July 17, 2025 |

ബിഹാറിന് കൈ നിറയെ; കേരളത്തിന് ഇക്കുറിയും അവഗണന

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രത്യേക ബിഹാര്‍ സ്നേഹം

മൂന്നാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ് കിങ് മേക്കേഴ്‌സിന് വേണ്ടിയുള്ള പ്രീണന ബജറ്റായിരുന്നുവെങ്കില്‍ രണ്ടാം ബജറ്റില്‍ ബിഹാറിന് മാത്രമാണ് തലോടല്‍. ബജറ്റ് പ്രസംഗം ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ബിഹാറിനുള്ള പ്രഖ്യാപനങ്ങളായി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെയാണ് ധനമന്ത്രിയുടെ പ്രത്യേക ബിഹാര്‍ സ്‌നേഹം.union budget neglect for kerala, special consideration to bihar

ബജറ്റിലുടനീളം ബിഹാറിനെ പ്രത്യേകമായി തന്നെയാണ് പരിഗണിച്ചിരിക്കുന്നത്. ആദ്യ പ്രഖ്യാപനം തന്നെ ബിഹാറില്‍ ആരംഭിക്കുന്ന മഖാന (താമരവിത്ത്) ബോര്‍ഡിനെ കുറിച്ചായിരുന്നു. മഖാന ബോര്‍ഡിലൂടെ കര്‍ഷകര്‍ക്ക് കേന്ദ്രത്തിന്റെ വിവിധ പദ്ധതികളില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടാന്‍ സഹായകമാകും. മഖാനയുടെ ഉല്‍പ്പാദനം, സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നിവ വര്‍ദ്ധിപ്പിക്കുക. ഈ പരമ്പരാഗത വിളയ്ക്ക് ഗണ്യമായ വളര്‍ച്ചാ സാധ്യത നല്‍കുന്നതിലൂടെ വടക്കന്‍ ബിഹാറിലെ കര്‍ഷകരെ സഹായിക്കാന്‍ കഴിയുമെന്നും ധനമന്ത്രി പറഞ്ഞു.

ബിഹാറിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, ഗ്രീന്‍ ഫീല്‍ഡ് എയര്‍ പോര്‍ട്ട് എന്നിവ കൂടാതെ പട്‌ന വിമാനത്താവളം നവീകരിക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. വിദ്യാഭ്യാസ മേഖലയി പട്‌ന ഐഐടിക്ക് പുതിയ ഹോസ്റ്റല്‍, അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഉള്‍ക്കൊള്ളാവുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.

പതിവുപോലെ ഇക്കുറിയും കേന്ദ്ര ബജറ്റ് കേരളത്തെ പാടെ അവഗണിച്ചു. കേരളം കേന്ദ്ര ബജറ്റില്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന് 2,000 കോടിയുടെ പാക്കേജും വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയുമാണ് ചോദിച്ചിരുന്നത്‌. വായ്പ പരിധി പ്രവാസി സംരക്ഷണ പദ്ധതികള്‍ക്കായി 300 കോടിയും റബര്‍ താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് 1,000 കോടിയും ചോദിച്ചിരുന്നെങ്കിലും ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രഖ്യാപനവും ഇല്ല.

കേരളം കാലങ്ങളായി ആവശ്യപ്പെടുന്ന എയിംസ്, അങ്കമാലി ശബരിപാത, നിലമ്പൂര്‍-നഞ്ചന്‍കോട്, തലശേരി-മൈസൂര്‍ റെയില്‍പാത തുടങ്ങിയ പദ്ധതികള്‍ ഇക്കുറിയും തഴയപ്പെട്ടു. കൂടാതെ സില്‍വര്‍ലൈന്‍, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍ തുടങ്ങിയവയും സ്വപ്നങ്ങള്‍ മാത്രമായിരിക്കുകയാണ്.

വന്യജീവി ആക്രമണം രൂക്ഷമാകുന്ന കേരളത്തില്‍ ഇതിനായി പ്രതിരോധിക്കാനായി 1,000 കോടിയുടെ പ്രത്യേക പാജേക്ക്, തീരമേഖലയിലെ കടലാക്രമണവും തീരശോഷണവും നേരിടാന്‍ 2329 കോടി, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ വികസനത്തിന് 1293 കോടി, ഉന്നത വിദ്യാഭ്യാസത്തിനായി 2,117 കോടി തുടങ്ങിയ പാക്കേജുകള്‍ കേരളം ആവശ്യപ്പെട്ടെങ്കിലും ഇവയൊന്നും കേന്ദ്രം പരിഗണിച്ചില്ല.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിഹാറിനെയും ആന്ധ്രയെയും ചേര്‍ത്തുനിര്‍ത്തിയ മോദി സര്‍ക്കാര്‍ ആദ്യ ബജറ്റില്‍ രണ്ട് സംസ്ഥാനങ്ങളെയും ചേര്‍ത്തുപിടിച്ചപ്പോള്‍ രണ്ടാം ബജറ്റില്‍ ബിഹാറിനെ മാത്രം തലോടി. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന ഘടകക്ഷികളായ ജെഡിയു വിനെയും ടിഡിപി യെയും തൃപ്തിപ്പെടുത്തേണ്ടത് മോദി സര്‍ക്കാരിന്റെ ആവശ്യം കൂടിയായിട്ടും ആന്ധ്രയെ തള്ളിയത് എന്തുകൊണ്ടെന്ന ചോദ്യവും ഉയരുന്നുണ്ട്.union budget neglect for kerala, special consideration to bihar

Content Summary: union budget neglect for kerala, special consideration to bihar

Leave a Reply

Your email address will not be published. Required fields are marked *

×