‘സിഗ്നല്‍ ചാറ്റ്’ വിവാദം വീണ്ടും അമേരിക്കന്‍ ഭരണതലത്തിലെ വിശ്വാസ്യതയ്ക്ക് കളങ്കമാകുന്നു. മാര്‍ച്ച് 15 ന് യെമനില്‍ നടക്കാനിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തന്റെ ഭാര്യ, സഹോദരന്‍, സ്വകാര്യ അഭിഭാഷകന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു സ്വകാര്യ സിഗ്‌നല്‍ ഗ്രൂപ്പ് ചാറ്റില്‍ പങ്കുവെച്ചുവെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരമൊരു ചാറ്റിനെക്കുറിച്ച് അറിവുള്ള നാല് പേരില്‍ നിന്നു കിട്ടിയ വിവരങ്ങളാണ് െൈടസിന്റെ റിപ്പോര്‍ട്ടിന്റെ ആധാരം. യെമനിലെ ഹൂത്തികളെ ലക്ഷ്യം വച്ചുള്ള എഫ്/എ-18 ഹോര്‍നെറ്റ് വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ സഹിതമുള്ള വിവരങ്ങള്‍ സിഗ്‌നല്‍ ചാറ്റില്‍ ഹെഗ്സെത്ത് സ്വകാര്യ വ്യക്തികളുമായി പങ്കുവച്ചുവെന്നാണ് വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നത്. യെമന്‍ ആക്രമണ ആക്രമണ പദ്ധതികള്‍ ദി അറ്റ്‌ലാന്റിക് എഡിറ്ററെക്കൂടി ഉള്‍പ്പെടുത്തി ഉണ്ടാക്കിയ മറ്റൊരു സിഗ്നല്‍ ചാറ്റ് ഗ്രൂപ്പിലും ഹെഗ്‌സെത്ത് ഉള്‍പ്പെട്ടിരുന്നു. (ഹൂതി ആക്രമണം ചര്‍ച്ച ചെയ്തത് സിഗ്നല്‍ ചാറ്റില്‍, ഗ്രൂപ്പില്‍ ജേര്‍ണലിസ്റ്റും)എന്നാല്‍ ഈ ഗ്രൂപ്പ് ഹെഗ്‌സെത്ത് ആണ് ഉണ്ടാക്കിയതെന്നതില്‍ തീര്‍ച്ചയില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന രണ്ടാമത്തെ സിഗ്നല്‍ ചാറ്റ് വിവാദത്തില്‍, തന്റെ കുടുംബക്കാരെ കൂടി ഉള്‍പ്പെടുത്തിയ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ഹെഗ്‌സെത്ത് ആണ്.
മുന്‍ ഫോക്സ് ന്യൂസ് പ്രൊഡ്യൂസറായ ജെന്നിഫറാണ് ഹെഗ്സെത്തിന്റെ ഭാര്യ. പ്രതിരോധ വകുപ്പ് ജീവനക്കാരിയല്ലാത്ത ജെന്നിഫര്‍, പക്ഷേ തന്റെ ഭര്‍ത്താവിനൊപ്പം ഔദ്യോഗിക വിദേശയാത്രകളുടെ ഭാഗമായിട്ടുണ്ട്. വിദേശ നേതാക്കളുമായുള്ള നിര്‍ണായക ചര്‍ച്ചകളില്‍ ഭര്‍ത്താവിനൊപ്പം പോയതിന് അവര്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുമുള്ളതാണ്. ജെന്നിഫറിനെ കൂടാതെ ഹെഗ്‌സെത്തിന്റെ സിഗ്നല്‍ ചാറ്റ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നവര്‍ പ്രതിരോധ സെക്രട്ടറിയുടെ സഹോദരന്‍ ഫില്‍, ഹെഗ്‌സെത്തിന്റെ സ്വകാര്യ അഭിഭാഷകനായി തുടരുന്ന ടിം പാര്‍ലതോര്‍ എന്നിവരാണ്. ഇവരുവരും പെന്റഗണ്‍ ഉദ്യോഗസ്ഥരാണ്. എന്നാല്‍ യെമനിലെ ഹൂത്തികളെ ലക്ഷ്യം വച്ചുള്ള സൈനിക ആക്രമണങ്ങളെക്കുറിച്ച് ഇവരോട് വിവരങ്ങള്‍ പങ്കുവയ്‌ക്കേണ്ട കാര്യമില്ലെന്നാണ് വിവരങ്ങള്‍ നല്‍കിയ ഉദ്യോഗസ്ഥര്‍ പത്രത്തോട് വിശദീകരിക്കുന്നത്. അതീവ രഹസ്യസ്വഭാവമുള്ള, ദേശീയ സുരക്ഷ പ്രധാനമായ വിവരങ്ങള്‍ സ്വകാര്യ വ്യക്തികളുമായി പങ്കുവയ്ക്കുക വഴി താന്‍ വഹിക്കുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തത്തെയാണ് ഹെഗ്‌സെത്ത് സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നതെന്നാണ് വിമര്‍ശനം.
