ബൈജൂസ് സഹസ്ഥാപകനായ ബൈജൂ രവീന്ദ്രന്‍ കോടതി അലക്ഷ്യക്കേസില്‍ കുറ്റവാളിയെന്ന് അമേരിക്കയിലെ ഡെലവെയ്റിലുള്ള ബാങ്ക്റപ്റ്റ്സി കോടതി. കഴിഞ്ഞ തിങ്കളാഴ്ച ബൈജൂ രവീന്ദ്രനെയുള്ള കേസില്‍ വിധി പറഞ്ഞ കോടതി ജൂലായ് ഒന്ന് മുതല്‍ കോടതി ദിനം പ്രതി 10,000 ഡോളര്‍ അഥവാ എട്ടര ലക്ഷത്തോളം രൂപ പിഴ അടയ്ക്കാനും വിധിച്ചു. കോടതി ആവശ്യപ്പെട്ടിട്ടുള്ള, കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നതടക്കമുള്ള, കാര്യങ്ങളില്‍ ബൈജൂ രവീന്ദ്രന്‍ പൂര്‍ണമായും കേസിനോട് സഹകരിക്കുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെടുന്നത് വരെയുള്ള ദിവസങ്ങളില്‍ ദിനം പ്രതി ഈ പിഴ (എട്ടരലക്ഷത്തോളം രൂപ) അടയ്ക്കേണ്ടതായി വരും. ഡെലവെയ്ര്‍ കോടതിക്ക് തനിക്ക് മേല്‍ ‘വ്യക്തിപരമായ നിയമാധികാരം’ ഇല്ല എന്ന ബൈജൂവിന്റെ വാദം കോടതി തള്ളി.
വായ്പാ തട്ടിപ്പ് ആരോപണ വിഷയത്തില്‍ യു.എസില്‍ ബൈജുവിനെതിരെ വരുന്ന ആദ്യ കേസാണിത്. ഈ വര്‍ഷം ഏപ്രിലില്‍ ഫയല്‍ ചെയ്യപ്പെട്ട ഈ കേസില്‍ ബൈജൂ രവീന്ദ്രന്റെ ഭാര്യ ദിവ്യ ഗോകുല്‍ നാഥും അടുത്ത സഹായിയായ അനിത കിഷോറും പ്രതികളാണ്. ജൂലായ് ഒന്നു മുതലുള്ള പതിനായിരം യു.എസ് ഡോളര്‍ അഥവാ എട്ടരലക്ഷത്തോളം രൂപയുടെ പിഴ ബൈജൂവിന്റെ സഹോദരന്‍ റിജു രവീന്ദ്രനും ബാധകമാണ്.
കോടതി അലക്ഷ്യകേസിനോടും കോടതി നിശ്ചയിച്ചിട്ടുള്ള സിവില്‍ കേസ് പിഴകളോടുമുള്ള പ്രതികരണം അറിയിക്കാന്‍, ജൂണ്‍ മുപ്പത്, തിങ്കളാഴ്ച ഡെലവെയ്ര്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ബൈജൂ രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഫയല്‍ ചെയ്യുന്നതിന് നിശ്ചയിച്ച പല തീയതികളിലും പല തവണ മാറ്റി നിശ്ചയിച്ചുവെങ്കിലും ബൈജു ഹാജരായിരുന്നില്ല. ദുബായിലെ യാത്രാവിലക്ക്, ദുബായിലും ഇന്ത്യയിലും നേരിടുന്ന കേസുകള്‍ എന്നിവയെല്ലാം ചൂണ്ടിക്കാണിച്ച് കോടതിയില്‍ ഹാജാരാകുന്നതില്‍ നിന്ന് ബൈജു ഒഴിയുകയായിരുന്നു.
