യുദ്ധാനന്തര ഗാസ പദ്ധതിയുടെ ഭാഗമായി ഗാസയിൽ നിന്ന് കുടിയൊഴിപ്പിക്കുന്ന പലസ്തീനികളെ ആഫ്രിക്കയിൽ പുനരധിവസിപ്പിക്കാനുള്ള നീക്കവുമായി അമേരിക്കയും ഇസ്രയേലും. പുനരധിവാസവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലെ ഗവൺമെന്റ് ഉദ്യോഗസ്ഥരുമായി യുഎസും ഇസ്രയേലും ചർച്ചകൾ നടത്തിയതായി എപി റിപ്പോർട്ട് ചെയ്തു. സുഡാൻ, സൊമാലിയ, സൊമാലിലാൻഡ് എന്നീ പ്രദേശങ്ങളിലേക്ക് പലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള യുഎസിന്റെയും ഇസ്രയേലിന്റെയും നീക്കത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നുണ്ട്. ലോകത്തിലെ ദരിദ്ര രാജ്യങ്ങളുടെ പട്ടികയിലും ഏറ്റവും കൂടുതൽ അക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇവ മൂന്നും നിൽക്കുന്നു എന്നതാണ് എതിർപ്പുകൾക്ക് കാരണം. ഈ തീരുമാനത്തിൽ നിന്ന് പലസ്തീനികളെ മനോഹരമായ ഒരു സ്ഥലത്ത് അധിവസിപ്പിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും പ്രവർത്തിയും തമ്മിലുള്ള വൈരുദ്ധ്യം വ്യക്തം.
യുഎസിന്റെ പ്രസ്താവന നിരസിച്ചു കൊണ്ട് സുഡാൻ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്നോ ഇസ്രയേലിൽ നിന്നോ ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലന്നാണ് സൊമാലിയയിൽ നിന്നും സൊമാലിലാൻഡിൽ നിന്നുമുള്ള ഉദ്യോഗസ്ഥരുടെ പ്രതികരണം. ട്രംപിന്റെ ഗാസ പദ്ധതി പ്രകാരം 20 ലക്ഷത്തോളം ആളുകളെ സ്ഥിരമായി കുടിയൊഴിപ്പിക്കാനാണ് ട്രംപിന്റെ പദ്ധതി. കുടിയൊഴിപ്പിക്കലിന് ശേഷം ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്നും പ്രദേശം ശുചീകരിച്ച് റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റ് നടപ്പിലാക്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. പലസ്തീനികളുടെ കൂട്ടകൈമാറ്റം ഇസ്രയേലിന്റെ ഒരു മോഹം മാത്രമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസത്തെ വൈറ്റ് ഹൗസ് മീറ്റിംഗിൽ ട്രംപ് ഈ പദ്ധതി നടപ്പിലാക്കുമെന്ന് അറിയിച്ചപ്പോൾ ഈ തീരുമാനത്തെ പിന്തുണച്ചു കൊണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തു വന്നിരുന്നു. ഗാസയിലെ പലസ്തീനികൾ ട്രംപിന്റെ ഈ നിർദേശത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളും ട്രംപിന്റെ പദ്ധതിയോടുള്ള വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അറബ് രാജ്യങ്ങൾ ട്രംപിന്റെ വാഗ്ദാനത്തിന് ബദലായി ഒരു പുനരധിവാസ പദ്ധതിയും പലസ്തീനികൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗാസയിൽ നിന്ന് മാറി താമസിക്കാൻ പലസ്തീൻ ജനതയിൽ സമ്മർദ്ദം ചെലുത്തുന്നത് യുദ്ധ സമാനമായ കുറ്റമാണെന്ന് അവകാശ സംഘടനകൾ പറഞ്ഞു. തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കാനാണ് ട്രംപിന്റെ തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. സുഡാനും, സൊമാലിയയും, സൊമാലിലാൻഡുമായി ഇസ്രയേലും യുഎസും ബന്ധപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യങ്ങൾ തമ്മിൽ നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വ്യക്തമല്ലെന്ന് എപി റിപ്പോർട്ട് ചെയ്തു. പുനരധിവാസത്തിനുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയതായും ചർച്ചകൾക്ക് ഇസ്രയേൽ നേതൃത്വം നൽകുമെന്നും യുഎസ് പറഞ്ഞിരുന്നു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി യുഎസിനും ഇസ്രയേേലിനും നിരവധി തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭ്യമാവും. യുഎസും ഇസ്രയേലും ആരോപണങ്ങൾക്ക് എതിരെ പ്രതികരിച്ചിട്ടില്ല എന്നാൽ ഇസ്രയേൽ ധനമന്ത്രി ബെസലേൽ മോസ്ട്രിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
