‘ചാത്തന്‍ പൂട്ടാന്‍ പോകട്ടെ’ ‘ചാക്കോ നാട് ഭരിക്കട്ടെ’ എന്നത് വിമോചന സമരം എന്നറിയപ്പെടുന്ന കേരളത്തിലെ സവര്‍ണ്ണ ലഹളയില്‍ ഉയര്‍ന്നുവന്ന വംശീയ മുദ്രാവാക്യമാണ്. ചാത്തന്‍ പുലയന്‍ മന്ത്രിയായിരിക്കുന്ന രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെന്ന് പരസ്യമായി പ്രസ്താവിച്ചത് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക നേതാവായ മന്നത്ത് പത്മനാഭനാണ്. മന്നത്ത് പത്മനാഭനും സവര്‍ണ്ണ ക്രൈസ്തവ നേതൃത്വവും ഒറ്റക്കെട്ടായി നയിച്ച വിമോചന സമരത്തില്‍ ഉയര്‍ന്നുവന്നത് അവര്‍ണ്ണര്‍ ഒരിക്കലും തങ്ങളെ ഭരിക്കുംവിധം അധികാരത്തില്‍ വരരുത് എന്ന സവര്‍ണ്ണ ജാതിതല്‍പര്യം തന്നെയാണ്.union minister suresh gopi controversial statement is unconstitutional
‘പാളേല്‍ കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്ന് വിളിപ്പിക്കും’ എന്നതാണ് അവരുടെ ആവശ്യങ്ങളുടെ തുടര്‍ച്ച.
വിമോചന സമരം അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് മന്ത്രിസഭയോടുള്ള പ്രതിഷേധം എന്നതിനേക്കാളുപരി ദളിതരും ഈഴവരുമടക്കമുള്ള അവര്‍ണര്‍ അധികാര രംഗങ്ങളില്‍ കാണപ്പെടുന്നു എന്നുള്ള സവര്‍ണ്ണപേടിയുടെ അസ്വസ്ഥതയായിരുന്നു എന്ന് സാമൂഹിക ചിന്തകനായ കെ.കെ കൊച്ച് അദ്ദേഹത്തിന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. വിമോചന സമരത്തില്‍ ആക്രമിക്കപ്പെട്ടത് മുഖ്യമായും ഈഴവരും ദളിതരുമായിരുന്നു എന്ന വസ്തുതയും കെ.കെ കൊച്ച് വിശദമാക്കുന്നുണ്ട്.
ദളിതനായ ഉദ്യോഗസ്ഥന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് ഐ ജിയായി വിരമിച്ചപ്പോള്‍ അദ്ദേഹം ഇരുന്ന കസേരയില്‍ ചാണക വെള്ളം തളിച്ചതിലും ഇതേ സവര്‍ണ വംശീയതയാണ് കേരളത്തില്‍ പ്രകടമായത്.
ഇന്ത്യന്‍ പുരാണ കഥകളിലെല്ലാം ദേവന്മാരല്ലാത്തവര്‍ ഭരണം കൈയ്യാളുമോ എന്ന പേടിയും, ആ പേടിയുടെ പരിഹാരക്രിയകളുമാണ് മിക്കവാറും കഥകളുടെയും അടിസ്ഥാനം. തങ്ങളുടെ വംശമല്ലാത്തവരാരും ഭരണാധികാരിയാവരുത് എന്ന വംശീയ ബോധത്തിന്റെ പ്രഖ്യാപനമാണ് പുരാണ കഥകള്‍ക്കെല്ലാം അടിസ്ഥാനവും.
ചാതുര്‍വര്‍ണ്യത്തിലും ജാതിയിലും അധിഷ്ഠിതമായ സനാതനധര്‍മ്മ ഭരണക്രമം തന്നെയാണ് വലതുപക്ഷം എക്കാലത്തും ലക്ഷ്യമിടുന്നത്. ഗുണം എന്നാല്‍, യൂറോപ്പില്‍ വെളുത്ത പുരുഷനിലും ഇന്ത്യയില്‍ സവര്‍ണ്ണ പുരുഷനിലും മാത്രം നിലനില്‍ക്കുന്ന സവിശേഷത എന്ന സങ്കല്പമാണ് കാലങ്ങളായി വംശീയബോധം തുടര്‍ന്നു പോരുന്നത്. മുഴുവന്‍ സ്ത്രീകളും മുഴുവന്‍ അവര്‍ണ്ണരും ഗുണം എന്ന സങ്കല്‍പ്പത്തിന് പുറത്താവുന്നത് ഇത്തരം വംശീയ ചിന്തകളില്‍ നിന്നു തന്നെയാണ്.
