സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 20 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനൊരുങ്ങി യുഎൻ

ജൂൺ 13 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്

രൂക്ഷമായ ഫണ്ടിങ്ങ് പ്രതിസന്ധി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ 20 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനൊരുങ്ങി യുണൈറ്റഡ് നേഷൻസ്. 60 ൽ കൂടുതൽ യുഎൻ ഓഫീസുകളോടും ഏജൻസികളോടും ജൂൺ പകുതിയോടെ ജീവനക്കാരെ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ സംഘടന ആവശ്യപ്പെട്ടതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സാധാരണ ബജറ്റ് വഴി ധനസഹായം ലഭിക്കുന്ന ഏകദേശം 14,000 ജോലികളെ ഈ വെട്ടിക്കുറവ് ബാധിക്കുമെന്ന് യുഎൻ വക്താവ് സ്റ്റീഫൻ ഡുജാറിക് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതായത് ഏകദേശം 2,800 തസ്തികകൾ ഇല്ലാതാകാൻ സാധ്യതയുണ്ട്. പലസ്തീൻ അഭയാർത്ഥികളെ പിന്തുണയ്ക്കുന്ന ഏജൻസിയായ യുഎൻആർഡബ്ല്യുഎ ഉൾപ്പെടെയുള്ളവ വെട്ടിക്കുറയ്ക്കലിന്റെ പട്ടികയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. യുഎന്നിന്റെ രാഷ്ട്രീയം, മാനുഷികം, അഭയാർത്ഥി സംരക്ഷണം, ലിംഗസമത്വം, വ്യാപാരം, പരിസ്ഥിതി, നഗരവികസനം തുടങ്ങിയ മേഖലകളിലെ ജീവനക്കാരെ ഇത് ബാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ 80-ാം വാർഷികത്തിന് മുന്നോടിയായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആരംഭിച്ച UN80 സംരംഭത്തിന്റെ ഭാഗമാണ് പുതിയ പരിഷ്കരണം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഫണ്ടിംഗ് വെട്ടിക്കുറയ്ക്കലുകളുമായി ഇതിന് ബന്ധമില്ലെന്നും പല അംഗരാജ്യങ്ങളും വാർഷിക കുടിശ്ശിക അടയ്ക്കുന്നതിൽ കാലതാമസം വരുത്തുന്നതിനാലാണ് തീരുമാനത്തിലേക്ക് നീങ്ങിയതെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

കഴിഞ്ഞ വർഷം യുഎസ് ഉൾപ്പെടെ 193 അംഗരാജ്യങ്ങളിൽ 41 എണ്ണം പൂർണ്ണമായി പണം നൽകിയില്ല. ബജറ്റിന്റെ 22 ശതമാനം യുഎസ് സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചൈനയുടെ വിഹിതം അടുത്തിടെ 20 ശതമാനമായി ഉയർത്തിയിരുന്നു. വ്യാഴാഴ്ച രാത്രി ലഭിച്ച യുഎൻ കൺട്രോളർ ചന്ദ്രമൗലി രാമനാഥന്റെ മെമ്മോയിൽ അനാവശ്യമായതോ കുറഞ്ഞ സ്വാധീനമുള്ളതോ ആയ റോളുകൾ വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ നിലവിലെ ബജറ്റായ 3.72 ബില്യൺ ഡോളറിൽ 15 ശതമാനത്തിനും 20 ശതമാനത്തിനുംനും ഇടയിൽ കുറവ് വരുത്തുക എന്ന അന്റോണിയോ ഗുട്ടെറസിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതെന്നും മെമ്മോയിൽ പറയുന്നു.

ഐക്യരാഷ്ട്രസഭ പരിഷ്കരണത്തിനായുള്ള പുതിയ തീരുമാനം വെല്ലുവിളി നേരിടുന്നുണ്ട്. സെക്രട്ടറി ജനറൽ സംഘടനയെ നയിക്കുമ്പോൾ യഥാർത്ഥ അധികാരം 193 അംഗരാജ്യങ്ങളിലാണ്. അവയിൽ പലതിനും ഐക്യരാഷ്ട്രസഭയുടെ പങ്കിനെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്.

നിർദ്ദിഷ്ട ജീവനക്കാരുടെ എണ്ണം കുറയ്ക്കൽ ജൂൺ 13 നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡിസംബറിൽ യുഎൻ ജനറൽ അസംബ്ലി വോട്ട് ചെയ്യുന്ന സെക്രട്ടറി ജനറലിന്റെ 2026 ബജറ്റ് നിർദ്ദേശത്തിൽ ഇത് ഉൾപ്പെടുത്തുകയും ചെയ്യും. ഐക്യരാഷ്ട്രസഭയ്ക്കുള്ളിൽ വളർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടികൾ.

Content Summary: UN is set to cut 20% of its staff due to low funding

This post was last modified on May 31, 2025 7:00 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment