ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും വലിയ പിന്നാക്ക സംസ്ഥാനങ്ങളില്‍ ഒന്നുമായ ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ ജീവിതനിലവാരം, വികസനം, പുരോഗതി ഇതൊന്നുമല്ല പ്രധാന തിരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയങ്ങള്‍. യുപിയില്‍ ഇത്തവണ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയും കുഴിച്ചിടുകയും ചെയ്യുന്ന ശ്മശാനങ്ങളാണ്. ഫെബ്രുവരി 19ന് ഫത്തേപൂരിലെ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തില്‍ പോലും വിവേചനം പുലര്‍ത്തുകയാണെന്ന് മോദി ആരോപിച്ചിരുന്നു. വര്‍ഗീയ സൂചനകളോടെയാണ് മോദി അന്ന്് സംസാരിച്ചത്്. ഗ്രാമങ്ങളില്‍ ഖബറിസ്ഥാന് ഉണ്ടെങ്കില്‍ ഹിന്ദു ശ്മശാനവും വേണമെന്ന് മോദി പറഞ്ഞിരുന്നു.
മാര്‍ച്ച് ഒന്നിന് ബിജെപി എംപി സാക്ഷി മഹാരാജ് അല്‍പ്പം കൂടി കടന്ന് പറഞ്ഞു. ഖബറിസ്ഥാന് ഇനി ഉണ്ടാക്കരുതെന്ന്. കയ്യേറ്റം തടയുന്നതിനായി ശ്മശാനങ്ങള്‍ക്ക് ചുറ്റും മതില് കെട്ടുന്ന യുപി സര്‍ക്കാരിന്റെ നടപടി പ്രാദേശികമായ സംഘര്‍ഷങ്ങള്‍ക്ക് വഴി വച്ചിരുന്നു. ഇത് മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപി ശ്മശാന രാഷ്ട്രീയവുമായി ഇറങ്ങിയിരിക്കുന്നത്. സംസ്ഥനത്തൊട്ടാകെ 90,000 ശ്മശാനങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു സമാജ്വാദി സര്‍ക്കാരിന്റെ പദ്ധതി. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എസ്പി ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. 2016-17 ബജറ്റില്‍ 400 കോടി രൂപയുടെ പദ്ധതിയാണ് അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ നീക്കി വച്ചത്.
5314 ശ്മശാനങ്ങളില്‍ മതില് കെട്ടിക്കഴിഞ്ഞു. 1121 ഇടങ്ങളില്‍ പണി നടന്നുകൊണ്ടിരിക്കുന്നു. പലയിടങ്ങളിലും മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. ഇത് വച്ചാണ് ബിജെപിയുടെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയം. അവര്‍ക്ക് ഒരു രാഷ്ട്രീയ ആയുധം കിട്ടിയിരിക്കുകയാണ്. വര്‍ഗീയ കലാപം കൊണ്ട് കുപ്രസിദ്ധി നേടിയ മുസഫര്‍നഗറിന് സമീപമുള്ള ജറോദ ഗ്രാമത്തില്‍ രണ്ട് വര്‍ഷത്തോളമായി ദളിത് വിഭാഗത്തില്‍ പെട്ട ജതവ് സമുദായക്കാരും മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ ദളിതരില്‍ 56 ശതമാനവും ജതവ് സമുദായത്തില്‍ പെട്ടവരാണ്. പരമ്പരാഗതമായി ബിഎസ്പിയെ പിന്തുണക്കുന്നവരാണ് ഇവര്‍. ബിഎസ്പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി ഈ സമുദായത്തില്‍ പെട്ടയാളാണ്.
വായനയ്ക്ക്: https://goo.gl/xPvnDX