ഡോ. ബി ആര്‍ അംബേദ്കറെ ഇക്കാലമത്രയും അര്‍ഹിക്കുന്ന ജ്ഞാനവ്യക്തിത്വമായി ഇന്ത്യന്‍ പൊതുസമൂഹം അംഗീകരിക്കാതിരുന്നത് അദ്ദേഹത്തിന്റെ വൈജ്ഞാനികതയില്‍ എന്തെങ്കിലും കുറവുണ്ടായിരുന്നതുകൊണ്ടല്ല, മറിച്ച് അദ്ദേഹം ഉന്നതകുലജാതനായിരുന്നില്ല എന്നതുകൊണ്ട് മാത്രമാണ്. ഇന്ത്യാ രാജ്യത്ത് പൊതുവായിരിക്കാന്‍ സവര്‍ണര്‍ക്ക് മാത്രമേ കഴിയൂ എന്നതാണ് എക്കാലത്തെയും യാഥാര്‍ത്ഥ്യം.
ജാതി എന്നത് ഒരു സ്വയംഭരണ സ്ഥാപനമാണ്. പുകഴ്ത്താന്‍ മുകളിലും ഇകഴ്ത്താന്‍ താഴെയും ജാതികളെ നിര്‍മ്മിച്ചിട്ടുള്ളതിനാലാണ് അത് സ്വയംഭരണ സ്ഥാപനമായി നിലനില്‍ക്കുന്നത്. സുരേഷ് ഗോപി കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് ഇതേ ജാതി ധര്‍മ്മമാണ്. നമ്പൂതിരി വിഭാഗങ്ങളെ ദൈവതുല്യമായി പരിഗണിക്കുന്ന സുരേഷ് ഗോപി, ആദിവാസി വിഭാഗങ്ങളെ തുല്യമനുഷ്യരായി പോലും പരിഗണിക്കുന്നില്ല. ആദിവാസികള്‍ക്ക് ഭരിക്കാനൊന്നും കഴിയില്ല എന്ന ജാതി ചിന്തയില്‍ നിന്നാണ് സുരേഷ് ഗോപിയുടെ പ്രസ്താവന ഉടലെടുത്തിട്ടുള്ളത്. ഈ പ്രസ്താവന നടത്തുമ്പോള്‍, ഇന്ത്യന്‍ പ്രസിഡന്റായി അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത് ദൗപതി മുര്‍മ്മു എന്ന ഒരു ആദിവാസി വനിതയെയാണ് എന്നതും ചേര്‍ത്തുവേണം ഇത്തരം പ്രസ്താവനകളെ വായിക്കാന്‍. അധികാരത്തിലിരിക്കുന്ന ദളിതരും ആദിവാസികളും കഴിവ് കെട്ടവര്‍ എന്ന് സ്ഥാപിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന.
ജാതി/മത/ലിംഗ ഭേദമന്യേ മനുഷ്യരെല്ലാം തുല്യരാണ് എന്നതിനെ അരക്കിട്ടുറപ്പിക്കുന്ന ഒരു ഭരണഘടനയ്ക്ക് കീഴിലാണ് സുരേഷ് ഗോപി പാര്‍ലമെന്റ് അംഗമായിട്ടുള്ളത്. സത്യമായ സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ് ഈ പ്രസ്താവന.
‘ഉന്നതകുലജാതരായ ‘ബ്രാഹ്‌മണരോ നായിഡുവോ ഒക്കെ ആദിവാസി വകുപ്പ് ഭരിച്ചാല്‍ മാത്രമേ ആദിവാസികള്‍ക്ക് പുരോഗതി ഉണ്ടാവൂ എന്നത് തികഞ്ഞ അന്ധവിശ്വാസമാണ്. പാര്‍ലമെന്റ് അംഗമായിരിക്കുമ്പോഴും ഒരാള്‍ക്ക് നാടിന്റെ ചരിത്രത്തില്‍ ലവലേശം അറിവില്ല എന്നതിന്റെ നേര്‍ചിത്രമാണ് ഇത്തരം പ്രസ്താവനകള്‍ തുറന്നിടുന്നത്. നൂറ്റാണ്ടുകളായി ബ്രാഹ്‌മണഹിതമനുസരിച്ച് ക്ഷത്രിയര്‍ ഭരിച്ചതിന്റെയും, ജനാധിപത്യം വന്നതിനുശേഷം സവര്‍ണര്‍ മാത്രം അധികാരം കൈയ്യാളിയതിന്റെയും ഇരകളാണ് ഇന്ത്യയിലെ ആദിവാസികളും ദളിതരും എന്ന സത്യം സുരേഷ് ഗോപി ചരിത്രം വായിച്ചുതന്നെ മനസ്സിലാക്കേണ്ടതുണ്ട്.
