അമ്പരപ്പിക്കുന്നതായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ വളര്‍ച്ച.രാഷ്ട്രീയ പാരമ്പര്യമോ സൈനിക പശ്ചാത്തലമോ ഇല്ലാത്ത ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് എന്ന ഖ്യാതിയുമായാണ് 2016 ല്‍, അദ്ദേഹം വൈറ്റ് ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സാമ്പ്രദായിക വിരുദ്ധ പ്രചാരണങ്ങളും ഭരണകാലവും അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തിലുള്ള വിഭജനം തുറന്നുകാട്ടുന്നതായിരുന്നു, ജനങ്ങള്‍ക്കിടയിലെ സംഭവിച്ച ധ്രൂവീകരണത്തിന്റെ കേന്ദ്രസ്ഥാനമായിരുന്നു ട്രംപ്. എന്തുകൊണ്ട് ട്രംപ് ഇന്നും ജനപ്രിയനായി തുടരുന്നു എന്നന്വേഷിച്ചാല്‍, വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പ്രീതി നഷ്ടപ്പെടാത്തതിനു കാരണമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ കൂടി വിശകലനം ചെയ്യേണ്ടതായി വരും.
സാമ്പ്രദായിക വിരുദ്ധ പ്രചാരണം
ട്രംപിന്റെ 2016 ലെ പ്രചാരണം നിലനിന്നിരുന്ന രാഷ്ട്രീയ മാനദണ്ഡങ്ങള്‍ ലംഘിച്ചു കൊണ്ടുള്ളതായിരുന്നു. അയാള്‍ തുടക്കം മുതല്‍, ധിക്കാരം നിറഞ്ഞതും വെട്ടിത്തുറന്നതുമായ ശൈലിയിലൂടെയായിരുന്നു ജനശ്രദ്ധ പിടിച്ചുപറ്റിയത്. ട്രംപിന്റെ പ്രസംഗങ്ങള്‍ പലപ്പോഴും ജനകീയത, ദേശീയത, ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കുന്നതായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈ സമീപനം പരമ്പരാഗത രാഷ്ട്രീയ വ്യവഹാരങ്ങളാല്‍ അകന്നുപോകുകയും നേതാക്കളുടെ സമീപനങ്ങളില്‍ നിരാശരാകുകയും ചെയ്ത നിരവധി വോട്ടര്‍മാരെ സ്വാധീനിച്ചു. തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഏകീകരിക്കാന്‍ ശ്രമിച്ച മറ്റ് പ്രസിഡന്റുമാരില്‍ നിന്ന് വ്യത്യസ്തമായി, ട്രംപ് വിഭജനത്തിലാണ് ശ്രദ്ധിച്ചതും ഗുണം കൊയ്തതും. മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ വരെ പരസ്യമായി വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയ-പ്രത്യേകിച്ച് ട്വിറ്ററിന്റെ(എക്‌സ്) ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുകയും ആ മാധ്യമത്തിലൂടെ തന്റെ അനുയായികളോട് നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്തു. പരമ്പരാഗത മാധ്യമങ്ങളുടെ വെല്ലുവിളികള്‍ ഒഴിവാക്കായത് ഇങ്ങനെയായിരുന്നു. ഈ തന്ത്രം അദ്ദേഹത്തിന്റെ അടിത്തറ ശക്തമാക്കുകയും തനിക്കു ചുറ്റും ആളുകളെ അണിനിരത്താന്‍ ഉപകരിക്കുകയും ചെയ്തു. വിശ്വസ്തരായ ഒരു അനുയായി വൃന്ദത്തെ വളര്‍ത്തിയെടുക്കാന്‍ ട്രംപിന് കഴിഞ്ഞു, അത് ഇന്നും നിലനില്‍ക്കുന്നു.
നയ നേട്ടങ്ങളും യാഥാസ്ഥിതിക അഭ്യര്‍ത്ഥനകളും
ട്രംപിന്റെ ഭരണകാലയളവ് നയപരമായ പല സുപ്രധാന മാറ്റങ്ങള്‍ക്കും കാരണമായിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ജനപ്രീതിയുടെ അടിത്തറയ്ക്ക് ബലം കൂട്ടി. പ്രധാനമായും കോര്‍പ്പറേറ്റുകളെയും സമ്പന്നരെയും ലക്ഷ്യമിട്ടുള്ള നികുതി വെട്ടിക്കുറവുകള്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് പ്രചരിക്കപ്പെട്ടത്.