”കാരണം കാണിക്കല്‍ കേസിലെ വിചാരണയും സിവില്‍ കേസില്‍ പിഴശിക്ഷയും ആസന്നമായ സ്ഥിതിയില്‍, ജൂണ്‍ 26ന് മാത്രമാണ്, ചോദ്യങ്ങളോട് രേഖമൂലമുള്ള മറുപടികളെന്ന് തോന്നിരിക്കുന്ന ചിലത് നല്‍കാന്‍ ബൈജു തയ്യാറായത്’-എതിര്‍ഭാഗം കോടതിയില്‍ ജൂണ്‍ 28ന് ചൂണ്ടിക്കാണിച്ചു. ഏപ്രില്‍ 11 മുതല്‍ കടക്കാരോടുള്ള പ്രത്യേകം ചോദ്യങ്ങളെന്താണ് എന്നുള്ള കാര്യം അദ്ദേഹത്തിനറിയാം, രണ്ട് വര്‍ഷത്തിലധികമായി ഈ കോടതി നടപടികളില്‍ ബൈജൂ നല്‍കേണ്ട വിവരങ്ങള്‍ എന്തെല്ലാമാണ് എന്നും അദ്ദേഹത്തിന് പൊതുവായി അറിയാം. എന്നിട്ടും ഈ ചെറിയ പ്രതികരണം ഫയല്‍ ചെയ്തപ്പോള്‍ പോലും ഒരു രേഖയും ബൈജു ഹാജരാക്കാന്‍ തയ്യാറായില്ല എന്നത് തികച്ചും നിരാശാജനകമാണ്’- എതിര്‍ഭാഗം പറഞ്ഞു. രണ്ട് കോടതി ഉത്തരവുകള്‍ ബൈജു അവഗണിച്ച കാര്യവും അഭിഭാഷകര്‍ ഓര്‍മ്മിപ്പിച്ചു.
ബൈജൂസുമായി ബന്ധപ്പെട്ട് അഴിമുഖം പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ‘ അഴിമുഖം ഇന്‍വെസ്റ്റിഗേഷന്‍’-ല്‍ വായിക്കാം
എന്തായാലും ഡെലവെയ്ര്‍ കോടതിയില്‍ നേരിട്ട് ഹാജാരാകണം എന്ന് കോടതി നിശ്ചയിച്ച ദിവസം ഒരു പ്രത്യേകമായി ഒരു വിശദീകരണം കൂടി കോടതിയില്‍ ഫയല്‍ ചെയ്യാനുള്ള അപേക്ഷ ബൈജൂവിന് നല്‍കേണ്ടി വന്നു. ”പ്രതി കടക്കാരായ കമ്പനി (ബൈജൂസിന്റെ തന്നെ ആല്‍ഫ എന്ന കമ്പനി)യില്‍ ഏതെങ്കിലും പദവി വഹിക്കുന്നില്ല എന്നതിനാല്‍ ഡെലവെയറിലെ ഓഫീസര്‍ കണ്‍സെന്റ് സ്റ്റാറ്റിട്യൂറ്റ് പ്രകാരമുള്ള കേസ് ബാധകമല്ല’-എന്നായിരുന്നു ഈ അപേക്ഷയിലെ വാദം. അഥവാ ബൈജൂസ് ആല്‍ഫയില്‍ ബൈജു പ്രത്യേക ചുമതലകളോ പദവികളോ വഹിക്കുന്നില്ല എന്നതിനാല്‍ ഡെലവെയ്ര്‍ കോടതിയില്‍ അദ്ദേഹത്തെ വിചാരണ ചെയ്യാനാവില്ല എന്നായിരുന്നു ബൈജു പറയുന്നത്.
