കാലാവധി അവസാനിക്കാൻ 5 വർഷം ബാക്കി നിൽക്കെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ചെയർമാൻ മനോജ് സോണി രാജി വച്ചു. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2017-ൽ കമ്മീഷൻ അംഗമായി ചുമതലയേറ്റ, സോണി 2023 മെയ് 16- നാണ് ചെയർമാനായി നിയമിതനാകുന്നത്.Manoj Soni upsc chairman resignation
രണ്ടാഴ്ച മുമ്പാണ് അദ്ദേഹം രാജി സമർപ്പിച്ചത്, എന്നാൽ ഇതുവരെയും രാജി സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചതായാണ് വിവരം. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി യുപിഎസ്‌സി ഉദ്യോഗാർത്ഥികൾ ജോലി നേടിയതുമായി ബന്ധപ്പെട്ട വിവാദവുമായി രാജിക്ക് ബന്ധമില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. ഭിന്നശേഷി ഉണ്ടെന്ന് കാണിച്ച് പൂജ ഖേദ്കർ ഐഎഎസ് നേടിയത് വലിയ വിവാദമായിരുന്നു. പ്രസിഡന്റ് ദ്രൗപതി മുർമുവിന് സോണി രാജിക്കത്ത് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, പുതിയ ചെയർമാൻ്റെ പേര് സർക്കാർ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ഗുജറാത്തിലെ സ്വാമിനാരായണൻ വിഭാഗത്തിൻ്റെ ശാഖയായ അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാനായി അദ്ദേഹം രാജി തെരഞ്ഞെടുത്തതായി അടുത്ത വൃത്തങ്ങൾ പറയുന്നു. 2020-ൽ ദീക്ഷ സ്വീകരിച്ചതിന് ശേഷം അദ്ദേഹം മിഷനിലെ നിഷ്കാം കർമ്മയോഗി (നിസ്വാർത്ഥ പ്രവർത്തകൻ) എന്നറിയപ്പെടുന്ന സന്യാസിയായി. തന്റെ നാൽപ്പതാം വയസിലാണ് സോണി വഡോദരയിലെ പ്രശസ്തമായ എംഎസ് സർവകലാശാലയുടെ വൈസ് ചാൻസലറായി അധികാരമേൽക്കുന്നത്. 2005-ൽ അദ്ദേഹം ചുമതലയേറ്റതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വി-സിയെന്ന വിശേഷണവും ലഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത വ്യക്തിയെന്ന ഖ്യാതിയും സോണിക്കുണ്ട്.
2017-ൽ ജൂണിൽ യുപിഎസ്‌സിയിലേക്ക് നിയമിതനാകുന്നതിന് മുമ്പ്, സോണി സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ രണ്ട് സർവകലാശാലകളിൽ മൂന്ന് തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 വരെ ഡോ ബാബാസാഹെബ് അംബേദ്കർ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (BAOU) വിസിയായിരുന്നു. ഗുജറാത്ത് സർക്കാറിന്റെ ഈ സർവ്വകലാശാല ഡിസ്റ്റന്റ് എജ്യൂക്കേഷൻ കോഴ്സുകളാണ് നൽകുന്നത്. പൂജ ഖേദ്കർ വ്യാജരേഖ ചമച്ചതായി ആരോപിക്കപ്പെട്ട സാഹചര്യത്തിൽ യുപിഎസ്‌സി പരീക്ഷയുടെയും, തെരഞ്ഞെടുപ്പ് പ്രക്രിയകളുടെയും സമഗ്രത ചോദ്യം ചെയ്യപ്പെട്ടിരുന്നു.Manoj Soni upsc chairman resignation
Conent summary; UPSC Chairperson Manoj Soni resigns five years before term ends