത്തെ യൂണിറ്റായ 64-ാം സെപ്പറേറ്റ് ഗാര്‍ഡ്‌സ് മോട്ടോര്‍ റൈഫിള്‍ ബ്രിഗേഡ് കീവ് മേഖലയിലെ ബുച്ചയില്‍ അതേകാലത്തുണ്ടായ സിവിലിയന്‍ കൂട്ടക്കുരുതിക്ക് കുറ്റാരോപിതരായവരാണ്. റഷ്യന്‍ നിയന്ത്രണത്തിലുള്ള ഡോണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളില്‍ നിന്നുള്ള മൊബിലൈസേഷന്‍ റിസര്‍വ് റെജിമെന്റ്‌സില്‍ നിന്നുള്ള ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍ നിന്നും പിന്നാക്ക സമുദായങ്ങളില്‍ നിന്നുമുള്ള സൈനികരെ അനുപാതികമല്ലാതെ ഉപയോഗിച്ചതിനും റഷ്യന്‍ സൈന്യം വിമര്‍ശിക്കപ്പെട്ടിരുന്നു.

എന്‍.ഡി സമൂഹ മാധ്യമത്തില്‍ യൂണിഫോമിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നതായി റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. നേരിട്ട് വിളിച്ച് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചും ലൈംഗികാതിക്രമ ആരോപണത്തെക്കുറിച്ചും അന്വേഷിച്ച റിപ്പോര്‍ട്ടര്‍മാരോട് പ്രതികരിക്കാന്‍ ഇയാള്‍ തയ്യാറായില്ല.

ഫെബ്രുവരി വരെ 37-ാം ബ്രിഗേഡിന്റെ കമാന്ററായിരുന്ന കേണല്‍ യൂറി മെദ്വദേവിന് 2022 ഓഗസ്റ്റില്‍ റഷ്യയിലെ ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡായ ഓര്‍ഡര്‍ ഓഫ് കറേജ് അവാര്‍ഡ് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം മെഡല്‍ ധരിച്ച് നില്‍ക്കുന്നതിന്റെ ചിത്രവും പുറത്തു വന്നിട്ടുണ്ട്. അന്താരാഷ്ട്ര നിയമമനുസരിച്ച് കീഴുദ്യോഗസ്ഥര്‍ ചെയ്യുന്ന യുദ്ധ കുറ്റകൃത്യങ്ങള്‍ക്ക് കമാന്‍ഡന്റ് റെസ്‌പോണ്‍സിബിലിറ്റി എന്ന തത്വപ്രകാരം മിലിറ്ററി കമാന്‍ഡന്റ് വിചാരണ ചെയ്യപ്പെടും.

എം.എസിന്റെ കാര്യത്തില്‍ 109-ാം റെജിമെന്റ് റഷ്യന്‍ യൂണിറ്റായ 11-ാം ഗാര്‍ഡ് എയര്‍ അസോള്‍ട്ട് ബ്രിഗേഡിന്റെ കീഴിലായിരുന്നെന്നും അതിന്റെ അന്നത്തെ കമാന്‍ഡര്‍ കേണല്‍ ഡെനിസ് ഷിഷോവ് തെക്കന്‍ യുക്രെയ്ന്‍ പിടിച്ചെടുത്തതില്‍ പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. 2022ല്‍ റഷ്യന്‍ പരമോന്നത ബഹുമതിയായ ഹീറോ ഓഫ് റഷ്യ അവാര്‍ഡ് ഷിഷോവിന് ലഭിച്ചു.

യുക്രെയ്‌നില്‍ കീഴുദ്യോഗസ്ഥര്‍ നടത്തിയ ബലാത്സംഗങ്ങള്‍ക്കോ മറ്റ് കുറ്റകൃത്യങ്ങള്‍ക്കോ മെദ്വദേവിനോ ഷിഷോവിനോ മറ്റേതെങ്കിലും റഷ്യന്‍ കമാന്‍ഡര്‍മാര്‍ക്കോ എതിരെ കുറ്റം ചുമത്തിയതായി ഒരു സൂചനയും ലഭിച്ചിട്ടില്ല.

ഒ.സി.സി.ആര്‍.പിയുടെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ റഷ്യന്‍ കുറ്റാന്വേഷണ കമ്മിറ്റി തയ്യാറായിരുന്നില്ല.

Post Thumbnail
മാവോവാദി കേസ്; പ്രൊഫ. ജി എന്‍ സായിബാബ കുറ്റവിമുക്തന്‍വായിക്കുക

യുക്രെയ്‌നിലെ ലൈംഗിക അതിക്രമ ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചിട്ടുണ്ട്. ഏപ്രിലില്‍ യുക്രെയ്‌നിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള തന്റെ റിപ്പോര്‍ട്ടില്‍ റഷ്യയുടെ യുഎന്നിലെ സ്ഥിരപ്രതിനിധിയായ വാസിലി നെബെന്‍സിയ ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ നാണംകെട്ട കൃത്രിമത്വമാണെന്നാണ് ആരോപിച്ചത്. എല്ലാത്തരത്തിലുള്ള ലൈംഗിക അതിക്രമങ്ങളെയും റഷ്യ അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു.

എനിക്ക് അവനുവേണ്ടി ജീവിക്കണം
അതിജീവിച്ച പെണ്‍കുട്ടികള്‍ക്ക് തങ്ങള്‍ അനുഭവിച്ച ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പ്രോസിക്യൂട്ടര്‍മാരോടോ പോലീസുകാരോടോ സാക്ഷി പറയുമ്പോള്‍, അവര്‍ക്ക് കൂട്ടു പോവുകയും അവരെ മാനസികമായി സജ്ജരാക്കുകയുമാണ് താന്‍ ചെയ്യുന്നതെന്നാണു മനശ്ശാസ്ത്രജ്ഞ പൊട്‌സെലുയെവ പറയുന്നു(അവര്‍ സഹകരിച്ച അതിജീവിതമാരില്‍ മറീനയും ദാരിയയുമില്ല).