കേരളത്തിലാണെങ്കില്‍ ആദിവാസികളുടെ ഭൂമി വരുത്തരായ കുടിയേറ്റക്കാര്‍ കൈയേറിയതാണ് മുഖ്യ പ്രശ്‌നം. കൈയ്യേറിയ ഭൂമി തിരികെ കൊടുക്കാന്‍ സുപ്രീംകോടതിയുടെ വിധിയുണ്ടായിട്ടും അത് കേരളത്തില്‍ നടപ്പായില്ല. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പകുതിയും നിലനില്‍ക്കുന്ന എയ്ഡഡ് വിദ്യാലയ നിയമനങ്ങളില്‍ സംവരണം ഇല്ലാത്തതിനാല്‍ ദളിതരെയും ആദിവാസികളെയും അവിടെയും പുറത്തു നിര്‍ത്തിയിരിക്കുന്നു. പല ഉന്നതകുലജാതരും ഭരണം നടത്തിപ്പോയിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇന്നും പരിഹാരമില്ല. ഉന്നതകുലജാതര്‍ ഭരിച്ചു എന്നതുകൊണ്ടൊന്നും ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ല എന്നതിന് കേരളം തന്നെയാണ് മുഖ്യ ഉദാഹരണം.
ബ്രാഹ്‌മണനായി ജനിക്കാത്തതില്‍ മനംനൊന്തു നടക്കുന്ന വ്യക്തിയാണ് സുരേഷ്‌ഗോപി. ഇനി വരുന്ന ജന്മമെങ്കിലും ബ്രാഹ്‌മണനായി ജനിക്കണമെന്ന ആഗ്രഹം ആവര്‍ത്തിച്ച് പറയുകവഴി ജാതീയത സുരേഷ് ഗോപിയില്‍ എത്രമാത്രം ആഴത്തിലുണ്ടെന്നത് ഇതിനോടകം വ്യക്തമായിട്ടുള്ളതാണ്. ദൈവത്തിലോ മതത്തിലോ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കും ഭരണഘടന തുല്യ നീതി പ്രദാനം ചെയ്യുന്ന ഈ നാട്ടിലെ അധികാരത്തില്‍ ഇരിക്കുന്ന ഒരാള്‍ ദൈവവിശ്വാസം ഇല്ലാത്തവരോട് തനിക്ക് യാതൊരു സ്നേഹവുമില്ലെന്നും അവരുടെ സര്‍വനാശത്തിനുവേണ്ടി ശ്രീകോവിലിന്റെ മുന്നില്‍പ്പോയി താന്‍ പ്രാര്‍ഥിക്കുമെന്നും വിളിച്ചു പറയുന്നതും ഭരണഘടനാ ലംഘനം തന്നെയാണ്.
ദൈവാധീനമാണ് ബ്രാഹ്‌മണ ബീജം എന്ന വിശ്വാസം പുലര്‍ത്തി, സംബന്ധം പവിത്രമായി കരുതിയ സാമൂഹിക വിഭാഗത്തില്‍ നിന്നും ഇത്തരം പ്രസ്താവനകള്‍ വരുന്നതില്‍ അത്ഭുതങ്ങള്‍ക്ക് അവകാശമില്ല. എങ്കിലും കാലഘട്ടം മാറിമറിയുമ്പോഴും നവോത്ഥാനത്തില്‍ നിന്നും പിന്നാക്കം നടക്കുന്ന ഇത്തരം ‘ഗോപിമാര്‍’ ജനാധിപത്യത്തിന് മാത്രമല്ല അവരെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ബാധ്യതയാകുമെന്നത് ഉറപ്പാണ്.union minister suresh gopi controversial statement is unconstitutional
Content Summary: union minister suresh gopi controversial statement is unconstitutional