ഇസ്രയേലുമായുള്ള നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ സമ്മതിച്ച നാല് അബ്രാഹാം ഉടമ്പടി രാജ്യങ്ങളിൽ സുഡാനും ഉൾപ്പെടുന്നു. കരാറിന്റെ ഭാഗമായി തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് സുഡാനെ യുഎസ് പിൻവലിച്ചിരുന്നു. എന്നാൽ സർക്കാർ സേനയും അർദ്ധ സൈനിക വിഭാഗവും തമ്മിലുള്ള യുദ്ധം ഇസ്രയേലുമായുള്ള ബന്ധത്തിന് വിള്ളൽ വീഴ്ത്തിയിരുന്നു. ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ സംഘടനകളുടെയും അഭിപ്രായത്തിൽ, വംശീയമായി പ്രേരിതമായ കൊലപാതകങ്ങളും ബലാത്സംഗങ്ങളും ഉൾപ്പെടെയുള്ള അതിക്രമങ്ങൾ ഈ സംഘർഷത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. സുഡാനെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷിക്കുന്നുണ്ട്. ട്രംപ് ഭരണകൂടം പലസ്തീനികളെ സ്വീകരിക്കുന്നത് സംബന്ധിച്ച് സൈനിക നേതൃത്വത്തിലുള്ള സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ട്രംപ് ഭരണം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആർഎസ്‌എഫിനെതിരെ സൈനിക സഹായം, യുദ്ധാനന്തര പുനർനിർമ്മാണത്തിനുള്ള സഹായം, മറ്റ് പ്രോത്സാഹനങ്ങൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദശലക്ഷത്തിലധികം ജനസംഖ്യയുള്ള സൊമാലിലാൻഡ്, 30 വർഷങ്ങൾക്ക് മുമ്പ് സൊമാലിയയിൽ നിന്ന് വേർപിരിഞ്ഞതാണെങ്കിലും അന്താരാഷ്ട്രതലത്തിൽ ഇത് ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിട്ടില്ല. സൊമാലിലാൻഡിന് അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിക്കുന്നതിന് സൊമാലിലാൻഡിന്റെ പുതിയ പ്രസിഡന്റ് അബ്ദിറഹ്മാൻ മുഹമ്മദ് അബ്ദുല്ലാഹി പ്രാധാന്യം നൽകുന്നുണ്ട്. യുഎസ് അംഗീകാരത്തിന് പകരമായി യുഎസിന് ഉപകാരപ്രദമായ ചില ആവശ്യങ്ങളും ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ട്. യുഎസിന്റെ അംഗീകാരം പലസ്തീനികളുമായുള്ള ഐക്യദാർഢ്യത്തിൽ നിന്ന് പിന്മാറാൻ അബ്ദുല്ലാഹിയെ നിർബന്ധിതനാക്കിയേക്കാം. 1991 മുതൽ കറൻസി, സുരക്ഷാ ഘടനകൾ എന്നിവ നിലവിലുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും കുറഞ്ഞ വരുമാന നിലവാരമുള്ള രാജ്യങ്ങളിലൊന്നാണ് സൊമാലിലാൻഡ്.
പലസ്തീനികളെ ശക്തമായി പിന്തുണക്കുന്ന രാജ്യമാണ് സൊമാലിയ. പലസ്തീനെ പിന്തുണച്ച് സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാറുണ്ട്. അറബ് ഉച്ചകോടിയിൽ രാജ്യം അംഗമാണ്. ഗാസയിൽ നിന്ന് പലസ്തീനികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ സമീപിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പറഞ്ഞു സൊമാലിയയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം.
content summary: The US and Israel are exploring Africa as a potential destination for relocating Palestinians displaced from Gaza.