July 10, 2026 |
Share on

ആക്രമണം ശക്തമാക്കി അമേരിക്ക, തയ്യാറെടുത്ത് ഇസ്രയേലും; ഖമേനിയുടെ സംസ്‌കാരം നടത്തി ഇറാന്‍

ട്രംപിനെ വധിക്കുമെന്ന് പ്രഖ്യാപിക്കുന്ന ബാനറുകളേന്തി വലിയ ജനക്കൂട്ടം വിലാപയാത്രയിലുടനീളം അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി

ഇറാനില്‍ അമേരിക്കന്‍ ആക്രമണം തുടരുന്നു. ഇറാന്റെ മിസൈല്‍ ലോഞ്ചറുകളും റണ്‍വേകളും ഉള്‍പ്പെടെ തൊണ്ണൂറോളം സൈനിക ലക്ഷ്യങ്ങളില്‍ യുഎസ് സൈന്യം ഇതുവരെ ശക്തമായ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ ഏക സിവിലിയന്‍ ആണവനിലയമായ ബുഷെറിന് സമീപം യുഎസ് ബോംബിട്ടുവെന്ന് ഇറാന്‍ ആരോപിച്ചു. ആണവനിലയത്തിന് സമീപമുള്ള ആക്രമണങ്ങള്‍ വലിയ സുരക്ഷാഭീഷണിയാണെന്ന് യുഎന്‍ ആണവ ഏജന്‍സി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ആക്രമണത്തില്‍ ബുഷെറിലെ ആണവനിലയത്തിന്റെ പരിസരവും ചോഗാദക് നഗരത്തിലെ സൈനിക താവളവും തകര്‍ത്തതായി ബുഷെര്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഇഹ്‌സാന്‍ ജഹാനിയന്‍ സ്ഥിരീകരിച്ചു. കൂടാതെ ചൈനയുമായുള്ള അതിര്‍ത്തി വ്യാപാരത്തിന് ഉപയോഗിക്കുന്ന രണ്ട് തന്ത്രപ്രധാനമായ പാലങ്ങള്‍ യുഎസ് തകര്‍ത്തതായും ഇത് യുദ്ധക്കുറ്റമാണെന്നും ഇറാന്‍ ആരോപിച്ചു. പ്രത്യാക്രമണമായി ഇറാന്‍ യുഎസ് സഖ്യകക്ഷികളായ കുവൈറ്റിലെയും ഖത്തറിലെയും യുഎസ് താവളങ്ങള്‍ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.

കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം മഷാദ് നഗരത്തിലെ ഇമാം റെസ മസ്ജിദില്‍ സംസ്‌കരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഈ പുതിയ ആക്രമണങ്ങള്‍ അരങ്ങേറിയത്. കനത്ത സുരക്ഷയില്‍ നടന്ന വിലാപയാത്രയില്‍ ലക്ഷക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. ട്രംപിനെ വധിക്കുമെന്ന് പ്രഖ്യാപിക്കുന്ന ബാനറുകളേന്തി വലിയ ജനക്കൂട്ടം വിലാപയാത്രയിലുടനീളം അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി. എന്നാല്‍, അലി ഖമേനിയുടെ മരണത്തെത്തുടര്‍ന്ന് പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മകന്‍ മൊജ്താബ ഖമേനിയെ ചടങ്ങില്‍ എവിടെയും കണ്ടില്ല. പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തില്‍ മൊജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുശേഷം രേഖാമൂലമുള്ള പ്രസ്താവനകളിലൂടെ മാത്രമാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നത്.

അതേസമയം, മേഖലയില്‍ വീണ്ടും യുദ്ധം ശക്തമാകുകയാണെങ്കില്‍ ഇറാനെതിരെ കൂടുതല്‍ കരുത്തോടെ സൈനിക നീക്കം പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ടോള്‍ ഈടാക്കണമെന്ന ഇറാന്റെ നിലപാടും, അന്താരാഷ്ട്ര ജലപാതയില്‍ ടോള്‍ അനുവദിക്കില്ലെന്ന അമേരിക്കയുടെ വാദവുമാണ് ചര്‍ച്ചകളെ പ്രധാനമായും തടസ്സപ്പെടുത്തുന്നത്. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ ഇരുപത് ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലെ പുതിയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവിലയില്‍ പെട്ടെന്ന് വര്‍ദ്ധനവുണ്ടായെങ്കിലും പിന്നീട് സ്ഥിതി ശാന്തമായി. നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണില്‍ സംസാരിക്കുകയും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ചുകൊണ്ട് സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഖമേനിയുടെ ഔദ്യോഗിക വിലാപ ചടങ്ങുകള്‍ അവസാനിച്ച സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ സമാധാന ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിക്കുന്നത്.

Content Summary; Tensions spike as US and Iran trade retaliatory strikes in the Strait of Hormuz amid the funeral of Ali Khamenei. President Trump warns of further escalation, putting the ceasefire on the brink.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×