പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലാണ്. ഇറാനെതിരായ അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ തുടരുന്നതിനിടെയാണ് സൈനിക ആക്രമണങ്ങളും മേഖലയിലെ സംഘർഷവും പുതിയ ആശങ്കകൾ സൃഷ്ടിച്ചത്. ഈ സംഘർഷത്തിന്റെ പ്രത്യാഘാതം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വിദേശ അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായ ചാബഹാർ തുറമുഖത്തെയും (Chabahar Port) ബാധിക്കുകയാണ്.
ഏകദേശം 120 മില്യൺ ഡോളർ നിക്ഷേപിച്ച് ഇന്ത്യ വികസിപ്പിച്ച ഇറാനിലെ ചാബഹാർ തുറമുഖം ഒരു സാധാരണ തുറമുഖ പദ്ധതിയല്ല. പാകിസ്താനെ മറികടന്ന് അഫ്ഗാനിസ്ഥാനും മധ്യേഷ്യയും യൂറോപ്പും ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ ദീർഘകാല ജിയോപൊളിറ്റിക്കൽ സ്വപ്‌നത്തിന്റെ കേന്ദ്രം കൂടിയാണിത്. അതുകൊണ്ടുതന്നെ അമേരിക്കൻ ഉപരോധങ്ങളും ഇറാനിലെ അസ്ഥിരതയും ഉയരുമ്പോഴെല്ലാം ചാബഹാറിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളും ശക്തമാകുന്നു.
ചാബഹാർ ഇന്ത്യയ്ക്ക് ഇത്രയും നിർണായകമാകുന്നത് എന്തുകൊണ്ട്? അമേരിക്കയുടെ നടപടികൾ ഈ പദ്ധതിയെ എത്രത്തോളം ബാധിക്കും? ഇന്ത്യയ്ക്ക് ഇനി മുന്നിലുള്ള വഴികൾ എന്തൊക്കെയാണ്?
ഇന്ത്യയ്ക്ക് ചാബഹാർ നിർണായകമാകുന്നത് എന്തുകൊണ്ട്?
ഇറാന്റെ തെക്കുകിഴക്കൻ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിൽ, ഒമാൻ ഉൾക്കടലിനോട് ചേർന്നുള്ള ആഴക്കടൽ തുറമുഖമാണ് ചാബഹാർ. പേർഷ്യൻ ഉൾക്കടലിന് പുറത്തായതിനാൽ ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് പ്രവേശിക്കാൻ കഴിയുന്ന ഇറാനിലെ ഏക പ്രധാന തുറമുഖം കൂടിയാണിത്. അതിനാൽ വ്യാപാരപരമായും സൈനിക-തന്ത്രപരമായും ഇതിന് വലിയ പ്രാധാന്യമുണ്ട്.
ഇന്ത്യയുടെ പടിഞ്ഞാറൻ ഏഷ്യ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യ എന്നിവിടങ്ങളിലേക്കുള്ള കരമാർഗ വ്യാപാരത്തിന് ഏറ്റവും വലിയ തടസ്സം പാകിസ്താനാണ്. ഇന്ത്യയ്ക്ക് കരമാർഗം പ്രവേശനം അനുവദിക്കാൻ പാകിസ്താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ചാബഹാർ ഇന്ത്യയുടെ ബദൽ കവാടമായി മാറിയത്.
ചാബഹാർ വഴി ചരക്കുകൾ ഇറാനിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടന്ന് തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, കസാഖ്സ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളിലേക്കെത്തിക്കാം. പിന്നീട് അന്താരാഷ്ട്ര ഉത്തര-ദക്ഷിണ ഗതാത ഇടനാഴി (International North-South Transport Corridor -INSTC) വഴി അസർബൈജാൻ, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും എത്തിക്കാനാകും. ഈ പാത ഉപയോഗിച്ചാൽ യൂറോപ്പിലേക്കുള്ള ചരക്കുനീക്ക സമയവും ചെലവും പരമ്പരാഗത സൂയസ് കനാൽ പാതയെ അപേക്ഷിച്ച് ഗണ്യമായി കുറയ്ക്കാമെന്നാണ് വിലയിരുത്തൽ.
ഇന്ത്യ എത്ര നിക്ഷേപിച്ചു?