അഞ്ചുവര്‍ഷ കാലവധിയില്‍ 1200 കോടി ഡോളര്‍ വായ്പ വാങ്ങുന്നതിന് വേണ്ടി 2021 സെപ്തംബറില്‍ അമേരിക്കയില്‍ രൂപീകരിച്ച കമ്പനിയാണ് ബൈജൂസ് ആല്‍ഫ. ബൈജൂസ് കമ്പനിയുടെ അന്തരാഷ്ട്ര വികസനത്തിനായി 37 വായ്പാദാതാക്കളുടെ ഒരു കണ്‍സോര്‍ഷ്യമായ ഗ്ലാസ് ട്രസ്റ്റ് ടേം ലോണ്‍ ബി (ടി.എല്‍.ബി) ഈ കമ്പനിക്ക് നല്‍കുകയായിരുന്നു. വായ്പ വാങ്ങുന്ന കാലയളില്‍ ആല്‍ഫയുടെ ഏക ഓഫീസറും ഡയറക്ടറും റിജു രവീന്ദ്രന്‍ ആയിരുന്നു. 2022 മാര്‍ച്ചില്‍ ബൈജൂസ് ആല്‍ഫ വായ്പ തിരിച്ചടവ് മുടക്കി. അതേ തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം 2023 മാര്‍ച്ച് മൂന്നാം തീയതി കമ്പനിയെ ഒരു ട്രസ്റ്റിയുടെ കീഴിലാക്കി.
തിമോത്തി ആര്‍ പോള്‍ എന്ന പുതിയ ട്രസ്റ്റി റിജു രവീന്ദ്രനില്‍ നിന്ന് 2023 മാര്‍ച്ച മൂന്നിന് ബൈജൂസ് ആല്‍ഫ ഏറ്റെടുക്കുമ്പോള്‍ 50 കോടി യു.എസ് ഡോളര്‍ ആല്‍ഫയുടെ പേരില്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ ‘എനിക്ക് അക്കൗണ്ടുകളുടെ നിയന്ത്രണം ലഭിച്ച, 2023 മാര്‍ച്ച 22ന് ഞാന്‍ പരിശോധിക്കുമ്പോള്‍ ആല്‍ഫയുടെ രേഖകളില്‍ അവശേഷിച്ചിരുന്നത് കഷ്ടി 5,50,000 ഡോളറുകള്‍ മാത്രമാണ്’- തിമോത്തി പോള്‍ കോടതിയെ അറിയിച്ചു. 2023 സെപ്തംബറില്‍ ബൈജൂസിനെതിരായ പരാതികള്‍ കോടതികളിലെത്താന്‍ തുടങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് 1.90 കോടി ഡോളര്‍ സപോണ്‍സര്‍ഷിപ് തുക ലഭിക്കാത്തതില്‍ ബൈജൂസിനെതിരെ കേസ് നല്‍കി. അമേരിക്കയില്‍ വായ്പാദാതാക്കള്‍ മിയാമി ആസ്ഥാനമായുള്ള കാംഷാഫ്റ്റ് എന്ന ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിനെതിരെയാണ് കേസ് കൊടുത്തത്.
2023 സെപ്തംബര്‍ 13ന്, ആല്‍ഫ പൊളിഞ്ഞുവെന്നും അവരുടെ കൈയ്യില്‍ പണമൊന്നുമില്ലെന്നും വാര്‍ത്തകള്‍ പരക്കുന്നതിനിടയില്‍ ബൈജുവിനും അനിത കിഷോറിനും ഒരു ഇ-മെയ്ല്‍ investorrelations@byjus.com എന്ന അഡ്രസില്‍ നിന്ന് ലഭിച്ചതായുള്ള കോടതി രേഖകള്‍ ഈ വാര്‍ത്താ ലേഖകരുടെ പക്കലുണ്ട്. ആ ഇ മെയ്ല്‍ ‘ഇപ്പോള്‍ വാര്‍ത്തയില്‍ പ്രചരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്ന’ ഒരു പത്രക്കുറിപ്പായിരുന്നു. അത് പ്രകാരം പണം ‘യു.എസില്‍ ആയിരക്കണക്കിന് കോടി ഡോളര്‍ ഫണ്ടുകള്‍ക്കൊപ്പം’ ഈ പണവും നിക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്നാണ് പറയുന്നത്.