കൂടാതെ, ഫെഡറല്‍ ജുഡീഷ്യറിയെ പുനര്‍രൂപകല്‍പ്പന ചെയ്യാനായി യാഥാസ്ഥിതിക ജഡ്ജിമാരെ നിയമിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ദീര്‍ഘകാലമായുള്ള റിപ്പബ്ലിക്കന്‍ ലക്ഷ്യങ്ങളെ പിന്തുടരുന്നതായിരുന്നു.
അന്താരാഷ്ട്ര വിഷയങ്ങളില്‍, കുടിയേറ്റത്തിന്റെ കാര്യത്തില്‍ എടുത്ത കടുത്ത നിലപാടുകള്‍, നിരവധി ബഹുമുഖ കരാറുകളില്‍ നിന്നുള്ള പിന്മാറ്റം, വ്യാപാര തര്‍ക്കങ്ങളില്‍-പ്രത്യേകിച്ച് ചൈനയുമായി-ഏര്‍പ്പെട്ടതുമെല്ലാം ട്രംപിന് പിന്തുണ കൂട്ടുകയുണ്ടായി. യാഥാസ്ഥിതിക വോട്ടര്‍മാര്‍ക്കിടയില്‍, വെല്ലുവിളികളെ നേരിടാന്‍ തയ്യാറുള്ള ഒരു നിര്‍ണായക നേതാവെന്ന ഇമേജ് നേടിക്കൊടുത്തു. നയപരമായി ഉണ്ടായ നേട്ടങ്ങള്‍ അദ്ദേഹത്തിന് വോട്ടര്‍മാരുടെ പിന്തുണ കൂട്ടി. പ്രത്യേകിച്ച ‘കടുത്ത യാഥാസ്ഥിതികര്‍’ക്കിടയില്‍ അദ്ദേഹത്തിന്റെ പിന്തുണ ഉറപ്പിച്ചു.
മാറുന്ന വോട്ടര്‍മാര്‍
ട്രംപിന്റെ ജനപ്രീതി പരിശോധിക്കുമ്പോള്‍, അമേരിക്കയിലെ മാറുന്ന വോട്ടര്‍ സാഹചര്യങ്ങളും ഘടകമായിട്ടുണ്ട്. വ്യത്യസ്ത ജനവിഭാഗങ്ങളുടെ പിന്തുണ അദ്ദേഹത്തിന് കിട്ടുന്നുണ്ട്. ‘അമേരിക്കന്‍ സംരക്ഷണവാദികള്‍’ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ ഗ്രൂപ്പ് ട്രംപിന് പിന്നില്‍ അണിനിരക്കുന്നുണ്ടെന്നാണ് ഡെമോക്രസി ഫണ്ട് വോട്ടര്‍ സ്റ്റഡി പറയുന്നത്. താഴ്ന്ന ഔപചാരിക വിദ്യാഭ്യാസ നിലവാരവും താഴ്ന്ന വരുമാനവും ഉള്ള ഈ ഗ്രൂപ്പ്, ആധുനിക സമ്പദ്വ്യവസ്ഥയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതായി തോന്നുന്ന ജനസംഖ്യയുടെ ഒരു വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈക്കൂട്ടരില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്, അവര്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഇരകളാണ്. അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നിയ ഒരു സമയത്തിന്റെ(ട്രംപിന്റെ കാലത്ത്) ഗൃഹാതുരത ഇപ്പോഴും അവരെ പിന്തുടരുന്നുണ്ട്.
മാത്രമല്ല, കറുത്ത, ലാറ്റിനോ വോട്ടര്‍മാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ട്രംപിനുള്ള പിന്തുണ കൂടിയിട്ടുണ്ടെന്നാണ് സമീപകാല കണക്കുകള്‍ സൂചിപ്പിക്കുന്നത്. ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍, അദ്ദേഹത്തിന്റെ പിന്‍ഗാമി ജോ ബൈഡന്റെ നയങ്ങളേക്കാള്‍ മെച്ചമായിരുന്നു എന്നു കരുതുന്നവരാണ് ട്രംപിന്റെ സാധ്യതകള്‍ ഇപ്പോഴും സജീവമാക്കുന്നത്.