2016-ലാണ് ഇന്ത്യ ചാബഹാർ വികസനത്തിലേക്ക് ഔദ്യോഗികമായി പ്രവേശിച്ചത്. 2024-ൽ ഇന്ത്യ പോർട്ട്‌സ് ഗ്ലോബൽ ലിമിറ്റഡ് (India Ports Global Limited -IPGL) ഇറാനുമായി 10 വർഷത്തെ കരാർ ഒപ്പുവച്ചു. 120 മില്യൺ ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപമാണ് ഇന്ത്യ നടത്തിയത്. തുറമുഖ ക്രെയിനുകൾ, കാർഗോ ഉപകരണങ്ങൾ, ടെർമിനൽ നവീകരണം എന്നിവ നടപ്പാക്കാനായിരുന്നു പദ്ധതി.
2025-26 സാമ്പത്തികവർഷം ഇന്ത്യ ചാബഹാർ തുറമുഖത്തിനായി 400 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ 2026-27ലേക്കുള്ള കേന്ദ്ര ബജറ്റിൽ തുറമുഖത്തിനായി ഒന്നും മാറ്റിവച്ചിട്ടില്ല. ഇതും തുറമുഖത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്ക ഉയർത്തുന്നു.

ചെനയ്ക്കുള്ള ഇന്ത്യയുടെ മറുപടി
ചാബഹാറിൽ നിന്ന് വെറും 170 കിലോമീറ്റർ അകലെയാണ് പാകിസ്താനിലെ ഗ്വാദർ തുറമുഖം. ഗ്വാദറിനെ വികസിപ്പിക്കുന്നത് ചൈനയാണ്. ഇത് ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (China-Pakistan Economic Corridor -CPEC) യുടെ പ്രധാന കേന്ദ്രമാണ്. അതേസമയം ചാബഹാർ ഇന്ത്യയുടെ പശ്ചിമേഷ്യൻ തന്ത്രത്തിന്റെ കേന്ദ്രമാകുന്നു. ഐഎൻഎസ്ടിസിയുടെ പ്രധാന കവാടമായ ചാബഹാർ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദൽ ആയും മധ്യേഷ്യയിലെ ഊർജവിപണിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശന കവാടം എന്ന നിലയിലും വിലയിരുത്തപ്പെടുന്നു.
അമേരിക്കൻ ഉപരോധം
2018-ൽ ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറിയതോടെ അമേരിക്ക ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതോടെ ചാബഹാർ പദ്ധതിയും പ്രതിസന്ധിയിലായി. എന്നാൽ അഫ്ഗാനിസ്ഥാനിലെ മാനുഷിക സഹായവും പ്രാദേശിക സ്ഥിരതയും പരിഗണിച്ച് അമേരിക്ക ചാബഹാറിന് പ്രത്യേക ഇളവ് അനുവദിച്ചു. അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത്. എന്നാൽ പിന്നീട് അമേരിക്ക ഇറാൻ നയം കടുപ്പിക്കുകയും ഉപരോധ ഇളവുകളുടെ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്തതോടെ ഇന്ത്യയുടെ ആശങ്ക വർധിച്ചു.
പുതിയ സംഘർഷം
അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സൈനിക സംഘർഷം ചാബഹാറിനെ വീണ്ടും ആഗോള ശ്രദ്ധാകേന്ദ്രമാക്കി. ചാബഹാർ മേഖലയിലെ ചില അടിസ്ഥാനസൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇന്ത്യ നിയന്ത്രിക്കുന്ന ഷാഹിദ് ബെഹെഷ്ടി ടെർമിനൽ സുരക്ഷിതമാണെന്നും പ്രവർത്തനം തുടരുകയാണെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യുദ്ധം നീണ്ടാൽ ഏറ്റവും വലിയ വെല്ലുവിളി തുറമുഖത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമല്ല. മറിച്ച്, ഇൻഷുറൻസ് ചെലവ് കുത്തനെ ഉയരുക. കപ്പൽ കമ്പനികൾ യാത്ര ഒഴിവാക്കുക, ചരക്ക് ഗതാഗതം മന്ദഗതിയിലാകുക, നിക്ഷേപകരുടെ വിശ്വാസം കുറയുക എന്നിവയാണ്.

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ എന്ത് സംഭവിക്കും?
ചാബഹാർ ഹോർമുസ് കടലിടുക്കിന് പുറത്താണെങ്കിലും, മേഖലയിലെ യുദ്ധം കടൽഗതാഗതത്തെ മൊത്തത്തിൽ ബാധിക്കും. ഹോർമുസ് വഴി ലോകത്തെ ഏകദേശം 20 ശതമാനം എണ്ണയും എൽഎൻജിയുടെ വലിയൊരു വിഹിതവും കടന്നുപോകുന്നു. ഈ മേഖലയിൽ സംഘർഷം ശക്തമായാൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് ഉയരും. ചരക്ക് കപ്പലുകളുടെ ഇൻഷുറൻസ് പ്രീമിയം വർധിക്കും. ചാബഹാറിലേക്കുള്ള വ്യാപാരവും മന്ദഗതിയിലാകും.