ഈ സൂചിപ്പിക്കപ്പെടുന്ന ആയിരക്കണക്കിന് ഡോളര്‍ ഫണ്ട് കാംഷാഫ്റ്റ് കാപിറ്റലിന്റേതാണ്. നിലവില്‍ ട്രസ്റ്റീഷിപിന് കീഴിലുള്ള ആല്‍ഫയെ പ്രതിനിധീകരിക്കുന്ന വക്കീല്‍ ജൂണ്‍ 28ന് രണ്ട് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. അതിലൊന്ന് ഒരു പണം മാറ്റ കരാര്‍ ആയിരുന്നു. അത് 2023 മാര്‍ച്ച് 31 ന് കാംഷാഫ്റ്റ് കാപിറ്റലില്‍ ബൈജൂസ് ആല്‍ഫയ്ക്കുള്ള 53.3 കോടി യു.എസ് ഡോളര്‍ മതിക്കുന്ന ഓഹരി ഇന്‍സ്പി എന്ന കമ്പനിയിലേയ്ക്ക് കൈമാറിയതിന്റെ രേഖയാണ്. ഡെലവെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍സ്പിലേണ്‍ ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണിന്റെ സബ്സിഡറി കമ്പനിയാണ്. ഈ കമ്പനിയാകട്ടെ ബൈജൂസ് ആല്‍ഫ 1200 കോടിയുടെ വായ്പ വാങ്ങുമ്പോള്‍ ഈടായി കാണിക്കാത്ത കമ്പനിയുമാണ്.
കഴിഞ്ഞ ശനിയാഴ്ച വരെ ബൈജുവും ബൈജൂസ് ആല്‍ഫയും തമ്മില്‍ നേരിട്ട് ബന്ധിക്കുന്ന ഒരു തെളിവും ഉണ്ടായിരുന്നില്ല. അമേരിക്കയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ പ്രതിയായി വരുന്നത് ബൈജൂന്റെ അനിയന്‍ റിജു രവീന്ദ്രനാണ്. റിജുവാണ് ആല്‍ഫയുടേയും ഇന്‍പിലേണിന്റേയും ഏക ഡയറക്ടറും, മിക്കവാറും തീരുമാനങ്ങള്‍ക്ക് സാങ്കേതികമായി ഉത്തരവാദിയും. ഇതില്‍ പണം മാറ്റ കരാറില്‍ ഏറ്റവും കൗതുകകരമായ കാര്യം ബൈജൂസ് ആല്‍ഫയുടെ സി.ഇ.ഒ എന്ന നിലയില്‍ ഒപ്പിട്ടിരിക്കുന്നത് ബൈജു രവീന്ദ്രന്‍ തന്നെയാണ് എന്നുള്ളതാണ്. സഹോദരന്‍ റിജുവാകട്ടെ ഇന്‍സ്പിലേണിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഒപ്പിടുകയും 53.3 കോടി ഡോളറിന്റെ കൈമാറ്റം നടത്തുകയും ചെയ്യുന്നു.
ജൂണ്‍ 28ന് ഗ്ലാസ് ട്രസ്റ്റ് ഫയല്‍ ചെയ്ത മറ്റൊരു കരാറും ചില കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരുന്നതായിരുന്നു. 2023 ഓഗസ്റ്റില്‍, 2022 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത, ലയണ്‍ ബിസിനസ് ഫണ്ടിങ് എല്‍.എല്‍.സി ബൈജൂസ് ആല്‍ഫയുമായി ഒരു കരാറിലെത്തി. ഇത് പ്രകാരം ബൈജൂസിന്റെ ഭാവി വരുമാനത്തിലൊരു ഭാഗം ലയണ്‍ ബിസിനസ് ഫണ്ടിന് ലഭിക്കും. ആല്‍ഫയ്ക്ക് വേണ്ടി ഒപ്പിട്ടിരിക്കുന്നത് ബൈജു രവീന്ദ്രനും റിജു രവീന്ദ്രനുമാണ്. 