പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പന്നിയാക്കി ചിത്രീകരിച്ചും പരിഹസിച്ചും വരച്ച കാര്‍ട്ടൂണിന്റെ പേരില്‍ കാര്‍ട്ടൂണിസ്റ്റ് അവി കാറ്റ്‌സിനെ ഇസ്രയേല്‍ മാഗസിന്‍ ഒഴിവാക്കി. ഇസ്രയേലിലെ പ്രമുഖ ഇംഗ്ലീഷ് മാഗസിനുകളിലൊന്നായ ജറുസലേം റിപ്പോര്‍ട്ട് ആണ് പ്രധാനമന്ത്രിയെ പരിഹസിച്ച കാര്‍ട്ടൂണിസ്റ്റിനെ പുറത്താക്കിയത്. ജെറുസലേം പോസ്റ്റ് പത്രത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് മാഗസിന്‍. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി മാഗസിന് വേണ്ടി കാര്‍ട്ടൂണ്‍ വരയ്ക്കുന്നയാളാണ് സ്വതന്ത്ര കാര്‍ട്ടൂണിസ്റ്റ അവി കാറ്റ്‌സ്.
ജോര്‍ജ് ഓര്‍വലിന്റെ വിഖ്യാതമായ അനിമല്‍ ഫാം എന്ന നോവലിലെ വാചകം All animals are equal but some are more equal than others ഉപയോഗിച്ചാണ് കാര്‍ട്ടൂണ്‍. വിവാദ ജൂതരാഷ്ട്ര ബില്‍ പാസാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ സെല്‍ഫിയെടുത്ത് ആഹ്ലാദം പ്രകടിപ്പിച്ച നെതന്യാഹുവിനേയും അദ്ദേഹത്തിന്റെ പാര്‍ട്ടി എംപിമാരേയുമാണ് പന്നികളുടെ രൂപത്തില്‍ കാണിച്ചിരിക്കുന്നത്. ജൂതര്‍ക്ക്, അറബ് മുസ്ലീം ന്യൂനപക്ഷങ്ങളേക്കാള്‍ കൂടുതല്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ നല്‍കുന്ന ബില്ലാണ് പാസാക്കിയത്.
ഇസ്രയേലിലെ യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് മാഗസിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ജെറുസലേം റിപ്പോര്‍ട്ടിന് വേണ്ടി ഷോര്‍ട്ട് ഫിക്ഷനും മറ്റും എഴുതിയിരുന്ന ഹെം വാറ്റ്‌സ്മാന്‍ പ്രതിഷേധം വ്യക്തമാക്കി രാജി വച്ചു. കാറ്റ്‌സിന് പിന്തുണയുമായി ധന സമാഹരണത്തിന് ആഹ്വാനം ചെയ്തുള്ള ക്രൗഡ് ഫണ്ടിംഗ് പേജ് ഇതുവരെ 60,000 ഷെകെല്‍ (ഏതാണ്ട് 11.28 ലക്ഷം ഇന്ത്യന്‍ രൂപ) സമാഹരിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.