സാമ്പത്തിക ഗൃഹാതുരതയും അസംതൃപ്തിയും
ട്രംപിന്റെ ജനപ്രീതിയുടെ ഒരു കാരണം വോട്ടര്‍മാര്‍ ഇപ്പോഴും അനുഭവിക്കുന്ന സാമ്പത്തിക ഗൃഹാതുരതയാണ്. കോവിഡ് മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ കേന്ദ്ര ചര്‍ച്ചയായിരുന്നു. പല വോട്ടര്‍മാര്‍ക്കും, പ്രത്യേകിച്ച് തൊഴിലാളിവര്‍ഗത്തിനും ന്യൂനപക്ഷങ്ങള്‍ക്കും, സാമ്പത്തിക സ്ഥിതി കൂടുതല്‍ വെല്ലുവിളിയായി മാറിയിരുന്നു. ഉയര്‍ന്ന പണപ്പെരുപ്പം, വര്‍ദ്ധിച്ചുവരുന്ന പലിശനിരക്ക്, തൊഴില്‍ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ ബൈഡന്‍ ഭരണകൂടത്തോടുള്ള അതൃപ്തിക്ക് ആക്കം കൂട്ടി. ട്രംപ് ഈ അതൃപ്തി ഫലപ്രദമായി മുതലെടുത്തു. തന്റെ ഭരണകാലത്ത് നിലനിന്നിരുന്ന സാമ്പത്തിക വ്യവസ്ഥയുമായി നിലവിലെ സാമ്പത്തികാവസ്ഥയെ താരതമ്യപ്പെടുത്തി അദ്ദേഹം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
വോട്ടര്‍മാരില്‍ പ്രധാന വിഭാഗങ്ങള്‍- യുവാക്കളും ന്യൂനപക്ഷ വോട്ടര്‍മാരും ഉള്‍പ്പെടെ, ട്രംപിന്റെ കീഴില്‍ സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടതായിരുന്നുവെന്ന് വിശ്വസിക്കുന്നുവെന്നാണ് സര്‍വേകള്‍ പറയുന്നത്. ബൈഡന്റെ കീഴില്‍ നേരിടുന്ന സാമ്പത്തിക തകര്‍ച്ച ട്രംപിനു മേലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ട്രംപിന്റെ വര്‍ദ്ധിച്ച ജനപ്രീതിക്ക് കാരണമായ മറ്റൊരു ഘടകം കാലക്രമേണ അദ്ദേഹത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുന്നു എന്നതാണ്. 2021 ജനുവരി 6-ലെ പ്രക്ഷുബ്ധമായ സംഭവങ്ങള്‍ക്ക് ശേഷം, ജനക്കൂട്ടം യു.എസ്. ക്യാപിറ്റലില്‍ ഇരച്ചുകയറിയതിനു പിന്നാലെ ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിരുന്നു. എന്നിരുന്നാലും, കാലക്രമേണ, വോട്ടര്‍മാര്‍ അന്നത്തെ സംഭവങ്ങളെ മറ്റൊരു വീക്ഷണത്തിലൂടെ സമീപിക്കാന്‍ തുടങ്ങിയതോടെ, അദ്ദേഹത്തോടുള്ള അകല്‍ച്ച കുറഞ്ഞു വന്നു.
സുപ്രധാന വോട്ടര്‍ ഗ്രൂപ്പുകള്‍ ഒരിക്കല്‍ ട്രംപിനോട് നിഷേധാത്മക നിലപാടായിരുന്നു എടുത്തിരുന്നത്. എന്നാല്‍ ജനുവരി 6 ന്റെ ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങുന്നതിനൊപ്പം അദ്ദേഹത്തിന്റെ പിന്തുയും ക്രമേണ ഉയരുന്നുണ്ടെന്നാണ് പോളിംഗ് ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. കാലക്രമേണ അമേരിക്കന്‍ രാഷ്ട്രീയ മനോഭാവങ്ങള്‍ എങ്ങനെ മാറുമെന്നുകൂടിയാണ് ഈ പ്രതിഭാസം വ്യക്തമാക്കുന്നത്.