2023 നവംബര്‍ ഏഴിന് ലയണ്‍ ബിസിനസ് ഫണ്ട് കരാര്‍ ലംഘനത്തിന്റെ പേരില്‍ ആല്‍ഫയ്ക്കും ബൈജുവിനും റിജുവിനും എതിരെ കേസ് ഫയല്‍ ചെയ്തു. 2024 ഏപ്രിലില്‍, ഈ കേസില്‍ ഹാജാരാകാത്തതിനാല്‍ 25 ലക്ഷം ഡോളര്‍ ഇവര്‍ പിഴയടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
എന്തായാലും ബൈജു ഇപ്പോള്‍ അവകാശപ്പെടുന്നത് അദ്ദേഹം ബൈജൂസ് ആല്‍ഫയുടെ സി.ഇ.ഒ സ്ഥാനമോ ഉത്തരവാദിത്തമുള്ള ഏതെങ്കിലും പദവിയോ വഹിച്ചിട്ടില്ല എന്നതാണ്. ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കോടതി ബൈജൂസ് ആല്‍ഫയുടെ പ്രസ്താവന മുഖവിലയ്ക്കെടുത്ത് ബൈജു ‘ഇവിടെയാ യാതൊരു നിലയിലും ജോലി ചെയ്തിട്ടില്ല’ എന്ന് അവര്‍ക്ക് അനുകൂലമായി തീരുമാനമെടുത്തിരുന്നു. ‘അത്തരത്തില്‍ കടക്കാരായ ആല്‍ഫയെ വിശ്വാസത്തിലെടുത്ത് ജഡ്ജു ഡോര്‍സി കണ്ടെത്തിയത് പ്രതി ഏതെങ്കിലും നിലയില്‍ കടക്കാരുടെ ജോലിക്കാരനോ ഉദ്യോഗസ്ഥനോ ആയിരുന്നില്ല എന്നാണ്’- ഇതായിരുന്നു ബൈജൂസിന്റെ അഭിഭാഷകരുടെ കോടതിയെ വാദം.
ബൈജൂസ് ആല്‍ഫയില്‍ യാതൊരു തരത്തിലുള്ള ഉദ്യോഗവും ഉത്തരവാദിത്തവും വഹിക്കുന്നില്ല എന്നവകാശപ്പെടുമ്പോഴും ഇവരുടെ ഒന്നിലധികം രേഖകള്‍ ബൈജു രവീന്ദ്രന്‍ തന്നെ ഒപ്പിട്ടുണ്ട് എന്ന പ്രശ്നം നിലനില്‍ക്കുന്നു. ഓരോ സമയവും ലക്ഷക്കണക്കിന് ഡോളറുകളാണ് കൈമാറിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് റിജുവാകട്ടെ കോടതിക്ക് മുന്നില്‍ ആല്‍ഫയും കാംഷാഫ്റ്റും തമ്മിലുള്ള കൈമാറ്റത്തെ കുറിച്ച് മൊഴിനല്‍കിയിട്ടുണ്ട്. ഇതിനുസരിച്ച് ‘തിങ്ക് ആന്‍ഡ് ലേണ്‍ (ബൈജൂസിന്റെ മാതൃസ്ഥാപനം) ആണ് പണം കൈമാറ്റത്തിന്റെ തീരുമാനം കൈക്കൊണ്ടത്.”. റിജു അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ ചെയ്യുക മാത്രമാണ് ചെയ്തത്. ബൈജു തന്നെയാണ് എല്ലാക്കാലത്തും തിങ്ക് ആന്‍ഡ് ലേണിനെ നയിച്ചിരുന്നത്. ബൈജൂന് അവര്‍ നല്‍കിയതായി പറയപ്പെടുന്ന സി.ഇ.ഒ ഷിപ്പിന് പുറമേ കാംഷാഫ്റ്റുമായുള്ള എല്ലാ ഇടപാടുകളും തുടങ്ങിയിരിക്കുന്നത് ഒരുകാലത്തെ എഡ്-ടെക് രംഗത്തെ അതികായരായിരുന്ന ബൈജൂസില്‍ നിന്നാണ്.
