ഉന്നത വൈദഗ്ധ്യമുള്ള വിദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എച്ച്-1ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ (ഏകദേശം 96 ലക്ഷത്തിലധികം രൂപ) ബോണ്ട് ഫീസ് ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് യു.എസ് ഫെഡറല്‍ അപ്പീല്‍ കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. പുതിയ ഫീസ് വര്‍ദ്ധനവ് നടപ്പിലാക്കാന്‍ അനുമതി തേടി ഭരണകൂടം നല്‍കിയ ഹര്‍ജി ബോസ്റ്റണിലെ ഒന്നാം യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതി തള്ളി.
ഫെഡറല്‍ കോടതിയുടെ ഈ ഉത്തരവ് അമേരിക്കന്‍ സ്വപ്നം കാണുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകള്‍ക്കും ഇന്ത്യന്‍ കമ്പനികള്‍ക്കും വന്‍ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. എച്ച്-1ബി വിസകള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യന്‍ വിദഗ്ദ്ധരാണ് എന്നതിനാല്‍, ട്രംപ് ഭരണകൂടം കൊണ്ടു വന്ന ഭീമമായ ഫീസ് വര്‍ദ്ധനവ് ഏറ്റവും കൂടുതല്‍ ബാധിക്കുമായിരുന്നത് ഇന്ത്യക്കാരെയായിരുന്നു.
ഇന്ത്യന്‍ കമ്പനികള്‍ക്ക് കോടികളുടെ ആശ്വാസം
അമേരിക്കക്കാര്‍ ജോലി നിഷേധിച്ചുകൊണ്ട്, വിദേശത്ത് നിന്നുള്ളവരെ കുറഞ്ഞ വേതനത്തില്‍ കമ്പനികള്‍ നിയമിക്കുന്നത് തടയാന്‍ എന്ന പേരിലാണ് ട്രംപ് ഭരണകൂടം 2025 സെപ്റ്റംബറില്‍ ഫീസ് കുത്തനെ കൂട്ടിയത്. മുന്‍പ് 2,000 മുതല്‍ 5,000 ഡോളര്‍ വരെ മാത്രം സര്‍ക്കാര്‍ ഫീസ് നല്‍കിയിരുന്ന സ്ഥാനത്താണ് ഒരു ലക്ഷം ഡോളര്‍ എന്ന കനത്ത തുക പ്രഖ്യാപിച്ചത്.
ഇതോടെ ടി.സി.എസ്, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യന്‍ ഐ.ടി ഭീമന്മാര്‍ക്ക് ജീവനക്കാരെ യു.എസിലേക്ക് അയക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയായി മാറിയിരുന്നു. സെപ്റ്റംബറിലെ ഈ പ്രഖ്യാപനത്തിന് ശേഷം വിസയ്ക്കായുള്ള അപേക്ഷകളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. പുതിയ വിധി വന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ കഴിവുള്ള ജീവനക്കാരെ യു.എസിലെ പ്രോജക്റ്റുകളിലേക്ക് നിയോഗിക്കാന്‍ സാധിക്കും.
നിയമവിരുദ്ധമായ നികുതിയെന്ന് കോടതി
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരമൊരു ഫീസ് ചുമത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 20 ഡെമോക്രാറ്റിക് സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കീഴ്ക്കോടതി പ്രഖ്യാപിച്ച സ്റ്റേ അപ്പീല്‍ കോടതി ശരിവെച്ചത്. ട്രംപ് ഭരണകൂടം എക്‌സിക്യൂട്ടീവ് അധികാരം ദുരുപയോഗം ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസം
നിലവില്‍ സ്റ്റുഡന്റ് വിസയില്‍ (എഫ് 1 വിസ) യു.എസില്‍ പഠിക്കുന്ന വിദേശികള്‍ക്ക് ഈ ഭീമമായ ഫീസ് ബാധകമല്ലായിരുന്നുവെങ്കിലും, പഠനശേഷം എച്ച്-1ബി വിസയിലേക്ക് മാറി ജോലിയില്‍ പ്രവേശിക്കാന്‍ ഈ നിബന്ധന വലിയ തടസ്സമായിരുന്നു. ഫീസ് ഒഴിവായതോടെ ഉന്നത പഠനത്തിന് ശേഷം യു.എസില്‍ ജോലി കണ്ടെത്താന്‍ തയാറെടുക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇത് പുതിയ പ്രതീക്ഷ നല്‍കുന്നു.
പ്രതിവര്‍ഷം അനുവദിക്കുന്ന 85,000 എച്ച്-1ബി വിസകളില്‍ 70 ശതമാനത്തോളവും നേടുന്നത് ഇന്ത്യന്‍ ഐ.ടി വിദഗ്ദ്ധരാണ്. അതിനാല്‍ തന്നെ, യു.എസ് കോടതിയുടെ ഈ ഇടപെടല്‍ ഇന്ത്യന്‍ ഐ.ടി മേഖലയുടെയും ടെക്കികളുടെയും ഭാവി അനിശ്ചിതത്വത്തില്‍ നിന്ന് കരകയറ്റിയിരിക്കുകയാണ്.
Content Summary; Big relief for Indian IT professionals as a US Appeals Court blocks Donald Trump’s order raising H-1B visa fees to $100,000.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.