യുപിഎസ്‌സി കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി മലയാളി ഉള്‍പ്പെടെ മൂന്നു സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ഡല്‍ഹി പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. എറണാകുളം സ്വദേശി നവീന്‍ ആണ് മരിച്ച മലയാളി വിദ്യാര്‍ത്ഥിയെന്നാണ് ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വരുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. കനത്ത മഴയെ തുടര്‍ന്ന് ഓള്‍ഡ് രജീന്ദര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന യുപിഎസ്‌സി കോച്ചിംഗ് സെന്ററായ റാവുസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളില്‍ ശനിയാഴ്ച്ച രാത്രി വെള്ളം കയറി ദുരന്തമുണ്ടായത്. രാത്രി ഏഴ് മണിയോടെ സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം ഇരച്ചു കയറുകയായിരുന്നു.
ഡല്‍ഹി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വൈകിട്ട് ഏഴ് മണിയോടെയാണ് രക്ഷാ സഹായം തേടി ഫോണ്‍ വിളി വരുന്നത്. കുറച്ചു പേര്‍ കെട്ടിടത്തില്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നായിരുന്നു വിളിച്ചവര്‍ പറഞ്ഞത്. ബേസ്‌മെന്റിലേക്ക് വളരെ പെട്ടെന്ന് തന്നെ വെള്ളം ഇരച്ചു കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ കുടങ്ങിപ്പോയത്. എങ്ങനെയാണ് ബേസ്‌മെന്റില്‍ വെള്ളം കയറിയതെന്നതിനെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും സെന്‍്ട്രല്‍ ഡല്‍ഹി ഡിസിപി എം ഹര്‍ഷവര്‍ദ്ധന്‍ മാധ്യമങ്ങളെ അറിച്ച വിവരമാണിത്. അഗ്നിശമന സേനയെ കൂടാതെ, ദേശീയ ദുരന്തനിവാരണ സേന, ലോക്കല്‍ പൊലീസ് എന്നിവരും അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി റവന്യു വകുപ്പ് മന്ത്രി അതിഷി ചീഫ് സെക്രട്ടറി നരേഷ് കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുമെന്നും, കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാരാണ് മരണങ്ങള്‍ക്ക് ഉത്തരവാദികളെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ‘ ആരും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് ആരെങ്കിലും ഇവിടെ വരണം, ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. എ സി മുറിയിലിരുന്ന് ട്വീറ്റ് ചെയ്തിട്ടോ കത്തെഴുതിയിട്ടോ കാര്യമില്ല’ പ്രതിഷേധക്കാരുടെ രോഷപ്രകടനമിങ്ങനെയാണ്.
പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്, ബേസ്‌മെന്റില്‍ ലൈബ്രറി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് പെട്ടെന്നുണ്ടായ വെള്ളത്തില്‍ പെട്ടുപോയത്.
അപകടം നടന്ന കോച്ചിംഗ് സെന്റര്‍ പോലെ പല സെന്ററുകളും രജീന്ദര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെട്ടിട നിയമ ചട്ടങ്ങള്‍ ലംഘിച്ച്, ബേസ്‌മെന്റുകള്‍ വാണിജ്യ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്ന കോച്ചിംഗ് സെന്റുകളാണ് കൂടുലും. ഇവയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് അപകടത്തിന് പിന്നാലെ ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്‌റോയി അറിയിച്ചിരിക്കുന്നത്.
സമീപത്തുള്ള ഓവ് ചാലുകള്‍ നിറഞ്ഞൊഴുകിയതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് വിവരം. 31.5 മില്ലി മീറ്റര്‍ മഴയാണ് ശനിയാഴ്ച്ച വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെ പെയ്തതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരമനുസരിച്ച് ബേസ്‌മെന്റില്‍ 12 അടിയോളം വെള്ളം ഉയര്‍ന്നിരുന്നു. നൊടിയിടയില്‍ വെള്ളം ഇരച്ചു കയറുകയായിരുന്നുവെന്നും ലൈബ്രറിയില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് രക്ഷപ്പെടാന്‍ ഒട്ടും സമയം കിട്ടിയില്ലെന്നും അവിടെയുണ്ടായിരുന്നവര്‍ പറയുന്നത്. വെള്ളം കയറിയ ഉടന്‍ തന്നെ തങ്ങള്‍ 112 ലേക്ക് വിളിച്ചിരുന്നുവെന്നും, എന്നാല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് മൂലം രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തുന്നതിന് കാലതാമസം നേരിടേണ്ടി വന്നുവെന്നും കോച്ചിംഗ് സെന്ററിലെ ഒരു ഫാക്കല്‍റ്റി അംഗം മാധ്യമങ്ങളോട് പറയുന്നുണ്ട്.
കോച്ചിംഗ് സെന്റര്‍ ദുരന്തം ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരായ രാഷ്ട്രീയാക്രമണത്തിന് ബിജെപി ഉപയോഗിക്കുന്നുണ്ട്. പലതവണ പരാതി നല്‍കിയിട്ടും ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയിലെ ഓവ് ചാലുകള്‍ വൃത്തിയാക്കാന്‍ തയ്യാറാകാതിരുന്നതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്നാണ് ബിജെപി ആരോപിക്കുന്നത്. upsc delhi coaching centre flood three ias aspirants death including one malayali investigation started
Content Summary; upsc delhi coaching centre flood three ias aspirants death including one malayali investigation started