ഈ റിപ്പോര്‍ട്ടിന്റെ ലേഖകര്‍ തന്നെ നേരത്തേ, 2022-ല്‍ ബൈജൂസ് ആല്‍ഫ കാംഷാഫ്റ്റ് കാപിറ്റല്‍ ഫണ്ട് എല്‍.പി എന്ന ഡെലവെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു വ്യാജ ഹെഡ്ജ് ഫണ്ട് സ്ഥാപനത്തിലേയ്ക്ക് പണം കൈമാറിയതിനെ കുറിച്ച് വിശദമായ വാര്‍ത്ത നല്‍കിയിരുന്നു. ഈ വ്യാജ ഹെഡ്ജ് ഫണ്ടിന്റെ ഓഫീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മിയാമിയിലുള്ള ഒരു പാന്‍കേക്ക് ഫ്രാഞ്ചെയ്സിയുടെ വിലാസത്തിലാണ്. മൂന്ന് തവണയായി 53.3 കോടി യു.എസ് ഡോളറാണ് കാംഷാഫ്റ്റ് ഫണ്ടിലേയ്ക്ക് ബൈജൂസ് ആല്‍ഫ കൈമാറിയത്. 3.18 കോടി 2022 മേയില്‍, 11 കോടി അതേ വര്‍ഷം ജൂണില്‍, 10.5 കോടി ഡോളര്‍ ജൂലായില്‍. എന്തായാലും 2020-ല്‍, കോളേജ് ബിരുദം പോലുമില്ലാത്ത, കാര്‍മറോണ്‍ മോര്‍ട്ടന്‍ എന്ന 23 കാരന്‍ ആരംഭിച്ച കാംഷാഫ്റ്റ് എന്തായാലും ‘ആയിരക്കണക്കിന് ഡോളറുകള്‍ കൈകാര്യം ചെയ്യുന്ന ഫണ്ട്’ അല്ല.
2022 ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള, ഏതാണ്ട് 53.3 കോടി ഡോളറിന്റെ ധനകൈമാറ്റം ബൈജൂസ് ആല്‍ഫയുടെ കാംഷാഫ്റ്റില്‍ ഉള്ള പങ്കാളിത്ത താത്പര്യം വെളിപ്പെടുത്തുന്നതാണ്. ഇതിന് അവരെ സഹായിച്ചത് രൂപിന്‍ ബാങ്കര്‍ എന്ന ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനാണ്. ഒ.സി.ഐ ലിമിറ്റഡ് എന്ന ലണ്ടന്‍ സ്ഥാപനത്തിന്റെ സ്ട്രക്ചറിങ് വിഭാഗം മേധാവിയെന്നനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന രൂപിന്‍ യു.എസിലെ വായ്പാദാതാക്കള്‍ ഫയല്‍ ചെയ്ത മറ്റൊരു കേസില്‍ കൂടി പ്രതിയാണ്.
ബൈജൂസ് ആല്‍ഫ ഫണ്ടില്‍ നിന്ന് പണം ലഭിച്ച ശേഷം ഒ.സി.ഐ-ലേയ്ക്ക് കടപത്രത്തിന്റെ ഈടില്‍ പണം കൈമാറുകയായിരുന്നു. റിജുവാണ് ആല്‍ഫയ്ക്ക് വേണ്ടി ഈ കടപത്രങ്ങളില്‍ ഒപ്പിട്ടിരിക്കുന്നത്. ഒ.സി.ഐ ഏതെങ്കിലും തരത്തില്‍ വായപാ അടവ് മുടക്കിയാല്‍ ഉത്തരവാദിത്തം റിജുവിനാണ്. അഥവാ ഒ.സി.ഐ ഈ കടപത്രത്തിന് അനുസൃതമായി പണം നല്‍കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ നഷ്ടം വഹിക്കുക ആല്‍ഫയും കാംഷാഫ്റ്റും തമ്മിലുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തില്‍ ആല്‍ഫ ഫണ്ട്സ് ആയിരിക്കും. ഈ തീരുമാനങ്ങളും കരാറുകളും എല്ലാം ഉണ്ടായിട്ടള്ളത് ഗ്ലാസ് ട്രസ്റ്റിന്റെ അനുമതി ഇല്ലാതെയാണ് എന്നതാണ് പ്രധാനം.