കഴിഞ്ഞ ജനുവരിയില്‍ ഹെഗ്‌സെത്ത് ക്രിയേറ്റ് ചെയ്ത സിഗ്നല്‍ ഗ്രൂപ്പാണ് ‘ ഡിഫന്‍സ്/ ടീം ഹഡ്ഡില്‍’. ഈ ഗ്രൂപ്പില്‍ തന്റെ ഭാര്യ, പ്രൊഫഷണല്‍സുകള്‍, സ്വകാര്യ വ്യക്തികള്‍ എന്നിങ്ങനെ ഒരു ഡസനോളം ആളുകളെ ഹെഗ്‌സെത്ത് ചേര്‍ത്തിരുന്നു. ഈ ഗ്രൂപ്പിലാണ് ഇപ്പോള്‍ ഹൂതി ആക്രമണ പദ്ധതി പ്രതിരോധ സെക്രട്ടറിയായ ഹെഗ്‌സെത്ത് വിവരിച്ചിരിക്കുന്നത്. എന്നാല്‍, ശ്രദ്ധേമായൊരു കാര്യം, ഡിഫന്‍സ്/ ടീം ഹഡ്ഡില്‍’ എന്ന ഗ്രൂപ്പ് ഹെഗ്‌സെത്ത് ക്രിയേറ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹം അമേരിക്കയുടെ പ്രതിരോധ സെക്രട്ടറിയായിട്ടില്ല എന്നതാണ്. സിഗ്‌നല്‍ ചാറ്റ് ആക്സസ് ചെയ്യാന്‍ അദ്ദേഹം സര്‍ക്കാര്‍ ഫോണിന് പകരം സ്വന്തം സ്വകാര്യ ഫോണ്‍ ആണ് ഉപയോഗിച്ചതെന്നും വിവരം പുറത്തു വന്നിട്ടുണ്ട്.
സൈനിക നടപടിയുടെ പ്രവര്‍ത്തന വിശദാംശങ്ങള്‍ ഒരുകാരണവശാലും അറിയേണ്ടവരല്ല പ്രതിരോധ സെക്രട്ടറിയുടെ ഭാര്യ, സഹോദരന്‍, സ്വകാര്യ അഭിഭാഷകന്‍ എന്നിവര്‍. അങ്ങനെയുള്ളവരോട് അതീവ നിര്‍ണായക വിവരങ്ങള്‍ പങ്കുവച്ചുവെന്ന് പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചിട്ടുമുണ്ട്. സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ പ്രതിരോധ സെക്രട്ടറി പുലര്‍ത്തുന്ന ഉദാസീനത എത്രത്തോളമുണ്ടെന്നാണ് ഈ വിവരങ്ങള്‍ തെളിയിക്കുന്നത്. US Defense secretary Pete Hegseth disclosed information about Yemen strike in a private signal chat group including his wife
Content Summary; US Defense secretary Pete Hegseth disclosed information about Yemen strike in a private signal chat group including his wife
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.