കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിനോട് സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കല്‍ വിഷയത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പത്ത് സുപ്രധാന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വേണം അദ്ദേഹത്തിന് ഹാജരാകാന്‍.
ജനുവരി 28ന് മുമ്പാണ് പട്ടേല്‍ ഹാജരാകേണ്ടത്. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിലെ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍, സാമ്പത്തിക രംഗത്തുണ്ടാക്കിയ മാറ്റം തുടങ്ങിയവയാണ് വിശദീകരിക്കേണ്ടത്. ഡിസംബര്‍ മുപ്പതിന് പാര്‍ലമെന്റ് പാനല്‍ പട്ടേലിന് അയച്ച ചോദ്യാവലിയുടെ പകര്‍പ്പ് ഇന്ത്യന്‍ എക്‌സ്പ്രസാണ് പുറത്തുവിട്ടത്.
അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ എന്തുകൊണ്ട് ഉര്‍ജ്ജിത് പട്ടേല്‍ വിചാരണ ചെയ്യപ്പെടുന്നില്ലെന്നും പുറത്താക്കപ്പെടുന്നില്ലെന്നും ചോദ്യാവലിയില്‍ ചോദിക്കുന്നു. എത്ര നോട്ടുകള്‍ അസാധുവാക്കി, എത്ര നോട്ടുകള്‍ അതില്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തി എന്നിവയാണ് മറ്റ് ചോദ്യങ്ങള്‍.
ചോദ്യങ്ങള്‍ ഇവയാണ്.
1. നോട്ട് അസാധുവാക്കല്‍ തീരുമാനം റിസര്‍വ് ബാങ്കിന്റെയും അതിന്റെ ബോര്‍ഡിന്റേതുമാണെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ സഭയില്‍ പറഞ്ഞിരുന്നു. താങ്കള്‍ ഇതിനോട് യോജിക്കുന്നുണ്ടോ?
2. റിസര്‍വ് ബാങ്കിന്റെ തീരുമാനമാണ് ഇതെങ്കില്‍ എപ്പോഴാണ് ഇന്ത്യയ്ക്ക് ഏറ്റവും നല്ലത് നോട്ട് അസാധുവാക്കലാണെന്ന് തിരിച്ചറിഞ്ഞത്.
3. ഒരു പാതിരാത്രിയില്‍ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ച യഥാര്‍ത്ഥ ഘടകമെന്താണ്?
4. അസാധുവാക്കിയ നോട്ടുകളുടെ എണ്ണം പരിശോധിച്ചാല്‍ രാജ്യത്ത് വിതരണത്തിലുള്ള 86 ശതമാനമാണെന്ന് കാണാം. നോട്ട് അസാധുവാക്കല്‍ ഇത്രയ്ക്കും അടിയന്തരമായി നടപ്പാക്കണമെന്ന് റിസര്‍വ് ബാങ്കിന് തോന്നാനുള്ള കാരണം എന്താണ്?
5. നവംബര്‍ എട്ടിന്റെ അടിയന്തര യോഗത്തെക്കുറിച്ച് റിസര്‍വ് ബാങ്ക് ബോര്‍ഡ് അംഗങ്ങളെ എപ്പോഴാണ് നോട്ടീസ് മുഖേന അറിയിച്ചത്? ആരൊക്കെ യോഗത്തില്‍ പങ്കെടുത്തു? യോഗം എത്രനേരം നീണ്ടുനിന്നു? യോഗത്തിന്റെ മിനുറ്റ്‌സ് എവിടെ?
6. നോട്ട് അസാധുവാക്കലിന് മന്ത്രിസഭാ യോഗത്തിന്റെ അനുമതി തേടി അയച്ച കത്തില്‍ ഇതുമൂലം 86 ശതമാനം നോട്ടുകള്‍ അസാധുവാകുമെന്നും അത് തരണം ചെയ്യാന്‍ വേണ്ടി വരുന്ന ചെലവുകളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നോ? നോട്ടിന്റെ ലഭ്യത പൂര്‍വസ്ഥിതിയിലാക്കാന്‍ എത്രകാലം വേണമെന്നാണ് റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നത്?