ബൈജൂസിന് വേണ്ടിയാണ് ഒ.സി.ഐ ഈ പണമെല്ലാം ഉപയോഗിച്ചത് എന്നാണ് കരുതുന്നത്. ബൈജൂസിന്റെ പരസ്യപരിപാടികളും പരസ്യപ്രചരണങ്ങളും സംഘടിപ്പിക്കുന്നതിനായാണ്. ഇതില്‍ 2022-ലെ ഖത്തര്‍ ഫിഫ ലോകകപ്പ് സ്പോണ്‍സര്‍ ചെയ്യുന്നതും ലിയോണല്‍ മെസിയെ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കിക്കൊണ്ടുവരുന്നതും എല്ലാം ഉള്‍പ്പെടുന്നു. ”ഒ.സി.ഐ നടത്തിയ ഈ മാധ്യമ, പരസ്യ, അനുബന്ധ ബിസിസസ് പരിപാടികളുടെയെല്ലാം ആത്യന്തിക ഉത്തരവാദിത്തം ആല്‍ഫഫണ്ടിന്റേതായിരുന്നു. ഒ.സി.ഐയ്ക്ക് പണം തിരികെ നല്‍കാന്‍ ബൈജൂസിന് കഴിയാതെ വന്നതോടെ ഈ കടമെല്ലാം ആല്‍ഫ ഫണ്ടിന്റെ പേരിലാക്കി ഒ.സി.ഐ മാറ്റി”-2024 ഒക്ടോബറില്‍ ബൈജൂസ് കോടതിയില്‍ നടത്തിയ പ്രഖ്യാപനം വ്യക്തമാക്കുന്നു. എന്തായാലും ബൈജൂസോ ആല്‍ഫയോ ഒ.സി.ഐയുമായി നടത്തിയിട്ടുള്ള പണമിടപാടുകളുടെ വിശദാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ആ ഇടപാടുകളെല്ലാം ആത്യന്തികമായി എഴുതി തള്ളിയതായാണ് കണക്കാക്കുന്നത്.
2021 നവംബര്‍ 24നാണ് 120 കോടി ഡോളറിന്റെ വായ്പക്കരാര്‍ നിലവില്‍ വരുന്നത്. അധികം വൈകാതെ, 2022 മാര്‍ച്ച്, ഏപ്രില്‍ കാലത്ത് വായ്പയുടെ തിരിച്ചടവ് മുടങ്ങുന്നു. ആദ്യം ആല്‍ഫയ്ക്ക് വായ്പയുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പാലിക്കാന്‍ പറ്റാതെ വരുന്നു. ഇത് തിരിച്ചടവ് മുടക്കുന്നു. ഇതേ കാലയളവിലാണ് കാംഷാഫ്റ്റിലേയ്ക്കുള്ള പണമിടപാടുകള്‍ ആരംഭിക്കുന്നത്. 2023 ഫെബ്രുവരില്‍യില്‍ വായ്പാ കരാറില്‍ തുടര്‍ച്ചയായുണ്ടായ വീഴ്ചകളെ തുടര്‍ന്ന് ആല്‍ഫയേയും ബന്ധപ്പെട്ടവരേയും ‘പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി’ ഗ്ലാസ്ട്രസ്റ്റ് അറിയിക്കുന്നു. 2023 മാര്‍ച്ച് മൂന്നിന് ഗ്ലാസ് ട്രസ്റ്റ് വായ്പ നടപടികള്‍ക്ക് ആക്കം കൂട്ടി അതിന്റെ നിയന്ത്രണം ഏറ്റെടുത്തു. റിജു രവീന്ദ്രനെ ആല്‍ഫയുടെ ഏക ഓഫീസര്‍ എന്ന തസ്തികയില്‍ നിന്ന് പുറത്താക്കി തിമോത്തി പോളിനെ ആ സ്ഥാനത്ത് നിയമിച്ചു.