‘ഇത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്താണെന്ന് ഞാന്‍ അവര്‍ക്ക് വിശദീകരിച്ചുകൊടുത്തു. രേഖപ്പെടുത്തിയ എല്ലാ കുറ്റകൃത്യങ്ങളും അന്താരാഷ്ട്ര കോടതിയിലേക്കുള്ള ചുവടുവയ്പ്പാണെന്നും രാഷ്ട്രത്തലവന്മാര്‍ക്ക് അതിലൂടെ പരമാവധി പ്രവര്‍ത്തിക്കാനാകുമെന്നും ഞാന്‍ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്.’ അവര്‍ വ്യക്തമാക്കി.

കോടതിയില്‍ നിന്നു നീതി ലഭിക്കാന്‍ സമയമെടുക്കുമൊണ് ബ്രിട്ടീഷ് അഭിഭാഷകന്‍ ജോര്‍ദാഷ് പറയുന്നത്. ‘ഭൂരിഭാഗം കുറ്റാരോപിതരും യുക്രെയ്‌നിന്റെ കസ്റ്റഡിയില്‍ അല്ല ഉള്ളത്. അടുത്ത കാലത്തൊന്നും അവരെ കസ്റ്റഡിയില്‍ ലഭിക്കുമെന്നും കരുതുന്നില്ല.’ അദ്ദേഹം പറഞ്ഞു. കുറ്റാരോപിതര്‍ ഹാജരാകാത്ത സാഹചര്യത്തില്‍ മറ്റ് പ്രോസിക്യൂട്ടര്‍മാര്‍ തയ്യാറാക്കുന്ന കുറ്റപത്രം ഉപയോഗിക്കപ്പെടാന്‍ സാധ്യതയുണ്ട്. റഷ്യന്‍ സൈന്യത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സത്യത്തിന്റെ അടിത്തറ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന് ഇത് സഹായിക്കുമെന്ന് ജോര്‍ദ്ദാഷ് പറയുന്നു.

യുദ്ധകാല ബലാത്സംഗത്തെ അതിജീവിച്ച 500 പേര്‍ക്ക് തങ്ങളുടെ ആദ്യത്തെ നഷ്ടപരിഹാര തുക നല്‍കുമെന്ന് അടുത്തിടെ യുക്രെയ്ന്‍ പ്രഖ്യാപിച്ചിരുന്നു. നീതി പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയെന്നാണ് രാജ്യത്തെ പ്രഥമ വനിത ഒലേന സെലെന്‍സ്‌ക പറഞ്ഞത്.

ഹവ്‌റോണ്‍ഷിനയിലേക്ക് പലായനം ചെയ്ത ദാരിയ യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയായ ഉസ്‌ഹൊറോഡിലുള്ള ഒരു ബന്ധുവീട്ടില്‍ ഒരു വര്‍ഷത്തോളം സുരക്ഷിതമായി ജീവിച്ചു. ലൈംഗികാതിക്രമം നേരിട്ട വ്യക്തികള്‍ക്ക് ലഭിച്ച സൗജന്യ കൗണ്‍സിലിംഗിന്റെ സഹായത്തോടെ അവര്‍ പഴയ ജീവിതത്തിലേക്ക് പതിയെ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.

അവരും കാമുകനും ഇപ്പോഴും പങ്കാളികളായി തുടരുകയാണ്. തന്റെ കലാസൃഷ്ടികളും അനുഭവങ്ങളും ക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരായ യുക്രെയ്ന്‍കാരെ സഹായിക്കാന്‍ ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.

‘ഈ കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് തെളിയിക്കാന്‍ ഈ വിവരങ്ങള്‍ ക്രമേണ പ്രചരിപ്പിക്കാനാണ് എന്റെ ശ്രമം.’ അവര്‍ പറഞ്ഞു. ‘എനിക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കൂടുതല്‍ സജീവമാകണം. തീര്‍ച്ചയായും അതത്ര എളുപ്പമല്ല. പരസ്യമായോ അല്ലാതെയോ പോലും അതിനെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമല്ല.’

പാസ്റ്ററി ഷെഫ് പരിശീലനം പൂര്‍ത്തിയാക്കിയ മറീന ഇപ്പോള്‍ പൂക്കള്‍ നിറഞ്ഞ ഒരു വീട് സ്വപ്നം കാണുകയാണ്. ഉറക്കമില്ലായ്മ ഇപ്പോഴും അലട്ടുന്ന അവര്‍ കൗണ്‍സിലറുടെ സഹായം തേടുന്നുണ്ട്. ഇപ്പോള്‍ രണ്ട് വയസ്സ് പ്രായമുള്ള മകനെ ചുറ്റിപ്പറ്റിയാണ് അവരുടെ ജീവിതം. ‘എനിക്ക് ഇപ്പോഴൊരു ലക്ഷ്യമുണ്ട്. എനിക്ക് അവന് വേണ്ടി ജീവിക്കണം.’ അവര്‍ പറയുന്നു. ‘അവന് ഞാനില്ലാതെ ഒന്നും സാധിക്കില്ല.’  ukrainian women share their bitter experience of rape by russian forces, occrp, kyiv independent documentary

Content Summary; ukrainian women share their bitter experience of rape by russian forces, occrp, kyiv independent documentary

×