7. നവംബര്‍ എട്ടിന് റിസര്‍വ് ബാങ്ക് 3സി(അഞ്ച്) വകുപ്പ് പ്രകാരം പുറത്തിറക്കിയ ഉത്തരവില്‍ ബാങ്കില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന തുക പതിനായിരവും ഒരു ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഇരുപതിനായിരവും ആക്കിയിരുന്നു. അതുപോലെ എടിഎമ്മില്‍ നിന്നുള്ള പിന്‍വലിക്കലിന് രണ്ടായിരം രൂപ എന്ന പരിധിയും നിശ്ചയിച്ചു. റിസര്‍വ് ബാങ്ക് എന്ത് അധികാരത്തിലാണ് ജനങ്ങളുടെ പണം അവര്‍ക്ക് തന്നെ പിന്‍വലിക്കുന്നതിന് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്? രാജ്യത്ത് നോട്ട് റേഷന്‍ ആയി വിതരണം ചെയ്യാന്‍ റിസര്‍വ് ബാങ്കിന് എങ്ങനെയാണ് അധികാരമുണ്ടായത്? നിയമം റിസര്‍വ് ബാങ്കിനെ അതിന് അനുവദിക്കുന്നില്ലെന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ അധികാര ദുര്‍വിനിയോഗത്തിന്റെ പേരില്‍ വിചാരണ ചെയ്യപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്യാത്തത്?
8. കഴിഞ്ഞ രണ്ട് മാസത്തിനിടെ റിസര്‍വ് ബാങ്കിന്റെ വ്യവസ്ഥകളില്‍ എങ്ങനെയാണ് നിരവധി മാറ്റങ്ങള്‍ ഉണ്ടായത്? പണം പിന്‍വലിക്കാനെത്തുന്ന ജനങ്ങളുടെ കൈകളില്‍ മഷി പുരട്ടണമെന്ന ആശയം ഏത് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനാണ് മുന്നോട്ട് വച്ചത്? വിവാഹ ആവശ്യത്തിനുള്ള പിന്‍വലിക്കലിനെ സംബന്ധിച്ച വിജ്ഞാപനം ആരാണ് തയ്യാറാക്കിയത്? ഈ വിജ്ഞാപനങ്ങള്‍ റിസര്‍വ് ബാങ്കിന് പകരം സര്‍ക്കാരാണ് തയ്യാറാക്കിയതെങ്കില്‍ ധനകാര്യ വകുപ്പിന്റെ കീഴിലെ ഒരു വകുപ്പ് മാത്രമാണോ ഇപ്പോള്‍ റിസര്‍വ് ബാങ്ക്?
9. യഥാര്‍ത്ഥത്തില്‍ എത്ര രൂപയാണ് അസാധുവാക്കപ്പെട്ടത്? ഇതില്‍ പഴയ കറന്‍സിയുടെ രൂപത്തില്‍ എത്രമാത്രം തിരികെയെത്തി? നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കാന്‍ സര്‍ക്കാരിനെ ഉപദേശിക്കുമ്പോള്‍ എത്ര രൂപ തിരികെയെത്തുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്?
10. വിവരാവകാശ നിയമ പ്രകാരം വരുന്ന അന്വേഷണങ്ങള്‍ക്ക് എന്തുകൊണ്ടാണ് റിസര്‍വ് ബാങ്ക് മറുപടി പറയാന്‍ വിസമ്മതിക്കുന്നത്?
വെള്ളിയാഴ്ച നടന്ന രാജ്യസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലും ഉര്‍ജ്ജിത് പട്ടേലിനും റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ എന്‍ എസ് വിശ്വനാഥന്‍, ആര്‍ ഗാന്ധി എന്നിവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നോട്ട് അസാധുവാക്കലിനെക്കുറിച്ച് റിസര്‍വ് ബാങ്കിന് മുന്‍കൂട്ടി അറിയാമായിരുന്നോയെന്ന് ജെഡി(യു) നേതാവ് അലി അന്‍വര്‍ അന്‍സാരി യോഗത്തില്‍ ചോദിച്ചു. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.