2023 മാര്‍ച്ച മധ്യത്തില്‍ ബൈജൂന്റെ മാതൃ സ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ 2022 ഡിസംബറില്‍ അവസാനിക്കുന്ന ത്രൈമാസ ധനഇടപാടിന്റെ പരിശോധനക്ക് വിധേയമാക്കാത്ത സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിരുന്നു. അത് പ്രകാരം ബൈജൂസ് ആല്‍ഫയ്ക്ക് 50 കോടി ഡോളര്‍ ബാങ്കിലും പണമായും നീക്കിയിരിപ്പുണ്ട്. കാംഷാഫ്റ്റ് കമ്പനിയില്‍ ആല്‍ഫയ്ക്കുള്ള 53.3 കോടി ഡോളറിന്റെ ഓഹരി ഇന്‍സ്പിലേണിലേയ്ക്ക് മാറ്റുന്നതിലുള്ള കരാര്‍ അതേ മാസം അവസാനമാണ് തയ്യാറാക്കുന്നത്. 2023 മാര്‍ച്ച് 31ന് ബൈജൂസ് ആല്‍ഫയുടെ സി.ഇ.ഒ എന്ന നിലയില്‍ ബൈജു രവീന്ദ്രന്‍ തന്നെയാണ് ഈ കരാറില്‍ ഒപ്പിടുന്നത്.
2023 മാര്‍ച്ച് മൂന്നിന് അവസാനം വായ്പാദാതാക്കളും അവര്‍ ഏല്‍പ്പിച്ച ട്രസ്റ്റിയായ തിമോത്തി പോളും ഡെലവെയര്‍ കോടതിയെ സമീപിച്ചു. അഞ്ച് ദിവസത്തിന് ശേഷം വായ്പാദാതാക്കുടെ സാമ്പത്തിക ഉപദേഷ്ടാവിനോട് ബൈജു പറയുന്നത് ‘വായ്പാദാതാക്കള്‍ക്ക് ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റാത്ത ഒരിടത്തേയ്ക്ക് പണം മാറ്റിക്കഴിഞ്ഞു’ എന്നാണ്. അതേസമയം റിജുവും കോടതിയെ അറിയിച്ചത് ‘ആല്‍ഫ ഫണ്ട്, കൈമാറ്റം ചെയ്തുവെന്നും ബൈജൂസിന് അവരുടെ പണം സംരക്ഷിക്കേണ്ട ആവശ്യം വന്നു’ എന്നുമാണ്.
2023 ജൂലായില്‍ ആല്‍ഫ അക്കൗണ്ടുകളുടെ നിയന്ത്രണം തിമോത്തി പോളിന് ലഭിച്ചപ്പോഴേയ്ക്കും പണം അപ്രത്യക്ഷമായിരുന്നു. 2024 ഫെബ്രുവരി ഒന്നിന് ഇന്‍സ്പിലേണിലെ 53.3 കോടി ഡോളറിന്റെ ഓഹരി ഇന്‍സ്പിലേണിന്റെ തന്നെ പുറത്ത് വിടാത്ത ‘യു.എസ് ഇതര ട്രസ്റ്റിലേയ്ക്ക്’ മാറ്റി. ഈ ഫെബ്രുവരില്‍ ഡെലവെയര്‍ ബാങ്ക്റപറ്റ്സി കോടതി നടത്തിയ ചുരുക്ക വിധിയില്‍ റിജു, ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍, കാംഷാഫ്റ്റ് എന്നിവരെ 53.3 കോടി ഡോളറിന്റെ ‘വ്യാജ പണമിടപാടുക’ളില്‍ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയിരുന്നു. US court delivers verdict against Byju Raveendran in contempt case. daily fine of $10,000 must be paid from July 1
Content Summary; US court delivers verdict against Byju Raveendran in contempt case. daily fine of $10,000 must be paid from July 1
This post was last modified on July 10, 2025 6:03 am
Leave a Comment