എഫ് 22 വിമാനങ്ങളുമായി അമേരിക്ക ഇസ്രയേലിലേക്ക്; ഇറാന്റെ നിബന്ധനകള്‍ ട്രംപ് അംഗീകരിക്കുമോ?

നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കൊരുങ്ങി ഇറാനും അമേരിക്കയും

പശ്ചിമേഷ്യയില്‍ സംഘര്‍ഷസാധ്യതകള്‍ പുകയുന്നതിനിടയില്‍, മേഖലയിലെ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-22 (F-22) സ്റ്റെല്‍ത്ത് ഫൈറ്ററുകളെ ഇസ്രയേലില്‍ വിന്യസിച്ചുകൊണ്ടുള്ള യുഎസിന്റെ നീക്കം ഇറാനെ ലക്ഷ്യം വെച്ചുള്ള ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം തന്നെ, ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ഓപ്പണ്‍ സോഴ്സ് ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ആറ് എഫ്-22 വിമാനങ്ങള്‍ കൂടി അമേരിക്കയില്‍ നിന്ന് ഇസ്രയേലിലേക്ക് തിരിച്ചു. നിലവില്‍ ഇവ ഇംഗ്ലണ്ടിലെ ലേക്കന്‍ഹീത്ത് എയര്‍ബേസിലാണുള്ളത്. ചൊവ്വാഴ്ച ഇസ്രയേലിലെത്തിയ 11 വിമാനങ്ങള്‍ക്ക് പുറമെയാണിത്. ഇതോടെ ഇസ്രയേലിലെ യുഎസ് യുദ്ധവിമാനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു.

എന്തുകൊണ്ട് എഫ്-22 ?

യുഎസ് വ്യോമസേന മാത്രം ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയില്‍ ഉള്ള ഈ വിമാനങ്ങള്‍ വേഗതയിലും ശത്രുറഡാറുകളെ വെട്ടിക്കാനുള്ള ശേഷിയിലും ലോകത്ത് ഒന്നാമതാണ്. വ്യോമാക്രമണങ്ങളിലും പ്രതിരോധത്തിലും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഇവയെ വിന്യസിക്കുന്നതിലൂടെ സൈനികമായ മേധാവിത്വം ഉറപ്പാക്കുകയാണ് യുഎസ് ലക്ഷ്യം.

എഫ്-22 വിമാനങ്ങള്‍ക്ക് പുറമെ എഫ്-35, എഫ്-15, എഫ്-16 തുടങ്ങിയ യുദ്ധവിമാനങ്ങളും മേഖലയിലേക്ക് നീങ്ങുന്നതായി ‘മിലിട്ടറി എയര്‍ ട്രാക്കിംഗ് അലയന്‍സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാന്‍ മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍

സൈനിക വിന്യാസങ്ങള്‍ക്കിടയിലും ആണവപദ്ധതി സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ന് നടക്കും. എന്നാല്‍ ചര്‍ച്ചകള്‍ വിജയിക്കണമെങ്കില്‍ പ്രധാനമായും മൂന്ന് നിബന്ധനകളാണ് ഇറാന്‍ മുന്നോട്ടുവെക്കുന്നത്. ഇറാന്റെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശം അംഗീകരിക്കുക, സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരം നേര്‍പ്പിക്കാന്‍ അനുവദിക്കുക, ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുക എന്നിവയാണ് നിബന്ധനകള്‍.

ചര്‍ച്ചയില്‍ യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നര്‍ എന്നിവരാണ് അമേരിക്കയെ പ്രതിനിധീകരിക്കുന്നത്. മുന്‍പ് നടന്ന പരോക്ഷ ചര്‍ച്ചകളില്‍ ഈ നിബന്ധനകള്‍ അംഗീകരിക്കപ്പെട്ടിരുന്നുവെന്ന് ഇറാന്‍ അവകാശപ്പെടുമ്പോഴും, ട്രംപ് ഭരണകൂടം ഇവ പൂര്‍ണ്ണമായി അംഗീകരിക്കുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.

വെല്ലുവിളിയായി മിസൈല്‍ പദ്ധതി

മിസൈല്‍ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ തയ്യാറാകാത്തതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ രംഗത്തെത്തിയിട്ടുണ്ട്. മിസൈലുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ അത് വലിയ പ്രശ്നമാകുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ട്രംപ് ഈ നിബന്ധനകള്‍ റദ്ദാക്കിയാല്‍ ചര്‍ച്ചകള്‍ പരാജയപ്പെടാനും അത് പശ്ചിമേഷ്യയെ മൊത്തം ബാധിക്കുന്ന ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ ഒരു വശത്തും ആയുധബലം കാട്ടിയുള്ള ഭീഷണി മറുവശത്തും നില്‍ക്കുന്ന സങ്കീര്‍ണ്ണമായ അവസ്ഥയിലാണ് പശ്ചിമേഷ്യ. ഇറാനെതിരെ സൈനിക നടപടി വേണോ എന്ന് ട്രംപ് അന്തിമതീരുമാനത്തില്‍ എത്താത്ത ഈ വേളയില്‍, ജനീവയില്‍ നടക്കുന്ന ചര്‍ച്ചയിലേക്കാണ് ലോകം ഉറ്റുനോക്കുകയാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ അത് മേഖലയെ വീണ്ടും അസ്ഥിരതയിലേക്ക് തള്ളിയിടുമെന്നുറപ്പാണ്.

Content Summary: US deploys F 22 stealth Jets to Israel amid critical Iran nuclear talks

This post was last modified on February 26, 2026 11:09 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment