July 16, 2026 |
Share on

ഗാസയിലെ കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന ഇസ്രയേല്‍

ഗാസയില്‍ കുട്ടികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം ബോധപൂര്‍വമുള്ള വംശഹത്യ നടത്തുന്നതായി യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട്‌

ഗാസയിലെ കുട്ടികളെ ഇസ്രയേല്‍ സൈന്യം ബോധപൂര്‍വം വംശഹത്യയ്ക്ക് വിധേയരാക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധം ആരംഭിച്ചതുമുതല്‍ കുട്ടികള്‍ക്കെതിരെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിച്ച യുഎന്നിന്റെ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങളുള്ളത്. ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ മുപ്പത് ശതമാനത്തോളം പേരും കുട്ടികളാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇസ്രയേല്‍ ഗാസയില്‍ വംശഹത്യ നടത്തിയതായും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രയേല്‍ അധികാരികള്‍ ഇത്തരം ക്രൂരതകള്‍ നടത്താന്‍ സൈന്യത്തെ പ്രേരിപ്പിച്ചതായും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും പുറത്തുവരുന്നത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) വാറന്റുള്ള വ്യക്തി കൂടിയാണ് നെതന്യാഹു. എന്നാല്‍, ഐക്യരാഷ്ട്രസഭയുടെ ഈ കണ്ടെത്തലുകളെ ‘അപകീര്‍ത്തികരമായ കപടനാടകം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ജനീവയിലെ ഇസ്രയേല്‍ മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞു. വംശഹത്യാ ആരോപണങ്ങള്‍ക്കെതിരെ ഇസ്രയേല്‍ ശക്തമായി വാദിക്കുമ്പോഴും, അമേരിക്ക, യുകെ തുടങ്ങിയ സഖ്യകക്ഷികളില്‍ നിന്ന് അവര്‍ക്ക് ശക്തമായ നയതന്ത്ര പിന്തുണ ലഭിക്കുന്നുണ്ട്.

എന്നിരുന്നാലും, യുഎന്‍ അന്വേഷകര്‍, അംനസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍, അന്താരാഷ്ട്ര വംശഹത്യാ വിദഗ്ധര്‍ എന്നിവര്‍ നടത്തിയ വിപുലമായ പഠനങ്ങള്‍ വ്യക്തമാക്കുന്നത് പലസ്തീനികളെ പാടെ ഇല്ലാതാക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നത് എന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിനും ഹോളോകോസ്റ്റിനും ശേഷം രൂപീകരിക്കപ്പെട്ട വംശഹത്യാ നിരോധന കണ്‍വെന്‍ഷന്‍ പ്രകാരം, ഒരു ദേശീയ, വംശീയ, അല്ലെങ്കില്‍ മതപരമായ വിഭാഗത്തെ ഭാഗികമായോ പൂര്‍ണമായോ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്ന പ്രവൃത്തികളെയാണ് വംശഹത്യയായി കണക്കാക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണിത്.

ഒക്ടോബര്‍ 2025-ല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷവും പലസ്തീന്‍ കുട്ടികളെ ബോധപൂര്‍വം കൊല്ലുന്നുവെന്നാണ് ചൊവ്വാഴ്ച പുറത്തുവിട്ട യുഎന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഗാസയിലെ പലസ്തീനികളെ നശിപ്പിക്കാനുള്ള ഇസ്രയേല്‍ അധികാരികളുടെയും സുരക്ഷാ സേനയുടെയും വംശഹത്യാപരമായ ഉദ്ദേശ്യത്തിന്റെ പ്രധാന തെളിവാണ് കുട്ടികള്‍ക്ക് നേരെയുള്ള ഈ ആക്രമണങ്ങളെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീനിവാസന്‍ മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉയര്‍ന്ന ശേഷിയുള്ള മാരകായുധങ്ങളും സ്‌ഫോടകവസ്തുക്കളും ജനസാന്ദ്രതയേറിയ പാര്‍പ്പിട മേഖലകളില്‍ ഇസ്രയേല്‍ നിരന്തരം ഉപയോഗിച്ചു. കുട്ടികളുടെ മരണസംഖ്യ ഉയര്‍ന്നിട്ടും ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നത് തുടര്‍ന്നത് ആക്രമണങ്ങള്‍ ആസൂത്രിതമായിരുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഗാസയിലെ സാധാരണ ജനങ്ങളെ മുഴുവന്‍ ഹമാസുമായും മറ്റ് സായുധ ഗ്രൂപ്പുകളുമായും ബന്ധമുള്ളവരായി ഇസ്രയേല്‍ സുരക്ഷാ സേന കണക്കാക്കിയതാണ് കുട്ടികളെ കൂട്ടത്തോടെ ലക്ഷ്യമിടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കുട്ടികളെ ഇല്ലാതാക്കുന്നതിലൂടെ പലസ്തീന്‍ ജനതയുടെ നിലനില്‍പ്പിനെയും അവരുടെ ഭാവിയെയും തകര്‍ക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായ ബോംബാക്രമണങ്ങള്‍, ആവര്‍ത്തിച്ചുള്ള കൂട്ടപ്പലായനങ്ങള്‍, ഭക്ഷണവും മരുന്നും സഹായങ്ങളും തടഞ്ഞുകൊണ്ടുള്ള കടുത്ത ഉപരോധം എന്നിവ ഗാസയിലെ കുട്ടികളുടെ ആരോഗ്യത്തെയും വളര്‍ച്ചയെയും മാരകമായി ബാധിച്ചു. ഇത് തടയാനാകുമായിരുന്ന മരണങ്ങളിലേക്കും വലിയ മാനസികാഘാതങ്ങളിലേക്കും നയിച്ചു. ഗാസയിലെ ആരോഗ്യ-പ്രസവ രക്ഷാ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ നവജാതശിശുക്കളുടെ അതിജീവനത്തെ ബാധിക്കുകയും ഗര്‍ഭച്ഛിദ്ര നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. നിലവില്‍ ഗാസയിലെ ഒട്ടുമിക്ക കുട്ടികള്‍ക്കും അടിയന്തിര മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്നും യുഎന്‍ കമ്മീഷന്‍ കണ്ടെത്തി. എന്നാല്‍, ഹമാസ് ആശുപത്രികള്‍ക്കുള്ള സഹായങ്ങളും ഇന്ധനവും ദുരുപയോഗം ചെയ്യുന്നു എന്നാണ് ഇസ്രയേലിന്റെ വാദം. ഇസ്രയേലിന്റെ ഈ ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്.

ഗാസയ്ക്ക് പുറമെ ഇസ്രയേല്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന വെസ്റ്റ് ബാങ്കിലും സ്ഥിതി അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും പലസ്തീന്‍ കുട്ടികള്‍ക്കെതിരായ ഇസ്രയേലി കുടിയേറ്റക്കാരുടെ അതിക്രമങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂട്ട അറസ്റ്റുകള്‍ക്കും തടങ്കലുകള്‍ക്കുമിടെ കുട്ടികള്‍ കടുത്ത പീഡനങ്ങള്‍ക്കും ലൈംഗിക-ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കും ഇരയാകുന്നതായി തെളിവുകളുണ്ട്. തടവിലാക്കപ്പെടുന്ന കുട്ടികളെ, പ്രത്യേകിച്ച് ആണ്‍കുട്ടികളെ, നഗ്‌നരാക്കി നിര്‍ത്തുക, ക്രൂരമായി മര്‍ദ്ദിക്കുക, പട്ടിണിക്കിടുക തുടങ്ങിയ പീഡനങ്ങള്‍ക്ക് ഇരയാക്കുന്നു. ഇസ്രയേലിന്റെ ഇത്തരം ക്രൂരമായ പെരുമാറ്റങ്ങള്‍ വലിയ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് കാരണമാകുന്ന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്ന് കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു.

Content Summary; UN independent inquiry finds Israel committing genocide by deliberately targeting Palestinian children in Gaza.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×