പ്രധാന വെല്ലുവിളികൾ
ഇന്ത്യയ്ക്ക് മുന്നിലുള്ള വഴികൾ
അമേരിക്കയുമായി നയതന്ത്ര ചർച്ചകൾ ശക്തമാക്കി ചാബഹാറിന് ഉപരോധ ഇളവ് ഉറപ്പാക്കുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള ആദ്യത്തെ വഴി. ഇറാനുമായുള്ള കരാർ തുടർന്നുകൊണ്ട് തുറമുഖ വികസനം മന്ദഗതിയിലായാലും മുന്നോട്ടുകൊണ്ടുപോകാനും ഇന്ത്യ ശ്രമിക്കണം. ഐഎൻഎസ്ടിസി, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) തുടങ്ങിയ ബദൽ കണക്റ്റിവിറ്റി പദ്ധതികളിലും ഒരേസമയം ഇന്ത്യ നിക്ഷേപം വർധിപ്പിക്കണം. അതുവഴി ഒരൊറ്റ പാതയെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം ഒഴിവാക്കാം.
ചാബഹാർ തുറമുഖം ഒരു തുറമുഖ പദ്ധതി മാത്രമല്ല; ഇന്ത്യയുടെ വിദേശനയം, ഊർജസുരക്ഷ, വ്യാപാര തന്ത്രം, ചൈനയുമായുള്ള ജിയോപൊളിറ്റിക്കൽ മത്സരം എന്നിവയെല്ലാം സംഗമിക്കുന്ന തന്ത്രപരമായ കേന്ദ്രമാണ്.
നിലവിൽ ഇന്ത്യയുടെ നിക്ഷേപം സുരക്ഷിതമാണെന്നും ഷാഹിദ് ബെഹെഷ്ടി ടെർമിനലിന്റെ പ്രവർത്തനം തുടരുകയാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ യഥാർഥ പരീക്ഷണം തുറമുഖത്തിന്റെ സുരക്ഷയല്ല, പശ്ചിമേഷ്യയിലെ ദീർഘകാല രാഷ്ട്രീയ-സൈനിക അസ്ഥിരതയെ ഇന്ത്യ എങ്ങനെ മറികടക്കുമെന്നതാണ്.
അമേരിക്ക ഉപരോധം കൂടുതൽ കടുപ്പിക്കുകയോ ഇറാൻ-അമേരിക്ക സംഘർഷം ദീർഘകാല പ്രതിസന്ധിയായി മാറുകയോ ചെയ്താൽ, ഇന്ത്യയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര കണക്റ്റിവിറ്റി പദ്ധതികളിലൊന്നിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാകും. മറുവശത്ത്, ചാബഹാറിനെ നിലനിർത്താനും ബദൽ വ്യാപാര ഇടനാഴികൾ ശക്തിപ്പെടുത്താനും ഇന്ത്യക്ക് കഴിഞ്ഞാൽ, അത് പശ്ചിമേഷ്യയിലും മധ്യേഷ്യയിലും ഇന്ത്യയുടെ തന്ത്രപരമായ സ്വാധീനം കൂടുതൽ ഉറപ്പിക്കുന്ന നിർണായക നീക്കമാകും.
ചുരുക്കത്തിൽ പറഞ്ഞാൽ, ചാബഹാറിന്റെ ഭാവി തീരുമാനിക്കുക തുറമുഖത്ത് നടക്കുന്ന സംഭവങ്ങളല്ല; വാഷിങ്ടൺ, ടെഹ്‌റാൻ, ന്യൂഡൽഹി എന്നിവിടങ്ങളിൽ എടുക്കുന്ന നയതന്ത്ര തീരുമാനങ്ങളായിരിക്കും. അതോടൊപ്പം, ഇന്ത്യയുടെ ദീർഘകാല ജിയോപൊളിറ്റിക്കൽ കാഴ്ചപ്പാടിന്റെ വിജയ-പരാജയവും ഈ തുറമുഖത്തിന്റെ ഭാവിയുമായി ചേർത്തായിരിക്കും വിലയിരുത്തപ്പെടുക.
Content Summary: India’s investment in Iran’s Chabahar Port is central to its strategy of accessing Afghanistan, Central Asia, and Europe while bypassing Pakistan.