മാധ്യമ ശ്രദ്ധയുടെ പങ്ക്
ട്രംപിന്റെ നിലവിലെ പ്രചാരണ തന്ത്രവും അദ്ദേഹത്തിന്റെ വര്‍ദ്ധിക്കുന്ന ജനപ്രീതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. 2016ലെപോലെ പ്രക്ഷുബ്ധമായൊരു മാധ്യമ അന്തരീക്ഷമല്ല 2024 ല്‍ ഉള്ളത്. വലിയ ബഹളങ്ങള്‍ളുണ്ടാക്കി മാധ്യമ ശ്രദ്ധ നേടാനല്ല ശ്രമിക്കുന്നത്. അതിനു കാരണം, രാഷ്ട്രീയ വാര്‍ത്തകളോടുള്ള പൊതുജനശ്രദ്ധ കുറയുന്നതാണ്. ശാന്തമായ പ്രചാരണ രീതി അവലംബിച്ച്, രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കിയാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്.
സര്‍വേകളില്‍ കാണാന്‍ കഴിയുന്നത്, രാഷ്ട്രീയത്തെ അടുത്ത് പിന്തുടരുന്ന അമേരിക്കക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നുവെന്നാണ്. ഇത് ട്രംപിന് അനുകൂലമാണ്. മുന്‍കാലങ്ങളിലെ പോലെ പ്രചാരണ കോലാഹലങ്ങള്‍കുറച്ച് രാഷ്ട്രീയ രംഗത്ത് സാന്നിധ്യം നിലനിര്‍ത്താന്‍ ഇത്തവണ ട്രംപിന് കഴിഞ്ഞിട്ടുണ്ട്.
ട്രംപിന്റെ ജനപ്രീതിയുടെ സങ്കീര്‍ണ്ണമായ ഭൂപ്രകൃതി
ചുരുക്കത്തില്‍, ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥായിയായ ജനപ്രീതിക്ക് കാരണമായത് സങ്കീര്‍ണമായ വിവിധ ഘടകങ്ങളാണ്. പ്രചാരണരംഗത്തെ അദ്ദേഹത്തിന്റെ പാരമ്പര്യേതര സമീപനം, കാര്യമായ നയ നേട്ടങ്ങള്‍, മാറിക്കൊണ്ടിരിക്കുന്ന വോട്ടര്‍മാര്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ അടിത്തറ ശക്തമാക്കുന്നുണ്ട്. കൂടാതെ, സാമ്പത്തിക ഗൃഹാതുരതയും വീണ്ടെടുത്ത പ്രതിച്ഛായയും വോട്ടര്‍മാരുടെ കണ്ണില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ ഭൂപ്രകൃതി മാറുന്നത് തുടരുമ്പോള്‍, ട്രംപിന്റെ അഭ്യര്‍ത്ഥനകള്‍ അമേരിക്കന്‍ രാഷ്ട്രീയ ഗതി മനസ്സിലാക്കുന്നതില്‍ നിര്‍ണായകമാകും. അദ്ദേഹത്തിന്റെ ഭരണകാലം അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തിലുള്ള വിള്ളലുകള്‍ സൃഷ്ടിച്ചുവെങ്കിലും, പരമ്പരാഗത രാഷ്ട്രീയ പ്രതീക്ഷകളെ ധിക്കരിച്ചുകൊണ്ട് തന്നെ തന്റെ പിന്തുണ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ച ഒരു നേതാവിന്റെ ശാശ്വത ശക്തിയും അത് എടുത്തുകാണിക്കുന്നുണ്ട്. ഈ ജനപ്രീതി ഇത്തവണ അദ്ദേഹത്തിന് ഒരുവട്ടം കൂടി വൈറ്റ് ഹൗസില്‍ എത്താന്‍ വഴി തെളിക്കുമോയെന്നത് കാത്തിരുന്നത് കാണണം. എന്നാല്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ട്രംപിന്റെ സ്വാധീനം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാണ്. Unconventional Campaign & Person: How to understand Donald Trump’s popularity
Content Summary; Unconventional Campaign & Person: How to understand Donald Trump’s popularity